ഇന്ന് നമുക്ക് ചീനച്ചട്ടിയിൽ ഒരു അടിപൊളി അപ്പം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ അപ്പം എങ്ങനെയാണ് ചീനച്ചട്ടിയിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരിയും കാൽ കപ്പ് ഉഴുന്നും നല്ല പോലെ കഴുകിയ ശേഷം നല്ല പോലെ കുതിർത്തി എടുക്കുക. ശേഷം കുതിർത്തിയെടുത്ത പച്ചരിയെ വെള്ളം കളഞ്ഞ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ ചോറും ചേർത്ത് കൊടുക്കുക.
ശേഷം ഇതിനൊപ്പം മുക്കാൽ കപ്പ് വെള്ളവും ചേർത്ത് അരിയും ഉഴുന്നും നല്ല പോലെ അരച്ചെടുക്കുക. ശേഷം നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ആവശ്യത്തിനുള്ള ഉപ്പും, മിക്സിയിൽ കാൽ കപ്പ് വെള്ളം ചേർത്ത് ചുറ്റിച്ച ശേഷം അതും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നല്ല പോലെ കലക്കിയെടുക്കുക. ഈ അപ്പത്തിന്റെ മാവിന്റെ പരുവം എന്ന് പറയുന്നത് ദോശ മാവിനേക്കാൾ കുറച്ചുകൂടി ലൂസായ ബാറ്ററാണ് ഈ അപ്പം തയ്യാറാക്കാനായി വേണ്ടത്.
ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഒന്നര തവി മാവ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് അടച്ചു വെച്ച് അപ്പം ചുട്ടെടുക്കുക. ഒരു സൈഡ് മൂത്തുവന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂത്തു വന്നാൽ എടുത്തു മാറ്റുക. എല്ലാ മാവ് കൊണ്ടും ഇതുപോലെ അപ്പം ചുട്ടെടുക്കുക. മീഡിയം ഫ്ളൈമിലിട്ട് വേണം അപ്പം ചുട്ടെടുക്കാൻ.
അപ്പോൾ വളരെ ടേസ്റ്റിയായ അപ്പം തയ്യാറായിട്ടുണ്ട്. പുറമെ ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റുമാണ് ഈ അപ്പം. ചീനച്ചട്ടിയിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഒരു പ്രത്യേക രുചിയാണ് ഈ അപ്പത്തിന്. എല്ലാവരും ഉറപ്പായും നാളത്തെ ബ്രേക്ഫാസ്റ്റായി ഈ പലഹാരം തയ്യാറാക്കി നോക്കണേ. വളരെ സിമ്പിളാണ് ഇത് തയ്യാറാക്കാൻ. മാവ് അരച്ച ശേഷം അപ്പോൾ തന്നെ ച്ചുട്ടെടുക്കാം. ട്രൈ ചെയ്തു നോക്കണേ.
