*രുദ്രാക്ഷം 63*
കുടുംബാംഗങ്ങൾ എല്ലാവരും കൂടി കുളപടവിന്റെ ഭാഗത്തേക്ക് ഓടി ചെന്നു..
രുദ്രനടക്കം എല്ലാവരും അവിടെക്ക് ചെല്ലുമ്പോഴേക്കും നാട്ടുകാർ എല്ലാവരും കുളത്തിനു ചുറ്റുമായി കൂടിനിന്ന് കാഴ്ച കാണുന്ന തിരക്കിലായിരുന്നു..
രുദ്രനെയും സൂരജിനെയും കണ്ടതും അത്രയും നേരം കൂട്ടംകൂടി നിന്ന ജനങ്ങൾ അവർക്ക് വഴിയൊരുക്കി കൊണ്ട് മാറി നിന്നു..
രുദ്രൻ കുളത്തിലേക്ക് ഒന്ന് നോക്കി കമിഴ്ന്നു ആണ് കിടക്കുന്നത്.. ഒരു കറുത്ത മുണ്ടാണ് ധരിച്ചിരിക്കുന്നത്.. ആരോഗ്യ ദൃഢഗാർത്ഥനായ അല്പം ഇരുണ്ട നിറമുള്ള ഒരു രൂപം..
രുദ്രൻ കണ്ണുകൾ കുറുക്കിക്കൊണ്ട് ചുറ്റുപാടും ഒന്നും നോക്കി… കുളത്തിൽ തന്നെയായി അയാളുടെതെന്ന് തോന്നിക്കുന്ന ഒരു കറുത്ത മേൽ മുണ്ടും വെള്ളത്തിൽ കിടക്കുന്നത് രുദ്രൻ കണ്ടു..
സർ..
ഈ സമയമാണ് സ്ഥലം എസ്ഐയും ടീമും രുദ്രനെയും സൂരജിനേയും നോക്കി സല്യൂട്ട് ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് വന്നുനിന്നത്..
സാർ പെർമിഷൻ നൽകുകയാണെങ്കിൽ പ്രൊസീജർ സ്റ്റാർട്ട് ചെയ്യാമായിരുന്നു..
അതിനെന്താ പ്രൊസീജർ സ്റ്റാർട്ട് ചെയ്തോളൂ..
സർ
രുദ്രനും സൂരജിനും സല്യൂട്ട് ചെയ്തുകൊണ്ട് അവർ അവരുടെ നടപടിക്രമങ്ങളിലേക്ക് തിരിഞ്ഞു..
നാട്ടുകാരിൽ ചിലർ നീന്തൽ വശം ഉള്ളവർ കുളത്തിലിറങ്ങി ആ ശവശരീരത്തെ പതിയെ കൽപ്പടവിലേക്ക് കിടത്തി..
ഇതുവരെ കണ്ടു പരിചയം ഇല്ലാത്ത വ്യക്തിയെ അവരെല്ലാവരും സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.
