ഷോർട് സ്റ്റോറി മൈ ബോസ്സ്

MyBoss

” നീ ചിന്തിച്ചിട്ട് തന്നെയാണോ ഗൗരി ഈ ജോലിക്ക് പോകുന്നത്….” പ്രിയ കുറച്ച് പേടിയോടെ ഗൗരിയോട് ചോദിച്ചു..

” ചിന്തിക്കാതിരിക്കാൻ എന്താ..എനിക്ക് കേരളത്തിൽ ഒരു ജോലി ആവശ്യമുണ്ട്.. നല്ല സ്ഥലത്ത് ജോലി കിട്ടിയപ്പോൾ  അതും നല്ലൊരു സാലറി.. അതുകൊണ്ട് ഞാൻ അങ്ങ് പോകുന്നു.. ”

” ജോലി നല്ലതാണ് നല്ല സാലറി ഉണ്ട് അതെല്ലാം എനിക്കറിയാം.. പക്ഷേ …. ”

” എന്താ എന്റെ പ്രിയ കുട്ടി ഒരു പക്ഷേ…”

” നീയെന്താ പൊട്ടൻ കളിക്കുകയാണോ അത് അർമാൻ മുഹമ്മദിന്റെ കമ്പനിയാണ്..” ”

” അർമാൻ മുഹമ്മദിന്റെ കമ്പനിയോ ആരുടെ കമ്പനിയോ ആയിക്കോട്ടെ .. എനിക്ക് അവിടെ ചെല്ലണം ജോലിയെടുക്കണം പൈസ സമ്പാദിക്കണം അത്രമാത്രം.. ”

” പക്ഷേ അർമാന് അങ്ങനെ ആയിരിക്കില്ല അവൻ നിന്നോട് പകരംവീട്ടും.. ”

പ്രിയക്ക് പേടി തോന്നുന്നുണ്ടായിരുന്നു എന്നാൽ ഗൗരിയുടെ ചുണ്ടിൽ പുഞ്ചിരി…

” നിനക്കെങ്ങനെ പുഞ്ചിരിക്കാൻ സാധിക്കുന്ന ഗൗരി അർമാനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ എനിക്ക് പേടി തോന്നുന്നു..നീ എങ്ങനെയാ അവനെ പ്രണയിച്ചത്.. അതിൽ കൂടുതൽ നീ അവനെ ഇഷ്ടമല്ലെന്ന് എങ്ങനെയാണ് മുഖത്തുനോക്കി പറഞ്ഞത്.. ആ കാര്യം ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു. പ്രത്യേകിച്ച് അന്ന് നീ അവനെ വേണ്ട എന്ന് പറഞ്ഞപ്പോൾ ഉള്ള അവന്റെ ഭാവം.. ഇനി നീ അവന്റെ മുമ്പിൽ വന്നാൽ കൊന്നുകളയും എന്ന് അവൻ അന്ന് പറഞ്ഞത്….എന്നിട്ടാണ് അവൾ എട്ടുകൊല്ലം കഴിഞ്ഞ് അവന്റെ മുമ്പിലേക്ക് പോകുന്നത്.. ” പ്രിയ പേടിയോടെ പറയുകയാണെങ്കിൽ ഗൗരിയുടെ ചുണ്ടിൽ പുഞ്ചിരി മാത്രം..

” നീ എന്താടി ഇങ്ങനെ ഇരുന്ന് ചിരിക്കുന്നത്.. എനിക്കാണെങ്കിൽ നീ അവന്റെ മുമ്പിൽ ചെല്ലുന്നു എന്ന് ഓർത്തിട്ട് കയ്യും കാലും വിറച്ചിട്ട് വയ്യ.. ”

” നമ്മളിപ്പോൾ ജർമ്മനിയിൽ അല്ലേ ഇവിടെ തണുപ്പാണ് അതാണ് നിന്റെ കൈകാൽ വിറക്കുന്നത്.. അപ്പോൾ നീ വിറച്ചിരിക്ക് ഞാൻ നാട്ടിലേക്ക് പോകട്ടെ… ”

” അല്ല മോളുടെ ഉദ്ദേശം എന്താ അവൻ വിവാഹിതനാണ് കഴിഞ്ഞതെല്ലാം വീണ്ടും പൊടിതട്ടി എടുക്കാൻ സാധിക്കില്ല.. ”

” നീ എന്നെ ഇത്രയും ചീപ്പായിട്ടാന്നോ എന്നേ കാണുന്നത്.. കണ്ടവരുടെ മുതൽ ഒന്നും എനിക്ക് വേണ്ട.. എനിക്ക് സ്വന്തമായിട്ട് ഒരു മുതലിന് കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ.. ”

” സത്യം…നീയപ്പോൾ പുതിയ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ..”

” ചിന്തിക്കാതെ പിന്നെ.. ഇങ്ങനെ ഒറ്റക്ക് കഴിഞ്ഞു മടുത്തു.. ഇനി കൂട്ടിന് ഒരാൾ വേണം… നീ ഇവിടെ ഇരുന്ന് സമയം കളയാതെ ഫ്ലാറ്റിലോട്ട് ചെല്ല്…നിന്റെ പാവം കെട്ടിയവൻ രണ്ട് കുഞ്ഞുങ്ങളെയും നോക്കി കഷ്ടപ്പെടുന്നുണ്ടാകും.. അപ്പോൾ ഇനി യാത്രയില്ല.” അതും പറഞ്ഞു ഗൗരി പ്രിയയെ കെട്ടിപ്പിടിച്ചു

” നീ ഇനി എന്നാ ഇങ്ങോട്ടേക്ക്..”

” അയ്യടാ ഇത് എന്റെ നാടുന്നുമല്ല.. എന്റെ നാട് അങ്ങ് കേരളത്തിലാണ്.. അതുപോലെ നിന്റെയും…അതുകൊണ്ട് ഇനി നീ എന്നെ കാണാൻ കേരളത്തിലേക്ക് വാ.. ” പ്രിയയുടെ ഇരു കവിളിലും പിടിച്ച് വലിച്ചു കൊഞ്ചിച്ചു കൊണ്ട് ഗൗരി പറഞ്ഞു…

” നീ വീട്ടിൽ പോകുന്നുണ്ടോ.. ”

” പോകണം….. അച്ഛനും അമ്മയും ഉറങ്ങുന്നത് അവിടെയല്ലേ.. കുറെ നാളായില്ലേ അവരുടെ അടുത്തു ചെന്നിട്ട്.. അവരുടെ അടുത്ത് ചെല്ലണം ഇനി ഞാൻ മാസത്തിലൊരിക്കലെങ്കിലും അവരെ കാണാൻ വരുമെന്ന് ഉറപ്പു കൊടുക്കണം.. പിന്നെ എന്റെ ജോലി സ്ഥലത്തേക്ക് പോകണം.. ”

ഗൗരിയുടെ ചിരിയിൽ  ചിരിക്കാൻ സാധിക്കാത്ത പേടിയോടെ  പ്രിയ അവളെ നോക്കി നിന്നു….

അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഗൗരി തന്റെ വീട്ടിലെത്തി… കുറെ നാളുകൾക്കു മുമ്പ് അടച്ചിട്ട വീട് ആയതുകൊണ്ട് ക്ലീനിങ്ങിന് ആളെ ഏൽപ്പിച്ചിരുന്നു.. ഗൗരി വന്നപ്പോഴേക്കും വീട് നല്ല വൃത്തിയായി കിടക്കുകയായിരുന്നു..

