താണ്ഡവം ഭാഗം 21

താൻ ആരുടെ ഇടനെഞ്ചിലാണ് ചേർന്നുനിൽക്കുന്നത് എന്ന ബോധം വന്നതും ദേവ ഞെട്ടിക്കൊണ്ട് അവനിൽ നിന്നും അടർന്ന് മാറി.
​”സോറി, ഞ… ഞാൻ അറിയാതെ പെട്ടെന്ന് എന്തോ ഓർത്ത്…” തന്റെ കണ്ണുനീർ തുടച്ചുകൊണ്ട് മഹേന്ദ്രന്റെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞ് ദേവ തന്റെ മുറിയിൽ നിന്നും ഇറങ്ങാൻ ഒരുങ്ങിയതും, അവളുടെ ഇടത്തെ കൈയിൽ മഹേന്ദ്രന്റെ പിടുത്തം വീണതും ഒരേസമയമായിരുന്നു.
​കണ്ണ് നിറച്ചുകൊണ്ട് തിരിഞ്ഞ് മഹേന്ദ്രനെ നോക്കിയ ദേവ കാണുന്നത് അവളെ തന്നെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുന്ന മഹേന്ദ്രനെയാണ്. അവൾ എന്തോ പറയുവാൻ വേണ്ടി ഒരുങ്ങിയതും അതിനു മുന്നേ അവൻ അവളെ പിടിച്ച് തന്റെ നെഞ്ചിലേക്ക് വലിച്ചു നിർത്തിയിരുന്നു.
​ഒരു നിമിഷം അവന്റെ കണ്ണുകളിലേക്ക് നോക്കുവാൻ പോലും അവൾക്ക് വല്ലാത്ത മടി തോന്നി. എന്താണെന്ന് അറിയില്ല, ഇപ്പോൾ മഹേന്ദ്രന്റെ അടുത്ത് നിൽക്കുമ്പോൾ തന്റെ ഹൃദയം ക്രമാതീതമായി മിടിക്കുന്നത് ദേവ അറിയുന്നുണ്ടായിരുന്നു.
​”ചോദിച്ചതിനുള്ള മറുപടി പറയാതെ പോകുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല ഭദ്ര. എന്തിനാ നീ കരഞ്ഞത്? കോളേജിൽ നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?”
​തീക്ഷ്ണമായ നോട്ടം, ഉറച്ച വാക്കുകൾ. മഹേന്ദ്രന്റെ മുഖത്തേക്ക് ഇനിയും നോക്കി നിൽക്കുവാൻ തനിക്ക് സാധിക്കില്ല എന്ന് തോന്നിയതും ദേവ മുഖം താഴ്ത്തിക്കൊണ്ട് കണ്ണുകൾ നിറച്ച് ഡാനിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവനോടായി പറഞ്ഞു.
​എല്ലാം കേട്ട് കഴിയുമ്പോഴേക്കും മഹേന്ദ്രന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു പോയിരുന്നു.
​”മ്മ്മ്മ്… ഇപ്പോൾ ഈ കാര്യം മറ്റാരും അറിയണ്ട, നമ്മൾ മാത്രം അറിഞ്ഞാൽ മതി. പിന്നെ നാളെ മുതൽ ഡാനി എന്ന് പറഞ്ഞവന്റെ ശല്യം നിനക്ക് ഉണ്ടാകില്ല, ആ ഒരു ഉറപ്പ് ഞാൻ തരുന്നു.”
​അത്രയും പറഞ്ഞ് ദേവയെ ഒന്ന് നോക്കിക്കൊണ്ട് മഹേന്ദ്രൻ കാറ്റുപോലെ പുറത്തേക്ക് ഇറങ്ങിപ്പോയി.
​വൈകുന്നേരം ക്ലബ്ബിൽ ഇരുന്ന് മദ്യം സേവിക്കുകയാണ് കൊമ്പനക്കാട്ടിലെ ആൻഡ്രൂസും അവന്റെ കൂട്ടാളികളും. അവരോടൊപ്പം തന്നെ ഡാനിയുമുണ്ടായിരുന്നു.