എന്നാൽ ഈ സമയം വികർണ്ണന്റെ ശരീരം വിറപൂണ്ടു… അവനിപ്പോൾ ഒരു താങ്ങ് കിട്ടിയില്ലെങ്കിൽ എവിടെയെങ്കിലും വീണു പോകും എന്ന അവസ്ഥ തോന്നി കണ്ണുകൾ നിറഞ്ഞൊഴുകി മുന്നിൽ മരവിച്ചു ചത്തു മരിച്ചു കിടക്കുന്ന തന്റെ അച്ഛൻ ഭൈരവനെ കണ്ടു അവൻ ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് അയാളെ തന്നെ നോക്കി നിന്നു…
അച്ഛൻ അച്ഛൻ എങ്ങനെ ഇവിടെ എത്തി? വികർണന് തന്റെ തല പെരുക്കുന്നത് പോലെ തോന്നി… ഇനിയും താൻ അവിടെ നിന്നാൽ പൊട്ടി കരഞ്ഞു പോകും എന്ന് തോന്നിയ വികർണ്ണൻ തന്റെ കലങ്ങിയ കണ്ണുകളോട് കൂടി ചുവടുകൾ പിഴക്കാതെ എങ്ങനെയോ പുറത്തേക്കിറങ്ങാൻ ഒരുങ്ങിയതും പെട്ടെന്നാണ് അവനെ പിറകിൽ നിന്നും ആരോ വിളിച്ചത്…
വികർണ്ണ
ഒരു നിമിഷം വികർണൻ ഞെട്ടിത്തരിച്ചു നിന്നുപോയി അവന്റെ ശരീരത്തിൽ എല്ലാം വിയർപ്പ് കണങ്ങൾ പൊടിഞ്ഞു പിന്തിരിഞ്ഞ് തന്റെ പേര് വിളിച്ചവനെ നോക്കുവാനുള്ള ധൈര്യം ആദ്യമായി വികർണന് നഷ്ടപ്പെട്ടു തന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞവൻ അവൻ ആരാണെന്ന് അറിയുവാനുള്ള ജിജ്ഞാസയോടെ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കൈകൾ പിണച്ചു കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന സാക്ഷാൽ രുദ്രദേവിനെ…
എന്താ വികർണാ സ്വന്തം അച്ഛൻ ഇങ്ങനെ ചത്തുമലച്ചു കിടക്കുന്നത് കണ്ടിട്ട് നീ യാതൊരു പ്രകോപനവും ഇല്ലാതെ നേരെ പുറത്തേക്കിറങ്ങി പോകുന്നത്… ഇതാണോ കാളിയാർ മഠത്തിന്റെ ശീലം..
വികർണ്ണനെ ഒന്ന് പുച്ഛിച്ചു കൊണ്ട് രുദ്രൻ ചോദിച്ചു ഈ സമയം മുത്തശ്ശൻ തമ്പുരാൻ അടക്കം എല്ലാവരും രുദ്രൻ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാതെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു..
രുദ്ര നീയെന്താ പറയുന്നത് ഈ കുട്ടി വികർണ്ണൻ ഒന്നുമല്ല വിഘ്നേഷ് ആണ്..
മുത്തശ്ശൻ രുദ്രനോട് ആയി പറഞ്ഞു ….
അറിയാം മുത്തശ്ശാ ഇവൻ ആരാണെന്ന് എനിക്ക് ശരിക്കും അറിയാം മുത്തശ്ശൻ അടക്കം ഇവിടെയുള്ള എല്ലാവരെയും കബളിപ്പിച്ചുകൊണ്ട് ഇത്രയും കാലം ഇവിടെനിന്ന വിഗ്നേഷ് എന്ന് പറയുന്നവൻ
കാളിയാർ മഠത്തിലെ ദോ ഈ ചത്ത് മലച്ചു കിടക്കുന്ന ഭൈരവന്റെ മൂത്ത മകനാണ് വികർണൻ… ഇവൻ ഇവിടെ വന്നതിന്റെ ലക്ഷ്യം മിത്രയെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് …
അല്ലെ ടാ.. വി… കാ.. ർ.. ണ
മുറുകിയ മുഖത്തോടെ വികർണനെ നോക്കിക്കൊണ്ട് രുദ്രൻ ചോദിച്ചതും അത്രയും നേരം ഒന്നും മിണ്ടാതെ നിന്നവൻ കണ്ണുകൾ ഉയർത്തി രുദ്രനെ ഒന്ന് നോക്കി..
വികർണ്ണന്റെ രക്ത വർണ്ണമായ കണ്ണുകൾ കണ്ടതും തറവാട്ടിലുള്ള എല്ലാവരും ഭയന്നുപോയി അപ്പോഴും അവനെ തന്നെ അണു വിട ചലിക്കാതെ മുറുകിയ മുഖത്തോടെ രുദ്രനും വികർണനെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു..
ഹാ… ഹാ.. ഹാ..
വികർണ്ണന്റെ അട്ടഹസിച്ചുള്ള പൊട്ടിച്ചിരിയിൽ തറവാട്ടിലുള്ള എല്ലാവരും ഭയന്നുപോയി.