” അച്ഛാ അമ്മേ ഞാൻ ദേ തിരികെ എത്തി.. പക്ഷേ നാളെ ഇവിടെനിന്ന് പോകോട്ടോ… ആ കലിപ്പൻ ചെറുക്കന്റെ അടുത്തേക്കാണ് പോകുന്നത്.. എന്നെ അവൻ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും.. അങ്ങനെയാണല്ലോ ഞാൻ അവനെ നൈസായി ഒഴിവാക്കിയത്.. ഞാൻ അവിടെ  ജോലിയിൽ പ്രവേശിച്ച കാര്യം അവന് അറിയില്ലെന്ന് തോന്നുന്നു.. അല്ലെങ്കിൽ അവൻ എനിക്ക് ഒരിക്കലും അവിടെ ജോലി തരില്ല.. അത്രയ്ക്കും വെറുപ്പ് ആണല്ലോ എന്നെ… ഞാനവനോട് കൂട്ടുകൂടാൻ ഒന്നുമല്ല പോകുന്നത്.. കേരളത്തിൽ വരണമെന്ന് കുറെനാൾ ആയി ആഗ്രഹിക്കുന്നു അങ്ങനെ നല്ല കമ്പനിയിൽ ഓഫർ കണ്ടപ്പോൾ അവിടെ അപ്ലൈ ചെയ്തു അപ്പോയിന്മെന്റ് ലെറ്ററും കിട്ടി.അതിനുശേഷം ആണ് കമ്പനി മുതലാളിമാരിൽ ഒരാൾ അർമാൻ ആണെന്ന് പോലും ഞാനറിയുന്നത്… സത്യത്തിൽ അവിടെ പോകാൻ ചെറിയ പേടിയൊക്കെ ഉണ്ട്.. ഇത്രയും കാലമായല്ലോ എല്ലാം മറന്നിട്ട് ഉണ്ടാകും.. അവനാണെങ്കിൽ പുതിയ ലൈഫും തുടങ്ങി ഇനി എന്നോട് ശത്രുത ഉണ്ടാവില്ലെന്ന് വിചാരിക്കാം…. എന്തായാലും അവനെ ഒന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു അത് ഇനി  സാധിക്കും…. പിന്നെ അവനോട് ഞാൻ സോറി ഒന്നും പറയാൻ നിൽക്കില്ല.. എനിക്ക് ഈ ബന്ധം പറ്റിയില്ല ഞാൻ വേണ്ടെന്നുവച്ചു അതിനു ഞാൻ അവനോട് സോറി പറയേണ്ട ആവശ്യമൊന്നുമില്ലല്ലോ.. അപ്പോൾ അടുത്തമാസം ഞാൻ വരാം.. എനിക്ക് ഒരു ചേട്ടനോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒറ്റപ്പെടേണ്ട ആവശ്യമുണ്ടായിരുന്നോ… പോട്ടെ സാരമില്ല.. നിങ്ങൾ വിഷമിക്കേണ്ട.. എന്നാലും കെട്ടിയവനും കെട്ടിയോളും കൂടി എന്നെ ഓർക്കാതെ ഒരുമിച്ച് അങ്ങ് പോയല്ലോ.. അറ്റാക്ക് എന്താ പകർച്ചവ്യാധി ആണോ.. ഒരാൾ പോയ പുറകെ അടുത്താളും പോയി എന്നെ കുറിച്ച് ഒന്നും ചിന്തിച്ചില്ല.. ” ചിരിയോടെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഗൗരിയുടെ നെഞ്ച് കനത്തു.. ഈ ലോകത്ത് അവൾക്ക്  സ്വന്തം എന്ന് പറയാൻ ആരുമില്ല… അവളുടെ കണ്ണുകൾ നിറഞ്ഞങ്കിലും ഒരു തുള്ളി കണ്ണുനീർ പോലും പുറത്തു വന്നില്ല…. ഇത്രയും കൊല്ലം കൊണ്ട് കണ്ണുനീർ പുറത്തുവരാതെ തന്റെ വേദന  മനസ്സിൽ അടക്കാൻ അവൾ പഠിച്ചു കഴിഞ്ഞു. ഒരു നെടുവീർപ്പോടെ അവൾ തന്റെ വീട്ടിലേക്ക് കയറിപ്പോയി..

രണ്ടാമത്തെ ദിവസം ആ വലിയ ബിൽഡിങ്ങിന്റെ മുൻപിൽ വന്നു നിന്നപ്പോൾ എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും അവളുടെ ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു… അർമാന്റെ കൺസ്ട്രക്ഷൻ കമ്പനി… അവൾ ആ കമ്പനിയിലേക്ക് വലതുകാൽ വച്ച് കയറി..

സാധാരണക്കാരനായ അർമാനിൽ നിന്ന് ഒരു വലിയ കൺസ്ട്രക്ഷൻ കമ്പനിയുടെ മുതലാളിയിലേക്കുള്ള മാറ്റം അവൾ അമ്പരപ്പോടെ കണ്ടു..

അർമാനും അവന്റെ രണ്ടു കൂട്ടുകാരും കൂടി ചേർന്ന് തുടങ്ങിയതാണ് ഈ കമ്പനി..  ആറു കൊല്ലം മുമ്പാണ് ഈ കമ്പനി തുടങ്ങിയത്.. പക്ഷേ  അവർ വിചാരിച്ചതിനേക്കാൾ ഉയർച്ച ഈ കമ്പനിക്ക് ഉണ്ടായി.. അതിലൊരു കാരണം അവർ മൂന്നുപേരുടെയും കഠിനമായ പ്രശ്നം തന്നെയാണ്..

റിസപ്ഷനിൽ ചെന്ന് അവൾ തന്റെ അപ്പോയ്മെന്റ് ലെറ്റർ കാണിച്ചു..എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് അവൾക്ക് നല്ലൊരു പൊസിഷനിൽ ഉള്ള ജോലിയാണ് കിട്ടിയിരിക്കുന്

എംഡി യുടെ മുറിയിലേക്ക് ചെല്ലുവാൻ പറഞ്ഞുകൊണ്ട്  റിസപ്ഷനിസ്റ്റ്  ഫ്ലോർ നമ്പറും റൂം നമ്പറും പറഞ്ഞുകൊടുത്തു..

അപ്പോൾ ഗൗരിക്ക് ചെറുതല്ലാത്ത ഒരു പേടി തോന്നി.. അവന്റെ മുൻപിലേക്ക് എട്ടുകൊല്ലത്തിനുശേഷം ചെല്ലുകയാണ്.. എന്നാലും മനസ്സിൽ ധൈര്യം അവൾ  എം ഡി യുടെ റൂം ലക്ഷ്യമാക്കി നടന്നു..

മാനേജ് ഡയറക്ടർ അർമാൻ മുഹമ്മദ് എന്ന് എഴുതിയ ക്യാബിന് പുറത്ത് വന്നു നിന്നപ്പോൾ അവളുടെ ഹൃദയം ശക്തമായി ഇടിക്കുന്നുണ്ടായിരുന്നു.. ചെറിയൊരു വിറയലോടെ അവൾ ഡോറിൽ പതിയെ knock ചെയ്തു .

” yes…. ” മറുപടി കിട്ടിയപ്പോൾ അവൾ പതിയെ ഡോർ തുറന്നു അകത്തേക്ക് കയറി..

ചെറുവിറയലോടെ  അവൾ കണ്ണ് ഉയർത്തി നോക്കിയപ്പോൾ  അവൾ പ്രതീക്ഷിച്ച ആളല്ല അവിടെ ഇരിക്കുന്നത്.. അതിന്റെ അമ്പരപ്പ് അവളുടെ കണ്ണിൽ ഉണ്ടായി… അവിടെയുള്ള നെയിംബോർഡിലേക്ക് നോക്കി അതിൽ അർമാൻ മുഹമ്മദ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്.. അവൾ നെയിം ബോഡിലേക്കാണ് നോക്കുന്നത് എന്ന് മനസ്സിലാക്കിയ  അയാൾ

” അർമാൻ വന്നിട്ടില്ല… ഇന്ന് ലീവ് ആണ്.. അർമാന്റെ മോന്റെ ഡേ കെയറിൽ ചെറിയ പ്രോഗ്രാം..”

അർമാന്റെ മകൻ എന്ന് പറഞ്ഞപ്പോൾ അവളുടെ നെഞ്ചിൽ ഒരു നീറ്റൽ….

ഞാൻ ശ്യാം പ്രഭാകർ… മൂന്ന് ഓർണർ മാരിൽ ഒരാൾ ഞാനാണ്. ഞാൻ ഇവിടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആണ്.. ഞാനാണ് തന്നെ ഇവിടെ ഹയർ ചെയ്തത്… തന്റെ എക്സ്പീരിയൻസ് ഞങ്ങളുടെ ഈ കമ്പനിക്ക് ആവശ്യമാണ്. അപ്പോഴാണ് അവിടേക്ക് വേറൊരു ചെറുപ്പക്കാരനും വന്നത്..

”  ഇവൻ ജോർജ് ജോസഫ്… മൂന്നാമൻ ഇവനാണ്..”  ശ്യാം ജോർജിനെ അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു..

അവൾ ജോർജിനെ നോക്കി ചിരിച്ചപ്പോൾ അവന്റെ മുഖത്ത് ഒരു പുച്ഛചിരിയായിരുന്നു..

” ഗൗരി നിന്ന് സമയം കളയണ്ട തന്റെ ക്യാബിനിലേക്ക് ചെല്ല്.. ” ജോർജ് പരുഷമായി അവളോട് പറഞ്ഞു..

