എന്നും ഒരേ ആഹാരം കഴിക്കുന്നത് എല്ലാവർക്കും മടുപ്പ് തോന്നുന്ന ഒരു കാര്യം തന്നെയാണ്. അത് കൊണ്ട് തന്നെ ഇന്ന് നമുക്ക് പൂരിയും ചപ്പാത്തിയും തോറ്റുപോകും രുചിയിൽ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. റവ കൊണ്ടാണ് ഈ കിടിലൻ പലഹാരം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് റവ ഒരു ബൗളിലേക്ക് എടുക്കുക. ശേഷം റവയിലേക്ക് മുക്കാൽ കപ്പ് തിളച്ച വെള്ളം ചേർത്ത് മിക്സാക്കുക. ശേഷം പതിനഞ്ച് മിനിറ്റോളം റവയെ കുതിരാനായി വെക്കുക.
ഇനി പതിനഞ്ച് മിനിട്ടിനു ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് റവയെ ഒന്ന് ഉടച്ചെടുക്കുക. ശേഷം ഒരു പകുതി ഫ്രഷ് പൊട്ടറ്റോ ഗ്രേറ്റാക്കിയതും, കുറച്ചു മല്ലിയില അരിഞ്ഞതും, ഒരു നുള്ളു മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളക്പൊടി, രണ്ട് നുള്ള് ഗരം മസാലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സാക്കുക. ശേഷം ഒരു കപ്പ് ഗോതമ്പ് മാവും ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. വെള്ളം വീണ്ടും കൂടുതലായി തോന്നുന്നു എങ്കിൽ വീണ്ടും ആവശ്യത്തിന് ഗോതമ്പ് മാവ് ചേർത്ത് കുഴച്ചാൽ മതിയാകും.
ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഒരു പൂരി പ്രസ്സിൽ ഓരോ ബോളായി പരത്തി എടുക്കുക. അല്ലെങ്കിൽ കൗണ്ടർ ടോപ്പിലിട്ട് കുറച്ചു പൊടി വിതറിയ ശേഷം പരത്തിയാലും മതിയാകും. ശേഷം എല്ലാം പരത്തിയ ശേഷം ഒരു ചട്ടിയിൽ എണ്ണ അരഭാഗത്തോളം വെച്ച് ചൂടാക്കുക. ശേഷം നല്ല ചൂടായി വന്ന എണ്ണയിൽ ഓരോന്നായി ഇട്ട് ഫ്രൈ ചെയ്തു എടുക്കുക. രണ്ട് സൈഡും മൂത്തു വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ പലഹാരം ഒന്ന് തയ്യാറാക്കി നോക്കണേ.
