മാമ്പഴ പുളിശ്ശേരി ഇഷ്ടമുള്ളവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാലോ. നല്ല മധുരമുള്ള പഞ്ചാര മാങ്ങാ കൊണ്ടാണ് ഈ പുളിശ്ശേരി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നല്ല പോലെ പഴുത്ത മാങ്ങാ എടുക്കുക. നല്ല പോലെ പഴുത്ത ചെറിയ മാങ്ങയാണ് എങ്കിൽ ആറ് മാങ്ങാ എടുക്കുക. അല്ലെങ്കിൽ മൂന്നു മാങ്ങാ എടുത്താൽ മതി. ഇവിടെ ചെറിയ മാങ്ങാ ആയതുകൊണ്ടുതന്നെ ആറ് മാങ്ങയാണ് എടുത്തിട്ടുള്ളത്. ശേഷം മാങ്ങയെ തൊലി കളഞ്ഞെടുക്കുക. ഇനി മാങ്ങയെ ഒരു പാത്രത്തിലേക്ക് മാറ്റുക.
ശേഷം അതിലേക്ക് കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളക് അരിഞ്ഞതും, ചേർത്ത് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ മുളക്പൊടി, ഒന്നര കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് അടുപ്പിലേക്ക് വെക്കുക. ഇനി തിളച്ചു വന്നാൽ ഫ്ളൈയിം ലോയിലേക്ക് ഇടുക. അതിനുശേഷം പത്തു മിനിറ്റോളം മാങ്ങാ വേവിച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങാ ചേർക്കുക. ഇനി തേങ്ങയിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് തേങ്ങാ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത തേങ്ങയെ വേവിച്ചെടുത്ത മാങ്ങയിലേക്ക് ചേർത്ത് ഇളക്കുക.
ഇനി അര കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന കറിയിലേക്ക് രണ്ട് ടീസ്പൂൺ ശർക്കര ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ തിളച്ചു കറി വറ്റി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം അടുപ്പിൽ നിന്നും മാറ്റി കറി തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന കറിയിലേക്ക് നല്ല പോലെ അടിച്ചെടുത്ത അര കപ്പ് തൈര് ചേർത്ത് ഇളക്കുക. നല്ലപോലെ ഇളക്കിയ ശേഷം കുറച്ചു കടുക് താളിച്ചൊഴിക്കാം.
അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാല് ഉണക്കമുളകും, കാൽ റ്റീസ്പൂണിലും താഴെ ഉലുവയും, കുറച്ചു കറിവേപ്പിലയും, കാൽ ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് ഇളക്കി മൂപ്പിച്ച ശേഷം കറിയിലേക്ക് ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മാമ്പഴ പുളിശ്ശേരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കറി തയ്യാറാക്കി നോക്കണേ.
