ഷോർട്ട് സ്റ്റോറി എന്റെ പെണ്ണ്

എന്റെ പെണ്ണ്

“എടാ മോനെ നിനക്ക് എത്ര വയസ്സായെന്നു വല്ല ഓർമ്മയുണ്ടോ” പ്രിയ നിരാശയോടെ ചോദിച്ചു.

” എനിക്ക് ഈ മാസം 29 വയസ്സ് ആകും അമ്മേ ” മാധവ്  അമ്മയുടെ ചോദ്യത്തെ നിസ്സാരമാക്കി കൊണ്ട്  പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

” നീ ഇങ്ങനെ ചിരിച്ചുകൊണ്ടിരുന്നാൽ മതി അവന്റെ ഒരു സ്പാർക്ക്” പ്രിയക്ക് അവന്റെ സംസാരത്തിൽ ദേഷ്യം തോന്നി…

“അവൻ ഒരു യമണ്ടൻ പ്രേമകഥ കളിക്കുകയല്ലേ അതും ദുൽഖർ സൽമാനായി… അവന്റെ ഒരു സ്പാർക്ക്.” മാധവിന്റെ കൂട്ടുകാരനായ സന്ദീപ്  തുള്ളിച്ചാടി വീട്ടിലേക്ക് കയറി വന്നു കൊണ്ട്  അമ്മയെ ന്യായീകരിച്ചുകൊണ്ട് മാധവിനെ കളിയാക്കി..

” നീയൊന്നു പോടാ ”

മാധവ് പ്രിയയെയും സന്ദീപിനെയും നോക്കി  പുച്ഛിച്ചു..

” പോടാന്നോ… എടാ നിനക്ക് 29 വയസ്സായി….മുതുക്കനായി ഇപ്പോൾ തന്നെ പുര നിറഞ്ഞു നിൽക്കുന്നു. ഇങ്ങനെയായാൽ പെണ്ണ് കിട്ടില്ല  ”  സന്ദീപ് അവനെ കളിയാക്കാൻ കിട്ടുന്ന അവസരം  മുതലാക്കി…. കൂട്ടത്തിൽ കാര്യവും അങ്ങ് പറഞ്ഞു..

” പറഞ്ഞു കൊടുക്കു മോനെ.. നീയും ഇവനെപ്പോലെ തന്നെയല്ലേ ഇപ്പോൾ നിന്റെ കല്യാണം കഴിഞ്ഞ് രണ്ടാമത്തെ കുട്ടി ആകാൻ പോകുന്നു. അവനിപ്പോഴും സ്പാർക്ക് അന്വേഷിച്ചു നടക്കുന്നു” പ്രിയ തന്റെ  മകന്റെ വിവാഹം നടക്കാത്ത ടെൻഷനോടെ പറഞ്ഞു..

” അമ്മ എന്നെ കളിയാക്കിയതാണല്ലേ” സന്ദീപിന്റെ മുഖം ആകെ വാടി..

” മോനെന്താ അങ്ങനെ പറഞ്ഞത്. ഞാൻ മോനെ എപ്പോഴാണ് കളിയാക്കിയത്” പ്രിയ കാര്യം മനസ്സിലാവാതെ ചോദിച്ചു.

” അത് അമ്മേ .. കല്യാണം കഴിഞ്ഞ് രണ്ടര കൊല്ലം ആയപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ വേണ്ടി ഇവന്റെ ഭാര്യ പോയില്ലേ. അതും പറഞ്ഞ് എല്ലാവരും അവനെ കളിയാക്കാറുണ്ട്. ഇപ്പോൾ അമ്മയും അവനെ കളിയാക്കിയതാണെന്നാണ് വിചാരിച്ചത്. അതാ അവൻ അങ്ങനെ പറഞ്ഞത്. ” മാധവ്   ചിരിച്ചുകൊണ്ട് പറഞ്ഞു.

” ഇതിന് കളിയാക്കാൻ എന്തിരിക്കുന്നു
അവൻ രണ്ടു കൊച്ചുങ്ങളുടെ അച്ഛനായത് അവന്റെ മിടുക്ക് അല്ലാതെ പിന്നെ ” പ്രിയ  സന്ദീപിനെ  സപ്പോർട്ട് ചെയ്തു പറഞ്ഞു..

” അമ്മ ന്യൂ ജനറേഷൻ ആണല്ലേ… ” സന്ദീപ് സന്തോഷത്തോടെ പ്രിയയോട് ചോദിച്ചു.

“പിന്നല്ലാതെ ഞാൻ ന്യൂ ജനറേഷനാണ്….നിങ്ങളല്ലേ ഓൾഡ് ജനറേഷൻ”  പ്രിയ നല്ല സ്റ്റൈലിൽ ഡയലോഗ് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.

