നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളാണ് ചിക്കൻ റെസിപ്പികൾ. എന്നാൽ ഇന്ന് നമുക്ക് ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ചിക്കൻ പലഹാരങ്ങൾക്ക് ഒപ്പം കഴിക്കാനാണ് ഏറെ നല്ലത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ആവശ്യത്തിനുള്ള അളവിൽ മുറിച്ചു നല്ല പോലെ കഴുകി ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക. ശേഷം ചിക്കനിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഉപ്പും, ഒരു നാരങ്ങയുടെ നീരും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പുളി കുറഞ്ഞ ഒരു ടേബിൾ സ്പൂൺ തൈരും, ചേർത്ത് നന്നായി ചിക്കനുമായി ചേർത്ത് യോജിപ്പിക്കുക.
ശേഷം അര മണിക്കൂറോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി അടച്ചു ഫ്രഡ്ജിലേക്ക് വെക്കുക. ഇനി ഒരു പാനിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ വലിയ ജീരകം, ഒരു പീസ് ഏലക്ക, ഒരു കഷ്ണം പട്ട, രണ്ട് പീസ് ഗ്രാമ്പൂ, രണ്ട് ടീസ്പൂൺ ഫ്രഷ് മല്ലി, മൂന്നു പീസ് ഗ്രാമ്പൂ, ഒരു ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് വറുക്കുക. ശേഷം അഞ്ചു പീസ് കാശ്മീരി വറ്റൽമുളകും, അഞ്ചു വറ്റൽമുളകും ചേർത്ത് വറുക്കുക. എല്ലാം നല്ല പോലെ ചൂടായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് കുറച്ചു വാളൻ പുളി പിഴിഞ്ഞ വെള്ളവും ചേർത്ത് നന്നായി അരച്ചിട്ട് എടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് നാലു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ഇനി കുറച്ചു കറിവേപ്പിലയും, രണ്ട് സവാള പൊടിയായി അരിഞ്ഞതും, പാകത്തിനുള്ള ഉപ്പും ചേർത്ത് വഴറ്റുക. നല്ല മൂത്തു വന്ന സവാളയിലേക്ക് നേരത്തെ റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ ചേർത്ത് ഇളക്കുക. മൂന്നു മിനിറ്റോളം ഇത് നല്ല പോലെ ഇളക്കിയ ശേഷം നേരത്ത അരച്ച് വെച്ച മസാല ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അഞ്ചു മിനിറ്റോളം മീഡിയം ഫ്ളൈമിൽ അടച്ചു വെക്കുക.
അഞ്ചു മിനിറ്റായപ്പോൾ ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി വന്നിട്ടുണ്ട്. ശേഷം ചിക്കൻ ഒന്നും കൂടി ഇളക്കി അടച്ചു വെച്ച് വേവിച്ചെടുക്കുക. ശേഷം എല്ലാം നല്ല പോലെ വെന്തു പാകമായി വരുമ്പോൾ വെള്ളം ഉണ്ട് എന്നുണ്ടെങ്കിൽ തുറന്നു വെച്ച് ചിക്കൻ ഡ്രൈ ആക്കി റോസ്റ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കി നോക്കണേ. ചോറിനൊപ്പവും ചപ്പാത്തിക്ക് ഒപ്പവുമെല്ലാം വളരെ ടേസ്റ്റിയാണ് ഈ റോസ്റ്റ്.
