ഭാഗം 2
ഒരു മാസത്തിനുശേഷം…
“ഇന്ന ഇതങ്ങ് പിടിപ്പിക്ക്.” തൻ്റെ കയ്യിലുണ്ടായിരുന്ന മദ്യത്തിൻ്റെ ഒരു ഗ്ലാസ് സൂരജ് രുദ്രന് നേരെ നീട്ടിക്കൊണ്ട് അവനോടായി പറഞ്ഞു. സൂരജിൻ്റെ കയ്യിലുണ്ടായിരുന്ന മദ്യത്തിൻ്റെ ഗ്ലാസ് വാങ്ങി ഒരു സിപ്പ് എടുത്തുകൊണ്ട് രുദ്രൻ വീണ്ടും കണ്ണുകൾ അടച്ച് ചേയറിലേക്ക് ചാഞ്ഞിരുന്നു. “എടാ രുദ്ര, നീ ഇങ്ങനെ ടെൻഷൻ അടിച്ചാൽ എങ്ങനെയാ? നീ ഇപ്പോൾ അന്വേഷിക്കുന്ന കേസ് ആകെ കെട്ടുപിണഞ്ഞു കിടക്കുകയാണെന്ന് എനിക്കും അറിയാം. എങ്കിലും നീ വെറുതെ ടെൻഷൻ അടിച്ച് ഓരോന്ന് വരുത്തി വെക്കണ്ട. അല്ലെങ്കിലും നിനക്ക് അറിയുന്നതല്ലേ ഡിപ്പാർട്ട്മെന്റിലെ കാര്യങ്ങൾ. നീ ഇപ്പോൾ ലീവെടുത്ത് അന്വേഷിക്കേണ്ട കാര്യം എന്താണ്?”
“എടാ പക്ഷേ നീയല്ലേ പറഞ്ഞത് ആ പ്രതികൾ കുറ്റം സമ്മതിച്ചു കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞെന്ന്, പിന്നെ ഇപ്പോൾ നിനക്ക് എന്താ ഇത്ര വലിയ ആലോചന?” സൂരജ് ചോദിച്ചിട്ടും രുദ്രൻ ഒരു മറുപടിയും പറയാതെ വീണ്ടും ആലോചിക്കുന്നത് കണ്ടതും അവൻ ആകെ വിറഞ്ഞു കയറി. “ഡാ കോപ്പേ, ഞാൻ നിന്നോട ചോദിക്കുന്നത്, നീയെന്താ ഒന്നും മിണ്ടാത്തെ? മൗനവ്രതത്തിൽ ആണോ?” സൂരജിൻ്റെ ചീറിക്കൊണ്ടുള്ള ചോദ്യം കേട്ടതും രുദ്രൻ പതിയെ കണ്ണുകൾ തുറന്നു അവനെ ഒന്നു നോക്കി. അവൻ്റെ ദേഷ്യം കൊണ്ട് മുറുകിയ മുഖത്തോടെയുള്ള നോട്ടത്തിൽ സൂരജ് ഒന്നു പതറി. “അല്ല അ…. അത് പി…പിന്നെ നിനക്ക് പറയാൻ താല്പര്യമില്ലെങ്കിൽ വേണ്ട, ഇറ്റ്സ് ഓക്കെ ഫൈൻ…” “ഹ്മ്മ്മ്…” ‘ഹോ കാലൻ, ഇപ്പോൾ തന്നെ എന്നെ ചുമരിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ,’ സൂരജ് അറിയാതെ തന്നെ രുദ്രനെ നോക്കി ഉമിനീർ ഇറക്കിപ്പോയി.