വല്ലാത്തൊരു ഭ്രാന്തമായ ആവേശത്തോടെ തറവാട്ടിലുള്ള എല്ലാ അംഗങ്ങളെയും നോക്കുന്ന വികർണ്ണന്റെ രൂപം മാറുവാൻ തുടങ്ങിയിരുന്നു അവന്റെ വെളുത്ത നിറം മാറി അവിടെ കറുത്ത ദൃഢമായ രൂപം പുറത്തേക്ക് വന്നു…
വികർണ്ണന്റെ പൈശാചികത ഭാവം എടുത്തു കാണിക്കുന്ന അവന്റെ രൂപം കണ്ടു തറവാട്ടിലുള്ളവരെല്ലാം ഭയന്നുപോയി ശ്രീദേവി കണ്ണുരുട്ടി കൊണ്ട് സുദേവനെ നോക്കി സുദേവൻ വിളറി വെളുത്ത് ഇനി ആരെയും നോക്കുവാൻ കഴിയാത്തപോൽ താഴേക്ക് നോക്കി നിന്നു..
അതേ രുദ്ര നീ പറഞ്ഞത് സത്യമാണ് ഞാൻ വികാർണ്ണൻ കാളിയാർ മഠത്തിലെ വികർണ്ണൻ.
ഞാൻ വിചാരിച്ചതിനേക്കാളും ബുദ്ധിമാനാണ് നീ രുദ്ര അതുകൊണ്ടാണല്ലോ എന്റെ അസ്തിത്വം നീ കണ്ടുപിടിച്ചത്., എന്തായാലും വിജയം ഇപ്പോൾ നിന്റെ അടുക്കൽ തന്നെയാണ് പക്ഷേ നീ ഒന്നോർത്തോ നിന്റെ ചിറകിൻകീഴിൽ നീ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിന്റെ മിത്രദേവയെ ഞാൻ സ്വന്തമാക്കും എന്റെ വേളിയാക്കും ഞാൻ അവളെ കാത്തിരുന്നോ ആ ഒരു ദിവസത്തിനായി.,
വികർണ്ണന്റെ വെല്ലുവിളി കേട്ട് സൂരജ് അവനെ അടിക്കുവാൻ ഒരുങ്ങിയതും രുദ്രൻ അവനെ തടഞ്ഞു..
വികർണ ഇപ്പോൾ നീ ചെയ്യേണ്ടത് നിന്റെ അച്ഛനുണ്ടല്ലോ അയാളെ യഥാവിധി ദഹിപ്പിക്കാനുള്ള കാര്യങ്ങൾ നോക്ക്.. പിന്നെ മിത്ര അവളെ എന്നിൽ നിന്നും പിരിക്കുവാൻ നോക്കിയ നിന്റെ അനിയന്റെ ഗതി എന്താണെന്ന് നിനക്ക് അറിയാമല്ലോ അതിലും ഭയാനകമായിരിക്കും നിന്റെ അവസ്ഥ…
രുദ്രന്റെ വാക്കുകൾ കേട്ട് ദേഷ്യം കൊണ്ട് വിറച്ച വികർണ്ണൻ രുദ്രന്റെ അടുക്കലേക്ക് ചെന്നു നിന്നു കൊണ്ട് ചോദിച്ചു..
നീ നീയെന്നെ ഭീഷണിപ്പെടുത്തുകയാണ് രുദ്ര..
ഒരിക്കലുമില്ല വികർണ്ണ ഭീഷണി അത് ഈ രുദ്രന്റെ ഡിക്ഷണറിയില്ലാത്ത കാര്യമാണ്..
ഇത് ഒരു മുന്നറിയിപ്പ് മാത്രമാണ് എടുത്തുചാടുന്നതിന് മുന്നേയുള്ള ഒരു മുന്നറിയിപ്പ്.
