രുദ്രാക്ഷം 13

രുദ്രാക്ഷം 13

 

“ചോദിച്ചത് കേട്ടില്ലാ എന്നുണ്ടോ മിത്ര എന്താ ഇവിടെ എന്ന്?” രുദ്രന്റെ ഗാംഭീരമാർന്ന ശബ്ദം കേട്ടതും മിത്രയ്ക്ക് അവനോട് പറയാനുള്ള മറുപടി പോലും മറന്നുപോയി. “അ…അത് പിന്നെ… ഞാൻ ഈ… ഈ.. മുറിവുകളിൽ എല്ലാം ഒന്ന് മരുന്ന് വയ്ക്കുവാൻ വേണ്ടി വന്നതാണ്..” ആദ്യം അവന്റെ മുഖത്തേക്കും അവസാനമായപ്പോൾ താഴേക്ക് നോക്കിക്കൊണ്ടും മിത്ര അവനോടായി പറഞ്ഞു. “വേണ്ടാ,” ഒരൊറ്റ വാക്കിൽ രുദ്രൻ മിത്രയുടെ മുഖത്ത് നോക്കി പറഞ്ഞു. സത്യത്തിൽ അവൻ അങ്ങനെ പറഞ്ഞതും മിത്രയ്ക്ക് വല്ലാതെ വിഷമം ആയി. പക്ഷേ എന്തുകൊണ്ടോ അവന്റെ ദേഹത്ത് നിന്നും കിനിഞ്ഞിറങ്ങുന്ന രക്തത്തുള്ളികളെ കണ്ടില്ല എന്ന് നടിച്ചു പിന്മാറിപ്പോകുവാൻ മിത്രയുടെ മനസ്സ് അവളെ അനുവദിച്ചില്ല. രുദ്രന്റെ തീക്ഷ്ണതയേറിയ മുഖത്തേക്ക് നോക്കുവാൻ മിത്രക്ക് അല്പം ഭയം തോന്നിയെങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് അവൾ അവനോടായി പറഞ്ഞു: “അ…അത് പി…പിന്നെ ഇവിടെ ഇപ്പോൾ നമ്മൾ മാത്രമേയുള്ളൂ സാറിന് വല്ല വയ്യായ്മയും വന്നാൽ പോലും സഹായിക്കാൻ ആരുമില്ല. അതുകൊണ്ട് ഈ മുറിവുകൾ എല്ലാം വൃത്തിയാക്കുവാൻ സർ എന്നെ അനുവദിക്കണം. ഇല്ലെങ്കിൽ..” അവളുടെ ‘സർ’ എന്നുള്ള വിളി രുദ്രന് അത്രയ്ക്ക് ഇഷ്ടമായിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ അല്പം അനിഷ്ടത്തോടെ മുഖം കനപ്പിച്ചുകൊണ്ട് അവൻ അവളോട് ചോദിച്ചു: “ഇല്ലെങ്കിൽ?” അവന്റെ കണ്ണുകൾ കുറുക്കിക്കൊണ്ടുള്ള ചോദ്യം കേട്ടപ്പോൾ തന്നെ മിത്രയുടെ പാതി ജീവൻ പോയിരുന്നുവെങ്കിലും ഉമിനീർ ഇറക്കിക്കൊണ്ട് അവൾ രുദ്രനോട് പറഞ്ഞു: “ഇ…ഇല്ലെങ്കിൽ ഞാൻ ഏട്ടനെ വിളിച്ച് ഇപ്പോൾ നടന്നതെല്ലാം തുറന്നുപറയും…”

 