ഇവനാണ് സൂരജ് വർമ്മ ഐപിഎസ്. രുദ്രൻ്റെ സഹപാഠിയും മരിച്ചുപോയ അവൻ്റെ അച്ഛൻ്റെ സഹോദരൻ്റെ മകനുമാണ്. രുദ്രൻ്റെ ഏത് ഓപ്പറേഷനിലും അവൻ്റെ സഹായിയായി നിൽക്കുന്നത് കൊണ്ടുതന്നെ ഡിപ്പാർട്ട്മെൻ്റിൽ സൂരജിനും നല്ല പേര് തന്നെയാണ്. രുദ്രൻ ക്ഷിപ്രകോപിയും എടുത്തുചാട്ടക്കാരനുമാണെങ്കിൽ സൂരജ് നേരെ തിരിച്ചാണ്. അവനെല്ലാം സൗമ്യതയിൽ കൂടിയാണ് കാര്യങ്ങൾ ചെയ്യുക. എങ്കിലും രുദ്രനെ അസിസ്റ്റ് ചെയ്ത് നിൽക്കുവാൻ സൂരജിന് ഒരുപാട് ഇഷ്ടമാണ്. ഒരു വാഹനാപകടത്തിൽ സൂരജിന് തൻ്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു, ഒപ്പം ആകെയുള്ള ഒരു അനിയത്തിയെയും. ആയതുകൊണ്ട് തന്നെ രുദ്രന് അവനോട് ചെറിയൊരു സോഫ്റ്റ് കോർണർ എപ്പോഴും കാണും. ഇടയ്ക്ക് രുദ്രൻ്റെ ഒപ്പം തങ്ങളുടെ തറവാട്ടിൽ പോയി നിന്ന് രുദ്രൻ്റെ അമ്മ അതായത് സൂരജിൻ്റെ വല്യമ്മ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് സൂരജിൻ്റെ പ്രധാന ഹോബി. രുദ്രനെ കുറിച്ചുള്ള ഓർമ്മകളിൽ സൂരജിൻ്റെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു.
പിന്നീട് എന്തോ ഓർത്തതുപോലെ സൂരജ് രുദ്രനോട് ചോദിച്ചു: “അല്ല നീ തറവാട്ടിലേക്ക് പോകുന്നില്ലേ? അവിടെ നിന്നും അമ്മായി വിളിച്ചിരുന്നു. നീ എപ്പോഴാണ് തിരികെയെത്തുക എന്ന് ചോദിച്ചു. തറവാട്ടിൽ ഉത്സവത്തിന് കൊടിയേറാനായി.” “അതിന്…” “ഓ ഇവനെക്കൊണ്ട്! എടാ അവിടെ നിന്നും എല്ലാവരും വിളിച്ചു ചോദിക്കുന്നുണ്ട് നീ എപ്പോഴാണ് എത്തുക എന്ന്. അല്ല ഞാൻ അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കാ, തൃക്കോട്ട് കൊട്ടാരത്തിലെ ഇളമുറത്തമ്പുരാന് എന്തിനാണാവോ ഈ സർക്കാർ ജോലി? എടാ നിൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ഇപ്പോൾ സുഖമായി ഒരു ജോലിയും എടുക്കാതെ നാലുനേരം ഭക്ഷിച്ചു കിടന്നുറങ്ങുന്നുണ്ടാകും. നീയോ, കോടാനുകോടികളുടെ ആസ്തിയുള്ളവനാണ്, എന്നിട്ട് ഗവൺമെൻ്റിൻ്റെ കീഴിൽ നിന്ന് അവരുടെ ആട്ടും തുപ്പും കേട്ടുനിൽക്കുന്നു. യോഗമില്ല അമ്മിണിയെ!” സൂരജ് അവനെയൊന്നു നോക്കിക്കൊണ്ട് സ്വയം പറഞ്ഞു.