ജോർജിന്റെ പെരുമാറ്റത്തിൽ അവൾക്കൊരു അസ്വസ്ഥത തോന്നി.. ഇയാൾ എന്തിനാ തന്നെ   ഇഷ്ടമല്ലാത്ത രീതിയിൽ പെരുമാറുന്നത്.. താൻ ജോർജിനെ ആദ്യമായിട്ട് കാണുകയാണ് എന്നിട്ടും തന്നോട് മനസ്സിൽ വെച്ച് പെരുമാറുന്നതുപോലെ… പക്ഷേ  ശ്യാം വളരെ ഫ്രണ്ട്ലി ആയിട്ടാണ് പെരുമാറുന്നത്. അവൾ തനിക്കു പ്രിഫർ ചെയ്ത സീറ്റിലേക്ക് പോയി

” എടാ ജോർജേ നീ എന്താണ് കാണിക്കുന്നത്.. നീ എന്തിനാ അവളോട്  ദേഷ്യത്തോടെ പെരുമാറുന്നത്..”

” ഇത് അവൻ പറഞ്ഞ ഗൗരി കുട്ടിയല്ല…ഇത് തേപ്പുകാരി ഗൗരി തന്നെ.. നാട്ടുമ്പുറത്തുകാരി പെൺകുട്ടി… കരിമഷി എഴുതിയ കണ്ണുകൾ..   അര വരെയുള്ള മുടി.. എന്നിട്ടോ ഷോൾഡർ വരെ മുടിയും വെട്ടി കളറ് അടിച്ചു നാട്ടിൻപുറത്തുകാരിയിൽ നിന്നും മദാമ്മയായി മാറി.. അതുപോലെതന്നെ സ്വഭാവവും….തേപ്പുകാരി….”

” ഡാ….അവന് അവളോടുള്ള ദേഷ്യം  സമ്മതിക്കാം.. പക്ഷെ നീ എന്തിനാ അവളോട്‌ ദേഷ്യം കാണിക്കുന്നത്…”

” അന്ന് അവന്റെ വിഷമം നീ കണ്ടില്ലല്ലോ.. ഒരു കൊല്ലം എടുത്തു അവന്റെ വിഷമം ഒന്നു കുറയാൻ.. പിന്നെ അവളോടുള്ള വാശിയായിരുന്നു അവന്റെ ഈ  ഉയർച്ചക്ക് കാരണം… അവനറിയാതെ അവൾക്ക് ഇവിടെ ജോലി കൊടുക്കാൻ കാരണം തന്നെ അവന്റെ ഉയർച്ച അവൾ കണ്ട് അസുയപ്പെടാൻ വേണ്ടി തന്നെയാണ്.. പിന്നെ അവന് പ്രതികാരം ചെയ്യാനുള്ള അവസരം ഒരുക്കാനും.. ”

” പ്രതികാരം ചെയ്ത് അവസാനം നമ്മുടെ ഈ കമ്പനിക്ക്  എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് ഞാൻ സഹിക്കില്ല.. ഞാൻ ഗൗരിയെ ഇവിടെ ഹയർ ചെയ്തത് ആർമാന്റെ പ്രതികാരം  നടപ്പിലാക്കാൻ ഒന്നുമല്ല നമ്മുടെ കമ്പനിയുടെ ഉയർച്ചയ്ക്ക് മാത്രമാണ്.. നല്ലൊരു   റിപ്യൂട്ടഡ് കമ്പനിയിലെ ജോലി റിസൈൻ ചെയ്താണ് നമ്മളുടെ ഇവിടെയൊക്കെ ഗൗരി വന്നത്.. ഇവിടെനിന്ന് തിരിച്ചു പോയാലും ഗൗരിക്ക് ജോലി കിട്ടാൻ യാതൊരു പ്രശ്നവും ഉണ്ടാകില്ല… നമ്മുടെ കമ്പനിക്ക് വേണ്ടത് അവളുടെ എക്സ്പീരിയൻസ് ആണ് അതുകൊണ്ട്  ഗൗരി ഈ കമ്പനിയിൽ വേണം… ബിസിനസ് നശിപ്പിച്ചുകൊണ്ടുള്ള ഒരു ഫ്രണ്ട്ഷിപ്പിനും എനിക്ക് താല്പര്യമില്ല.. അർമാനോട്  എനിക്ക് സ്നേഹമൊക്കെയുണ്ട് അതും വിചാരിച്ച് ബിസിനസ് കളയാൻ പറ്റില്ലല്ലോ.. നമുക്ക് ഒരു കുടുംബം ഉള്ളതാ അത് മറക്കരുത്.. ” ശ്യാം പറഞ്ഞത് ശരിയാണെന്ന് ഉള്ളതുകൊണ്ട് ജോസഫിന് കാര്യം മനസ്സിലായി .. എന്നാലും ഗൗരിയോടുള്ള വെറുപ്പ് അവന്റെ മനസ്സിൽ നിന്നു പോയില്ല….

അർമാനെ കാണാൻ പറ്റാത്തതിൽ ഗൗരിക്ക് സമാധാനവും   അതുപോലെതന്നെ ചെറിയൊരു വിഷമവും ഉണ്ടായി.

പികെ ദിവസം അവൾ ഓഫീസിൽ വന്നപ്പോഴും അർമാൻ വന്നിരുന്നില്ല.. ഏതോ ക്ലൈന്റുമായി മീറ്റിങ്ങിൽ ആണെന്ന്   ഒരു കോളിഗ് പറഞ്ഞു…. വർഷങ്ങൾക്കപ്പുറം അവൻ അടുത്തുണ്ടായിട്ട് കൂടി കാണാൻ പറ്റാത്തതിൽ അവൾക്ക് സങ്കടം തോന്നി….

ഏകദേശം ഉച്ചകഴിഞ്ഞ സമയം.. എല്ലാവരും തങ്ങളുടെ വർക്കുകളിൽ ബിസിയാണ് അതുപോലെതന്നെ ഗൗരിയും..

ആ സമയതാണ്   അർമാൻ ഓഫീസിലേക്ക് വരുന്നത്.  അവന്റെ കാർ ഓഫീസ് ഗ്രൗണ്ടിൽ എത്തിയപ്പോൾ തന്നെ ഓഫീസ് നിശബ്ദമായി… എല്ലാ മുഖങ്ങളിലും ചെറിയ പേടി..

കാറിൽ നിന്നിറങ്ങി   മുഖത്തു ഒരു പുഞ്ചിരി പോലുമില്ലാതെ.. അവൻ ഓഫീസിൽ കയറി.. ഓഫീസിലേക്ക് കയറുമ്പോൾ എല്ലാവരും അവനെ പേടിയോടെ വിഷ് ചെയ്യുമ്പോൾ  തല ചെറുതായി ചലിപ്പിക്കുന്നു എന്നല്ലാതെ വേറെ ഒരു മറുപടിയും അവനിൽ നിന്ന് ഉണ്ടാവാറില്ല.. അവന്റെ സുന്ദരമായ മുഖത്തിന് ചേരാത്ത ഗൗരവമാണ് മുഖത്തുള്ളത്.. എങ്കിലും ആ ഗൗരവത്തിന് പോലും ഒരു ഭംഗി ഉണ്ട്..

ലിഫ്റ്റിൽ കയറി അവന്റെ ക്യാമ്പിലേക്ക് നടക്കുന്ന നേരം  പെട്ടെന്ന് അവന്റെ ചുവടുകൾ നിന്നു.. കുറച്ചധികം അവിശ്വസനീയതയോടെ  അവൻ തിരിഞ്ഞു നോക്കി.. ഏതോ ബിൽഡിങ്ങിന്റെ  സ്കെച്ചു വരയ്ക്കുന്ന ഗൗരി . അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..  അവൾ തന്നെ വേണ്ട എന്ന് വെച്ചു പോയിട്ട് എട്ടു കൊല്ലം.. ഇത്രയും കൊല്ലത്തിനു ശേഷമുള്ള ഒരു കൂടിക്കാഴ്ച… അവളെ തന്റെ ഓഫീസിൽ കണ്ട അവന് ദേഷ്യം എല്ലാം വന്നു.. ഒറ്റ ക്കുതിപ്പിന് അവളുടെ അടുത്ത് ചെന്ന് അവളെ വലിച്ച് ഓഫീസിൽ നിന്ന് പുറത്തേക്ക് എറിയാനാണ്  തോന്നിയത്.. അതിനു വേണ്ടി അവൻ അവളുടെ അടുത്തേക്ക് പോയപ്പോഴേക്കും അവന്റെ കയ്യിൽ ഒരു പിടി വീണു.

നോക്കുമ്പോൾ ശ്യാമാണ് അവൻ അർമാനെ പിടിച്ചു പിടിയാൽ അവന്റെ ക്യാമ്പിലേക്ക് കൊണ്ടുവന്നു.. ഇവരുടെ വരവ് കണ്ട ജോർജ് വേഗം അർമാന്റെ ക്യാമ്പിലേക്ക് ചെന്നു..

