കുറുമ കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. പലതരത്തിലുള്ള കുറുമകൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് മുട്ട കൊണ്ട് കുറുമ ഉണ്ടാക്കിയാലോ. ഈ കുറുമ ചപ്പാത്തിക്കും ചോറിനും, അപ്പത്തിനും, ഇടിയപ്പത്തിനുമെല്ലാം ഒപ്പം കഴിക്കാൻ വളരെ ടേസ്റ്റിയാണ്. അപ്പോൾ നമുക്ക് നോക്കാം ഈ കുറുമ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി അഞ്ച് കോഴി മുട്ട പുഴുങ്ങി എടുക്കുക. ശേഷം മൂന്നു വലിയ സവാള സ്ലൈസാക്കി എടുക്കാം. ശേഷം തേങ്ങയുടെ ഒരു ഗ്ലാസ് ഒന്നാം പാലും, അരഗ്ലാസ് രണ്ടാം പാലും എടുക്കുക.
ശേഷം 10 പീസ് കാഷ്യൂ ഒന്ന് വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം കുതിർന്നു കിട്ടിയ കാഷ്യൂവിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണയിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ശേഷം കാൽ ടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ഏലക്കയും, ഒരു പട്ടയും, രണ്ട് ഗ്രാമ്പു എന്നിവ മൂപ്പിച്ചെടുക്കുക.
ശേഷം മൂപ്പിച്ചെടുത്ത മസാലയിലേക്ക് നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള സവാളയും ചേർത്ത് വഴറ്റുക. സവാള പെട്ടെന്ന് വഴന്നു കിട്ടാനായി കുറച്ച് ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക. ശേഷം വാടി വന്ന സവാളയിലേക്ക് 3 പച്ചമുളക് അരിഞ്ഞതും ഒരു ചെറിയ പീസ് ഇഞ്ചി ചതച്ചതും, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചതും, ശേഷം കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. ശേഷം സവാളയും പച്ചമുളകും എല്ലാം നല്ലപോലെ വാടി വന്നിട്ടുണ്ട്. ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞ ശേഷം ചേർത്ത് നന്നായി ഇളക്കുക. ശേഷം തക്കാളിയും സവാളയും നല്ലപോലെ വഴറ്റി എടുത്ത ശേഷം മസാലകൾ ചേർത്ത് കൊടുക്കുക.
ആദ്യം രണ്ടു ടേബിൾ സ്പൂൺ മല്ലിപൊടിയും, അര ടീസ്പൂൺ ഗരം മസാലയും, ഒരു ടീസ്പൂൺ കുരുമുളകു പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. ശേഷം എല്ലാം നല്ലപോലെ ഇളക്കുക. മസാലകൾ എല്ലാം നല്ലപോലെ ചൂടായി വന്നുകഴിഞ്ഞാൽ നേരത്തെ എടുത്തു വച്ചിട്ടുള്ള ഒരു ഗ്ലാസ് ഒന്നാം പാലും, അര ഗ്ലാസ് രണ്ടാം പാലും കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് നേരത്തെ അരച്ചു വച്ചിട്ടുള്ള ക്യാഷ്യൂ മിക്‌സും കൂടി ഈ സമയം ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത് ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നേരത്തെ പുഴുങ്ങി വച്ചിട്ടുള്ള മുട്ടയുടെ പുറം ഭാഗം ഒന്ന് വരഞ്ഞശേഷം കുറുമയിലേക്ക് ചേർത്തു കൊടുക്കുക. ശേഷം കുറച്ച് കറിവേപ്പിലയും ചേർത്ത് തിളച്ച് വരാനായി തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട കുറുമ തയ്യാറായിട്ടുണ്ട്. അപ്പത്തിനും, ഇടിയപ്പത്തിനും, പൊറോട്ടക്കുമെല്ലാം ഒപ്പം കഴിക്കാൻ നല്ല ടേസ്റ്റാണ് ഇത്. എല്ലാവരും ഇഫ്താർ പലഹാരത്തിനൊപ്പം ഈ കറി ഒന്ന് ട്രൈ ചെയ്തു നോക്കണെ.