സൂരജിത്രയൊക്കെ പറഞ്ഞിട്ടും രുദ്രൻ്റെ മുഖത്ത് അപ്പോഴും ഗൗരവഭാവം തന്നെയായിരുന്നു. തൻ്റെ കയ്യിലുണ്ടായിരുന്ന ബാക്കിയുള്ള മദ്യം വായിലൊഴിച്ചുകൊണ്ട് ഗ്ലാസ് എടുത്ത് സൂരജിൻ്റെ കയ്യിൽ കൊടുത്ത് രുദ്രൻ പതിയെ എഴുന്നേറ്റ് നിന്ന് തൻ്റെ ബോഡി ഒന്നു സ്ട്രെച്ച് ചെയ്തു. പിന്നീട് അവൻ്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് രുദ്രൻ പറഞ്ഞു: “നീ പറഞ്ഞത് ശരിയാ സൂരജ്, ഈ തമ്പുരാന് ഒരു ഐപിഎസ് ഓഫീസർ ആകുവാനുള്ള ആഗ്രഹം വളരെ വലുതാണ്. അവിടെ പണത്തിനല്ല ഞാൻ പ്രാധാന്യം നൽകുന്നത്, സേവനത്തിനാണ്… പിന്നെ നീയല്ല ഞാൻ, അതും കൂടി ഓർക്കണം.” അവനെ ഒന്നു പുച്ഛിച്ചുകൊണ്ട് തൻ്റെ കാറിൻ്റെ ചാവിയും എടുത്ത് രുദ്രൻ നടന്നു നീങ്ങി. പിന്നീട് പുറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അവനോട് ചോദിച്ചു: “ഈ പറയുന്ന നീയും ഒരു തമ്പുരാൻ അല്ലേ? കോവിലകത്തെ സ്വത്തിൽ നിനക്കും അവകാശമുണ്ടല്ലോ, പിന്നെ എന്തിനാ നിനക്ക് ഈ ഐപിഎസ് ജോലി?” “അത് പിന്നെ എടാ ഞാൻ…” ഒരു വളിച്ച ചിരിയാലെ സൂരജ് രുദ്രനെ തന്നെ നോക്കി നിന്നു. അതിനു മറുപടി എന്നോണം സൂരജിനെ ഇരുത്തി നോക്കിക്കൊണ്ട് രുദ്രൻ നടന്നകന്നു.
‘ഹോ ഭാഗ്യം, ഞാൻ കരുതി കാലൻ എൻ്റെ പല്ല് അടിച്ചു പൊഴിക്കും എന്ന്… ഇന്ന് എന്തുപറ്റി? ശാന്തമായിട്ടാണല്ലോ സംസാരിച്ചത്, സാധാരണ രണ്ട് തെറിയെങ്കിലും വിളിക്കും. എന്താണാവോ?’ സൂരജ് തലയിൽ തടവിക്കൊണ്ട് എന്തോ ആലോചിച്ചുകൊണ്ട് രുദ്രൻ്റെ അടുത്തേക്ക് വച്ചുപിടിച്ചു. “എടാ രുദ്ര.. ഞാൻ..” “ശു! ഇന്നത്തെ നിൻ്റെ കോട്ട കഴിഞ്ഞു. നിൻ്റെ മേൽ ഞാൻ കൈ വയ്ക്കാത്തത് നിനക്ക് ഉളുപ്പില്ല എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്. നാളെ ഷാർപ്പ് 10 മണിക്ക് ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയിരിക്കണം. യൂണിഫോം വേണ്ട, അൺഒഫീഷ്യൽ ആയിട്ട് വന്നാൽ മതി, ഞാൻ ലീവ് ആണ്.” അത്രയും പറഞ്ഞ് അവനെ ഒന്നിരുത്തി നോക്കിക്കൊണ്ട് രുദ്രൻ തൻ്റെ കാർ സ്റ്റാർട്ട് ചെയ്തു പോയി.
വിജനമായ ഹൈവേയിലൂടെ വണ്ടിയോടിച്ചു പോവുകയാണ് രുദ്രൻ. പെട്ടെന്നാണ് അവൻ്റെ മുന്നിലായി ഒരു ബ്ലാക്ക് സ്കോർപ്പിയോ വണ്ടി വന്നു നിർത്തിയത്. അതിൽ നിന്നും ഗുണ്ടകൾ എന്ന് തോന്നിക്കുന്ന നാലുപേർ പുറത്തേക്കിറങ്ങി. അല്പസമയം രുദ്രൻ അവരെ തന്നെ നോക്കിയിരുന്നു. പിന്നീട് അല്പം മുഷ്ടിയോടെ തന്നെ അവൻ പുറത്തേക്കിറങ്ങി അവരെ ഒന്നു നോക്കി. “ഹ്മ്മ്മ്മ്, എന്തുവേണം?” രുദ്രദേവിൻ്റെ ഗാംഭീര്യ ശബ്ദം പ്രകൃതിയെ പോലും പിടിച്ചു കെട്ടുവാൻ കെല്പുള്ള ഒന്നായിരുന്നു. “ഞാൻ ജോസാണ് സാറേ. കൊച്ചിയിലെ പുതിയ കൊട്ടേഷൻ ടീമാണ്. വളച്ചു കെട്ടില്ലാതെ കാര്യം പറയാലോ, സാറിൻ്റെ രണ്ടു കാലും തല്ലിയൊടിക്കാൻ കൊട്ടേഷൻ എടുത്താണ് വന്നത്. സാർ മാന്യമായി ഞങ്ങളോട് സഹകരിച്ചാൽ പെട്ടെന്ന് പണി തീർത്തു ഞങ്ങൾ അങ്ങ് പോയേക്കാം.” ജോസ് അവനെ നോക്കി ഒരു ചിരി ചിരിച്ചുകൊണ്ട് രുദ്രനോട് പറഞ്ഞു.
