രുദ്രാക്ഷം 18
“എടാ ഞങ്ങടെ മോൾ… അവൾ പറഞ്ഞത് സത്യമാണ്. അവളുടെ മൊബൈൽ ഫോൺ…” ശ്രീദേവി പേടികൊണ്ട് ഉമിനീരിറക്കിക്കൊണ്ട് എന്തോ രുദ്രനോട് പറയുവാൻ വേണ്ടി ഒരുങ്ങിയതും, “ശബ്ദിക്കരുത് നിങ്ങൾ! നിങ്ങൾ പറയുന്ന കള്ളം തൊണ്ട തൊടാതെ വിഴുങ്ങുവാൻ ഞാൻ നിങ്ങളുടെ മകൻ വൈഭവല്ല. മേലിൽ എന്നോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കണം, മനസ്സിലായല്ലോ!”
അറിയാതെ തന്നെ ഭയം കൊണ്ട് ശ്രീദേവി രുദ്രനെ നോക്കി തലയാട്ടിപ്പോയി. “പറയെടി പറയാൻ! സത്യം മുഴുവൻ നിന്റെ വായിൽനിന്ന് എനിക്ക് കേൾക്കണമെടി!” അതും പറഞ്ഞ് വീണ്ടും അടിക്കുവാൻ അശ്വതിക്ക് നേരെ കയ്യോങ്ങിയ രുദ്രനെ സൂരജ് ഓടിവന്ന് പിറകിൽനിന്ന് വട്ടം പിടിച്ചു. “വേണ്ട രുദ്ര, വിട്ടേക്ക്. ഇനി അടിച്ചാൽ അവൾ ചത്തുപോകും.”
“ചാവട്ടെടാ! അല്ലെങ്കിലും ഇവളെപ്പോലത്തെ മനസ്സാക്ഷിയില്ലാത്തതൊന്നും ജീവിച്ചിരിക്കാൻ പാടില്ല. ഞാനൊരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ മിത്രയെ ഇപ്പോൾ ജീവനോടെ കിട്ടുമായിരുന്നില്ല. മനസ്സാക്ഷിയില്ലാത്ത ജന്തു. എങ്ങനെ തോന്നി ഇവൾക്ക് ആ പെൺകുട്ടിയെ അവിടേക്ക് പറഞ്ഞയക്കുവാൻ? നിന്നെ ഞാൻ!” കലി തീരാതെ രുദ്രൻ വീണ്ടും അശ്വതിയുടെ നേർക്ക് പാഞ്ഞടുത്തതും സൂരജ് അവന്റെ ബലം മുഴുവൻ ഉപയോഗിച്ച് രുദ്രനെ പിടിച്ചുനിർത്തിക്കൊണ്ട് പറഞ്ഞു, “മിത്രക്ക് ഒന്നും പറ്റിയില്ലല്ലോ രുദ്ര. അല്ലെങ്കിലും ഇവളെ തല്ലിയിട്ടൊന്നും ഒരു കാര്യവുമില്ല. നന്നാവില്ല എന്നുള്ളത് അവളുടെ തലയിൽ എഴുതി വെച്ചതാണ്. മതി രുദ്ര, വരാനല്ലേ നിന്നോട് പറഞ്ഞത്.” സൂരജ് ബലമായി രുദ്രനെ പിടിച്ചുകൊണ്ട് പുറത്തേക്ക് കൊണ്ടുപോയി. അപ്പോഴും തിരിഞ്ഞുകൊണ്ട് രുദ്രൻ അശ്വതിയെ മുറുകിയ മുഖത്തോടെ നോക്കുന്നുണ്ടായിരുന്നു.