മിത്ര അങ്ങനെ പറയുമെന്ന് രുദ്രൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അവൾ ഇപ്പോൾ സൂരജിനെ വിളിച്ചു പറഞ്ഞാൽ അവൻ കേട്ടപാതി കേൾക്കാത്ത പാതി ഓടിവരും. ഇപ്പോൾ അവൻ പങ്കെടുക്കുന്ന മീറ്റിംഗ് വളരെ തന്ത്രപ്രധാനമായ ഒന്നാണ്, അതും ഡിഐജിയുടെ ഓഫീസിൽ വച്ച്. ഈ പൊട്ടിപ്പെണ്ണിന് അതിനെക്കുറിച്ച് ഒന്നും വലിയ വിവരമില്ല എന്നുള്ള കാര്യം ആ സമയമാണ് രുദ്രൻ ഓർത്തത്. ആദ്യം അവളെ വിരട്ടി ഓടിക്കാം എന്നാണ് അവൻ കരുതിയത്, പക്ഷേ അവളുടെ നിൽപ്പും മുഖഭാവവും കണ്ടതും അവൾ എന്തായാലും സൂരജിനെ വിളിച്ച് ഇവിടെ നടന്ന എല്ലാ കാര്യങ്ങളും പറയും എന്ന് രുദ്രന് തോന്നി. അതുകൊണ്ട് തന്നെ അവൻ മറത്തൊന്നും പറയാതെ അവളെ നോക്കി ഒന്ന് മൂളുക മാത്രമാണ് ചെയ്തത്. “മ്മ്മ്മ്മ്മ്…” രുദ്രന്റെ മൂളൽ ഒരു സമ്മതമായി എടുത്തുകൊണ്ട് മിത്ര പതിയെ അവന്റെ അടുക്കലേക്ക് നടന്നുചെന്നു. ആ സമയം മിത്രയുടെ മുഖത്ത് വല്ലാത്തൊരു ശാന്തത കൈവന്നിരുന്നു. അവന്റെ തൊട്ടടുത്തായിട്ടുള്ള ചെറിയ ടേബിളിൽ അവൾ ആ ചൂടുവെള്ളവും കോട്ടൺ തുണിയും മരുന്നും എല്ലാം അടുക്കിവെച്ചുകൊണ്ട് രുദ്രന്റെ കൈയുടെ ഭാഗങ്ങളിലായി കാണുന്ന മുറിവുകൾ എല്ലാം ഇളം ചൂടുവെള്ളത്തിൽ മുക്കിയ കോട്ടൺ കൊണ്ട് പതിയെ തുടച്ചെടുത്തു. “സ്സ്സ്….” എവിടെ നിന്നോ ഒരു ശബ്ദം കേട്ട രുദ്രൻ മിത്രയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ കാണുന്നത് തന്റെ കൈയിലെ രക്തമെല്ലാം മിത്ര കോട്ടൺ തുണി കൊണ്ട് തുടച്ചെടുക്കുകയാണ്. അവളുടെ മുഖഭാവം കണ്ടാൽ അവളുടെ ശരീരമാണ് നൊന്തത് എന്ന് തോന്നും. ഇടയ്ക്കിടയ്ക്ക് തന്റെ മുറിവിലേക്ക് അവൾ ഊതുന്നുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ടായിരുന്നു. സത്യത്തിൽ ഈ കാഴ്ചകളെല്ലാം രുദ്രന് ആദ്യത്തെ ഒരു അനുഭവമായിരുന്നു. തന്റെ ശരീരത്തിൽ ഇതിനു മുന്നേയും പല അവസരങ്ങളിൽ ഇതുപോലെ മുറിവുകൾ പറ്റിയിട്ടുണ്ട്. അന്നൊന്നും തന്നെ ഇത്രമാത്രം കരുതലോടെ ഒന്നും ആരും ശുശ്രൂഷിച്ചിട്ടില്ല എന്നുള്ള കാര്യം രുദ്രൻ ആ സമയം ഒന്ന് ഓർത്തു. മിത്രയുടെ നിറഞ്ഞ കണ്ണുകളിലേക്കും തുടുത്ത കവിളിലേക്കും ഇളം റോസ് ചുണ്ടുകളിലേക്കും എല്ലാം അറിയാതെ തന്നെ രുദ്രന്റെ കണ്ണുകൾ ഓടിയലഞ്ഞു.