​”ഹോ എന്റെ ഡാനി മോനെ, എന്നാ സൈസ് പെണ്ണാ ഇവള്! എന്തൊരു നിറമാടാ പെങ്കൊച്ചിന്… അല്ല, സത്യത്തിൽ നീ ഇവളെ വിവാഹം കഴിക്കും എന്നൊക്കെ പറഞ്ഞത് സത്യമല്ലേ? അല്ലെങ്കിൽ ഇച്ചായനും ഒന്ന് രുചി നോക്കാൻ ആയിരുന്നു…”
​ഡാനിയുടെ മൊബൈലിൽ കാണുന്ന ദേവയുടെ ഫോട്ടോ നോക്കി വെള്ളം ഇറക്കിക്കൊണ്ട് ആൻഡ്രൂസ് ഒരു വഷളൻ ചുവയോടെ അവനെ നോക്കിക്കൊണ്ട് പറഞ്ഞു.
​”അത് പിന്നെ എന്റെ ഇച്ചായന് തരാതെ ഇച്ചായന്റെ അനിയൻ എന്തെങ്കിലും കഴിക്കാറോ കുടിക്കാറോ ഉണ്ടോ? പണ്ട് മുതലേ നമ്മളെല്ലാം ഷെയർ ചെയ്യാറുള്ളതല്ലേ. അതുകൊണ്ട് ഇതിലും എന്റെ ഇച്ചായൻ വിഷമിക്കേണ്ട. എന്റെ ഇച്ചായന്റെ സന്തോഷം തന്നെയാണ് ഈ അനിയൻ ഡാനിയുടെ സന്തോഷവും.”
​ഗ്ലാസിലെ മദ്യം നുണഞ്ഞുകൊണ്ട് ഡാനി ആൻഡ്രൂസിനെ നോക്കി പറഞ്ഞതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.
​”ഹാ.. ഹാ.. ഹാ.. നീയാടാ എന്റെ പൊന്നനുജൻ…”
​”എന്നാൽ പിന്നെ ഇച്ചായാ, ചിയേഴ്സ്…”
​”ചിയേഴ്സ്!”
​എന്താണ് അവിടെ സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായില്ല. ആരുടെയോ ചവിട്ടുകൊണ്ട് ഡാനി തെറിച്ച് വീഴുന്നതാണ് ആൻഡ്രൂസ് കണ്ടത്.
​പിറകിലേക്ക് തിരിഞ്ഞു നോക്കിയതും ആൻഡ്രൂസ് കണ്ടു, അഗ്നിസ്ഫുരിക്കുന്ന കണ്ണുകളോടെ കൈമുഷ്ടി ചുരുട്ടിപ്പിടിച്ച് മുറുകിയ മുഖത്തോടെ നിൽക്കുന്ന സാക്ഷാൽ മഹേന്ദ്ര ദേവ് വസിഷ്ഠയെയും അവന്റെ പിറകിൽ നിൽക്കുന്ന അർജുനെയും വരുണിനെയും.
​അവരെ മൂവരെയും പെട്ടെന്ന് അവിടെ കണ്ടതും ആൻഡ്രൂസ് ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് വർദ്ധിച്ചു വന്ന ദേഷ്യത്തോടെ ചെയറിൽ നിന്നും ചാടി എഴുന്നേറ്റു.
​”ഡാാാാ!”
​തന്റെ കൈയിൽ ഉണ്ടായിരുന്ന മദ്യഗ്ലാസ് മേശയുടെ മുകളിലേക്ക് വെച്ച് അലറിക്കൊണ്ട് ആൻഡ്രൂസ് മഹേന്ദ്രന്റെ അടുക്കലേക്ക് പാഞ്ഞടുത്തതും മഹേന്ദ്രന്റെ കൈക്കൊണ്ടുള്ള അടിയിൽ വായിൽ നിന്നും ചോര തുപ്പിക്കൊണ്ട് നിലത്തേക്ക് കമിഴ്ന്നടിച്ച് വീണുപോയി.