” ഇവളെന്താ ഇവിടെ… മൂന്നുകൊല്ലം പ്രണയിച്ച് നല്ലൊരു ജീവിതം സ്വപ്നം കണ്ട്.. അതിനുവേണ്ടി കുറെ കഷ്ടപ്പെട്ടപ്പോൾ .. ഒരു സുപ്രഭാതത്തിൽ അവൾക്ക് അച്ഛനെ അമ്മയെയും വേദനിപ്പിക്കാൻ പറ്റില്ല എന്നും പറഞ്ഞ്  ഒരു ദയവുമില്ലാതെ ഇറങ്ങിപ്പോയവളാണ്… അവളു കാരണം എന്റെ ഒരു കൊല്ലമാണ് ഞാൻ കരഞ്ഞു തീർത്തത്…. ആ ഒരുവൾ ആണ് ഇപ്പോൾ എന്റെ കമ്പനിയിൽ… എനിക്കറിയാം നിങ്ങൾക്ക് രണ്ടുപേർക്കും അവളെ മനസ്സിലായി എന്ന് അതുകൊണ്ടല്ലേ  അവളുടെ  ബയോഡാറ്റ പോലും നിങ്ങൾ മനപ്പൂർവം എന്നെ കാണിക്കാഞ്ഞത്..” അർമാന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും എല്ലാം നിറഞ്ഞിരുന്നു.

ഗൗരിയോടുള്ള ദേഷ്യവും കൂട്ടുകാർ തന്നെ മനസ്സിലാക്കിയില്ല എന്ന സങ്കടവും….

” അർമാനെ എനിക്കൊന്നേ പറയാനുള്ളൂ.. ഞാൻ നോക്കിയത് ഗൗരിയുടെ എക്സ്പീരിയൻസ് മാത്രമാണ്.. നമുക്ക് എതിരെയായി ഇപ്പോൾ ഒരു പുതിയ കമ്പനി വളർന്നു വരുന്നുണ്ട് അവരോട് എതിരാൻ നമുക്ക് എക്സ്പീരിയൻസ് ആയിട്ടുള്ള സ്റ്റാഫിന്റെ ആവശ്യമുണ്ട്.. വിദേശ കമ്പനികളിൽ എക്സ്പീരിയൻസ് ഉണ്ടെന്നറിയുമ്പോൾ തന്നെ ക്ലൈന്റിന് അത് വലിയ താല്പര്യമാണ്… ഞാൻ അതുമാത്രമാണ് നോക്കുന്നത്… നമ്മളുടെ പേഴ്സണൽ ലൈഫും ബിസിനസും തമ്മിൽ കൂട്ടി കുഴക്കരുത്  എന്ന് നീ തന്നെയല്ലേ ആദ്യമേ ഞങ്ങളോട്  പറഞ്ഞത്… അതിപ്പോൾ നിന്റെ കാര്യത്തിലും ബാധകമാണ്.. ദേഷ്യവും വെറുപ്പും അത് എന്തെന്ന് വെച്ചാൽ നീ ചെയ്തോ പക്ഷേ ഗൗരി ഇവിടെ ജോലിക്ക് വേണം അത് എനിക്ക് നിർബന്ധമാണ്.. എനിക്ക് മാത്രമല്ല നമ്മുടെ എല്ലാം ഉയർച്ചയ്ക്ക് അത് അനിവാര്യമാണ്.. ” അത്രയും പറഞ്ഞുകൊണ്ട്   ശ്യാം പുറത്തേക്കു പോയി..

“ശേ…” ശ്യാം പറഞ്ഞത് ശരിയാണെന്ന് അറിയാവുന്നതുകൊണ്ട് അർമാന്  അവളെ പറഞ്ഞു വിടാൻ പറ്റാത്തതിൽ നല്ല അമർഷം ഉണ്ട്….”

” അവളോട് പകരം വീട്ടാനുള്ള അവസരമായി നീ ഇത് കണ്ടാൽ മതി…. സ്വന്തം സുഖസൗകര്യം നോക്കി നാടുവിട്ടു പോയ അവളെ .. നീ കരഞ്ഞതിനേക്കാൾ കൂടുതൽ  കരയിക്കണം.. ”

ജോർജിന്റെ വാക്കുകൾ ശരിവെക്കുന്ന രീതിയിലായിരുന്നു പിന്നെ അർമാന്റെ പ്രകടനം..

” ഗൗരി…തന്നെ അർമാൻ സാർ വിളിക്കുന്നുണ്ട്.. ”

അർമാന്റെ പിഐയുടെ ആ വിളിയിൽ ഗൗരി ശരിക്കും ഒന്ന് ഞെട്ടി.. ചെറിയൊരു അവൾ അർമാന്റെ മുറിയിലേക്ക് നടന്നു..

അവൾ പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി..

” മാനേഴ്സ് ഇല്ലേ നിനക്ക്. ഒരു മുറിയിലേക്ക് കയറി വരുമ്പോൾ ഡോറിൽ knock ചെയ്യണം എന്ന് അറിയില്ലേ…. വലിയ കമ്പനിയിലെല്ലാം ജോലി ചെയ്തു വന്ന നിന്റെ മാനേഴ്സ് ഇതാണോ.. അല്ലെങ്കിലും ചതിക്കാൻ അറിയുന്നവർക്ക് എന്തു മാനേഴ്സ്… ”

” അർമാൻ  പ്ളീസ്….. അത് കഴിഞ്ഞുപോയ കാര്യമല്ലേ… “;

” ആരാടി നിന്റെ അർമാൻ…. Call me sir…. ”

” സോറി സാർ…. ”

” പിന്നെ പഴയ കാര്യങ്ങൾ…. നീയെന്നെ വേണ്ടെന്നു പറഞ്ഞു പോയത് അന്ന് മുതൽ നിന്നെ ഞാൻ വെറുത്തു.. ഇപ്പോൾ നീ ചത്താലോ ജീവിച്ചാലോ എനിക്കൊന്നുമില്ല..”

” സാറിന് എന്നോട്  വെറുപ്പ്‌ എങ്കിലും ഉണ്ടല്ലോ അതിൽ സന്തോഷം..  വെറുപ്പായിട്ട് എങ്കിലും ഞാൻ ആ മനസ്സിൽ ഉണ്ടല്ലോ സന്തോഷം.. ”  അവൾ പറഞ്ഞു കഴിയലും അപ്രതീക്ഷിതമായി അവൻ അവളുടെ മുഖത്ത് ആഞ്ഞടിച്ചു..

ആ ഒരു നിമിഷം അവൾക്ക് തലകറങ്ങുന്നത് പോലെ തോന്നി.. എന്റെ മനസ്സിൽ സ്നേഹമായിട്ടോ വെറുപ്പായിട്ടോ പോലും നീ ഇല്ല.. ഇനി നീ എങ്ങനെ എന്തെങ്കിലും പറഞ്ഞാൽ കൊന്നുകളയും ഞാൻ… വെറുതെ അടങ്ങി ഒതുങ്ങി സ്വന്തം കാര്യം നോക്കി ജോലി ചെയ്താൽ നിനക്ക് ഇവിടെ നിൽക്കാം… ഇറങ്ങിപ്പോടി എന്റെ ക്യാബിനിൽ  നിന്ന്…

അവൻ അടിച്ച അടിയിൽ തല മരവിച്ചതു പോലെ അവൾക്ക് തോന്നി.. പണ്ടത്തെ സ്നേഹം ഉള്ള അർമാനിൽ നിന്നും  രാക്ഷസനിലേക്കുള്ള മാറ്റം പോലെ അവൾക്ക്  തോന്നി… നിറകണ്ണുകളോട് അവൾ തന്റെ സീറ്റിൽ പോയി  ഇരുന്നു അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അവൻ സന്തോഷിച്ചു… ഇത്രയും കൊല്ലം അവളോട് തോന്നിയ പക കുറഞ്ഞതുപോലെ അവന് തോന്നി.

അവൻ ഗൗരിയെ തല്ലി എന്നറിഞ്ഞപ്പോൾ ശ്യാമിനു മാത്രമല്ല ജോർജിനു പോലും അത് ഇഷ്ടമായില്ല. എന്നാലും ഒരു പെണ്ണിനെ കൈ ഉയർത്തി അടിക്കാൻ പാടില്ല എന്ന് അവർക്കറിയാം.. ശ്യാം ഗൗരിയോട് സോറി പറയുക യും ചെയ്തു. താൻ ചെയ്ത പ്രവർത്തിയുടെ ഫലമാണ് തനിക്ക് കിട്ടിയതെന്ന് അറിയാവുന്ന ഗൗരി ആ സംഭവം കാര്യമായി എടുത്തില്ല.. പ്രിയ ഫോൺ വിളിച്ചപ്പോഴും ഈ കാര്യം പറഞ്ഞില്ല..