 

പെട്ടെന്നാണ് രുദ്രൻ സ്വബോധത്തിലേക്ക് വന്നത്. ‘ഛെ! ഞാൻ ഇത് എന്തൊക്കെയാണ് ചെയ്യുന്നത്.’ അവൻ ഒന്ന് തല കുടഞ്ഞുകൊണ്ട് നേരെയിരുന്നു. ആ സമയം അവനവനോട് തന്നെ വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു. കാരണം ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയുടെ മുഖത്തേക്ക് അവൻ ഇങ്ങനെ സൂക്ഷിച്ചുനോക്കുന്നത് പോലും. “ആാാാാ…. എവിടെ നോക്കിയാടി തുടക്കുന്നത്?” അവന്റെ അടുത്ത അലർച്ചയിൽ മിത്ര കിടുങ്ങിപ്പോയി. സത്യത്തിൽ അവൾ സൂക്ഷിച്ചാണ് തുടച്ചത്. പിന്നെ അവൻ ഇപ്പോൾ എന്തിനാണ് തന്നോട് ഇങ്ങനെ ചാടുന്നതെന്ന് അവൾക്കുപോലും അറിയുന്നില്ലായിരുന്നു. എങ്കിലും തെറ്റ് തന്റെ ഭാഗത്താണെന്ന് കരുതി മിത്ര തന്റെ കണ്ണുകൾ നിറച്ചുകൊണ്ട് അവനോടായി പറഞ്ഞു: “അയ്യോ സോറി ക്ഷമിക്കണം ഞാൻ ഞാൻ അറിയാതെ.” അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും രുദ്രൻ ഒന്നയഞ്ഞു. “ഹ്മ്മ്മ്മ്… ഒന്ന് വേഗം തീർക്ക് എനിക്കൊന്നു കിടക്കണം.” “എ.. ഹാ…” മിത്ര വേഗം രുദ്രന്റെ കൈകളിലെ മുറിവുകളെല്ലാം തുടച്ചുനീക്കി മുറിവുകളിൽ മരുന്നു പുരട്ടി കെട്ടിവെച്ചു. ശേഷം മിത്ര രുദ്രന്റെ ഇടതു താടിയിൽ മേൽ തന്റെ കൈകൾ വച്ചുകൊണ്ട് പതിയെ അവന്റെ മുഖം ഒന്ന് ഉയർത്തി. ആ സമയം രുദ്രന്റെ കണ്ണുകൾ മിത്രയുടെ കണ്ണുകളുമായി ഒന്ന് കോർത്തു. ഒരു നിമിഷം മിത്ര രുദ്രന്റെ കുഞ്ഞി കണ്ണുകളിലേക്ക് നോക്കിയതും അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു തീക്ഷ്ണത അവന്റെ കണ്ണിൽ ഉണ്ടെന്ന് അവൾക്ക് തോന്നി. അതുകൊണ്ടുതന്നെ പിന്നീട് അവന്റെ കണ്ണുകളിലേക്ക് നോക്കാതെ മുറിവിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവൾ അവനോട് ചോദിച്ചു: “ആ നെറ്റിയിലെ മുറിവ് കൂടി ഞാൻ തുടക്കട്ടെ?” അവളുടെ ചോദ്യത്തിന് അപ്പോഴും അവൻ കനപ്പിച്ചോന്നു മൂളുക മാത്രമാണ് ചെയ്തത്. “മ്മ്മ്മ്മ്മ്…” നെറ്റിയിലെ മുറിവും കൂടി മിത്ര ക്ലീൻ ചെയ്തുകൊടുത്തു കഴിഞ്ഞതും പിന്നീടുള്ള മുറിവുകളെല്ലാം അവന്റെ ശരീരത്തിൽ ആയിരുന്നു. എന്തുകൊണ്ടോ അവനോട് ഡ്രസ്സ് മാറി വരുവാൻ പറയുവാൻ മിത്രയ്ക്ക് ജാള്യത തോന്നി. മിത്രയുടെ നിൽപ്പ് കണ്ടതും രുദ്രൻ അവളെ തുറിച്ചുനോക്കിക്കൊണ്ട് ഗൗരവത്തിൽ ചോദിച്ചു: “ഹ്മ്മ്മ്മ് ഇനിയെന്താ കഴിഞ്ഞില്ലേ?” “ഹേ… ഹാ.. കഴിഞ്ഞു…” അവൾ വേഗം അത്രയും പറഞ്ഞു നേരത്തെ കൊണ്ടുവന്ന കോട്ടനും മെഡിസിനും എല്ലാം എടുത്ത് പുറത്തേക്ക് ഇറങ്ങിപ്പോയി.