​”ആാാാാ!”
​ഈ സമയം ഡാനിക്ക് തലക്കെല്ലാം വല്ലാത്ത ഭാരം തോന്നുന്നുണ്ടായിരുന്നു. ആരോ ഇരുമ്പ് കുടം കൊണ്ട് തലക്കടിച്ചത് പോലെ; ഒപ്പം നിലത്തേക്ക് മറിഞ്ഞു വീണപ്പോൾ സിമന്റ് തറയിൽ തല ഇടിക്കുകയും ചെയ്തു.
​തന്നെ ഇടിച്ചത് ആരാണെന്ന് നോക്കിക്കൊണ്ട് വർദ്ധിച്ചു വന്ന ദേഷ്യത്തോടെ ചാടി എഴുന്നേറ്റ ഡാനി മഹേന്ദ്രന്റെ അടുക്കലേക്ക് ഓടിച്ചെന്നു.
​”ഡാാാാ! നീയെന്നെ തല്ലുമല്ലേടാ നാ*** മോനേ…”
​അത്രയും പറഞ്ഞ് മഹേന്ദ്രന്റെ നേർക്ക് തന്റെ വലതു കൈ ഉയർത്തിയതും ആ വലതുകൈ ബ്ലോക്ക് ചെയ്ത് മഹേന്ദ്രൻ ഡാനിയുടെ കൈ പിടിച്ച് തിരിച്ച് ഒടിച്ചു കളഞ്ഞു.
​”ആാാാാ! ആാാാാ! ആാാാാ!”
​ഡാനിയുടെ കണ്ണുകൾ വേദനയാൽ മിഴിഞ്ഞു വന്നു. ഡാനിയുടെ കൈയുടെ എല്ലൊടിയുന്ന ശബ്ദം ആൻഡ്രൂസിന് വരെ കേൾക്കാമായിരുന്നു.
​സത്യത്തിൽ ആദ്യമായിട്ടാണ് അവൻ മഹേന്ദ്രനെ ഇത്രയും ദേഷ്യത്തിൽ കാണുന്നത്. ഇതിനു മുന്നേ പല ബിസിനസ് കാര്യത്തിനും തങ്ങൾ തമ്മിൽ പോരുകോഴികളെപ്പോലെ പോരാടിയിട്ടുണ്ടെങ്കിലും ഇത്രയും ദേഷ്യം ആദ്യമായിട്ടാണ് അവനിൽ എന്ന് ആൻഡ്രൂസ് ഓർത്തെടുത്തു.
​”നീ ഈ കൈ കൊണ്ടല്ലേടാ ദേവഭദ്രയെ തൊട്ടത്? അതുകൊണ്ട് തൽക്കാലത്തേക്ക് ഞാൻ നിന്റെ ഈ കൈ ഇങ്ങെടുക്കുകയാണ്.”
​ദേവഭദ്രയുടെ പേര് കേട്ടതും ഡാനി ഞെട്ടിക്കൊണ്ട് മഹേന്ദ്രനെ നോക്കി. ആൻഡ്രൂസിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.
​”കുറച്ചുകാലം നീ ഈ വലതു കയ്യില്ലാതെ നടന്നാൽ മതി ഇനി…”
​”ആാാാാ!”
​ഡാനിയെ പിടിച്ച് മഹേന്ദ്രൻ തള്ളിയതും അവൻ നേരെ നിലത്തേക്ക് വീണുപോയി. ദേഷ്യവും വേദനയും കൊണ്ട് ഡാനിയുടെ മുഖമെല്ലാം വിവർണ്ണമായിരുന്നു. പകയെരിയുന്ന കണ്ണുകളോടെ ഡാനി മഹേന്ദ്രനെ തന്നെ നോക്കി നിന്നു.
