ഏത് പലഹാരത്തിനൊപ്പം കഴിക്കാനും വളരെ രുചികരമായ ഒരു കറിയാണ് മുട്ടക്കറി. എന്നാൽ മുട്ടക്കറി തക്കാളി ചേർക്കാതെ തയ്യാറാക്കിയിട്ടുണ്ടോ. അപ്പോൾ ഇന്ന് നമുക്ക് തക്കാളി ചേർക്കാതെ എങ്ങനെയാണ് മുട്ടക്കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 നുള്ള് ഉപ്പും ചേർത്ത് ഇളക്കുക.
ഇനി 4 പുഴുങ്ങിയ മുട്ട ഈ മസാലയിലിട്ട് റോസ്റ്റാക്കി എടുക്കുക. എന്നിട്ട് ബാക്കിയുള്ള എണ്ണയിലേക്ക് ഒരു ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക. ശേഷം അതിനൊപ്പം 3 സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ഇനി സവാള നല്ലപോലെ ഇളക്കിയ ശേഷം 3 പച്ചമുളക് അരിഞ്ഞത് ചേർത്തിളക്കുക. ശേഷം അതിനൊപ്പം കുറച്ചു കറിവേപ്പിലയും ചേർത്ത് സവാള നല്ലപോലെ വഴറ്റിയെടുക്കുക. ഇനി സവാള ഒന്ന് വാടി വന്നാൽ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക.
എന്നിട്ട് സവാളയും നല്ലപോലെ വാടിവന്നാൽ അര ടേബിൾ സ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, എന്നിവ ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് ഒരു മിനിറ്റോളം മസാലയും ഉള്ളിയും കൂടി വഴറ്റിയെടുക്കുക. ശേഷം ഈ മസാലയിലേക്ക് 3 ടേബിൾ സ്പൂൺ തൈര് ചേർക്കുക. നല്ല പുളിയുള്ള തൈരാണ് എടുത്തിട്ടുള്ളത്. ശേഷം കറിയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കുക. എന്നിട്ട് കാൽ കപ്പ് വെള്ളം കൂടി ഈ മസാലയിലേക്ക് ചേർത്തിളക്കുക.
വെള്ളം ചേർത്ത ശേഷം ലോ ഫ്ളൈമിൽ വെച്ച് കറി തിളപ്പിക്കുക. ശേഷം ഫ്രൈ ആക്കി വെച്ചിട്ടുള്ള മുട്ടയും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് കൊടുക്കുക.എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ടക്കറി തയ്യാറായിട്ടുണ്ട്. ഏത് പലഹാരത്തിനൊപ്പം കഴിക്കാനും ഈ കറി ഏറെ രുചികരമാണ്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