“അയ്യോ എന്റെ പൊന്നുമോളേ!” ഓടിവന്ന് തളർന്ന് നിലത്തിരിക്കുന്ന അശ്വതിയെ എങ്ങനെയോ പിടിച്ചെഴുന്നേൽപ്പിച്ച് സെറ്റിയിലേക്ക് ചേർത്തിരുത്തി താര. “അമ്മേ എന്നെ ഹോസ്പിറ്റലിൽ എത്തിക്ക്. എനിക്ക് വയ്യാതെ ആകാൻ സാധിക്കുന്നില്ല. അതുപോലെ കയ്യിന്റെ എല്ലൊടിഞ്ഞോ എന്ന് സംശയമുണ്ട്.” കാറ്റുപോലെയാണ് അശ്വതിയുടെ ശബ്ദം പുറത്തേക്ക് വരുന്നത്, അത്രയും നേർമയിൽ. താര തന്റെ ചെവി അശ്വതിയുടെ ചുണ്ടുകൾക്കടുക്കലേക്ക് ചേർത്തുവെച്ചതുകൊണ്ടാണ് അത്രയെങ്കിലും കേട്ടത്. “ശ്രീദേവി, വൈഭവിനെ വിളിക്ക്. നമുക്ക് മോളെ ഇപ്പോൾത്തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണം.” ശ്രീദേവി വൈഭവിനെ വിളിക്കുവാൻ വേണ്ടി ഓടി പുറത്തേക്കിറങ്ങി. ഈ സമയം അശ്വതി വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. നേരത്തെ രുദ്രൻ തന്നെ പട്ടിയെ തല്ലുന്നതുപോലെ തല്ലിയത് അവളുടെ ഓർമ്മയിലേക്ക് ഇരച്ചുകയറിവന്നു. വേദനകൊണ്ട് ഇരുകണ്ണുകളിൽനിന്നും കണ്ണുനീർ ഒലിച്ചിറങ്ങുമ്പോഴും ആ കണ്ണുകളിലെ പക അപ്പോഴും കത്തിജ്വലിച്ചു തന്നെ നിൽക്കുന്നുണ്ടായിരുന്നു.
“വിട് സൂരജ്, എന്നെ വിടാൻ അല്ലേ പറഞ്ഞത്. അവളെ ഞാൻ ഇന്ന് കൊല്ലും!” രുദ്രന് തന്റെ ദേഷ്യം അടക്കുവാൻ സാധിക്കുന്നില്ലായിരുന്നു. ഈ സമയം സൂരജ് ബലമായി രുദ്രനെ പിടിച്ചുകൊണ്ടുവന്ന് ഹാളിന്റെ മറു സൈഡിലായിട്ടുള്ള മുറിയിലേക്ക് കയറി. ബലമായി അവനെ പിടിച്ച് അവിടെയുള്ള ബെഡിലായി ഇരുത്തി. ദേഷ്യം അടക്കുവാൻ സാധിക്കാതെ കൈമുഷ്ടി ചുരുട്ടിപ്പിടിച്ച് രുദ്രൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. രുദ്രന്റെ ദേഷ്യത്തിന്റെ കാരണം ന്യായമായതുകൊണ്ടുതന്നെ സൂരജിന് അവനോട് ഒന്നും എതിർത്തുപറയുവാൻ സാധിക്കുന്നില്ലായിരുന്നു. എങ്കിലും അവന്റെ തൊട്ടടുത്തായി ഇരുന്നുകൊണ്ട് മുന്നിലെ തറയിലേക്ക് നോക്കിക്കൊണ്ട് സൂരജ് രുദ്രൻ കേൾക്കാൻ എന്നോണം പറഞ്ഞു, “നോക്ക് രുദ്ര, അശ്വതി ചെയ്ത തെറ്റിന് നീ അവൾക്ക് ശരിക്കും കൊടുത്തിട്ടുണ്ട്. ഇനി ഇതിന്റെ പേരിൽ നീ അവളുടെമേൽ കൈ വെക്കരുത്. കാരണം അതൊരു പെൺകുട്ടിയാണ്. നിന്റെ അടിയിൽ ചിലപ്പോൾ അവൾ ചത്തുപോകും. പിന്നെ കാര്യങ്ങൾ ഇവിടെ തീർന്നു എന്നൊന്നും കരുതേണ്ട. ചിലപ്പോൾ മുത്തശ്ശൻ എങ്ങാനും ഇത് അറിഞ്ഞാൽ ഈ പ്രശ്നം വലിയ രീതിയിലായി മാറുവാൻ അധികം നേരം വേണ്ട. അതുകൊണ്ട് നീ തൽക്കാലത്തേക്ക് ഒന്നടങ്ങ്. എന്തായാലും മിത്ര മോൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ, അത് തന്നെ വലിയ കാര്യം. നീ നിന്റെ മുറിയിൽ പോയി ഒന്ന് റസ്റ്റ് എടുക്ക്. ഉത്സവം ഇങ്ങ് അടുക്കാറായി, അത് ഓർമ്മയിൽ വേണം.” അത്രയും പറഞ്ഞ് സൂരജ് രുദ്രന്റെ തോളിലായി ഒന്ന് തട്ടിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.
