ശ്രീകലയും വാസുദേവനും അടക്കം എല്ലാവരും ഞെട്ടിത്തരിച്ചുകൊണ്ട് മുന്നോട്ടേക്ക് നോക്കിയപ്പോൾ കാണുന്നത് ദേവയെ ഒരു കൈയ്യാൽ ചേർത്തു പിടിച്ചുകൊണ്ട് മഴയിൽ കുളിച്ച് നിൽക്കുന്ന മഹേന്ദ്ര ദേവസിഷ്ഠയെയും അവന്റെ പിറകിലായി നിൽക്കുന്ന ദൃഢഗാത്രരായ ഗാർഡ്സുകളെയും ആണ്…
മഹേന്ദ്രന്റെ നിനക്കാത്ത ചവിട്ടായതിനാൽ തന്നെ ജിത്തു നേരെ ചെന്ന് തറവാടിന്റെ തിണ്ണയിൽ ഇടിച്ച് നിലത്ത് വീണതുകൊണ്ട് അവന്റെ പുറം ആകെ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു…
ആ വേദന മറന്ന് ദേവയെ ചേർത്തു പിടിച്ചു നിൽക്കുന്ന മഹേന്ദ്രന്റെ കൈകളെ കാണുംതോറും ജിത്തുവിന്റെ ശരീരമെല്ലാം ദേഷ്യം കൊണ്ട് വിറപൂണ്ടു.
”ഡാാാാാ!”
ജിത്തു നിലത്തു നിന്ന് ചാടി എഴുന്നേറ്റതും അവന്റെ പിറകെയായി തന്നെ വാസുദേവനും ശ്രീകലയും മുറ്റത്തേക്ക് ഇറങ്ങി നിന്നു. ഇടിച്ചു കുത്തി പെയ്യുന്ന മഴയൊന്നും അവർക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു ആ സമയം…
ഈ സമയം ദേവ അടികൊണ്ട് അവശയായി ഒരു താങ്ങ് കിട്ടിയത് പോലെ മഹേന്ദ്രന്റെ നെഞ്ചിലേക്ക് ചേർന്നുനിന്നു. തന്നെ ഇപ്പോൾ ചേർത്തു പിടിച്ചിരിക്കുന്നത് മഹേന്ദ്രൻ ആണെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അവനിൽ നിന്നും വേർപെട്ടു പോകുവാൻ അവൾ ആ സമയം ആഗ്രഹിച്ചില്ല. അതിന് കാരണം മറ്റൊന്നുമല്ല — ജിത്തു! അവനെ കാണുംതോറും അവൾക്ക് വല്ലാത്ത ഭയം തോന്നുന്നുണ്ടായിരുന്നു…
അതുകൊണ്ട് ദേവ തന്റെ വിറക്കുന്ന കൈകളാൽ മഹേന്ദ്രന്റെ ഷർട്ടിൽ മുറുകെപ്പിടിച്ച്, ജിത്തുവിനെയോ തന്റെ വീട്ടുകാരെയോ നോക്കുവാൻ ഇഷ്ടപ്പെടാതെ മുഖം തിരിച്ചു കണ്ണുകൾ മുറുകെ അടച്ചു നിന്നു.
”എടി!”
അലറിക്കൊണ്ട് ജിത്തു നിലത്ത് കിടന്ന വലിയൊരു കമ്പിപ്പാരയും എടുത്തുകൊണ്ട് മഹേന്ദ്രന്റെ നേർക്ക് ഓടിച്ചെന്നു.
മഹേന്ദ്രന്റെ അടുക്കലേക്ക് ഓടിവരുന്ന ജിത്തുവിനെ കണ്ടതും, തന്റെ കയ്യിൽ ഒതുങ്ങി നിൽക്കുന്ന ദേവയെ ഒരു വശത്തേക്ക് മാറ്റി നിർത്തി ജിത്തുവിന്റെ നെഞ്ചു നോക്കി ഒരൊറ്റ ചവിട്ടായിരുന്നു മഹേന്ദ്രൻ…
നില തെറ്റി ജിത്തു നിലത്ത് വീണെങ്കിലും തോറ്റുകൊടുക്കാൻ താല്പര്യമില്ലാത്ത പോലെ എഴുന്നേറ്റ് ആ കമ്പിപ്പാര മഹേന്ദ്രന്റെ നേർക്ക് വീശി അവൻ.