മാധവും സന്ദീപും വായ പൊളിച്ചിരുന്നു.
പിന്നീട് മുഖത്തേക്ക് മുഖം നോക്കി ഒറ്റ ചിരിയായിരുന്നു. ” ഈ അമ്മയുടെ ഒരു കാര്യം” ചിരിക്കിടയിൽ മാധവ് പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം

” അമ്മയോട് ഞാൻ എങ്ങനെ പറയുമെടാ.
ഞാൻ വരുന്നില്ല നീ പൊക്കോ” മാധവ് ടെൻഷനോടെ സന്ദീപിനോട് പറഞ്ഞു.

” നീയെങ്ങാനും വന്നില്ലെങ്കിൽ അവൻ നിന്നെ കൊല്ലും.പിന്നെ അമ്മയോട് ഞാൻ സംസാരിക്കാം അമ്മ ഒന്നും പറയാതെ ഞാൻ നോക്കിക്കോളാം. സന്ദീപ് മാധവിനെ സമാധാനിപ്പിച്ചു.

” എന്താടാ രണ്ടും കൂടിയിരുന്ന് പരുങ്ങി കളിക്കുന്നത് ” പ്രിയ മാധവിനോടും സന്ദീപിനോടും ചോദിച്ചു.

അത് ഒന്നൂല്ലാ അമ്മേ…… അതെ ഞങ്ങൾക്ക് ശനിയാഴ്ച ഒന്ന് കോട്ടയം വരെ പോകണം. ഞായറാഴ്ച രാത്രി തിരികെ ഇവിടെയെത്തും. ശനിയാഴ്ച ഉച്ചക്കാണ് ട്രെയിൻ…..ഞങ്ങൾ ലീവ് എടുക്കാം എന്ന് തീരുമാനിച്ചു. മാനേജർ ലീവ് തരാം എന്ന് പറഞ്ഞിട്ടുണ്ട് ” സന്ദീപ് പ്രിയയോട് പറഞ്ഞു.

” എല്ലാം തീരുമാനിച്ചു കഴിഞ്ഞിട്ടാണല്ലോ എന്നോട് ചോദിക്കുന്നത്. അത് പോട്ടെ. എന്തിനാണ് കോട്ടയം വരെ പോകുന്നത് പ്രിയ ഗൗരവത്തോടെ മാധവിനോട് ചോദിച്ചു.

” അതിലെ….. ഞായറാഴ്ച സാൽവിന്റെ കല്യാണമാണ്.” മാധവ് പതുക്കെ പറഞ്ഞു.

” ദൈവമേ അവന്റെ കല്യാണവുമായോ. മാധവേ നീ കല്യാണത്തിന് പോവുകയോ പോകാതിരിക്കുകയോ എന്തു വേണമെങ്കിലും  ചെയ്തോ. പക്ഷേ ഒരു കാര്യം. അടുത്ത ഞായറാഴ്ച ബ്രോക്കർ പറഞ്ഞ പെണ്ണിനെ കാണാൻ പോയേ പറ്റൂ. നല്ലതാണെങ്കിൽ ഞാൻ ആ കല്യാണം ഉറപ്പിക്കും. നീ സ്പാർക്ക് പറഞ്ഞു നടക്കാനാണ് തീരുമാനമെങ്കിൽ നിന്റെ മോന്ത അടിച്ചുപൊളിക്കും ഞാൻ…. പറഞ്ഞില്ലെന്ന് വേണ്ട. എടാ സന്ദീപേ നീ നിന്റെ കൂട്ടുകാരനെ പറഞ്ഞു മനസ്സിലാക്കിക്കോ. ” ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പ്രിയ എഴുന്നേറ്റുപോയി.

” ആ സാൽവിനു കല്യാണം കഴിക്കാൻ കണ്ട നേരം.” മാധവ് പിറുപിറുത്തു.

” പിന്നെ അവൻ നിന്നെപ്പോലെ സ്പാർക്കിന്റെ അസുഖം ഇല്ലടാ ” സന്ദീപ് മാധവിനെ നോക്കി പുച്ഛിച്ചു…

ശനിയാഴ്ച ഉച്ച ആയപ്പോഴേക്കും മാധവും സന്ദീപും കൂടി പ്രിയയെ മകളുടെ വീട്ടിൽ ആക്കി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. കോട്ടയത്ത് എത്തി കല്യാണം അടിച്ചുപൊളിച്ചു.ഞായറാഴ്ച ഉച്ച ആയപ്പോഴേക്കും തിരിച്ചു വരാനുള്ള ട്രെയിൻ കയറി.

ട്രെയിനിലെ ബോഗിയിൽ സന്ദീപ് മാധവും ഒരുവശത്ത് അടുത്തടുത്തായാണ്  ഇരുന്നത്. മുൻപിലെ മാധവിനു നേരെയുള്ള വിൻഡോ സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു.

കുറച്ച് സ്റ്റേഷനുകൾ പിന്നിട്ട ശേഷം മാധവിന്റെ അനക്കമൊന്നും കേൾക്കാത്തത് കാരണം സന്ദീപ് അവനെ നോക്കുമ്പോൾ അവൻ ഡോറിന് അടുത്തുള്ള വഴിയിലേക്ക് നോക്കിനിൽക്കുന്നു.