ഈ സമയമെല്ലാം രുദ്രന്റെ മനസ്സിലൂടെ മിത്രയുടെ നിറഞ്ഞ കണ്ണുകളും മുഖവും ഓടിമാഞ്ഞു. ‘ഛെ! തനിക്ക് എന്താണ് ഈ സംഭവിക്കുന്നത്? എന്തിനാണ് ഇപ്പോൾ താൻ അശ്വതിയെ പോയി അടിച്ചത്? അതിനുമാത്രം എനിക്ക് ആരാണ് മിത്ര? അവളും ഞാനുമായിട്ട് എന്താണ് ബന്ധം? ഇല്ല, ഒരു ബന്ധവുമില്ല. അവൾ ഇപ്പോൾ സൂരജിന്റെ അനിയത്തിയാണ്. ആ ഒരു ബന്ധം മാത്രമേ എനിക്കും അവളോടുള്ളൂ.’ രുദ്രന്റെ ചോദ്യത്തിന് അവൻ തന്നെ മനസ്സിൽ ഉത്തരം കണ്ടുപിടിക്കുകതന്നെ ചെയ്തു. മിത്രയെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും തലയിലേക്ക് ഇരച്ചുകയറി വന്നതും ആ തല ഒന്ന് കുടഞ്ഞുകൊണ്ട് മുറിയിലേക്ക് ധൃതിയിൽ നടന്നുനീങ്ങി രുദ്രൻ.
കാഷ്വാലിറ്റിയുടെ മുന്നിൽ അക്ഷമരായി കാത്തിരിക്കുകയാണ് താരയും ശ്രീദേവിയും വൈഭവും. അശ്വതിയെ കാഷ്വാലിറ്റിയിലേക്ക് കയറ്റിയിട്ട് അല്പസമയമായി. ഇതുവരെ ഡോക്ടർ പുറത്തേക്ക് വരികയോ അവരോട് എന്തെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. “അശ്വതി എന്ന പേഷ്യന്റിന്റെ കൂടെ വന്നവർ ആരെങ്കിലുമുണ്ടോ?” നഴ്സ് പുറത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. “ഹാ… ഉണ്ട്,” ശ്രീദേവി വേഗം എഴുന്നേറ്റു നിന്നുകൊണ്ട് നഴ്സിനോട് പറഞ്ഞു. “എന്നാൽ നിങ്ങൾ അകത്തേക്ക് ചെല്ലൂ. ഡോക്ടർ നിങ്ങളെ വിളിക്കുന്നുണ്ട്.” അതും പറഞ്ഞ് നഴ്സ് അകത്തേക്ക് കയറിപ്പോയി. ശ്രീദേവി തിരിഞ്ഞ് വൈഭവിനേയും താരയെയും നോക്കിയതും അവർ രണ്ടുപേരുംകൂടി ശ്രീദേവിയുടെ അടുക്കലേക്ക് വന്നു. ശേഷം മൂന്നുപേരും കൂടെ കാഷ്വാലിറ്റിയുടെ അകത്തായിട്ടുള്ള ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു. “എക്സ്ക്യൂസ്മി ഡോക്ടർ…” തന്നെ ആരോ പുറകിൽനിന്ന് വിളിക്കുന്നത് കേട്ട് ഡോക്ടർ തിരിഞ്ഞുനോക്കിയതും കണ്ടു ഒരു യുവാവിനെയും മറ്റു രണ്ട് സ്ത്രീകളെയും. “യെസ്…” “ഞങ്ങൾ അശ്വതിയുടെ റിലേറ്റീവ്സ് ആണ്.” “ഹോ! ആക്ച്വലി ആ കുട്ടിക്ക് എന്താണ് സംഭവിച്ചത്?” “അത്… അത് പിന്നെ മോള് ഒന്ന് വീണതാണ് ഡോക്ടർ,” താരവേഗം ഡോക്ടറോട് പറഞ്ഞു.