ഗൗരിയെ തല്ലിയതിൽ അവനു ഒരു കുറ്റബോധം പോലും ഉണ്ടായിരുന്നില്ല അത്രയ്ക്കും അവളോട് വെറുപ്പും ദേഷ്യവും ആണ്.. പക്ഷേ ശ്യാമിന്റെ കർശന നിർദ്ദേശം ഉള്ളതുകൊണ്ട് ഓഫീസിൽ പേഴ്സണൽ ഗ്രഡ്ജ് വെച്ച് പുലർത്തില്ല എന്ന് അർമാൻ പറഞ്ഞു.. എന്നാൽ ജോലിയിൽ അവളിൽ നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായാൽ അവളെ വെറുതെ വിടില്ല എന്നും അവൻ  തന്റെ രണ്ടു സുഹൃത്തുക്കളോടും പറഞ്ഞു..

പക്ഷേ അൽമാൻ വിചാരിച്ചത് പോലെ ഒന്നും നടന്നില്ല… ജോലിയിൽ അവൾ അത്രയ്ക്കും പെർഫെക്റ്റ് ആയതിനാൽ ജോലിയുമായി സംബന്ധിച്ച് അവളെ ചീത്ത പറയാനായി അവന് ഒന്നും കിട്ടിയില്ല… എന്നാലും അവന്റെ മുഖഭാവത്തിൽ അവളെ കൊന്നു തിന്നാനുള്ള    അത്ര ദേഷ്യം ഉണ്ടായിരുന്നു.. എന്നാൽ ഇത് കാണുമ്പോൾ ഗൗരിയുടെ ചുണ്ടിൽ എപ്പോഴും പുഞ്ചിരി മാത്രം… ആ പുഞ്ചിരി അവനിൽ ദേഷ്യം കൂട്ടുകയാണ് ചെയ്തത്.

ഒരു ദിവസം ഗൗരി  ഓഫീസിൽ തിരക്കിട്ട പണിയിലാണ്.. പെട്ടെന്ന് ആരോ തന്റെ ഡ്രസ്സിൽ പിടിച്ചു വലിക്കുന്നത് പോലെ തോന്നി.. അവൾ തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല.. പിന്നെ വീണ്ടും പിടിച്ചു വലിക്കുന്നു.. അപ്പോഴും ആരെ യും കാണാനില്ല…

” ഒന്ന് തായേക്ക് നോച്ചോ… ”
” (ഒന്ന് താഴേക്ക് നോക്കുമോ എന്ന കൊഞ്ചലോടെയുള്ള ഒരു ചോദ്യം..)

താഴേക്ക് നോക്കിയ അവളുടെ കണ്ണുകൾ വിടർന്നു.. തന്റെ ഡ്രസ്സ് തുമ്പിൽ പിടിച്ചു നിൽക്കുന്ന ഒരു മൂന്നു വയസ്സുകാരൻ.. അവന്റെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുനിറഞ്ഞു.. കുഞ്ഞ് അർമാൻ മുമ്പിൽ വന്നു നിൽക്കുന്നതുപോലെ..

പിന്നെ ഒന്നും നോക്കിയില്ല വേഗം അവനെ വാരിയെടുത്ത് കുറെ ഉമ്മകൾ കൊടുത്തു..

” എന്റാ ഇത്രയും  കിസ്സി… ”
( എന്താ ഇത്രയും ഉമ്മകൾ)  ആദ്യമായി കണ്ട ആന്റി ഇത്രയും ഉമ്മകൾ തന്നപ്പോൾ അവന് എന്താണെന്ന് മനസ്സിലായില്ല..

” ഒന്നൂല്ല…. എനിക്ക് സുന്ദരൻ കുഞ്ഞിനെ ഒരുപാട് ഇഷ്ടായി….ഒരുപാട് ഒരുപാട് ഇഷ്ടായി….” കൊഞ്ചി മറുപടി കൊടുത്തെങ്കിലും അവളുടെ ഉള്ളിന്റെയുള്ളിൽ ഒരു നീറ്റൽ… ഒരിക്കൽ തന്റെ ആയിരുന്നവന്റെ കുഞ്ഞ് … അവൾക്ക് കുഞ്ഞിനോട് ഒരുപാട് സ്നേഹം തോന്നി…

എന്നാൽ തന്നെ സുന്ദരൻ എന്ന് വിളിച്ചത് കേട്ടതിന്റെ നാണത്തിൽ ആയിരുന്നു ആ കുഞ്ഞ്..

” ഇമാൻ… ” ഗൗരവത്തോടെ എന്നാൽ അധികം ഒച്ച പൊന്താതെയുള്ള അർമാന്റെ വിളിയിൽ ഇമാന്‍ ഒന്ന് തിരിഞ്ഞുനോക്കി അതുപോലെ ഗൗരിയും…

അർമാൻ വേഗം വന്ന് കുഞ്ഞിനെ   ഗൗരിയുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു വാങ്ങിച്ചു.. കുഞ്ഞിനെ താഴെ നിർത്തി അവന്റെ പോക്കറ്റിൽ നിന്ന് കർച്ചിഫ് എടുത്ത്..

” വാപ്പിയുടെ കുഞ്ഞ് ആകെ വിയർത്തു.. ” എന്നും പറഞ്ഞ് ഗൗരി ഉമ്മവച്ച് ഇടം എല്ലാം അവൻ തുടച്ചു. താൻ   കുഞ്ഞിനെ ഉമ്മ വെച്ചത് ഇഷ്ടപ്പെടാതെ അവൻ തുടച്ചു കളയുകയാണെന്ന് അവൾക്ക് മനസ്സിലായി.
നെഞ്ചിൽ ഒരു നീറ്റൽ വന്നു നിറഞ്ഞ് വന്നു എങ്കിലും അവൾ പുഞ്ചിരിയോടെ നിന്നു..

” മോനെ ശ്യാം അങ്കിൾ  വിളിക്കുന്നുണ്ട് … ” അർമാൻ പറഞ്ഞപ്പോൾ കുഞ്ഞ്   ഗൗരിക്ക് റ്റാറ്റയും കൊടുത്ത ശ്യാമിന്റെ ക്യാമ്പിലേക്ക് ഓടി..

” എന്റെ കുഞ്ഞിനെ നിന്റെ ഈ വൃത്തികെട്ട കൈകൊണ്ട് ഇനി എടുക്കരുത്.. എടുക്കരുതെന്ന് മാത്രമല്ല നിന്റെ ഈ വൃത്തികെട്ട കണ്ണുകൾ എന്റെ കുഞ്ഞിൽ പതിയരുത്… ” അവളുടെ കണ്ണുകളിൽ നോക്കി അതീവ ദേഷ്യത്തോടെ ശബ്ദം കുറച്ച് അവൻ പറയുമ്പോൾ  അവളുടെ കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞു..

ഞാനെന്തു പറഞ്ഞാലും കുറച്ചായി പുഞ്ചിരിച്ചു നിൽക്കുന്ന അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നി… അവൻ അവളുടെ മുഖത്ത് നോക്കി പുച്ഛിച്ചു ചിരിച്ചുകൊണ്ട് തന്റെ ക്യാമ്പിലേക്ക് നടന്നു..

” ഗൗരി നിന്നെ കരയിക്കാനായി ഞാൻ കുറെ ശ്രമിച്ചു… അതിനെയെല്ലാം നീ പുഞ്ചിരിയോടെ നേരിട്ടു.. ഇനി നിന്നെ കരയിക്കാൻ എനിക്ക് എളുപ്പമാണെന്ന് മനസ്സിലായി.. അതിനെന്നെ സഹായിക്കാൻ എന്റെ മകൻ ഉണ്ട്.. ഇമാൻ മുഹമ്മദ്..” അവന്റെ ചുണ്ടിൽ ക്രൂരമായ പുഞ്ചിരി വിരിഞ്ഞു..