അവിടേക്ക് നോക്കിയപ്പോൾ ഒരു പെൺകുട്ടി 25 26 വയസ്സുണ്ടാകും.ഇരുനിറം, ഷോൾഡർ വരെയുള്ള മുടി അഴിച്ചിട്ടിരിക്കുന്നു. താമരക്കണ്ണ്, ജീൻസും ഷർട്ടുമാണ് വേഷം. കൂളിംഗ് ഗ്ലാസ് ഷർട്ടിൽ  തൂക്കിയിട്ടിരിക്കുന്നു. മൊത്തത്തിൽ നോക്കിയാൽ ഒരു സുന്ദരി. മാധവിന്റെ കണ്ണ് അവളിൽ നിന്നും മാറിയില്ല.

“എടാ നിനക്ക് സ്പാർക്ക് അടിച്ചാ ” മാധവിന്റെ നോട്ടത്തിൽ സംശയം തോന്നിയ സന്ദീപ് ചോദിച്ചു..

“ഉം ” മാധവ്    കുറച്ച് നാണത്തോടെ  മൂളി.

“എടാ നിനക്ക് നല്ല കളർ ഇല്ലേ ഈ കുട്ടി ഇരുനിറമാണ്” സന്ദീപ് ആ പെൺകുട്ടിയെ ഒന്ന് വീക്ഷിച്ചുകൊണ്ട്  പറഞ്ഞു… മാധവ് നല്ല സുന്ദരനാണ്.. ഏകദേശം ഉണ്ണി മുകുന്ദന്റെ ഓക്കെ പോലെ ഇരിക്കും..

” അതിനെന്താടാ പൊട്ടാ ” മാധവ് പല്ല് കടിച്ചുകൊണ്ട് പതുക്കെ സന്ദീപിന്റെ ചെവിയോട് അടുത്ത് വന്നു പറഞ്ഞു എന്നാൽ നോട്ടം ആ പെണ്ണിൽ ആയിരുന്നു.

ആ പെണ്ണ് മാധവിന് ഓപ്പോസിറ്റ് വന്നിരുന്നു അവൻ അവളെ കണ്ണെടുക്കാതെ നോക്കിയിരുന്നു സന്ദീപിന് ഇത് കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു.

കുറച്ചുനേരത്തെ മാധവന്റെ നോട്ടം കണ്ടിട്ട് ആ പെണ്ണ്
“എന്താ “എന്ന് പിരികമുയർത്തി അവനോട് ചോദിച്ചപ്പോൾ അവൻ ഞെട്ടിക്കൊണ്ട് “ഒന്നുമില്ല “എന്ന് പറഞ്ഞു.

പിന്നെ അവൻ നോട്ടം പുറത്തേക്ക് ആക്കി എന്നാലും ഇടയ്ക്കിടയ്ക്ക്  ആ പെണ്ണിനെ   ഒളികണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു.

സന്ദീപ് അപ്പോൾ തന്നെ പ്രിയക്കു മെസ്സേജ് അയച്ചു വിവരങ്ങൾ  പറഞ്ഞുകൊണ്ടിരുന്നു. ഇത് കണ്ട പ്രിയക്ക് സന്തോഷമായി. പ്രിയ ഫോട്ടോ ചോദിച്ചപ്പോൾ.” എന്നെ ആ പെണ്ണിനെ കൊണ്ട് തല്ലുകൊള്ളിക്കാൻ അല്ലേ പരിപാടി” എന്നും പറഞ്ഞ് ഓടിച്ചു വിട്ടു

മാധവിന്റെ ഒളിഞ്ഞുനോട്ടം തുടർന്നുകൊണ്ടിരുന്നു.
പിന്നെ നോക്കിയപ്പോൾ ആ പെണ്ണ് കൈ കെട്ടി അവനെ തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ അവൻ പരുങ്ങി കൊണ്ട്  ഫോൺ നോക്കുന്നത് പോലെ ഇരുന്നു.

ഈ ഒളിച്ചു കളി കണ്ട് വട്ടായ സന്ദീപ് ആ പെണ്ണിനോട് സംസാരിക്കാൻ തീരുമാനിച്ചു.

“ഞാൻ സന്ദീപ്. ഇതെന്റെ കൂട്ടുകാരൻ മാധവ്.ഞാൻ കല്യാണം കഴിച്ചതാണ്.ഇവൻ കല്യാണം കഴിച്ചിട്ടില്ല.കുട്ടിയുടെ കല്യാണം കഴിഞ്ഞതാണോ. ഇല്ലല്ലേ സിന്ദൂരവും താലിമാലയും കണ്ടില്ല.”

“അവൾ എന്തോ പറയാൻ വന്നപ്പോൾ കൈകൊണ്ട് തടഞ്ഞിട്ട് ഞാൻ ആദ്യം സംസാരിക്കാം കഴിഞ്ഞിട്ട് കുട്ടിക്ക് സംസാരിക്കാൻ അവസരം തരാം.”

” എടാ നീ ഒന്നു  മിണ്ടാതിരുന്നേ ” മാധവ് ടെൻഷനോടെ സന്ദീപിനോട് പറഞ്ഞു.