​”ഡാനി, നിന്റെ പ്രായം അതൊന്ന് കരുതിയിട്ടാണ് ഞാൻ നിന്നെ വെറുതെ വിടുന്നത്. ഇനിയും നിന്റെ മുന്നിൽ ജീവിതം കിടപ്പുണ്ട്. ദോ ഇവന്റെ കൂടെ കൂടി നശിക്കാനാണ് നിന്റെ തീരുമാനമെങ്കിൽ അധികം വൈകാതെ കൊമ്പനക്കാട്ടിൽ നിനക്ക് വേണ്ടി ഞാൻ ഒരു ശവപ്പെട്ടി പണിയും. നീ തൊട്ടു കളിച്ചത് വസിഷ്ഠ കുടുംബത്തിലെ പെണ്ണിനെയാണ്. എന്റെ…”
​മഹേന്ദ്രൻ എന്തോ പറയാൻ വന്നതും അത് മുഴുവനാക്കാതെ ആൻഡ്രൂസിന്റെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു:
​”ആൻഡ്രൂസേ, അനിയന് പറഞ്ഞു കൊടുത്തേക്ക് ഈ മഹേന്ദ്രൻ ആരാണെന്ന്. മേലിൽ ദേവഭദ്രയുടെ നിഴൽ വെട്ടത്ത് എങ്ങാനും നിന്നെ കണ്ടാൽ…”
​വിരലുകൾ ചൂണ്ടി മുറുകിയ മുഖത്തോടെ അത്രയും പറഞ്ഞ് രണ്ടുപേരെയും ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് മഹേന്ദ്രൻ മുൻപേ നടന്നു.
​മഹേന്ദ്രൻ പോയി എന്ന് കണ്ടതും അർജുൻ മുന്നോട്ടുവന്ന് ഡാനിയുടെ ചെകിട് നോക്കി ഒന്ന് പൊട്ടിച്ചു.
​”മേലിൽ എന്റെ അനുജത്തിയുടെ നിഴൽ വട്ടത്ത് പോലും നിന്നെ കണ്ടു പോകരുത്. പിന്നെ നാളെ തൊട്ട് കോളേജിലേക്ക് വരണ്ട, നിനക്കുള്ള ഡിസ്മിസൽ ലെറ്റർ വീട്ടിലേക്ക് അയച്ചുതരുന്നതായിരിക്കും.”
​അത്രയും പറഞ്ഞ് അർജുനും ദേഷ്യത്തിൽ നടന്നകന്നു.
​വരുൺ അല്പസമയം ആൻഡ്രൂസിനെയും ഡാനിയെയും നോക്കി നിന്നു. പിന്നീട് വരുണിന്റെ അടി കൊണ്ട് ആൻഡ്രൂസ് സിമന്റ് തറയിലേക്ക് മുഖമടിച്ച് വീണു.
​”എന്റെ കർത്താവേ…”
​ഇത് കണ്ട് ഡാനി പകച്ചുകൊണ്ട് വരുണിനെ നോക്കിയതും വരുൺ അവനെ നോക്കിക്കൊണ്ട് പറഞ്ഞു:
​”നിനക്കിട്ട് ഇനി തന്നാൽ നീ താങ്ങില്ല, അതുകൊണ്ടാ നിന്റെ ഇച്ചായനിട്ട് ഞാൻ പൊട്ടിച്ചത്. മേലിൽ ഇത് ആവർത്തിക്കരുത്.”
​ഒരു നിമിഷം വരുൺ അടക്കം മൂന്നുപേരും ദൂരേക്ക് നടന്നു പോകുന്നത് മുറുകിയ മുഖത്തോടെ ഡാനിയും ആൻഡ്രൂസും നോക്കിക്കൊണ്ടേയിരുന്നു.
​(തുടരും…)

Leave a Reply

You cannot copy content of this page