ഇപ്പോൾ കാളിയാർ മഠത്തിലെ വികർണ്ണൻ തൃക്കോട്ട് കോവിലകത്ത് നിന്ന് ഇറങ്ങിപ്പോകുവാൻ നോക്ക് പോകുമ്പോൾ ചത്തുമലച്ചു കിടക്കുന്ന നിന്റെ തന്തയെയും കൊണ്ടുപോകുവാൻ മറക്കണ്ട..
എടാ എന്തുപറഞ്ഞാടാ വികർണ്ണൻ രുദ്രന്റെ ഷട്ടിൽ പിടിച്ചതും..
ഈ സമയം രുദ്രൻ വികർണ്ണൻ പിടിച്ച ഷർട്ടിലേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കി… നിമിഷ നേരം കൊണ്ടാണ് രുദ്രന്റെ ചൊടിയിൽ ഒരു വന്യതയാർന്ന പുഞ്ചിരി വിടർന്നത് ..
കൈ എടുക്കടാ വികാർണ്ണ പുഞ്ചിരിച്ചുകൊണ്ട് രുദ്രൻ അവനോട് പറഞ്ഞു..
കയ്യെടുക്കാൻ അല്ലേടാ നിന്നോട് പറഞ്ഞത് ചി കൈ എടുക്കടാ നാ***മോനെ..
രുദ്രന്റെ അലർച്ചയിലും തന്റെ ചുറ്റു പാടും നിൽക്കുന്ന പോലീസുകാരെയും ഒന്ന് നോക്കിക്കൊണ്ട് വികർണൻ അവന്റെ ഷർട്ടിൽ നിന്നും കൈയെടുത്തു..
എല്ലാവരെയും കത്തുന്ന നോട്ടത്തോടെ ഒരു നോട്ടം നോക്കിക്കൊണ്ട് വികർണൻ രണ്ടടി മുൻപോട്ടേക്ക് നടന്നു പിന്നീട് പിന്തിരിഞ്ഞ് വന്ന് രുദ്രനോടായി പറഞ്ഞു…
” എന്റെ അച്ഛൻ അതായത് കാളിയാർ മഠത്തിലെ ഭൈരവന്റെ മരണത്തിന് പിന്നിൽ ആരായാലും വെറുതെ വിടില്ല ഈ വികർണൻ ഓർത്തു വച്ചോ രുദ്ര തൃക്കോട്ട് കോവിലകത്തിന്റെ അടിത്തറ ഞാൻ ഇളക്കിയിരിക്കും..
വിരലുകൾ ചൂണ്ടിക്കൊണ്ട് അലറിക്കൊണ്ട് വികർണൻ രുദ്രനോട് പറഞ്ഞു…
I am waiting
ഇത് നിനക്ക് എന്തിനാണെന്ന് അറിയാമൊ സുദേവാ ആരാണെന്നോ എന്താണെന്നോ അറിയാതെ ഒരുത്തനെ ഈ തറവാട്ടിൽ കൊണ്ടുപോയി നിർത്തിയില്ലേ നീ അതിനാണ്….
മുത്തച്ഛൻ തമ്പുരാൻ ദേഷ്യം കൊണ്ട് വിറച്ച് സുദേവനോട് പറഞ്ഞു..
അയ്യോ അച്ഛാ ശ്രീദേവി അപ്പോഴേക്കും സുദേവന്റെ അടുക്കലേക്ക് ഓടിച്ചെന്നു.
💥💥..
അടി കിട്ടിയ കവിളും കൊണ്ട് ശ്രീദേവി മുത്തശ്ശൻ തമ്പുരാനെ നോക്കി ഭയത്തോടെ നിന്നു..
ശബ്ധിക്കരുത് നീ മതി ഇവിടത്തെ നിന്റെ താമസം ഇറങ്ങിക്കോണം ഇപ്പോൾ തന്നെ നീയും നിന്റെ ഭർത്താവും മക്കളും.. എന്തും ഞാൻ ക്ഷമിക്കും പക്ഷേ ഇത് ഇത് എന്നെക്കൊണ്ട് ക്ഷമിക്കാവുന്നതിലും അപ്പുറമാണ്..