പെട്ടെന്നുള്ള ജിത്തുവിന്റെ പ്രവർത്തിയിൽ മഹേന്ദ്രന് പിറകോട്ടെക്ക് നീങ്ങുവാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ആദ്യത്തെ അടി അവന് നെറ്റിയിൽ തന്നെ കൊണ്ടു. ചെറുതായി നെറ്റിയിൽ നിന്നും ചോര കിനിഞ്ഞിറങ്ങുന്നത് കണ്ടതും ദേവ പേടിച്ചുകൊണ്ട് വായിൽ കൈകൾ വച്ചു നിന്ന് മഹേന്ദ്രനെ തന്നെ നോക്കി നിന്നു പോയി…
ഒന്ന് വേച്ചു പോയെങ്കിലും മഹേന്ദ്രൻ നേരെ നിന്ന് കൊണ്ട് ജിത്തുവിനെ നോക്കുമ്പോൾ, അവന്റെ മുഖത്ത് ഒരു വിജയചിരിയായിരുന്നു അവന് കാണാൻ സാധിച്ചത്.
ഇതുകൂടി കണ്ടതും മഹേന്ദ്രന്റെ ദേഷ്യം ഉച്ചസ്ഥായിയിലായി. അവൻ ഓടി ജിത്തുവിന്റെ അരികിലേക്ക് വന്നതും, ജിത്തു അതേസമയം തന്നെയാണ് തന്റെ കയ്യിലുള്ള കമ്പിപ്പാര മഹേന്ദ്രനു നേർക്ക് അടിക്കുവാൻ വേണ്ടി ഉയർത്തിയത്.
പക്ഷേ, തന്റെ കൈകൾ ഉയർത്തി മഹേന്ദ്രൻ ആ അടി ബ്ലോക്ക് ചെയ്തുകൊണ്ട് ജിത്തുവിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ആ കമ്പിപ്പാര സ്വന്തമാക്കി.
നിലത്തേക്ക് തെറിച്ചുവീണ ജിത്തു എഴുന്നേൽക്കാൻ ഒരുങ്ങുമ്പോഴേക്കും മഹേന്ദ്രൻ ഓടിവന്ന് ജിത്തുവിന്റെ വലതുകാലിൽ ആ കമ്പി കൊണ്ട് ഒരൊറ്റ അടിയായിരുന്നു…
”ആാാാാ! ആാാാാ!”
ഭൂമി പിളരുമാറുള്ള ഉച്ചത്തിൽ ജിത്തുവിന്റെ കരച്ചിൽ ആ തറവാടിനെ ആകെ പിടിച്ചു കുലുക്കി. സത്യത്തിൽ മാധവന് സന്തോഷം തോന്നി. കുഞ്ഞുനാൾ മുതലേ ലാളിച്ചു വളർത്തിയതിന്റെ എല്ലാ ദൂഷ്യഫലങ്ങളും ജിത്തുവിനുണ്ട്. ഇന്നത്തോടുകൂടി അവൻ നന്നാവുകയാണെങ്കിൽ നന്നാവട്ടെ എന്ന് മാധവനും മനസ്സിൽ കണക്കുകൂട്ടി. അതുകൊണ്ടുതന്നെ അയാൾ മഹേന്ദ്രനെ തടയുവാൻ മുൻപോട്ടേക്ക് പോയില്ല…
ആദ്യമായി ജിത്തുവിന് തന്റെ മുന്നിൽ നിൽക്കുന്ന മഹേന്ദ്രൻ എന്നുപറയുന്നവൻ നിസാരക്കാരനല്ല എന്നു വരെ തോന്നിപ്പോയി…
”അയ്യോ എന്റെ കുഞ്ഞിനെ കൊല്ലുന്നല്ലോ, ഓടിവായോ നാട്ടുകാരെ…” ഓമന തലതല്ലി അലറി കരഞ്ഞു.
”അയ്യോ എന്റെ മോനേ…” ഓമന നെഞ്ചത്തടിച്ചു പൊട്ടിക്കരഞ്ഞു.
എന്നിട്ടും ദേഷ്യം തീരാതെ മഹേന്ദ്രൻ ജിത്തുവിന് ഒന്ന് പ്രതികരിക്കാൻ സമയം കൊടുക്കുന്നതിനു മുന്നേ തന്റെ വലതു കൈ ഉയർത്തി അവന്റെ കഴുത്തിൽ മുറുകെപ്പിടിച്ച് ജിത്തുവിനെ തൂക്കി ഒരൊറ്റ ഏറായിരുന്നു… കാലിന്റെ എല്ല് പൊട്ടിപ്പോയി എന്ന് പോലും അവന് തോന്നി. മുഖം അടിച്ച് പലപ്രാവശ്യം നിലത്ത് വീണതുകൊണ്ടായിരിക്കാം മൂക്കിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു ജിത്തുവിന്…
നിലത്ത് വീണുകിടക്കുന്ന ജിത്തുവിനെ നോക്കിക്കൊണ്ട് കലിതുള്ളി ശ്രീകല മഹേന്ദ്രന്റെ അടുക്കലേക്ക് പാഞ്ഞു ചെന്നു.