നീ മിണ്ടാതിരിക്ക് നിനക്ക് സംസാരിക്കാൻ പിന്നെ  അവസരം തരാം. ഞാനെങ്ങനെയെങ്കിലും  ഇത്   ഒന്ന് കരക്കു അടിപ്പിച്ചോട്ടെ പ്ലീസ്….. ”
സന്ദീപ് കൈകൂപ്പി കൊണ്ട് മാധവിനോട് പതുക്കെ പറഞ്ഞു.

കുട്ടി ഇവൻ മാധവ്.പൂരം നക്ഷത്രം.29 വയസ്സ്.ഒരു പ്രൈവറ്റ്  കമ്പനിയിൽ വർക്ക് ചെയ്യുന്നു. പിന്നെ ജാതകത്തിൽ വിശ്വാസം ഒന്നുമില്ലാട്ടോ.

അമ്മ പ്രിയ ഹൗസ് വൈഫ് ആണ്. അച്ഛൻ അഞ്ചു കൊല്ലം മുമ്പ് മരണപ്പെട്ടു.  അനിയത്തി കല്യാണം കഴിഞ്ഞ് സെറ്റിൽഡാണ്.  58,000 രൂപ മാസശമ്പളം ഉണ്ട്. ഞാനും ഇവനും ഒരുമിച്ചാണ് വർക്ക് ചെയ്യുന്നത്. പിന്നെ ഒരേക്കറോളം സ്ഥലം ഇവനുണ്ട്.അതിൽനിന്ന് നല്ല ആദായവുമുണ്ട്.ജോലി ചെയ്തില്ലെങ്കിലും ജീവിക്കാനുള്ള സ്ഥിതി അതിൽ നിന്ന് കിട്ടും. പിന്നെ അനിയത്തിയുടെ ഷെയർ കൊടുത്തതാണ്. പഴയ മോഡൽ വീട് ആണെങ്കിലും പുതുക്കി ന്യൂജേർഷൻ മോഡൽ ആക്കിയിട്ടുണ്ട്.

അമ്മയെ കുറിച്ചാണ് പറയുന്നത് എങ്കിൽ “പൊളിയാണ്… പൊളി”

പിന്നെ ദുശ്ശീലത്തിന്റെ കാര്യം.ഇടയ്ക്ക് കൂട്ടുകാർ കൂടുമ്പോൾ മാത്രം ബിയർ കുടിക്കും.അതെപ്പോഴും ഇല്ല.വല്ലപ്പോഴും മാത്രം. പിന്നെ വലിയോ,പെൺവിഷയമോ ഒന്നുമില്ല.ഒരു പ്രണയം പോലും ഉണ്ടായിട്ടില്ല. അവനു ആകെ ഒരു നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ കാഴ്ചയിൽ സ്പാർക്ക്  തോന്നുന്ന പെൺകുട്ടിയെ മാത്രമേ കല്യാണം കഴിക്കുകയുള്ളൂ. തന്നെ കണ്ടപ്പോൾ തന്നെ അവന് സ്പാർക്ക് അടിച്ചു അതാ  ഞാൻ കാര്യങ്ങൾ പിന്നത്തേക്ക് വയ്ക്കാതെ ഇപ്പോൾ തന്നെ പറഞ്ഞത്.
ഹാവൂ…ഇത്രയേ എനിക്ക് പറയാനുള്ളൂ.ഇനി തനിക്ക് പറയാം…..പറഞ്ഞോളൂ. ” സന്ദീപ് വലിയ ഗൗരവം ഭാവിച്ചു പറഞ്ഞു.

ആ പെണ്ണ് വേഗം തന്നെ എഴുന്നേറ്റു.  അതുകണ്ട് സന്ദീപ് “ദൈവമേ തല്ലാൻ വരികയാണോ.”

“അതെ എന്റെ സ്ഥലം എത്തി ” എന്നും പറഞ്ഞ് അവൾ ബാഗ് എടുത്ത് ഇറങ്ങാൻ പോയി.

അത് കണ്ടപ്പോൾ മാധവിന്റെ മുഖം മാറി.

” അതെ ഫോൺ നമ്പർ ഒന്ന് തരുമോ”
സന്ദീപ് അവളോട് ചോദിച്ചു.

7356……

അപ്പോൾ അവൾ തന്റെ നമ്പർ കൊടുത്തു.
” ഇത്ര പെട്ടെന്ന് നമ്പർ തന്നോ”.  സന്ദീപ്  ”
സംശയത്തോടെ അവളെ നോക്കി.

” രണ്ടുപേരും എന്റെ നമ്പർ സേവ് ചെയ്തോ. എന്റെ പേർ അരുന്ധതി. ”  മാധവും സന്ദീപും തലയാട്ടി. മാധവിന്റെ മുഖത്ത് സന്തോഷമാണെങ്കിൽ സന്ദീപിന്റെ മുഖത്ത് സന്ദേഹം ആയിരുന്നു.

പിന്നെ പേരിന്റെ കൂടെ ഇതുകൂടി സേവ് ചെയ്തോ.