മുത്തശ്ശൻ തമ്പുരാൻ ദേഷ്യം കൊണ്ട് വിറച്ച് ഇരുവരെയും നോക്കിക്കൊണ്ട് പറഞ്ഞു..
കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് തോന്നിയ ശ്രീദേവി മുത്തച്ഛൻ തമ്പുരാന്റെ കാൽക്കലേക്ക് വീണുകൊണ്ട് പറഞ്ഞു..
അയ്യോ അച്ഛാ അങ്ങനെ പറയല്ലേ എന്നെ ഉപേക്ഷിക്കരുത് അച്ഛൻ അറിയാലോ എന്റെ അവസ്ഥകളൊക്കെ . ഞങ്ങളെ കൈവെടിയല്ലേ ഞാൻ അച്ഛന്റെ മോളല്ലേ അച്ഛാ..
അല്പസമയം മുത്തശ്ശൻ തമ്പുരാൻ ഒന്നും മിണ്ടാതെ നിന്നു പിന്നീട് ശ്രീദേവിയെയും സുദേവനെയും നോക്കി കൊണ്ട് പറഞ്ഞു..
ഏതായാലും നിങ്ങളെ ഇനി ഇവിടെ നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല ഈ കോവിലകത്ത് തന്നെ നിൽക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ പത്തായപുരയിലേക്ക് മാറിക്കോളും.
പത്തായപുര എന്ന് കേട്ടതും ശ്രീദേവിയുടെ മുഖംമൊന്നു ചുളിഞ്ഞു പക്ഷേ ഇനി അച്ഛനോട് എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അച്ഛൻ ഞങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കും എന്ന് തോന്നിയതുകൊണ്ട് തന്നെ അവരൊന്നും മിണ്ടിയില്ല..
ഈ സമയം താര മുൻപോട്ടേക്ക് വന്നു നിന്നുകൊണ്ട് മുത്തശ്ശൻ തമ്പുരാനോട് ചോദിച്ചു..
അല്ല അച്ഛാ ഇനിയിപ്പോൾ നാളത്തെ ഇവരുടെ വിവാഹം അതിനി നടത്താൻ പറ്റുമോ…
മനസ്സിൽ സന്തോഷിച്ചു മുഖത്ത് വിഷമം വരുത്തിക്കൊണ്ടു താര മുത്തശ്ശനോട് ചോദിച്ചു .
അത് താരാ പറഞ്ഞത് ശരിയാണ് അച്ഛാ കുളത്തിൽ ഒരു ശവമല്ലേ പൊന്തിയത് അപ്പോൾ ഈ വിവാഹം മാറ്റിവെക്കുന്നത് തന്നെയായിരിക്കും നല്ലത്. ശ്രീദേവിയും താരയെ അനുകൂലിച്ചു..
എല്ലാം കേട്ട് നിന്ന മിത്രയുടെയും നന്ദനയുടെയും കണ്ണുകൾ നിറഞ്ഞു. കാരണം എത്രയോ ദിവസങ്ങളായി അവരീ ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട്..
ഇല്ല നാളെ തന്നെ വിവാഹം നടക്കും🔥🔥
രുദ്രന്റെ ഗാംഭീര്യമാർന്ന ശബ്ദം അവിടെ മുഴങ്ങി കേട്ടതും എല്ലാവരും തരിച്ചുകൊണ്ട് അവനെ തന്നെ നോക്കി നിന്നു
അല്ല മോനെ നമ്മുടെ ക്ഷേത്രക്കുളത്തിൽ…. അവന്റെ അച്ഛൻ എന്തോ പറയുവാൻ ഒരുങ്ങി .