താര അങ്ങനെ പറഞ്ഞപ്പോൾ ഡോക്ടർ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ട് താരയുടെ മുഖത്ത് നോക്കി പറഞ്ഞു, “ആ കുട്ടി വീണതൊന്നുമല്ല. ആരോ നല്ലവണ്ണം ആ കുട്ടിയെ തല്ലിയിട്ടുണ്ട്. പിന്നെ നിങ്ങൾ ‘വീണതാണ്’ എന്ന് ഇങ്ങനെ ഉറപ്പിച്ചു പറയുമ്പോൾ ഞാനായിട്ട് അത് മാറ്റി പറയുന്നില്ല. എന്തായാലും ഷോൾഡറിൽ നിന്നും കൈക്കുഴ അകന്നുപോയിട്ടുണ്ട്. അതുകൊണ്ട് കുറച്ചുദിവസം കൈ ഹാങ്ങ് ചെയ്തിട്ട് വേണം നടക്കുവാൻ. അനക്കരുത്. പിന്നെ മുഖം എല്ലാം നല്ലവണ്ണം വീങ്ങിയിട്ടുണ്ട്. രണ്ട് പല്ല് ഇളകിയിട്ടുണ്ട്. വീക്കമുള്ളതുകൊണ്ട് അത് കുറയുവാനുള്ള മെഡിസിൻ തരാം. പിന്നെ കഞ്ഞി പോലുള്ള ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത ഭക്ഷണം കൊടുത്താൽ മതി. പിന്നെ വേദന ഉണ്ടാകും. അതിനുള്ള മരുന്നു കൂടി എഴുതുന്നുണ്ട്.” അത്രയും പറഞ്ഞ് ഡോക്ടർ പുറത്തേക്കിറങ്ങാൻ ഒരുങ്ങിയതും പെട്ടെന്നാണ് വൈഭവ് ഡോക്ടറെ പിറകിൽനിന്ന് വിളിച്ചത്. “ഡോക്ടർ, അശ്വതിയെ ഞങ്ങൾക്ക് ഇപ്പോൾ വീട്ടിലേക്ക് കൊണ്ടുപോകാമോ?” “യെസ് ഓഫ് കോഴ്സ്. നിങ്ങൾക്ക് ആ കുട്ടിയെ ഇപ്പോൾത്തന്നെ കൊണ്ടുപോകാം. പിന്നെ നെറ്റിയിൽ ചെറിയൊരു മുറിവുണ്ട്. അത് ഞങ്ങൾ ഡ്രസിംഗ് ചെയ്തതാണ്. അതുകൊണ്ട് തല രണ്ടു ദിവസത്തേക്ക് നനയ്ക്കണ്ട.” അത്രയും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ പുറത്തേക്ക് ഇറങ്ങിപ്പോയി.
മൂന്നുപേരും തൊട്ടപ്പുറത്തെ ബെഡിലായി ഇരിക്കുന്ന അശ്വതിയെ ഒന്ന് നോക്കി. സത്യത്തിൽ അവളെ കണ്ടതും മൂന്നുപേർക്കും വല്ലാത്ത സഹതാപം തോന്നി അശ്വതിയോട്. മുഖമെല്ലാം വീർത്ത്, കണ്ണുകളുടെ ഒരു വശം എല്ലാം ചോര കല്ലിച്ച്, അവളുടെ ഇരു കവിളിലും രുദ്രന്റെ അഞ്ച് കൈവിരൽ പാടുകൾ തെളിഞ്ഞുകാണാമായിരുന്നു. ആരും ഒന്നും സംസാരിക്കാതെ വേഗം അശ്വതിയെ പതിയെ എഴുന്നേൽപ്പിച്ചുകൊണ്ട് ആശുപത്രിയിൽ നിന്നും പുറത്തേക്കിറങ്ങി. പരസ്പരം ഒന്നും സംസാരിക്കുന്നില്ലായിരുന്നെങ്കിലും എല്ലാരുടെയും മനസ്സിൽ രുദ്രൻ എന്ന വ്യക്തിയോടുള്ള പക നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു ആ സമയം. ദിവസങ്ങൾ ഓടിമറഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയിൽ രുദ്രന് പലപ്പോഴും തറവാട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം വന്നു. സ്വകാര്യമായി ഏതോ കേസ് അന്വേഷിക്കുന്ന തിരക്കിലാണ് രുദ്രൻ. അതുകൊണ്ടുതന്നെ തറവാട്ടിലേക്കുള്ള അവന്റെ വരവും ഒന്ന് കുറഞ്ഞിരുന്നു. മിത്രയ്ക്ക് നന്ദന ഉള്ളതുകൊണ്ട് തന്നെ വലിയ വിഷമം ഒന്നും ഇല്ലായിരുന്നു. പിന്നെ രുദ്രൻ ഇല്ലാത്തതുകൊണ്ട് സൂരജ് എപ്പോഴും മിത്രയ്ക്ക് ഒരു തണലായി കൂടെയുണ്ടാകും.