” അരുന്ധതി… സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്..എന്നാൽ ഓക്കേ ഞാൻ പോട്ടെ ” അരുന്ധതി അവരോട് ചോദിച്ചു.

രണ്ടുപേരുടെയും കണ്ണ് മിഴിഞ്ഞു വന്നു.

പിന്നെ രണ്ടുപേരും എന്റെ നമ്പറിലേക്ക് മിസ്സ്ഡ് അടിച്ചേക്കൂ. മിസ്ഡ് അടിക്കാതെ മിഴിച്ചു  നിൽക്കുന്ന മാധവിനെ നോക്കി അരുന്ധതി ഒച്ച എടുത്തു പറഞ്ഞു. അതുകണ്ട സന്ദീപ് വേഗം മാധവിന്റെ ഫോൺ വാങ്ങി മിസ്സ്ഡ് അടിച്ചു.

അരുന്ധതി പോകുന്നത് കണ്ട മാധവിന്റെ കണ്ണ് നിറഞ്ഞു..

” പോട്ടെടാ വിഷമിക്കാതെ എന്നെങ്കിലും നിന്റെ പെണ്ണ് നിന്റെ മുമ്പിൽ വരും..” സന്ദീപ് അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

നാലു മാസങ്ങൾക്ക് ശേഷം

മാധവ് ഓഫീസിൽ ഇരിക്കുമ്പോൾ ഒരു കോൾ വന്നു.

ഹലോ മാധവ് അല്ലേ.

അതേല്ലോ ഞാൻ മാധവ് ആണ്.

ഞാൻ അരുന്ധതി( ദേഷ്യത്തോടെ പറഞ്ഞു.)

എന്താ മാഡം എന്തിനാ വിളിച്ചത്.

നീ എവിടെയാണ്.

ഞാൻ….. ഞാൻ ഓഫീസിലാണ്. (മാധവ് വിക്കിക്കൊണ്ടു പറഞ്ഞു.)

എപ്പോഴാണ് നിനക്ക് ഒഴിവ്( വീണ്ടും ദേഷ്യത്തോടെ അരുന്ധതി )

വൈകിട്ട് 5 30ന് ഞാൻ വീട്ടിൽ ഉണ്ടാകും.
( മാധവ് പേടിയോടെ പറഞ്ഞു )

ഹും.. എന്ന് ദേഷ്യത്തോടെ പറഞ്ഞ് അരുന്ധതി ഫോൺ വെച്ചു.

വൈകുന്നേരം വിട്ടിൽ….

നിർത്താതെയുള്ള കോളിമ്പൽ  ശബ്ദം കേട്ട്  മാധവ് വാതിൽ തുറക്കുമ്പോൾ.പോലീസ് വേഷത്തിൽ അരുന്ധതി ദേഷ്യത്തോടെ നിൽക്കുന്നു.

ഇത് കണ്ട മാധവന് പേടിയായി.

“എന്താ….. എന്താ കാര്യം”.  (മാധവ് പേടിയോടെ ചോദിച്ചു).

” എടാ നീ…. നീ കാരണം” എന്നും പറഞ്ഞ് മാധവിന്റെ കോളറിൽ കുത്തിപ്പിടിച്ചു.

” മാഡം എന്താ ഈ ചെയ്യുന്നത്” മാധവ് പരിഭ്രമത്തോടെ ചോദിച്ചു .

“നീ കാരണമാണ് എനിക്ക് മര്യാദയ്ക്ക് ജോലി ചെയ്യാൻ പറ്റാത്തത്.ഛർദിച്ച് ഛർദ്ദിച്ചു ഞാൻ അവശതയായി.”

പെട്ടെന്ന് തന്നെ മാധവിന്റെ മുഖത്ത് കുസൃതിച്ചിരി വന്നു.

” ആണോ മാഡം മാഡത്തിന്  ഛർദ്ദി ഉണ്ടോ ” കുസൃതിയോടെ അവളെ വട്ടം ചുറ്റിപ്പിടിച്ചുകൊണ്ട് ചോദിച്ചു.

“പോ അവിടുന്ന്….. നിന്റെ ഒരു സ്പാർക്ക്
അതുകാരണം ഞാൻ ഈ ഗതിയായി. നിന്നെ കല്യാണം കഴിക്കേണ്ടി വന്നു പിന്നെ ഒരു മാസത്തിനുള്ളിൽ വയറ്റിലും ഉണ്ടായി. ഛർദ്ദിച്ചു ഛർദ്ദിച്ചു ഊപ്പാട് ഇളകി. പ്രതികളെ  പറഞ്ഞു പേടിപ്പിക്കുന്നതിനിടയിൽ നിന്റെ ട്രോഫി എനിക്കിട്ട് പണിതരും. അപ്പോഴേക്കും വാഷ്ബേസിനിലേക്ക് ഓടിപ്പോയി ശർദ്ദിച്ചു   വരും. അതു കാണുമ്പോൾ പ്രതി വരെ ഇരുന്നു ചിരിക്കും. ” അവൾ കുറുമ്പോടെ  അവനോട് പറഞ്ഞു.