അവന്റെ ഉള്ളംകയിൽ തളർന്ന് അവശയായി ഒതുങ്ങി നിൽക്കുന്ന ദേവയെ കാണുംതോറും ശ്രീകലക്കാകെ വിറഞ്ഞു കയറുന്നുണ്ടായിരുന്നു. അവർ തന്റെ വലതു കൈ ഉയർത്തി ദേവയുടെ മുടിക്കുട്ടിൽ പിടിക്കുവാൻ ഒരുങ്ങിയതും…
മഹേന്ദ്രന്റെ കൈയിൽ നിന്നും കവിളിൽ കിട്ടിയ അടിയിൽ ശ്രീകല തെറിച്ച് ചെളിവെള്ളത്തിലേക്ക് മുഖം അടിച്ച് വീണു! ഒരു നിമിഷം മുന്നിലെ കാഴ്ച കണ്ട തറവാട്ടിലുള്ള എല്ലാവരും സ്തംഭിച്ചു നിന്നു പോയി.
മഹേന്ദ്രന്റെ രാവണരൂപം കണ്ട് പേടിച്ചു പോയ ഓമന വായിൽ കൈകൾ വച്ച് മഹേന്ദ്രനെ നോക്കി നിന്നു…
ശ്രീകല വീണു കിടക്കുന്നത് കണ്ടതും വാസുദേവൻ മഴയിലേക്ക് വീണ്ടും ഇറങ്ങി ഓടി അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു.
സത്യത്തിൽ തന്റെ തലയിൽ ആരോ ഇരുമ്പുകുടം കൊണ്ട് അടിച്ചത് പോലെയാണ് അവർക്ക് തോന്നിയത്. വായയുടെ ഉള്ളിൽ എല്ലാം രക്തച്ചുവ അവർ അറിയുന്നുണ്ടായിരുന്നു…
”എടീ ഒരുമ്പെട്ടവളെ… എവിടെനിന്നോ വന്ന ഒരുത്തൻ നിന്റെ സ്വന്തം അമ്മയെ തല്ലിചതച്ചിട്ടും ഒന്നും മിണ്ടാതെ നോക്കിനിൽക്കുന്ന നീ ഒരു മകളാണോ? ഒരുകാലത്തും ഗുണം പിടിക്കില്ല, നാശം പിടിച്ചവളെ നീ…”
വാസുദേവന്റെ അലർച്ചയിൽ പോലും ദേവയ്ക്ക് ഒന്നും തോന്നിയില്ല. അവളും ചിന്തിക്കുകയായിരുന്നു — തന്റെ സ്വന്തം അമ്മയെ ഒരാൾ ഇങ്ങനെ അടിച്ചാൽ മകളെന്ന നിലയ്ക്ക് താൻ ശരിക്കും കരയുകയോ അല്ലെങ്കിൽ ‘അരുത്’ എന്നെങ്കിലും പറയുകയോ ചെയ്യേണ്ടതല്ലേ? ഇതിപ്പോൾ ഞാൻ എന്താ ഒന്നും പറയാതെ നിൽക്കുന്നത്?
ശ്രീകലയുടെ മുഖത്തെ വേദന കണ്ടിട്ട് പോലും ദേവയ്ക്ക് ഒന്നും തോന്നുന്നുണ്ടായിരുന്നില്ല…
”അയ്യോ എന്റെ ഏട്ടാ, നിങ്ങൾ അവളെ പിടിക്കാതെ നമ്മുടെ മോനെ വന്ന് പിടിച്ച് നോക്കിയേ… നമ്മുടെ കുഞ്ഞിന്റെ ഒരു അവസ്ഥ…” നിലത്ത് കിടക്കുന്ന ജിത്തുവിനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ കഴിയാതെ പറ്റിയതും ഓമന അലറി കരഞ്ഞുകൊണ്ട് വാസുദേവനോട് പറഞ്ഞു.
”ഹാ, ഞാനിതാ വരുന്നു…”
പതിയെ ശ്രീകലയെ നടത്തിച്ചു കൊണ്ടുവന്ന വാസുദേവൻ അവരെ തറവാടിന്റെ ഇറയത്തായി ഇരുത്തി. പിന്നീട് ഓമനയുടെ അടുത്തേക്ക് ചെന്ന് ജിത്തുവിനെ എങ്ങനെയോ പിടിച്ചു എഴുന്നേൽപ്പിച്ചു. അവന്റെ കാലിന് സാരമായി പരിക്കുള്ളതിനാൽ അവന് ശരിക്കും നടക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല…
ജിത്തുവിനെ തറവാടിന്റെ തിണ്ണയിൽ ഇരുത്തി മുന്നിലേക്ക് നോക്കിയതും തങ്ങളുടെ തൊട്ടുമുന്നിലായി നിൽക്കുന്ന മഹേന്ദ്രനെ കണ്ട് അയാൾ അറിയാതെ പേടിച്ച് രണ്ട് അടി പിറകോട്ടേക്ക് മാറിനിന്നു…
തൊട്ടടുത്ത് ഇരിക്കുന്ന ജിത്തുവിനെ ഒന്നു നോക്കി മഹേന്ദ്രൻ ശ്രീകലയുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു വെച്ചുകൊണ്ട് അവരോടായി പറഞ്ഞു:
”ആളും തരം നോക്കി കളിക്കണം മിസിസ് ശ്രീകല. നിങ്ങൾക്ക് ശരിക്കും ഈ മഹേന്ദ്ര ദേവസിഷ്ഠനെ കുറിച്ച് അറിയില്ല. നിങ്ങൾ എന്ത് കരുതി? ആ ഊച്ചാളി സെബാസ്റ്റ്യൻ എസ്.ഐ.യുടെ മുന്നിലിട്ട് നിങ്ങൾ നല്ലൊരു പെർഫോമൻസ് നടത്തിയപ്പോൾ ഞാൻ അങ്ങ് ഭയന്നു പോയെന്നോ?”