അത് സാരമില്ല അച്ഛാ നമ്മുടെ ബന്ധുക്കൾ ഒന്നുമല്ലല്ലോ ഇപ്പോൾ മരിച്ച അയാൾ… ഈ വിവാഹം മാറ്റിവെക്കേണ്ട ആവശ്യമില്ല കുളം വറ്റിക്കാനുള്ള ആൾക്കാരെ സൂരജ് ഏർപ്പാടാക്കിയിട്ടുണ്ട് ഇന്ന് തന്നെ കുളം വറ്റിക്കും വേണമെങ്കിൽ ഒരു ശുദ്ധികലശവും നടത്താം എന്തായാലും വിവാഹം നടക്കും അതും നാളെ തന്നെ…
രുദ്രന്റെ ഉറച്ച വാക്കുകൾ കേട്ടതും പിന്നീട് മറ്റാരും ഒന്നും മിണ്ടിയില്ല എല്ലാവരും പിന്തിരിഞ്ഞു പോകുവാൻ ഒരുങ്ങിയപ്പോൾ രുദ്രൻ അവരെ എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു..
എല്ലാവരും അവിടെ ഒന്നു നിന്നെ എനിക്കൊരു കാര്യം പറയുവാനുണ്ട്..
നമ്മുടെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ ഒരു ബോഡി കിട്ടിയ കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയുമല്ലോ..
അതൊരു ആത്മഹത്യയാണോ അല്ലെങ്കിൽ കൊലപാതകം ആണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ല അതുകൊണ്ട് ഈ തറവാട്ടിലുള്ള എല്ലാവരും സംശയത്തിന്റെ നിഴലിലാണ് അതുകൊണ്ട് ആരും ഈ തറവാട് വിട്ട് ഈ കേസന്വേഷണം പൂർത്തീകരിക്കുന്നത് വരെ പുറത്തേക്ക് പോകുവാൻ പാടില്ല..
അല്ല അത് അത് പിന്നെ എനിക്ക് ബിസിനസ് മീറ്റിംഗ്…
സുദേവൻ ഞെട്ടി കൊണ്ടു രുദ്രനോട് എന്തോ പറയുവാൻ വന്നു.
പക്ഷേ അവന്റെ കൂർപ്പിച്ച് ഉള്ള നോട്ടം കണ്ടതും അയാൾ പറയുവാൻ വന്നതു വിഴുങ്ങിക്കൊണ്ട് വേഗം മുറിയിലേക്ക് കയറിപ്പോയി..
താടിക്ക് കൈയും കൊടുത്തു ഒരു മരവിച്ച അവസ്ഥയിൽ ശ്രീദേവിയും അവരുടെ തൊട്ടടുത്തു എന്തുപറയണം എന്ന് അറിയാതെ സുദേവനും രണ്ടുപേരെയും നോക്കി ചുമരിലേക്ക് തല ചേർത്ത് വെച്ച് വൈഭവും ഇരുവരെയും നോക്കിക്കൊണ്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു..
ഈ സമയമാണ് വാതിൽ തള്ളി തുറന്നു കൊണ്ട് കല്യാണി മുറിയിലേക്ക് വന്നത്.
തുറന്ന വാതിൽ ചേർത്ത് അടച്ചുകൊണ്ട് കല്യാണി സുദേവന്റെയും ശ്രീദേവിയുടെയും അടുക്കലേക്ക് വന്നു നിന്നുകൊണ്ട് ഉറഞ്ഞു തുള്ളി കൊണ്ട് ചോദിച്ചു..
ഇപ്പോൾ അച്ഛനും അമ്മയ്ക്കും സമാധാനമായല്ലോ അല്ലേ.. ഹോ എന്തായിരുന്നു വിഗ്നേഷ് എന്നാ വികർണനെ കൊല്ലുന്നു അവന്റെ സ്വത്തുകളെല്ലാം കൈപ്പിടിയിൽ ഒതുക്കി സൂരജ് ഏട്ടനെ വിവാഹം കഴിക്കുന്നു..
എന്തോ ഭാഗ്യം കൊണ്ടാണ് ആ വികർണ്ണൻ എന്ന രാക്ഷസന്റെ കൈ കൊണ്ട് ഞാൻ ചാവാഞ്ഞത്..