അർമാൻ സമയം കിട്ടുമ്പോൾ എല്ലാം  ഇമാനെ ഓഫീസിൽ കൊണ്ടുവരാൻ തുടങ്ങി.. ഗൗരി എപ്പോഴൊക്കെ   കുഞ്ഞിന്റെ അടുത്തേക്ക്ചല്ലുന്നു അപ്പോൾ അവൻ വിദഗ്ധമായി കുഞ്ഞിനെ അവിടെനിന്ന് അകറ്റി… കുഞ്ഞിനെ അകറ്റുമ്പോൾ അവളുടെ കണ്ണിൽ കാണുന്ന സങ്കടം അവനിൽ സന്തോഷം തീർത്തു.. കുഞ്ഞിനാണെങ്കിൽ ഗൗരിയോട് ഒരു ഇഷ്ടമുണ്ട് പക്ഷേ അവളോട് പോയി സംസാരിക്കാനോ മിണ്ടാനോ പറ്റുന്നില്ല.. അവൻ ഇഷ്ടപ്പെടുന്ന വേറെ ഏതോ കാര്യങ്ങൾ കൊണ്ട് അർമാൻ  കുഞ്ഞിനെ ഗൗരിയിൽ നിന്നും വേദനിപ്പിക്കാതെ അകറ്റി..

ഒരു ദവസം  അർമാന്റെ ശ്രദ്ധ തെറ്റിയപ്പോൾ  ഗൗരിക്ക് കുഞ്ഞുമായി സംസാരിക്കാൻ സമയം കിട്ടി.. ആ സമയം അവൾ കുഞ്ഞിനോട് കൊഞ്ചി വർത്താനം പറഞ്ഞു മുത്തം കൊടുത്തും കിട്ടിയ സമയം സന്തോഷത്തോടെ ഇരുന്നു..

” ഇമ്മു കുഞ്ഞേ… മോന്റെ ഉമ്മി എന്തേ വരാത്തത്.. ” ഇത്രയും ദിവസമായിട്ടും അർമാന്റെ വൈഫിനെ കാണാത്തത് എന്താണെന്ന് അവൾ ചിന്തിക്കാറുണ്ട് പക്ഷേ ആരോട് ചോദിക്കാൻ വയ്യല്ലോ അതിനാൽ കുഞ്ഞിനോട് ചോദിച്ചു..

” എനിച്ചു ഉമ്മി ഇല്ല…വാപ്പി  ഉല്ലു.”
( എനിക്ക് ഉമ്മ ഇല്ല വാപ്പയെ ഉള്ളൂ.. ) കുഞ്ഞിന്റെ  സങ്കടത്തോടെയുള്ള   വാക്കുകളിൽ അവളിൽ  ആകെ അസ്വസ്ഥത തീർത്തു.. ഇമാന്റെ ഉമ്മയെ കുറിച്ചറിയാൻ കുഞ്ഞിനോട് തന്നെ ഓരോന്നും ചോദിച്ചു പക്ഷേ കുഞ്ഞിൽ നിന്ന് ഉമ്മയില്ല ഉമ്മയെ കണ്ടിട്ടില്ല എന്ന് മറുപടി മാത്രമേ  കീട്ടിയുള്ളൂ….

അപ്പോഴേക്കും അതിലൂടെ പോകുന്ന ജോർജിനെ കണ്ട് ഇമാൻ നേരെ അവന്റെ അടുത്തേക്ക് ഓടി.

അർമമാന്റെ ഭാര്യയെ കുറിച്ച് അറിയണമെന്ന് ചിന്തയിൽ അവൾ ഒന്നും ആലോചിക്കാതെ നേരെ അർമാന്റെ ക്യാബിനിലേക്ക് പോയി.

 

” ഇമാന്റെ ഉമ്മ എവിടെ… കുഞ്ഞ് എന്താണ് ഉമ്മയെ കണ്ടില്ലെന്ന് പറയുന്നത്.. ” അവളുടെ ആദിയോടു കൂടിയ ചോദ്യം കേട്ട് അവന് ചിരിയാണ് വന്നത്.. അതും പുച്ഛച്ചിരി..

 

 

” കുഞ്ഞിന് ആറുമാസം ഉള്ളപ്പോൾ അർമാന്റെയും വൈഫിന്റെയും ഡിവോഴ്സ് കഴിഞ്ഞു..  കുഞ്ഞിനെ വേണ്ടെന്നുവച്ചവർ പോയി.. അല്ല…ഇതിൽ ഗൗരിക്ക് എന്തിനാ ഇത്ര ഇൻട്രസ്റ്റ്..” അർമാന്റെ മുറിയിലേക്കു വന്നുകൊണ്ട് ശ്യാം പുച്ഛത്തോടെ പറഞ്ഞു..

 

 

” അതോ ചാൻസ്  ഉണ്ടോ എന്ന് ചോദിക്കാൻ വന്നതായിരിക്കും.. നിന്റെ അടുത്തുനിന്ന് ഞാൻ ഡിവോഴ്സീ ആണെന്ന് അറിഞ്ഞപ്പോൾ… പിന്നെ ഇപ്പോൾ ഞാൻ വലിയ ബോസുമാണല്ലോ.. അവൾ പോലും ചിന്തിക്കാത്ത നിലയിൽ ജീവിക്കുന്ന പണക്കാരൻ.. ഇനിയിപ്പോൾ എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടാവും.. അതാണല്ലോ എന്റെ കുഞ്ഞിനെ മയക്കിയെടുക്കുന്നത്.. ആളും ഇപ്പോൾ സിംഗിൾ ആണല്ലോ.. ”

 

 

” അർമാനെ ഗൗരി സിംഗിൾ ആണെന്നുള്ളത് ശരി… പക്ഷേ വിദേശത്തായിരുന്നില്ല അവിടെ എന്തായാലും ലീവിങ് ടുഗെലറിൽ ആയിരിക്കും.. പിന്നെ തേക്കാൻ മടിയില്ലാത്തവർ
ൾ ആയതുകൊണ്ട് അയാളെ തേച്ചു നിന്റെ അടുത്തേക്ക് വരുമായിരിക്കും..” ജോർജും അവിടേക്ക് വന്നുകൊണ്ട് ഗൗരിയെ പരിഹസിച്ചു..

 

മൂന്നുപേരുടെയും പരിഹാസം അവൾക്ക് അസഹനീയമായി തോന്നി..

 

 

” മിസ്റ്റർ അർമാൻ മുഹമ്മദ്…. നിങ്ങളെ ഞാൻ ഇപ്പോൾ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു… നിങ്ങൾ എന്നെയല്ല ഞാൻ നിങ്ങളെയാണ് വേണ്ടത് വച്ചത്… അത് ഇപ്പോഴും അങ്ങനെ തന്നെയാണ്… അതിനാൽ വലിയ പരിഹാസവും പുച്ഛവും ഒന്നും വേണ്ട… പിന്നെ നിങ്ങൾ മൂന്നുപേരോടും ഒരു കാര്യം.. ഈ ജോലി നിങ്ങൾ എനിക്ക് തന്ന ഔദാര്യമല്ല.. എന്റെ കാലിബർ കണ്ട് നിങ്ങൾ എനിക്ക് തന്ന ജോലിയാണ്.. ഇവിടെ ജോലി ചെയ്തില്ല എന്ന് വെച്ച് ഈ ഗൗരി ബാലകൃഷ്ണന് ഒരു നഷ്ടവുമില്ല.. വേറെ ജോലി കിട്ടാൻ ബുദ്ധിമുട്ടുമില്ല… അത് ഓർക്കുന്നത് നന്ന്.. ” അതും പറഞ്ഞ് അവൾ ഓഫീസ് മുറിയിൽ നിന്ന് വെട്ടിത്തിരിഞ്ഞിറങ്ങിപ്പോയി..

 

 

മൂന്നുപേർക്ക് മുഖത്ത് അടികൊണ്ട് പോലെയായി.. പ്രത്യേകിച്ച് അർമാന്…..

 

ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു പിന്നെ അർമാൻ കുഞ്ഞിനെ ഓഫീസിൽ കൊണ്ടുവന്നിട്ടില്ല.. അതുപോലെതന്നെ ഗൗരിയുമായി ജോലി സംബന്ധമായി സംസാരങ്ങൾക്കല്ലാതെ മുഖാമുഖം ചെന്നിട്ടുമില്ല.. ഇപ്പോൾ അവളും അവനെ നോക്കി പുഞ്ചിരിക്കാറില്ല…

 

ഒരു ഒഴിവുദിവസം അർമാനും കൂട്ടുകാരും അവരുടെ ഫാമിലിയും മാളിൽ വന്നിരിക്കുകയാണ്.. കുട്ടികളെ ചിൽഡ്രൻസ് പാർക്കിൽ ആക്കി അവർ ഫുഡ് കോർട്ടിൽ ഇരിക്കുമ്പോഴാണ്… ജോർജിന്റെ ഭാര്യയുടെ കസിനും ഭർത്താവും അവിടെ വരുന്നത്.. അങ്ങനെ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് കസിന്റെ ഭർത്താവ് ഒരാളെ കാണുന്നത്..