“ആഹാ കൊട്ടേഷൻ ആയിരുന്നോ? എന്നാൽ അത് ആദ്യം പറയണ്ടേ. എനിക്കും വേഗം ക്വാർട്ടേഴ്സിൽ എത്തുവാനുള്ളതാണ്.” സംസാരിച്ചുകൊണ്ട് തന്നെ രുദ്രൻ തൻ്റെ ഇടത് കയ്യിലായി കിട്ടിയ വാച്ച് അഴിച്ച് ജീപ്പിൻ്റെ അകത്തേക്കിട്ടു. ഉടുത്തിരുന്ന മുണ്ടൊന്ന് മടക്കി കുത്തിക്കൊണ്ട്, നീണ്ട മുടികളെ മുകളിലേക്ക് മാടിയൊതുക്കി താടിയൊന്നു ശരിയാക്കി മുൻപിൽ നിൽക്കുന്നവരെ നോക്കി അവൻ പുഞ്ചിരിച്ചു. “ഞാനിപ്പോൾ അവധിയിലാണ്, അതാണ് ഈ പുതിയ ലുക്കിൽ.” അവരെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞ് ഒന്നു പുഞ്ചിരിച്ചു രുദ്രൻ. ആ പുഞ്ചിരി ഒരു വന്യതയാർന്ന പുഞ്ചിരി ആകുവാൻ അധിക സമയം വേണ്ടിവന്നില്ല. അത്രയും നേരം പുഞ്ചിരിച്ചു നിന്ന ജോസിൻ്റെയും മുഖം മാറുവാൻ അധികം നേരം വേണ്ടിവന്നില്ല. “തല്ലിക്കൊല്ലടാ ഈ നാ****മോനെ.” അയാളുടെ പിറകിലായി നിന്ന രണ്ടുപേരോട് അവൻ ആക്രോശിച്ചതും കയ്യിലുണ്ടായിരുന്ന വടിവാളും കൊണ്ട് ആ രണ്ടുപേരും രുദ്രൻ്റെ അടുക്കലേക്ക് പാഞ്ഞു ചെന്നു.
ആാാാാ!!!!! ആാാാാ!!!! എന്താണ് അവിടെ സംഭവിച്ചത് എന്ന് പെട്ടെന്ന് ജോസിന് മനസ്സിലായില്ല. അവൻ നോക്കുമ്പോൾ ഗുണ്ടകളിൽ ഒരാളുടെ കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ വാൾ രുദ്രൻ്റെ കൈയിലാണ് ഇപ്പോൾ ഉള്ളത്. ഒരു നിമിഷം ജോസ് ആലോചിക്കുകയായിരുന്നു എന്താണ് അവിടെ സംഭവിച്ചത് എന്ന്. ഗുണ്ടകൾ രണ്ടുപേരും അടുത്തേക്ക് ചെന്നതും തൻ്റെ വലതുകാൽ ഉയർത്തി രുദ്രൻ ഒരുത്തനെ ചവിട്ടി വീഴ്ത്തി. പിറകോട്ട് മറിഞ്ഞു വീഴാൻ പോയ ഒരുവൻ്റെ കയ്യിൽ നിന്ന് വാൾ തെറിച്ച് വീണതും അത് ചാടി പിടിച്ചുകൊണ്ട് തൻ്റെ അടുത്തുനിന്ന മറ്റൊരു ഗുണ്ടയെ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തി അവൻ. ഗുണ്ടയുടെ ശരീരത്തിൽ നിന്നും തെറിച്ച രക്തത്തുള്ളികളെല്ലാം രുദ്രൻ്റെ ശരീരത്തും മുഖത്തും ആകെ പടർന്നിരുന്നു. ഒരു നിമിഷം സ്വബോധത്തിലേക്ക് വന്ന ജോസ് അറിയാതെ പേടിച്ചുകൊണ്ട് ഉമിനീരിറക്കി രണ്ടടി പിറകോട്ടേക്ക് മാറി നിന്നുപോയി.