അവനോട് ഇടപഴകുവാൻ എനിക്ക് അവസരം കിട്ടാത്തത് കൊണ്ടും എന്റെ ആയുസ്സിന്റെ ബലം കൊണ്ടും ഞാൻ രക്ഷപ്പെട്ടു.. ഇല്ലെങ്കിൽ ഇപ്പോൾ ആ കുളത്തിൽ കണ്ട ശവത്തിന് പകരം എന്റെ ബോഡി ആയിരിക്കും പൊന്തിയിട്ടു ഉണ്ടാവുക..
അവന്റെ ഭയാനകമായ രൂപം എങ്ങനെയാണ് മനുഷ്യന് ഇങ്ങനെയൊക്കെ മാറുവാൻ സാധിക്കുന്നത്.. മന്ത്രവാദം എന്നൊക്കെ കേട്ടിട്ടേയുള്ളൂ നേരിൽ കണ്ടപ്പോഴാണ് മനസ്സിലായത്..
തല കുടഞ്ഞുകൊണ്ട് സുദേവനെയും ശ്രീദേവിയെയും നോക്കി അപ്പോഴും അവർ ഒന്നും മിണ്ടാതെ താഴേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു..
എന്താ നിങ്ങളുടെ നാവിറങ്ങിപ്പോയോ നിങ്ങൾക്കൊന്നും പറയാനില്ലേ എന്നോട് ഇപ്പോൾ.. അപ്പോഴേ പറഞ്ഞതാണ് നന്ദനയും ആയിട്ടുള്ള സൂര്യ ചേട്ടന്റെ വിവാഹം എങ്ങനെയെങ്കിലും മുടക്കാം അല്ലാതെ ഈ പണിക്കൊന്നും പോകണ്ട എന്ന്..
അപ്പോൾ അച്ഛൻ എന്നോട് എന്താ പറഞ്ഞത് അഞ്ചു കോടിയേക്കാളും വലുതാണ് 100 കോടി എന്നോ.. ഇപ്പോൾ എന്തായി അഞ്ചു കോടിയുമില്ല 100 കോടിയുമില്ല സമാധാനമായല്ലോ നിങ്ങൾക്ക് രണ്ടുപേർക്കും..
അല്ല അത് പിന്നെ മോളെ….
സുദേവൻ എന്തോ പറയുവാൻ വന്നതും കല്യാണി അയാളെ നോക്കിക്കൊണ്ട് പറഞ്ഞു..
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല നാളെ ആ വിവാഹം നടക്കും …. വിവാഹം എന്തായാലും നടക്കട്ടെ പക്ഷേ നന്ദനയേ സൂരജേട്ടന്റെ കൂടെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല പകയേരിയുന്നകണ്ണുകളോട് കൂടി കല്യാണി ഇരുവരെയും നോക്കിക്കൊണ്ട് പറഞ്ഞു..
എല്ലാവരെയും ഒന്നു നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങുവാൻ ഒരുങ്ങിയ കല്യാണി പിന്തിരിഞ്ഞ് വന്ന സുദേവനോട് ചോദിച്ചു
അല്ല അച്ഛാ കല്യാണം മുടക്കുവാൻ വേണ്ടി ആളുമാറി അച്ഛനാണോ വികർണ്ണന്റെ അച്ഛനെ കൊന്നത്..
ഹേ!! കണ്ണുകൾ മിഴിച്ച് ഞെട്ടിക്കൊണ്ട് സുദേവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്ന് കല്യാണിയെ തന്നെ നോക്കി നിന്നു…
രുദ്രൻ ലളിതയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ കാണുന്നത് ലളിത ജനാലഴികളിൽ കൈകൾ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുന്നതാണ്..
ചെറിയമ്മ..
രുദ്രന്റെ വിളി കേട്ടതും ലളിതാ പിന്തിരിഞ്ഞ് അവനെ നോക്കി രണ്ടുപേരും പരസ്പരം നോക്കി പിന്നീട് ഗൂഢമായി ഒന്നു പുഞ്ചിരിച്ചു….
തുടരും