 

മിത്ര ഇറങ്ങിപ്പോയതും രുദ്രൻ ഓടിവന്നു തന്റെ മുറിയുടെ കതകടച്ചു. ഒരു നിമിഷം തന്റെ മുന്നിലായി കാണുന്ന നില കണ്ണാടിയിലേക്ക് രുദ്രൻ തന്റെ പ്രതിബിംബം ഒന്നു നോക്കി. മിത്ര കെട്ടിക്കൊടുത്ത തന്റെ നെറ്റിയിലെ മുറിവിലേക്കും കൈകളിലെ മുറിവുകളിലേക്കും അവന്റെ നോട്ടം ഒന്ന് ചെന്നെത്തി. ആ മുറിവുകളിലേക്ക് നോക്കുമ്പോൾതോറും മിത്രയുടെ മുഖമായിരുന്നു അവന് ഓർമ്മ വന്നത്. നേരത്തെ ആ ഗുണ്ടകളുമായി ഉണ്ടായ സംഘട്ടനത്തിൽ അവൾ തന്നെ “രുദ്രേട്ടാ” എന്ന് വിളിച്ചത് അവന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നതുപോലെ രുദ്രന് തോന്നി. പക്ഷേ അതേസമയം തന്നെ തന്നെ ഗുണ്ടകൾ ആക്രമിക്കാൻ വന്ന ഓരോ രംഗങ്ങളും അവന് ഓർമ്മ വന്നതും അവന്റെ മുഖമെല്ലാം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. തൽക്ഷണം മിത്ര നേരത്തെ കെട്ടിക്കൊടുത്ത മുറിവിൽ നിന്നും ചെറുതായി രക്തം കിനിയുന്നുണ്ടായിരുന്നു. “ഒളിഞ്ഞു നിന്ന് അക്രമിക്കുന്നവൻ… ഹും. നീ എവിടെ പോയി ഒളിച്ചാലും കണ്ടുപിടിച്ചിരിക്കും എടാ നിന്നെ ഞാൻ….” ആ സമയം രുദ്രന്റെ മുഖത്ത് വല്ലാത്തൊരു പൈശാചികത നിറഞ്ഞാടുന്നുണ്ടായിരുന്നു.

 

