(രചന: നയന സുരേഷ്)
രണ്ടാനച്ഛന്മാരെല്ലാം ചീത്തയാണെന്ന് പാറുവിനോട് പറഞ്ഞത് മാളൂട്ടിയാണ് . അവളുടെ അമ്മ അമ്മൂമ്മയോട് പറയുന്നത് മാളൂട്ടി കേട്ടൂത്രെ,
‘ആണോ ,എന്താ നിന്റെ അമ്മ അമ്മൂമ്മയോട് പറഞ്ഞത് ‘
‘അതോ .. വടക്കേലെ രാധാമണീടെ മോള് സുമ രണ്ടാമത് കെട്ടാൻപൂവാണെന്ന്.. ഇനി ആ പാറുന്റെ കാര്യാ കഷ്ടം , സ്വന്തം അച്ഛനെ വിശ്വസിക്കാൻ പറ്റാത്ത കാലാ അപ്പളാ രണ്ടാനച്ഛനെന്ന് ,,പിന്നമ്മ പറയാ .. രണ്ടാനച്ഛനൊന്നും കുട്ടികളെ സ്നേഹിക്കില്ലാന്ന് .. എപ്പളും തല്ലുത്രെ’
അത് കേട്ടത് തൊട്ട് പാറുവിന് പേടിയാണ് .രണ്ടാം ക്ലാസ്സുകാരിയാണ് പാറു .മാളുവാണ് ഉറ്റ കൂട്ടുകാരി ,രാവിലെ തുടങ്ങുന്ന വർത്താനം വൈകീട്ട് വീടെത്തണവരെ തുടരും .അതുകൊണ്ടുത്തന്നെ ഉഷ ടീച്ചർ മാളുനേം പാറുനേം അടുത്തടുത്തിരുത്താറില്ല .
അന്ന് രാവിലെ മുതൽ പാറു ആരോടൊന്നും മിണ്ടിയില്ല .ഉച്ചക്കമ്മ ചോറ്റുപാത്രത്തിൽ മോരു കൂട്ടി കുഴച്ചു വെച്ച ചോറ് മുഴുവനുണ്ടില്ല .വെള്ളം കുപ്പിയിലെ വെള്ളം കുടിച്ചില്ല .ടീച്ചർ പറഞ്ഞതൊന്നും നോട്ടുബുക്കിലെഴുതീല .
‘ പാറ്വോ … നിന്റെ അമ്മടെ കല്യാണം കഴിഞ്ഞ അച്ഛന്റെ വീട്ടിലേക്ക് നീയുംപോവ്യോ ?’
ഉം , പോവും
പോയാ വെറെ സ്ക്കൂളിലല്ലെ പഠിക്കാ
അതറിയില്ല
പിന്നെങ്ങനാ നമ്മള് കാണാ
പാറു ഒന്നും മിണ്ടാതെ നടന്നു .വീട്ടിലെത്തിയപ്പോൾ വാടിയ മുഖം കണ്ട് അമ്മ പാറൂന്റെ നെറ്റി തൊട്ട് നോക്കി..
‘പനിയൊന്നും ഇല്ലല്ലോ പാറോയ് , പിന്നെന്താ ഒരു ക്ഷീണം , ഹാ എങ്ങനാ ക്ഷീണല്യാണ്ടിരിക്കാ ഒരു മിനിറ്റ് വായ അടക്കില്ലല്ലോ ‘
അമ്മമ്മയും മാമനും തിരക്കിലാണ് . ഇനി മൂന്നു ദിവസോം കൂടിയുള്ളുത്രെ കല്യാണത്തിന് ,അവൾക്ക് പട്ടുപാവാട തയ്ച്ച് വെച്ചിട്ടുണ്ട് .
പന്തലുപണിക്കാര് വന്നിട്ട് മുറ്റത്ത് പന്തലിടാണ് .ഇന്ന് പന്തലിട്ടില്ലെങ്കിൽ ഇനി മഴ പെയ്താ മുറ്റം നിറയെ ചെളിയാവുംന്നാണ് മാമൻ പറയണത് .
പിറ്റേന്ന് രാവിലെ അവാൾ മാളൂനെ കാത്ത് നിന്നു .
‘ ഞാൻ കരുതി നീ ഇന്ന് ഇണ്ടാവില്ലാന്ന്
‘അമ്മമ്മ പറഞ്ഞു ഇന്ന് പൊക്കോളാൻ’
‘പാറു ഒരു വലിയ രഹസ്യമുണ്ട് ‘
‘എന്താ ‘
‘നീയത് ശ്രദ്ധിച്ച് കേക്കണം ‘
ഉം
‘ നമ്മടെ സ്ക്കൂളില് ഇന്നാള് പോലീസ് വന്നട്ട് പറഞ്ഞില്ലെ നമ്മുടെ ബോഡി പാർട്ട്സിൽ കുറേ സ്ഥലത്ത് ആരും തൊടാൻ പാടില്ലാന്ന് ,,, ഈ രണ്ടാനച്ചന്മാരൊക്കെ അവിടെ യൊക്കെ പിടിക്കാൻ നോക്കുന്ന് ‘
‘ഇതാരാ പറഞ്ഞെ ‘
‘പണിക്കുവരണ ശാന്തമ്മേച്ചി അമ്മയോട് ഇങ്ങനത്തെ കുറേ കഥ പറയണത് അകത്തെ മുറീലിരുന്ന് ഞാൻ കേട്ടതാ .. നീ അമ്മടെ കൂടെ പോണ്ടാട്ടോ ‘
അച്ഛനില്ലാത്ത സങ്കടം അവൾക്കെപ്പോഴും ഉണ്ടായിരുന്നു ..പൂരത്തിന് കൊണ്ടുവാനും , തോളിലെടുത്ത് ആനയെ കാണിക്കാനൊക്കെ അച്ഛനുണ്ടെങ്കിലോയെന്ന് അവൾക്ക് തോന്നും .