മാധവ് ചിരിച്ചു

” ചിരിക്കല്ലേ ഡാ..ഈ ചിരിയിലാണ് ഞാൻ മൂക്കും കുത്തി വീണത്. അവന്റെ ഒരു ചിരി എന്നും പറഞ്ഞ് അവനെ മുറുക്കെ കെട്ടിപ്പിടിച്ചു.”

അവളുടെ സംസാരം കേട്ട്   ചെറുചിരിയോടെ അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിക്കുമ്പോൾ അവന്റെ കൈകൾ അവളുടെ ഉദരത്തെ തന്റെ പ്രാണനെ പൊതിഞ്ഞിരുന്നു..

അന്ന്  അരുന്ധതി സബ് ഇൻസ്പെക്ടർ ആണെന്ന് അറിഞ്ഞതിനു ശേഷം… മാധവ് വളരെ സങ്കടത്തിൽ ആയിരുന്നു.. തനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണിനെ കിട്ടില്ല എന്ന് തന്നെ അവൻ ഉറപ്പിച്ചു..

സങ്കടത്തോടെയാണ് അവൻ വീട്ടിലെത്തിയത്.. അവന്റെ സങ്കടം കണ്ട് പ്രിയക്കും സന്ദീപിനും സങ്കടമായി.. എങ്ങനെയെങ്കിലും അരുന്ധതിയെ അന്വേഷിച്ച് കണ്ടുപിടിച്ച അവരുടെ വിവാഹം നടത്തണമെന്ന് തന്നെ സന്ദീപും പ്രിയയും തീരുമാനിച്ചു..

അന്ന് ട്രെയിനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അരുന്ധതിയുടെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു..
ജീവിതത്തിൽ ആദ്യമായി ഇത്ര വെറൈറ്റി പ്രൊപ്പോസൽ കിട്ടിയത്… മാതാവിന്റെ ആദ്യം കണ്ട നോട്ടവും പിന്നീട് പേടിച്ചുള്ള നോട്ടവും എല്ലാം ഓർത്തപ്പോൾ അവൾക്ക് മുഖം വിടർന്നിരുന്നു..

അപ്പോഴാണ് അവൾക്ക് അമ്മയുടെ ഫോൺ വന്നത്.   എല്ലാ ദിവസത്തെ പോലെ തന്നെ അവളെ വിവാഹത്തിനായി സമ്മതിപ്പിക്കാനുള്ള  ഫോൺവിളി..

ജാതകപ്രകാരം ഇപ്പോൾ അവളുടെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ മംഗല്യ യോഗം 10 കൊല്ലത്തിനു ശേഷമാണ്… ആ പേടിയിലാണ് അമ്മ നിർബന്ധിച്ചു കൊണ്ടിരിക്കുന്നത്.. അവൾക്കാണെങ്കിൽ ഇപ്പോൾ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല. കുറെനാൾ കൂടി ഇതുപോലെ ഒറ്റയ്ക്ക് നടക്കണമെന്നാണ് അവൾക്ക് ഇഷ്ടം…

” മോളെ… ഇനി രണ്ടുമാസത്തിനുള്ളിൽ വിവാഹം നടന്നില്ലെങ്കിൽ…. ” അമ്മയുടെ ശബ്ദത്തിൽ സങ്കടം..

” ശരി ഇനി ഞാൻ കല്യാണം കഴിച്ചില്ല എന്ന് വേണ്ട… ഞാനൊരു  ഫോൺ നമ്പർ അച്ഛന്റെ ഫോണിലേക്ക് അയക്കാം… ആ നമ്പറിലുള്ള ചെറുക്കനെ കുറിച്ച് നിങ്ങൾ അന്വേഷിച്ച്.. അച്ഛനും അമ്മയ്ക്കും  ഒക്കെയാണെങ്കിൽ എനിക്കും ഒക്കെയാണ്..”

അരുന്ധതി പറഞ്ഞത് മനസ്സിലാവാൻ അമ്മയ്ക്ക് ഒരു നിമിഷം വേണ്ടിവന്നു..

” മതി മോളെ മതി.. അന്വേഷിച്ചിട്ട് മതി … അച്ഛനോട് പറയാം അച്ഛനാകുമ്പോൾ വേഗം അന്വേഷിക്കാലോ.. എന്നാ ശരി മോള് ഫോൺ വെച്ചോ ഞാൻ അച്ഛനോട് പറയട്ടെ.. അച്ഛൻ ഇപ്പോൾ ഇവിടെയുണ്ട്.. കുറച്ചു കഴിയുമ്പോൾ സ്റ്റേഷനിലേക്ക് പോകും.. അപ്പോൾ ശരി… ”

അമ്മയുടെ ധൃതിയും സന്തോഷത്തോടെയുള്ള സംസാരവും കേട്ട് അരുന്ധതിയുടെ  ചുണ്ടിൽ വീണ്ടും പുഞ്ചിരി വിരിഞ്ഞു..