ഈ സമയം ബാക്കിയുള്ള രണ്ടു ഗുണ്ടകൾ രുദ്രനെയും ജോസിനെയും മാറിമാറി നോക്കി. എന്തോ ഒരു ഉൾപ്രേരണയിൽ കയ്യിലുണ്ടായിരുന്ന വാൾ നിലത്തിട്ട് അവര് രണ്ടുപേരും പിന്തിരിഞ്ഞ് ഓടിയതും… ആാാാാ! ആ രണ്ടുപേരും രുദ്രൻ്റെ വെടികൊണ്ട് ചത്തുമലച്ചു റോഡിൽ വീണു. കൂട്ടാളികൾ എല്ലാം ചത്തുമലച്ച് കിടക്കുന്നത് കണ്ടു നിന്ന ജോസ് പിന്തിരിഞ്ഞു നോക്കിയതും കണ്ടു തൻ്റെ തൊട്ടുമുന്നിലായി ഒരിഞ്ച് വ്യത്യാസo ഇല്ലാതെ മുഖമെല്ലാം ചോരയിൽ കുളിച്ച് നിൽക്കുന്ന സാക്ഷാൽ രുദ്രദേവ് ഐപിഎസിനെ. “സ…. സർ ഒ….ന്നും ചെയ്യരുത്.. ഞാൻ എനിക്ക്….” “ശൂ.” ഒരൊറ്റ ചോദ്യം, ഒരു ഉത്തരം. “ആരാ നിനക്ക് ഈ കൊട്ടേഷൻ തന്നത്?” “അത്…. അത്…എനിക്ക്……ഞാൻ… ആാാാാ…” ജോസ് താഴേക്ക് നോക്കുമ്പോൾ അവൻ്റെ വയറിലൂടെ അഗ്നിയുടെ കയ്യിൽ ഉണ്ടായിരുന്ന വടിവാൾ കയറിയിരുന്നു. അയാൾ ശരീരം വിറച്ചുകൊണ്ട് തന്നെ രണ്ടടി പിറകോട്ടേക്ക് നീങ്ങിയതും അയാളുടെ വയറിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.
“ഞാൻ നിന്നോട് ഒരു ചോദ്യം ചോദിച്ചു, അതിനുള്ള ഒരു ഉത്തരമല്ല എനിക്ക് നീ തന്നത്… ഇനി നീ പറയണ്ട. ഞാൻ തേടുന്നവൻ എൻ്റെ അടുക്കലേക്ക് എത്തിച്ചേർന്നോളും. അപ്പോൾ ഗുഡ്ബൈ.” അവസാന ശ്വാസം വലിച്ച് ജോസ് കണ്ണടയ്ക്കുമ്പോൾ തൻ്റെ മുന്നിൽ ഒരു രാക്ഷസനെപ്പോലെ നിൽക്കുന്ന രുദ്രദേവനെ അവൻ അപ്പോഴും അവസാനമായി കാണുന്നുണ്ടായിരുന്നു. “ആാാാാ! വിടില്ലടാ, ഈ രുദ്രന് നേരെ പടപ്പുറപ്പാടും കൊണ്ട് ഇറങ്ങിയവൻ ഏതവൻ ആണെങ്കിലും…. അവൻ്റെ അന്ത്യം അതും എൻ്റെ ഈ കൈക്കൊണ്ടുതന്നെയായിരിക്കും…. ആാാാാ!!!!!!!!” ജീപ്പിൻ്റെ ബോണറ്റിൽ ശക്തമായി കൈകൾ അടിച്ചുകൊണ്ട് രുദ്രൻ അലറിക്കൊണ്ട് സ്വയം പറഞ്ഞു. ദേഷ്യത്താൽ അവൻ ആ സമയം വിറക്കുന്നുണ്ടായിരുന്നു.
