ചപ്പാത്തിക്കും അപ്പത്തിനും പുട്ടിനുമെല്ലാം നല്ല കോമ്പിനേഷനായ ഒരു കറിയാണ് കടലക്കറി. എന്നാൽ പല രീതിയിലും നാം കടലക്കറി തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് തികച്ചും വ്യത്യസ്തമായി ഉണ്ടാക്കുന്ന ഒരു കടലക്കറി പരിചയപ്പെട്ടാലോ. ഇറച്ചി കറിയുടെ ടേസ്റ്റിലാണ് ഈ കറി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നാന്നൂറ് ഗ്രാം വെള്ള കടല നല്ല പോലെ കഴുകിയ ശേഷം ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം കുതിർന്നു കിട്ടിയ കടലയെ ഒരു കുക്കറിലേക്ക് മാറ്റുക.
ശേഷം കടലക്കൊപ്പം ഒരു കഷ്ണം കറുകപ്പട്ടയും ഒരു തക്കാളി ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളകും, ഒരു ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് ഇളക്കുക. ശേഷം കടലയുടെ മുകളിൽ നിൽക്കാൻ പാകത്തിന് വെള്ളവും, ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് ആറ് ഫിസിൽ വരുന്നത് വരെ കടല വേവിക്കുക. ഇനി ഒരു തേങ്ങയുടെ പകുതി ഭാഗം ഒരു ചട്ടിയിലിട്ട് വറുക്കുക. ഇനി വെന്തു കിട്ടിയ കടലയിൽ നിന്നും ഒരു ടേബിൾ സ്പൂൺ കടല കൂടി ചേർത്ത് വറുത്ത തേങ്ങയും വറുക്കാത്ത തേങ്ങയും കൂടി മിക്സിയിലേക്ക് മാറ്റുക.
ശേഷം തേങ്ങാക്കൊപ്പം ഒരു ടീസ്പൂൺ പെരിഞ്ജീരകം കൂടി ചേർത്ത് തേങ്ങയും കടലയും കൂടി അരച്ചെടുക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞതും, ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, കുറച്ചു കറിവേപ്പില, രണ്ട് പച്ചമുളക് എന്നിവ എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ഇനി മൂത്തു വന്ന ഉള്ളിയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടേബിൾ സ്പൂൺ മുളക്പൊടി, അരച്ച് വെച്ചിട്ടുള്ള തേങ്ങാ പേസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് ഇളക്കുക.
ഇനി കറിക്ക് ആവശ്യമായ ഉപ്പും, വേവിച്ചു വെച്ചിട്ടുള്ള കടലയും ചേർത്ത് ഇളക്കി അടച്ചു വെച്ച് അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ കറി വേവിക്കുക. ശേഷം ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണയിൽ കുറച്ചു ചെറിയ ഉള്ളിയും കറിവേപ്പിലയും, കടുകും താളിച് കറിയിലേക്ക് ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വെള്ള കടല കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കടല കറി തയ്യാറാക്കി നോക്കണേ. എന്നും ഒരേപോലെ കടല കറി വെക്കുന്നതിനേക്കാൾ ഇടക്ക് ഇങ്ങനെ കറി വെച്ച് നോക്കൂ.