 

” എസ്ക്യൂസ്മി… ഞാനിപ്പോൾ വരാം..”  എന്നും പറഞ്ഞുകൊണ്ട് അയാൾ ഫുഡ് കോർട്ടിന് അപ്പുറം ഇരിക്കുന്ന ഒരാളുടെ അടുത്തേക്ക് ചെന്നു.. അവിടെയിരുന്ന ആളോട് ചിരിച്ചു സംസാരിക്കാൻ തുടങ്ങി.. സംസാരിച്ച ശേഷം അയാൾ തിരിച്ചു വരാൻ നേരമാണ് .. കസിന്റെ ഭർത്താവ് ഒരു പെൺകുട്ടിയോടാണ് സംസാരിച്ചത്.. അതും ഗൗരിയോട്…. അത് കണ്ട് എല്ലാവരുടെയും നെറ്റി ചുളിഞ്ഞു.. ഗൗരി ആണെങ്കിൽ അവരെ കണ്ടിരുന്നില്ല അവൾ ഫുഡ് കോർട്ടിൽ നിന്ന്   പോവുകയും ചെയ്തു..

” സ്റ്റീഫൻ തനിക്ക് ഗൗരിയെ എങ്ങനെ അറിയാം.. ” ജോർജ്  കുറച്ച് പരുഷമായി തന്നെ സ്റ്റീഫനോട് ചോദിച്ചു..

 

”   ഏഴുകൊല്ലം മുമ്പ് ഉള്ള പരിചയം ആണ് അതിനുശേഷം ഇപ്പോഴാണ് കാണുന്നത്…എന്താണ് ജോർജ് ഇത്ര ഗൗരവത്തോടെ ഒരു ചോദ്യം..”

” അവൾ ശരിയല്ല… ”

 

” what nonsense are you talking… She is a good character..”

ജോർജിന്റെ വാക്കുകളെ ഖണ്ഡിക്കുന്ന വിധത്തിലുള്ള   മറുപടി ആണ് സ്റ്റീഫൻ പറഞ്ഞത്.

 

” പിന്നെ നല്ല സ്വഭാവം.. സ്റ്റീഫന് അറിയാഞ്ഞിട്ടാണ്.. എപ്പോഴും ചോദിക്കാറില്ലേ… അർമാന്റെ ആ തേപ്പുകാരി കാമുകിയെ കുറിച്ച്….അത്  ഈ ഗൗരിയാണ്.. ”

 

” oh  ജീസസ്…. ” ജോർജിന്റെ സംസാരത്തിൽ സ്റ്റീഫനിൽ  ഒരു ഞെട്ടൽ.

 

 

” അർമാൻ നിങ്ങൾക്ക് തെറ്റുപറ്റിയോ എന്നൊരു സംശയം… ഗൗരി നിങ്ങളെ വേണ്ടെന്ന് വെച്ചതും.. ഞാൻ ഗൗരിയെ പരിചയപ്പെട്ടതുമായ സമയം വച്ച് നോക്കുമ്പോൾ…. നിങ്ങളെല്ലാവരും ആ പെൺകുട്ടിയെ തെറ്റിദ്ധരിച്ചതാണ്.. കാര്യം അറിയാതെ ഞാനും ആ കുട്ടിയെ കുറിച്ച്  അപവാദം പറഞ്ഞിട്ടുണ്ട്.. ശോ… ” സ്റ്റീഫനിൽ ആകെ  കുറ്റബോധം..

 

 

” എന്താ സ്റ്റീഫ അങ്ങനെ പറയുന്നത്.. ” സ്റ്റീഫന്റെ വാക്കുകൾ ബാക്കിയുള്ളവരിൽ ചെറിയൊരു അമ്പരപ്പ് തീർക്കാതിരുന്നില്ല.. ഇത്രയും നാളും  താൻ ഗൗരിയെ തെറ്റിദ്ധരിച്ചതാണ് ആണോ… അല്ലല്ലോ അവളല്ലേ തന്നെ വേണ്ടെന്നുവച്ചു പോയത്.. അതിന്റെ കാരണം ചോദിച്ചപ്പോൾ അവൾക്ക് ബെറ്റർ ആയിട്ടുള്ള ഒരു ലൈഫ് വേണമെന്നല്ലേ പറഞ്ഞത്.. എന്നിട്ട് സ്റ്റീഫൻ എന്താ അങ്ങനെ പറയുന്നത്.. അർമാന് ആകെ കൺഫ്യൂഷനായി..

 

” സ്റ്റീഫ… കാര്യം എന്താണെന്ന് വെച്ചാൽ പറയൂ..” ശ്യാം എല്ലാ മുഖങ്ങളിലെയും അസ്വസ്ഥത കണ്ട് സ്റ്റീഫനോട് ചോദിച്ചു.

 

” നിങ്ങൾക്ക് എല്ലാവർക്കും അറിയാല്ലോ ഞാനൊരു ഡോക്ടറാണ്. ഓങ്കോളജിസ്റ്റ്.. ക്യാൻസർ രോഗ വിദഗ്ധൻ.. ഗൗരി എട്ടുകൊല്ലം മുമ്പ് എന്റെ പേഷ്യന്റ് ആയിരുന്നു… പറഞ്ഞുവരുമ്പോൾ രോഗം തിരിച്ചറിഞ്ഞപ്പോൾ ആയിരിക്കും അവൾ അർമാനെ വേണ്ടെന്നുവച്ചത്.. ഗർഭപാത്രത്തിൽ ആയിരുന്നു ക്യാൻസർ.. സർജറി ചെയ്ത് ഗർഭപാത്രം റിമൂവ് ചെയ്തിരുന്നു.. അതുപോലെതന്നെ കീമോതെറാപ്പിയും നടത്തിയിരുന്നു.. രോഗത്തെ ഒരുവിധം പിടിച്ചു കെട്ടിക്കൊണ്ടിരുന്നപ്പോഴാണ്.. പ്രതിക്ഷിതമായുള്ള  ഗൗരിയുടെ അച്ഛന്റെ മരണവും.. അതുകൊണ്ടുള്ള ഷോക്കിൽ അതേത്തുടർന്നുള്ള അമ്മയുടെ മരണവും.. അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒരിക്കൽ മാത്രമാണ് ആ കുട്ടിയെടുത്ത് ട്രീറ്റ്മെന്റ് വന്നത് പിന്നീട് ഞാൻ ഇപ്പോഴാണ് അവളെ കാണുന്നത്.. ഇപ്പോൾ അവൾ പൂർണ്ണ ആരോഗ്യവതിയാണ്.. ”

 

സ്റ്റീഫന്റെ വാക്കുകൾ കേട്ട് തന്റെ തലയിൽ ഇടുത്തി വീണത് പോലെയാണ് അർമാന്  തോന്നിയത്..

 

” ക്യാൻസർ ആയതുകൊണ്ടാണോ അവൾ തന്നെ വേണ്ടെന്നുവച്ചു പോയത്…” രണ്ട് കൈയും തലയിൽ താങ്ങിക്കൊണ്ട് അവൻ ഇരുന്നു പുലമ്പി.. ഇത്രയും നാളും അവളോടുള്ള വെറുപ്പ് എല്ലാം ഒരു നിമിഷം കൊണ്ട് ഉരുകി ഒലിച്ചു പോയി..

ഇപ്പോൾ താൻ ചെയ്ത പ്രവർത്തി ഓർത്ത് കുറ്റബോധത്തെക്കാൾ കൂടുതൽ അവളോട് വാക്കുകളും ചെയ്ത പ്രവർത്തികളും അവനെ വേദനിപ്പിക്കാൻ തുടങ്ങി.. പബ്ലിക് പ്ലേസ് ആണെന്ന് പോലും ഓർക്കാതെ അവൻ പൊട്ടിക്കരഞ്ഞു പോയി..

 

” തെറ്റിദ്ധരിച്ചല്ലോടാ ഞാൻ അവളെ.. ” തന്നെ ചേർത്തുപിടിച്ചു നിൽക്കുന്ന ജോർജിനെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് അർമാൻ പറഞ്ഞു…

 

തന്റെ ഫ്ലാറ്റിൽ ഇരുന്ന് ഫോണിലുള്ള ഇമാന്റെ ഫോട്ടോയിൽ തഴുകിക്കൊണ്ടിരിക്കുകയാണ് ഗൗരി.. അവനെ കാണുമ്പോൾ താൻ ജന്മം കൊടുത്ത കുഞ്ഞാണെന്നാണ് അവൾക്ക് തോന്നുന്നത്. അത്രയ്ക്കും അവനോട് അടുപ്പം തോന്നുന്നുണ്ട് പക്ഷേ തനിക്ക് അത് കിട്ടാ  കനിയാണെന്ന് അവൾക്കറിയാം..