ശക്തമായ ഇടിയും മിന്നലും മഴയിലും രുദ്രനാകെ നനഞ്ഞു കുളിച്ചു പോയിരുന്നു. മുന്നിൽ കിടക്കുന്ന നാല് ശവങ്ങളെയും നോക്കി ഒന്നു പുച്ഛിച്ചുകൊണ്ട് അവൻ സൂരജിൻ്റെ നമ്പർ ഡയൽ ചെയ്തു. “സൂരജ്, സ്ട്രീറ്റ് നമ്പർ 16, നാലുപേർ.” അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു. നെറ്റിയിലായി വീണു കിടക്കുന്ന നീണ്ട മുടിയിഴകളെ പുറകിലേക്ക് മാടിയൊതുക്കി അവൻ ജീപ്പിൽ കയറി അവിടെ നിന്നും ചീറിപ്പാഞ്ഞു പോയി.
ശ്രീകോവിലിൽ നിന്നും തൊഴുതിറങ്ങുന്ന കൊച്ചുതമ്പുരാട്ടി കുട്ടിയെ കാണുവാൻ അവിടെയുള്ള എല്ലാവരും നോക്കി നിൽക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും പതിവുപോലെ ഒരു പുഞ്ചിരി നൽകിക്കൊണ്ട് മിത്ര അമ്പലത്തിൻ്റെ പടികൾ ഇറങ്ങി. എല്ലാവരെയും നോക്കി മനോഹരമായി പുഞ്ചിരിക്കുന്ന അവളുടെ ചൊടികളിൽ ഇപ്പോൾ ആ പഴയ പുഞ്ചിരിയില്ല. വാടിയ പുഞ്ചിരി ആണെങ്കിലും അവൾ അതെല്ലാവർക്കും നൽകുന്നുണ്ടായിരുന്നു. മുന്നോട്ടു നടക്കവേ അവൾ കണ്ടിരുന്നു സഹതാപപൂർവ്വം തന്നെ നോക്കുന്ന പല കണ്ണുകളും. സ്വന്തം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അനാഥത്വത്തിൻ്റെ പടുകുഴിയിലേക്ക് വീണ ഒരാളുടെ അവസ്ഥ എന്താണെന്ന് ആ സമയം അവൾ ഓർക്കുകയായിരുന്നു. തീർത്തും തനിച്ചായ ഒരവസ്ഥ.
മിത്ര ഓർക്കുകയായിരുന്നു മുത്തശ്ശൻ തിരുമനസ്സായിരുന്നു അവൾക്കെല്ലാം. എന്നാൽ രണ്ടാഴ്ചയ്ക്ക് മുന്നേ അദ്ദേഹത്തിന് ഒരു സ്ട്രോക്ക് വന്നതോടുകൂടി ഒരുവശം തളർന്നു പോയി. അതോടുകൂടി ഇപ്പോൾ ഭരണം മുഴുവൻ തൻ്റെ അപ്പച്ചിമാരുടെ കൈയിലാണെന്ന് അവൾ ഒരു വേദനയോടെ ഓർത്തു. സത്യത്തിൽ ഇപ്പോൾ കൊട്ടാരത്തിലേക്ക് പോകുവാൻ തന്നെ താല്പര്യമില്ല. തന്നെ ചുഴിഞ്ഞു നോക്കുന്ന കണ്ണുകളെ ഓർത്തും തോറും അവളുടെ കുഞ്ഞ് ശരീരം ഒന്ന് വിറച്ചു പോയിരുന്നു. തൻ്റെ എല്ലാ ദുഃഖങ്ങളും മഹാദേവനിൽ അർപ്പിച്ചുകൊണ്ട് മിത്ര പതിയെ കൊട്ടാരത്തിലേക്ക് നടന്നു നീങ്ങി.
തുടരും