” നീ ആളു കൊള്ളാലോ… കുറച്ചു നിമിഷത്തെ കണ്ടുമുട്ടലിൽ നീ എന്റെ മനസ്സിൽ കയറിയോ.. ” മാതാവിന്റെ മുഖം ഓർത്തുകൊണ്ട് അരുന്ധതി മനസ്സിൽ പറഞ്ഞു…

രണ്ടുദിവസം കഴിഞ്ഞുള്ള ഞായറാഴ്ച ഉച്ചശേഷം പ്രിയയും സന്ദീപ് മാധവും വീട്ടിലിരിക്കുകയാണ്… അരുന്ധതിയെ കണ്ടതിൽ ശേഷം മാധവാകെ സങ്കടത്തിലാണ്…

പ്രിയ അവളുടെ നമ്പറിൽ വിളിച്ച് സംസാരിക്കാം എന്ന് പറഞ്ഞിട്ടും മാധവ് സമ്മതിക്കുന്നുണ്ടായിരുന്നില്ല….

അങ്ങനെ അവർ അതേക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് പുറത്ത് ഏതോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്…

ആരാ വന്നത് എന്ന് അറിയാനായി സന്ദീപ് പുറത്തിറങ്ങി നോക്കിയപ്പോൾ.. പോലീസ് ലുക്കിൽ ഒരു 50 55 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ.. അയാളെ കണ്ടിട്ട് പരിചയമുള്ള ഒരു മുഖച്ഛായ.. തൊട്ടടുത്ത സന്ദീപിനെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന നല്ല സുന്ദരിയായ 45 50 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ.. അപ്പോഴാണ് ബാക്ക് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങിയത്… അയാളെ കണ്ടതോടെ സന്ദീപിന്റെ കണ്ണു വിടർന്നു..

അവൻ ചിരിയോടെ ഓടി അകത്തേക്ക് ചെന്നു…

” അമ്മേ….. അമ്മയുടെ ഭാവി മരുമോൾ ദേ വീട്ടിന്റെ മുമ്പിൽ… ” ഓടിപ്പാഞ്ഞ് വന്ന സന്ദീപ് പറഞ്ഞ കാര്യം മനസ്സിലാവാൻ അമ്മയ്ക്കും മോനും കുറിച്ച് നേരം എടുത്തു..

കാര്യം മനസ്സിലായതോടെ പ്രിയ വേഗം വീടിന്റെ മുൻപിലേക്ക് ചെന്നു..

അവിടെ പുഞ്ചിരിയോടെ നിൽക്കുന്ന മൂന്ന് പേർ…

പ്രിയ അരുന്ധതിയുടെ അച്ഛനെയും അമ്മയെയും ഉള്ളിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രിയ അരുന്ധതിയെ ചെന്ന് കെട്ടിപ്പിടിച്ചു..

ഒട്ടും പ്രതീക്ഷിക്കാതെയുള്ള പ്രിയയുടെ ആ ആലിംഗനത്തിൽ അവർ മൂന്നുപേരുടെയും മുഖത്ത് സന്തോഷം മിന്നി..

അപ്പോഴേക്കും സന്ദീപും അവിടെ എത്തി.

” എന്തായാലും നിങ്ങൾ ആണ് കാണലിന് വന്നത് നന്നായി.. അല്ലെങ്കിൽ ഞങ്ങൾ അടുത്താഴ്ച പെണ്ണുകാണാൻ വരാനിരിക്കുകയായിരുന്നു.. ”

” ഈ ബ്രോക്കർ എന്തായാലും കൊള്ളാം.. ” അരുന്ധതിയുടെ അച്ഛൻ ചിരിയോടെ പറഞ്ഞുകൊണ്ട് സന്ദീപിനെയും ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു.. സന്ദീപിന്റെ മുഖത്തെ ഒരു വളിച്ച ചിരി വിരിഞ്ഞു..

ആ സമയം അരുന്ധതിയുടെ നോട്ടം കണ്ട സന്ദീപ്…

” ചെക്കനെ…. നോക്കണ്ട….ചെക്കൻ ഒരുങ്ങാൻ പോയിരിക്കുകയാ..” അതുകേട്ട് ചെറുചമ്മലോടെ അവൾ അകത്തേക്ക് ചെന്നു കയറി..

വീടും പരിസരവും അരുന്ധതിക്കും വീട്ടുകാർക്കും ഇഷ്ടമായി അതിൽ കൂടുതൽ പ്രിയയുടെ സ്വഭാവം… അതുപോലെ പ്രിയക്കും അരുന്ധതിയെയും വീട്ടുകാരെയും ഇഷ്ടപ്പെട്ടു… തന്റെ മകന്റെ സെലക്ഷൻ പെർഫെക്റ്റ് ആണ് എന്ന് അവർക്ക് തോന്നി

” എടാ മാധവേ…ഒരുങ്ങിയത് മതി..നീ വേഗം ഇവർക്കെല്ലാം പോയി ചായ ഇട്ടിട്ട് വാ.. ” മാധവന്റെ മുറിയുടെ വാതിൽ കൊട്ടി സന്ദീപ് വിളിച്ചു പറഞ്ഞപ്പോൾ അവൻ ആകെ ചമ്മി മുറിയിൽ നിന്നു..