വൈഭവ് പിന്നെ ആ തറവാട്ടിൽ ഉണ്ടെങ്കിലും അങ്ങനെയൊന്നും പുറത്തിറങ്ങാറില്ല. അന്നത്തെ കാൽ തൊഴിച്ചുകൊണ്ടുള്ള രുദ്രന്റെ അടിയിൽ വൈഭവിന് മൂത്രം പോകാൻ തന്നെ രണ്ടുമൂന്നു ദിവസം വേണ്ടി വന്നു. വയ്യാതെ കിടക്കുന്ന സമയത്തായിരുന്നു താരയുടെ നിലവിളിയും കരച്ചിലും കൊണ്ട് അവൻ എങ്ങനെയൊക്കെയോ അശ്വതിയെക്കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയത്. അശ്വതിയെ തിരിച്ച് വീട്ടിലാക്കിയതിനുശേഷം വൈഭവിന് പിന്നീട് ഹോസ്പിറ്റലിൽ ഒന്നോ രണ്ടോ ദിവസം കിടക്കുകയെല്ലാം ചെയ്യേണ്ടി വന്നു. അതുകൊണ്ടുതന്നെ തൽക്കാലത്തേക്ക് അവൻ ഒന്നടങ്ങിയെങ്കിലും രുദ്രനോടുള്ള പക അവന്റെ കണ്ണുകളിൽ എരിയുന്നുണ്ടായിരുന്നു. രുദ്രനെ തകർക്കുവാൻ വേണ്ടിയിട്ടുള്ള നല്ലൊരു അവസരത്തിനായി വൈഭവവും കാത്തിരുന്നു. നന്ദനയോടൊപ്പം കളിച്ചും ചിരിച്ചും ഉല്ലസിച്ചും എല്ലാം നടക്കുമ്പോഴും മിത്രയുടെ മനസ്സിന്റെ ഒരു കോണിൽ പേരറിയാത്ത ഒരു നൊമ്പരം കിടപ്പുണ്ടായിരുന്നു. എന്താണ് തന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം എന്ന് മാത്രം മിത്രയ്ക്ക് മനസ്സിലായില്ല. പലപ്പോഴായി കണ്ണാടിയിൽ നോക്കിക്കൊണ്ട് സ്വയം മിത്ര ചോദിച്ചു, എന്തിനാണ് ഇപ്പോൾ ഇങ്ങനെ വിഷമിക്കുന്നത്? ചില സമയത്ത് അവൾ വല്ലാത്ത അവസ്ഥയിലായി മാറും. കയ്യിൽനിന്നും എന്തോ നഷ്ടപ്പെട്ടുപോയതുപോലെ. പക്ഷേ എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥ.