”എന്നാൽ കേട്ടോ… നിങ്ങൾക്ക് ഒത്താശ ചെയ്തു തന്ന എസ്.ഐ. ഉണ്ടല്ലോ, അവൻ ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ കയ്യും കാലും ഒടിഞ്ഞ് കിടപ്പുണ്ട്!”
”പിന്നെ ഇവൻ… നിങ്ങളുടെ മരുമോൻ ജിത്തു! ഇപ്പോൾ നിർത്തിക്കോണം ദേവയുടെ പിറകെയുള്ള ഇവന്റെ ഓട്ടം. ഇനിയും ഇവളെ തേടി ഇവൻ വരികയാണെങ്കിൽ, പിന്നെ നിങ്ങളെ തേടി ഇവൻ ഒരിക്കലും വരില്ല!”
വന്യതയാർന്ന മുഖത്തോടെ മഹേന്ദ്രൻ ശ്രീകലയെ നോക്കി പറയുമ്പോൾ ശ്രീകല ഒന്ന് പതറിയെങ്കിലും കത്തുന്ന കണ്ണുകളോടെ അവരും മഹേന്ദ്രനെ തന്നെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു അപ്പോൾ…
പക്ഷേ, ഇതെല്ലാം കേട്ട് വാസുദേവനും ഓമനയും ആകെ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി.
”അറിയാം, ഞാനിവിടെ നിന്നിറങ്ങിയാൽ നിങ്ങൾ അടുത്ത തന്ത്രവുമായി വരുമെന്ന്. എന്ത് സംഭവിച്ചാലും ഈ മഹേന്ദ്രന്റെ കയ്യിൽ നിന്നും ദേവയെ നിങ്ങൾക്ക് തിരിച്ചു കിട്ടില്ല! പറയുന്നത് വസിഷ്ഠ സാമ്രാജ്യത്തിന്റെ അധിപൻ മഹേന്ദ്ര ദേവസിഷ്ഠയാണ്… ഓർത്തുവെച്ചോ നിങ്ങൾ!”
അത്രയും പറഞ്ഞ് ദേവയുടെ കൈകളിൽ പിടിച്ച് അവളെയും കൊണ്ട് അവൻ കാറിലേക്ക് കയറിയതും അവന്റെ കാറും ഒപ്പം കൂടെ വന്ന ഗാർഡ്സുകളുടെ കാറും ഒരു ഇരമ്പലോടെ തറവാട്ടിൽ നിന്നും അകന്നു പോയി…
ഒരു കാഴ്ചക്കാരനെ പോലെ ഇതെല്ലാം കണ്ടുനിന്ന മാധവന്റെയും പെൺമക്കളുടെയും മുഖത്ത് സന്തോഷമാണെങ്കിൽ, ബാക്കിയുള്ള നാലുപേരുടെയും കണ്ണുകളിൽ പകയെരിയുന്നുണ്ടായിരുന്നു…
തന്റെ വായിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന കട്ടച്ചോര പുറത്തേക്ക് തുപ്പിക്കൊണ്ട് ജിതേന്ദ്രൻ ചുവന്ന കണ്ണുകളോടെ മഹേന്ദ്രൻ പോകുന്ന വാഹനത്തെ തന്നെ നോക്കി നിന്നു.
”മഹേന്ദ്രൻ… മഹേന്ദ്ര ദേവവസിഷ്ഠ…”
”ഹാ… ഹാ… ഹാ…”
തന്റെ കൺമുമ്പിൽ നിന്നും മറഞ്ഞു പോകുന്ന വാഹനങ്ങൾ നോക്കി ഒരു ഭ്രാന്തനെ പോലെ അലറിച്ചിരിക്കുന്നുണ്ടായിരുന്നു ജിതേന്ദ്രൻ ആ സമയം…
(തുടരും…)