അരുന്ധതിയും വീട്ടുകാരും വന്നു എന്നറിഞ്ഞപ്പോൾ തന്നെ അതൊരു വിവാഹാലോചന ആയിരിക്കുമെന്ന് മാധവിനു ഉറപ്പായിരുന്നു.. ഒറ്റക്കാണ് വന്നിരുന്നെങ്കിൽ ചിലപ്പോൾ തന്നെ തല്ലാൻ ആണെന്ന് വിചാരിക്കാമായിരുന്നു.. പക്ഷേ ഇത് കുടുംബത്തോടെയാണ് വന്നത്.. അതോടെ അവനിൽ പ്രതീക്ഷകൾ ചിറക് മുളച്ചു പറന്നു….

അരുന്ധതി വന്നു എന്നറിഞ്ഞപ്പോൾ ആദ്യം പുറത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ സന്ദീപ് ആണ് പോയി ഒരുങ്ങി വാടാ എന്ന് പറഞ്ഞത്.. അതുകൊണ്ട് അരുന്ധതിയെ ഒന്നു നോക്കിയതിനു ശേഷം ഒന്ന് റെഡിയാവാനായി അവൻ തന്റെ മുറിയിലേക്ക് കയറിയത്..

വീണ്ടും വാതിലിൽ തട്ടൽ കേട്ടപ്പോൾ ചിന്തകൾ ഒക്കെ നിർത്തി അവൻ മുറിയിൽ നിന്ന് പുറത്തു ഇറങ്ങി .

കരിം പച്ച ഷർട്ടും അതിന് മാച്ച് ചെയ്ത അതേ കളർ കരയുള്ള വെള്ള മുണ്ടും ഉടുത്ത് വരുന്ന മാധവിനെ അരുന്ധതി കണ്ണുചിമ്മാതെ നോക്കി നിന്നു.. അവളുടെ അച്ഛനും അമ്മയ്ക്കും അവനെ ഒരുപാട് ഇഷ്ടമായി..

” എടാ നോക്കി നിൽക്കാതെ ഞങ്ങൾക്ക് ചായ എടുത്തിട്ട് വാടാ.. ” സന്ദീപ് വലിയ കാരണവരെ പോലെ അവനോട് പറഞ്ഞു..

മാധവ് അവനെ പല്ല് കടിച്ചു നോക്കി..

” ചായ ഒന്നും വേണ്ട മോൻ ഇവിടെ ഇരിക്ക്.. ” അരുന്ധതിയുടെ അമ്മ അവനെ വിളിച്ചു..

” ഞാൻ ചായ എടുത്തിട്ട് വരാം അമ്മേ.. ” അവന്റെ ആ അമ്മേ വിളിയിൽ അച്ഛനും അമ്മയ്ക്കും സന്തോഷം തോന്നി..

” അമ്മേ ഞാൻ മാധവന്റെ കൂടെ ചായ എടുക്കാൻ ചെല്ലട്ടെ.. ” അരുന്ധതി പ്രിയയോട് ചോദിക്കുന്നത് കേട്ടപ്പോൾ… മാധവിന് ആകെ ചമ്മൽ.. സന്ദീപ് ആണെങ്കിൽ ഇവള് കൊള്ളാലോ എന്ന് ഭാവത്തോടെ നിൽക്കുന്നുണ്ട്..

” ചായ ഞാനിടാം.. ” അടുക്കളയിലെത്തിയ അരുന്ധതി പറഞ്ഞത് കേട്ട് മാധവ് തലകുലുക്കി സമ്മതിച്ചു..

അവന്റെ മുഖത്ത് ആണെങ്കിൽ നിറയെ നാണം… എന്നാലും ഇടയ്ക്കിടയ്ക്ക് അവളെ ഒളി കണ്ണിട്ട് നോക്കുന്നുണ്ട്.. ഇടയ്ക്ക്..

” തന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമായി… ” അരുന്ധതിയുടെ ആ തുറന്നുപറച്ചിലിൽ മാധവിന്റെ മുഖം ബ്ലഷ് ഇട്ടതുപോലെയായി..

” എന്താ മാധവ് ഒന്നും സംസാരിക്കാത്തത്.. തനിക്ക് എന്നോട് ഒന്നും പറയാനില്ലേ.. ”

” എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് അരുന്ധതി..”

ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ ഇരു ഷോൾഡറിൽ പിടിച്ച് അവളുടെ മുഖത്തേക്ക് നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ ഈ പ്രാവശ്യം ബ്ലഷ് അടിച്ചത് അവളുടെ മുഖത്ത് ആയിരുന്നു…

പിന്നെ ഒരു മാസത്തിനുള്ളിൽ തന്നെ അവരുടെ വിവാഹം നടന്നു..ഇപ്പോൾ അവരുടെ പ്രണയത്തിന്റെ അംശം അവളുടെ ഉള്ളിൽ തുടിക്കുന്നു…..

അവസാനിച്ചു.

Leave a Reply

You cannot copy content of this page