പിറ്റേന്ന് കല്യാണം കഴിഞ്ഞ് ഉച്ചയോടെ എല്ലാരും പോയി , കുറച്ചു പേരെ കല്യാണത്തിനുണ്ടായിരുന്നുള്ളു .മുറ്റത്ത് മുകളിലേക്ക് അടക്കി വെച്ച കസാരക്കുമുകളിൽ അവൾ കയറിയിരുന്നു .
‘ എവിടെങ്കിലും ഒളിച്ചിരുന്നലോ ? അപ്പോ അച്ഛൻ എന്നെ കാണില്ലല്ലോ ? ഇല്ലെങ്കിൽ അമ്മടെ കൂടെ പോണില്ല പറഞ്ഞ് കരയാം …. ആ കുഞ്ഞു മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു .
‘ പാറു എന്താ ഓർക്കണെ ‘
അവളൊന്നു ഞെട്ടി ,, അയാളവളുടെ അടുത്തേക്ക് വന്നു .കസാര മുറുകെ പിടിച്ച് പാറു അയാളുടെ കണ്ണിലേക്ക് നോക്കി …
‘ എന്താ പാറുക്കുട്ടി ഇങ്ങനെ നോക്കണെ ,’
‘ വാ …അച്ഛൻ എടുക്കാം ‘
വേണ്ട
അതെന്താ ? പാറൂനച്ഛൻ ഒരു സാധനം കൊണ്ടന്ന്ണ്ട്
എന്ത് സാധനം
വാ .. വന്നാ തരാം
എനിക്ക് സാധനം വേണ്ട
‘അമ്പടി കള്ളി പെണ്ണെ … നിനക്കെന്താ എന്റെടുത്ത് വന്നാ .സത്യാ പറയണെ അച്ഛൻ മോൾക്ക് ഒരു സാധനം കൊണ്ടന്ന് ണ്ട്’
അയാളവളെ പതിയെ എടുത്ത് മുറിയിലേക്ക് നടന്ന് കട്ടിലിൽ വെച്ചു ..പെട്ടി തുറക്കുന്നതും മിന്നുന്ന കുഞ്ഞിപ്പെട്ടിയെടുക്കുന്നതും അവൾ നോക്കി നിന്നു .
‘തുറന്ന് നോക്ക് ‘ … അവൾ ആ പെട്ടി വാങ്ങി … അയാളവളുടെ അടുത്തിരുന്നു …
പെട്ടന്നവളുടെ കണ്ണുകൾ തിളങ്ങി … നിറയെ മുത്തുകളുള്ള പാദസരം … അവൾ കുഞ്ഞിപ്പല്ലുകാട്ടി ചിരിച്ചു ..
‘വാ അച്ഛൻ ഇട്ട് തരാം,’
അവൾ കാലുകൾ അച്ഛനു നീട്ടി വെച്ചു കൊടുത്തു ..
‘ഇനി എന്റെ പാറുവൊന്ന് നടന്നെ’
അവളാ മുറിയിൽ കിലുങ്ങി കൊണ്ട് ഓടി നടന്നു .. അവളുടെ ചിരിക്കൊപ്പം അയാളും ചിരിച്ചുകൊണ്ടിരുന്നു ..
‘ഇനി പാറൂനെന്താ വേണ്ടെ ‘
‘എന്നെ പൂരത്തിന് കൊണ്ടോയിട്ട് ആനടെ അടുത്ത് അച്ഛന്റെ തോളിലേറ്റി നിൽക്കോ .’
എന്തിനാ അച്ഛന്റെ തോള് … പാറൂനെ അച്ഛൻ ആനപ്പുറത്ത് കേറ്റി നിർത്തില്ലെ … എന്നിട്ട് പാറൂം അച്ഛനും കൂടി …. വാ വന്ന് അച്ഛന്റെ പുറത്ത് കേറ് …. അവൾ ഓടി വന്ന് അച്ഛന്റെ പുറത്ത് കേറി .. ജില്ലം പെപ്പര പെപ്പര പെപ്പര
അവൾ ഉറക്കെ ചിരിച്ചു ..അയാളും ….
ഇതെല്ലാം കേട്ട് മുറിക്കു പുറത്ത് നിറഞ്ഞ കണ്ണുകളോടെ അവൾടെ അമ്മ പുഞ്ചിരിച്ചുകൊണ്ടിരുന്നു ..