ഈ സമയം രുദ്രന്റെ എതിർ വശത്തുള്ള മുറിയിൽ കിടന്നുറങ്ങുന്ന മിത്രയും വല്ലാത്തൊരവസ്ഥയിലായിരുന്നു. അല്പം മുന്നേ ഇവിടെ തറവാട്ടിൽ നടന്ന ഓരോ സംഭവവികാസങ്ങളും അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു. രുദ്രനെ ഗുണ്ടയിൽ ഒരുവൻ വാളുകൊണ്ട് ആഞ്ഞു വെട്ടുവാൻ ഒരുങ്ങുന്ന കാഴ്ച മിത്രയുടെ കണ്ണുകളിൽ വീണ്ടും തെളിഞ്ഞുകണ്ടതും അവളുടെ കുഞ്ഞ് ശരീരം ഒന്ന് വിറച്ചുപോയി. അറിയാതെ തന്നെ മിത്ര പേടികൊണ്ട് ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. മിത്ര വല്ലാതെ കിതക്കുന്നുണ്ടായിരുന്നു, ഒപ്പം അവളുടെ മുഖമെല്ലാം വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു. എന്തുകൊണ്ടോ മിത്രക്ക് ആ സമയം തന്നെ രുദ്രനെ കാണുവാൻ തോന്നി. മറ്റൊന്നും ചിന്തിക്കാതെ തന്നെ അവൾ തന്റെ മുറിയുടെ വാതിൽ വലിച്ചുതുറന്നുകൊണ്ട് രുദ്രൻ കിടക്കുന്ന മുറി ലക്ഷ്യമാക്കി നടന്നു. വാതിൽ പതിയെ തള്ളി തുറക്കുമ്പോൾ മിത്ര ഉമിനീർ ഇറക്കുന്നുണ്ടായിരുന്നു ഭയത്താൽ. എങ്കിലും അവനെ ഒരു നോക്കു കാണാതെ അവൾക്ക് ഉറങ്ങാൻ സാധിക്കില്ല എന്ന് മനസ്സിലായപ്പോൾ മിത്ര ധൈര്യം സംഭരിച്ചുകൊണ്ട് പതിയെ ശബ്ദം ഉണ്ടാക്കാതെ രുദ്രൻ കിടക്കുന്ന കട്ടിലിന് അരികിലേക്ക് നടന്നുചെന്നു. ജനവാതിൽ തുറന്നു കിടക്കുന്നതുകൊണ്ട് തന്നെ പുറത്തേ മിന്നലിന്റെ വെളിച്ചം ആ മുറിയിലേക്ക് പ്രതിഫലിക്കുന്നുണ്ടായിരുന്നു. മിത്ര സൂക്ഷിച്ചുനോക്കുമ്പോൾ രുദ്രന്റെ മുഖത്തു ആകെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിട്ടുണ്ട്. മിത്ര ഒന്നുംകൂടി ശ്രദ്ധിച്ചുനോക്കിയപ്പോൾ മനസ്സിലായി അവൻ ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. കട്ടിലിന്റെ നടുവിലായിട്ടാണ് അവൻ കിടക്കുന്നത്, ഇടക്കിടയ്ക്ക് വല്ലാതെ വിറക്കുന്നുമുണ്ട്. ഈ സമയമാണ് രുദ്രന്റെ ശരീരത്തിൽ നിന്നും അകന്നുമാറിക്കിടക്കുന്ന പുതപ്പ് അവളുടെ ശ്രദ്ധയിൽപ്പെട്ടത്.

 