 

കേരളത്തിൽ അവൾ വരാനുള്ള ഒരു കാരണം അവളുടെ ഒറ്റപ്പെടൽ മാറ്റാൻ ഒരു കൂട്ടിനാണ്… ഒരു കുഞ്ഞിനെ ദത്തെടുത്ത് അതിന് പൊന്നുപോലെ വളർത്തി അവളും ഒറ്റയ്ക്ക് അല്ല കൂടെ ആളുണ്ടെന്ന് പറയാൻ.. പക്ഷേ ഇമാനെ കണ്ടപ്പോൾ മുതൽ വേറൊരു കുഞ്ഞിലേക്കും മനസ്സ് ചായുന്നില്ല.. ആ കുഞ്ഞു ഫോട്ടോയിൽ അവൾ കുറെ മുത്തങ്ങൾ കൊടുത്തു.. അപ്പോഴാണ് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്..

 

ഈ സമയത്ത് ആരാണ് വരാൻ എന്ന് ഓർത്തുകൊണ്ട് വാതിൽ തുറന്നപ്പോൾ മുൻപിൽ അർമാൻ… അവന്റെ മുഖമാണെങ്കിൽ ആകെ വീങ്ങിരിക്കുന്നു..

 

 

” എന്താ… അർമാൻ…. ഓക്കെ അല്ലേ… കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലല്ലോ.. ” അവന്റെ മുഖം കണ്ട് കുഞ്ഞിന് വല്ലതും പറ്റിയോ എന്ന് അവൾ പേടിച്ചു…

അർമാൻ പെട്ടെന്ന് തന്നെ അവളെ തന്റെ നെഞ്ചോട് ചേർത്തു.. ഒട്ടും പ്രതീക്ഷിക്കാത്ത പ്രവർത്തിയിൽ അവൾ ഒന്നു ഞെട്ടി..

 

” ഹേ….എന്താ കാണിക്കുന്നത്….മാറിനിൽക്ക്..” അവന്റെ പ്രവർത്തിയിൽ അസ്വസ്ഥത കൊണ്ട് അവൾ അവനെ തള്ളി മാറ്റി…

 

” ഗൗരി സോറി ഞാനൊന്നുമറിഞ്ഞില്ല.. ഒന്നുമറിയാതെയാണ് നിന്നോട് ഞാൻ ഇങ്ങനെയൊക്കെ പെരുമാറിയത്.. നീ എന്നോട് ക്ഷമിക്കണം.. ”

” നിങ്ങൾ എന്താ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല.. ” ഗൗരി മനസ്സിലാവാതെ പറഞ്ഞു..

” ഗൗരി… സ്റ്റീഫൻ… ജോർജിന്റെ കസിന്റെ ഭർത്താവാണ്..”

” ഓ… അതാണോ കാര്യം… കാര്യം അറിഞ്ഞുകൊണ്ടുള്ള വരവാണ്.. ”
അവളുടെ മുഖഭാവത്തിലെ പുച്ഛം കണ്ട് അവനൊന്ന് അമ്പരന്നു..

” ഗൗരി നീയെന്താ എന്നോട് ഒന്നും പറയാഞ്ഞത് അതുകൊണ്ടല്ലേ.. ”

” ഞാനെന്തു പറയണമായിരുന്നു….നമ്മൾ റിലേഷനിൽ ആയപ്പോൾ മുതൽ ഭാവിയെക്കുറിച്ചുള്ള ചർച്ചകളിൽ മുഴുവൻ നിങ്ങൾക്കുണ്ടാവാൻ പോകുന്ന കുഞ്ഞുങ്ങളെ കുറിച്ചാണ് പറഞ്ഞിരുന്നത്. അങ്ങനെയുള്ള നിങ്ങളോട് എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് പറഞ്ഞാലുള്ള അവസ്ഥ… നിങ്ങൾ ഇതിലും മോശമായി ആ സമയം എന്നോട് പെരുമാറിയാനെ.. ” ഗൗരിയുടെ പുച്ഛത്തോടെയുള്ള വാക്കുകളിൽ അവനിൽ നടുക്കം സൃഷ്ടിച്ചു..

” നീ എന്നെക്കുറിച്ച് അങ്ങനെയാണോ ഗൗരി ചിന്തിച്ചിരിക്കുന്നത്..”

” അതെ എന്റെ ചിന്തകൾ തെറ്റല്ലെന്ന് നിങ്ങൾ അന്നേ തന്നെ തെളിയിച്ചല്ലോ.. അതുകൊണ്ടാണല്ലോ ഞാൻ നിങ്ങളോട് ബ്രേക്ക് അപ്പ് പറഞ്ഞപ്പോൾ കാര്യം പോലും അന്വേഷിക്കാതെ നിങ്ങൾ എന്നെ ചീത്ത പറയുകയും  വെറുക്കുകയും ചെയ്തത്.. ആ വെറുപ്പ് എട്ടുകൊല്ലം കഴിഞ്ഞിട്ടും നിങ്ങളിൽ അങ്ങനെ തന്നെ ഉണ്ട്.. ഇതിപ്പോൾ കാര്യം പറഞ്ഞപ്പോൾ ഒരു സഹതാപം അത്രമാത്രം.. ”

” പ്ലീസ് ഗൗരി… അങ്ങനെ പറയല്ലേ….ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് നീ എന്നോട് ക്ഷമിക്കണം.. ഇനിയും സമയം വൈകിയിട്ടില്ല എനിക്ക് നിന്നെ വേണം.. എനിക്കും നിനക്കും ഇമാനും കൂടി ഒരു പുതിയ ജീവിതം.. ”

” അർമാൻ നിങ്ങൾ   തമാശ പറയാതെ പോകാൻ നോക്ക്… ഞാൻ നിങ്ങളെ വേണ്ടെന്നു വെച്ചതാണ് അത് ഇപ്പോഴും അങ്ങനെതന്നെ ആണ്..അതിലൊരു മാറ്റമില്ല.. ഇനിയും നിങ്ങൾ ഇതെല്ലാം പറഞ്ഞ് എന്നെ ശല്യം ചെയ്യാനാണ് ഭാവമെങ്കിൽ ഞാൻ ഈ ജോലി ഉപേക്ഷിച്ചു പോകും.. പിന്നെ നിങ്ങൾ ഒരിക്കലും എന്നെ കാണില്ല.. ഇതാ വാതിൽ… നിങ്ങൾക്ക് പുറത്തേക്ക് പോകാം.. ” ഗൗരിയുടെ വാക്കുകളിൽ നിസ്സഹായനായി നിറകണ്ണുകളുമായി അർമാൻ ഫ്ലാറ്റിൽ നിന്ന് പുറത്തേക്കിറങ്ങി..

അവൻ പുറത്തിറങ്ങിയ ഉടനെ  വാതിൽ ശക്തമായി വലിച്ചെടുത്തു കൊണ്ട് അവൾ  താഴെ കുഴഞ്ഞിരുന്നു.. അടക്കിവെച്ച കരൾച്ചിൽ ചീളുകൾ പുറത്തേക്ക് തെറിച്ചു.. താൻ അന്ന് അവനെ വേണ്ടെന്ന് പറഞ്ഞപ്പോഴും അവൻ കാരണമന്വേഷിച്ച് തന്റെ അടുത്തേക്ക് തിരിച്ചു വരുമെന്ന് അവൾ ആഗ്രഹിച്ചിരുന്നു .. ആ പ്രതീക്ഷകൾ തെറ്റിച്ച് അവൻ ഒരിക്കലും തിരികെ വരാത്തതിൽ അവൾ കുറെ കരഞ്ഞു തീർത്തതാണ്.. എന്നിട്ട് ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അവൻ തിരികെ വന്നിരിക്കുന്നു.

എനിക്ക് അവനെ വേണ്ട അവളുടെ മനസ്സ് മന്ത്രിച്ചു.. പക്ഷേ മനസ്സിന്റെ വേറൊരു കോണിൽ അവനോടുള്ള  സ്നേഹവും അതിൽ കൂടുതൽ ഇമാന്റെ മുഖവും അവളെ നിസ്സഹായയാക്കി ആക്കി.

സമയമെടുത്താലും ഏതു വിധേനയും ഞാനും എന്റെ മകനും നിന്നെ നേടും എന്ന ഉറപ്പിൽ  അർമാൻ വാതിലിനു പുറത്തു നിറകണ്ണുകളാൽ നിന്നു..

ശുഭം

 

സുബിഷ

Leave a Reply

You cannot copy content of this page