പലപ്പോഴും സൂരജേട്ടൻ ചോദിച്ചിട്ടുണ്ട് എന്താണ് ഇങ്ങനെ മൗനം ആയിരിക്കുന്നതെന്ന്. സത്യത്തിൽ തനിക്ക് പോലും അറിയില്ല എന്തിനാണ് ഈ മൗനം. കാരണം അറിയാത്തതുകൊണ്ടുതന്നെ സൂരജേട്ടനെ നോക്കി കണ്ണുകൾ ചിമ്മി പുഞ്ചിരിച്ചുകൊണ്ട് പറയും, “ഒന്നുമില്ല ഏട്ടാ എന്ന്.” നന്ദന ഒന്ന് പുറത്തുപോയതാണ് അവളുടെ അച്ഛന്റെ കൂടെ. എന്നെയും വിളിച്ചിരുന്നു. പക്ഷേ എന്ത് കൊണ്ടോ അവരുടെ കൂടെ പുറത്തേക്ക് പോകാൻ തോന്നിയില്ല. മിത്ര തറവാടിന്റെ മുറ്റത്തുകൂടെ നടക്കുമ്പോൾ ആലോചിക്കുകയായിരുന്നു ഈ കാര്യങ്ങളെല്ലാം. ഓരോന്നാലോചിച്ചും ചുറ്റുപാടും എല്ലാം നോക്കിക്കൊണ്ട് നടക്കുമ്പോൾ പെട്ടെന്നാണ് അവളുടെ കാലിൽ എന്തോ തറഞ്ഞത്. കാലെടുത്തു മാറ്റിയതും കണ്ടു ഒരു കുഞ്ഞു ചെപ്പായിരുന്നു അത്. കയ്യിലെടുത്തു നോക്കിയപ്പോൾ എന്തോ ഒരു കൗതുകം തോന്നി. അതുകൊണ്ടുതന്നെ മിത്ര അതും എടുത്ത് വേഗം അവളുടെ മുറിയിലേക്ക് ചെന്നു. അല്പം വെള്ളമൊഴിച്ച് അതിനെ ഒന്ന് കഴുകി വൃത്തിയാക്കിയപ്പോൾ തന്നെ ആ ചെപ്പ് കാണുവാൻ വളരെ മനോഹരമാണെന്ന് മിത്രയ്ക്ക് തോന്നി.
പെട്ടെന്നാണ് അവളുടെ കയ്യിൽനിന്ന് ആ ചെപ്പ് ആരോ പിടിച്ചു വാങ്ങിയത്. ഞെട്ടിത്തരിച്ചുകൊണ്ട് മുന്നോട്ടേക്ക് നോക്കിയ അവൾ കണ്ടു കുസൃതി ചിരിയോടെ തന്നെ നോക്കിനിൽക്കുന്ന നന്ദനയെ. “ദേ നന്ദു, അതിങ്ങ് താ. അതെന്റെയാ. എനിക്കിപ്പോൾ മുറ്റത്തുനിന്നാണ് കിട്ടിയത്. പ്ലീസ് നന്ദു താ…” മിത്ര അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പറഞ്ഞു. “ഇല്ല തരില്ല. എന്റെ കൂടെ പുറത്തേക്ക് വരാൻ വേണ്ടി വിളിച്ചിട്ട് വന്നില്ലല്ലോ. തരില്ല നിനക്കിത്.” നന്ദന മിത്രയെ നോക്കി കുസൃതി ചിരിയാലെ അത്രയും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി ഓടി. “നന്ദന, അവിടെ നിന്നോ. നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ…” അതും പറഞ്ഞു ഉടുത്തിരുന്ന പാവാട അല്പം ഉയർത്തിപ്പിടിച്ച് മിത്രയും നന്ദനയുടെ കൂടെ പുറത്തേക്ക് ഓടി. നന്ദനയുടെ ചിരിച്ചുകൊണ്ടുള്ള ഓട്ടം കണ്ടതും അവളെ പിടിക്കുവാൻ എന്നവണ്ണം മിത്രയും അവർക്ക് പിറകെ ഓടി. മുറ്റത്തേക്ക് ഇറങ്ങി ഓടിയ നന്ദനയെ പിടിക്കുവാൻ വേണ്ടി മിത്രയും മുറ്റത്തേക്ക് ഇറങ്ങിയതും പെട്ടെന്നാണ് അവൾ ആരെയോ ഇടിച്ചത്. ബാലൻസ് കിട്ടാതെ രണ്ടുപേരും ഭൂമിദേവിയെ നമസ്കരിച്ചു. മിത്ര ഇപ്പോൾ ആ വ്യക്തിയുടെ നെഞ്ചിലായിട്ടാണ് കിടക്കുന്നത്. ആ സമയം ആ വ്യക്തിയുടെ വസ്ത്രത്തിൽനിന്ന് വമിക്കുന്ന ഗന്ധം തന്റെ നാസികയിലേക്ക് തുളച്ചുകയറിയതും ഒരു ഞെട്ടലോടെ മിത്ര കണ്ണുകൾ വലിച്ചു തുറന്നു. മുന്നിൽ തന്നെ, തന്നെ നോക്കി വലിഞ്ഞുമുറുകിയ മുഖത്തോടെ കിടക്കുന്ന രുദ്രനെ അപ്പോഴാണ് മിത്ര കാണുന്നത്.
“രു… രുദ്രേട്ടൻ…”
തുടരും.