ഒരു തോന്നലിൽ മിത്ര പതിയെ കട്ടിലിലേക്ക് കയറി നിന്ന് പുതപ്പ് എടുത്തു നന്നായി രുദ്രനെ പുതപ്പിച്ചു കൊടുത്തു. അവനെ നോക്കി പതിയെ പിന്തിരിഞ്ഞു നടക്കുവാൻ തുടങ്ങിയതും പെട്ടെന്നാണ് രുദ്രൻ അവളെ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ട് അവളുടെ നെഞ്ചിലായി തന്റെ മുഖം ചേർത്ത് വെച്ച് കിടന്നത്. ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്നുകൊണ്ട് മിത്ര അങ്ങനെ കിടന്നുപോയി. രുദ്രന്റെ കവിൾ തന്റെ തെന്നി മാറിയ ദാവണിക്കിടയിലെ മാറിൻ ചുഴിയിലായി വന്നു നിൽക്കുന്നതും അവന്റെ നാസികയിൽ നിന്നും വരുന്ന ചുടുവിശ്വാസം അവിടെ തട്ടുന്നതും മിത്ര ഒരു വിറയലോടെ മനസ്സിലാക്കി. കാരിരുമ്പു പോലുള്ള രുദ്രന്റെ കൈകൾ ഇപ്പോൾ തന്റെ അണിവയറിലാണ് എന്നും കാലുകൾ തന്റെ തുടയുടെ ഭാഗത്തേക്ക് അവൻ കയറ്റി വെച്ചിട്ടുണ്ടെന്നുള്ള നഗ്നസത്യം കൂടി മനസ്സിലാക്കിയതും മിത്ര കിടന്ന കിടപ്പിൽ വിയർത്തുപോയി. അവന്റെ ചൂടുനിശ്വാസം തന്റെ മാറിലായി വന്നു പതിക്കുമ്പോൾ ശരീരം വല്ലാതെ വിറക്കുന്നത് മിത്ര അറിയുന്നുണ്ടായിരുന്നു. രുദ്രനെ ഒന്ന് കാണുവാൻ വേണ്ടി വന്ന നിമിഷത്തെ അവൾ മനസ്സാൽ സ്വയം ശപിച്ചു. എന്തൊക്കെയോ ആലോചിച്ചു കിടക്കുമ്പോൾ പെട്ടെന്നാണ് മിത്രയുടെ കണ്ണുകൾ മിഴിഞ്ഞുവന്നത്. കാരണം തെന്നി മാറിയ ദാവണിയുടെ ഭാഗത്തായിട്ടാണ് രുദ്രന്റെ കൈകൾ ഇപ്പോൾ, അതായത് മിത്രയുടെ അണിവയറിനാരികിലായി. നാളെ രാവിലെ രുദ്രൻ കണ്ണു തുറക്കുമ്പോൾ തന്നെ ഇവിടെ കണ്ടാലുള്ള അവസ്ഥ ആലോചിച്ചതും മിത്രയുടെ ശരീരം പേടിയാൽ ഒന്ന് വിറച്ചു. പക്ഷേ ഇതൊന്നും അറിയാതെ അന്നാദ്യമായി രുദ്രൻ മനസ്സമാധാനത്തോടെ ശാന്തമായി കിടന്നുറങ്ങി. പതുപതുത്ത അവളുടെ മാറിലായി അവന്റെ മുഖം ഇട്ടോരസിച്ചുകൊണ്ട് അവളെ തന്റെ ശരീരത്തിലേക്ക് ചേർത്തുപിടിച്ച് രുദ്രൻ ഗാഢമായ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി. പക്ഷേ രുദ്രന്റെ ആ പ്രവർത്തിയിൽ മിത്രയുടെ കൈകൾ അവൾ പോലും അറിയാതെ അവന്റെ തലമുടിയിൽ കോർത്തുപോയിരുന്നു.

 

ഉറക്കം തന്റെ കണ്ണിനെ തേടി വരാത്തതുകൊണ്ട് തന്നെ വൈഭവ് സിഗരറ്റ് വലിച്ചുകൊണ്ട് ജനൽ വഴി പുറത്തേ നക്ഷത്രങ്ങളെ നോക്കി നിൽക്കുകയായിരുന്നു. ആ സമയം അവന്റെ മനസ്സിലേക്ക് മിത്രയുടെ മുഖം ഓടിയെത്തി. അവളുടെ ശരീരത്തിന്റെ അകാരവടിവും തുടുത്ത കവിളുകളും ഇളം റോസ് ചുണ്ടുകളും കുഞ്ഞു മാറിടങ്ങളും ഒതുങ്ങിയ അണിവയറും എല്ലാം വൈഭവിന്റെ മനസ്സിലൂടെ ഇരച്ചുകയറി. തൽക്ഷണം ജനൽ കമ്പികളിൽ തന്റെ കൈകൾ മുറുകെ പിടിച്ചുകൊണ്ട് അവൻ ഒരുമാദിയെ പോലെ അവളുടെ പേര് മൊഴിഞ്ഞുകൊണ്ടേയിരുന്നു. “മിത്ര… You are soo hot. എനിക്ക് വേണം നിന്നെ. ഈ വൈഭവിന്റെ സ്വന്തമാക്കും നിന്നെ ഞാൻ… ഹ്മ്മ്മ്മ്…” കണ്ണുകൾ അടച്ച് തന്റെ ചുണ്ടിനെ നാവിനാൽ നനച്ചുകൊണ്ട് മിത്രയുടെ മുഖം ഓർത്തുകൊണ്ട് വൈഭവ് തന്റെ തല ഒന്ന് കുടഞ്ഞു.

 

തുടരും.

 

One thought on “രുദ്രാക്ഷം 13

Leave a Reply

You cannot copy content of this page