ഹോട്ടൽ രുചിയിലുള്ള തനിനാടൻ മുട്ട റോസ്റ്റ് ഇനി വീട്ടിലും

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു മുട്ടക്കറി തയ്യാറാക്കിയാലോ. ഹോട്ടൽ സ്റ്റൈലിലുള്ള നല്ല രുചികരമായ ഒരു മുട്ട റോസ്റ്റാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ മുട്ടറോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മൺചട്ടി അടുപ്പിലേക്ക് വെക്കുക. ശേഷം ചൂടായി വന്ന മൺ ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക, ശേഷം എണ്ണയിലേക്ക് കുറച്ചു കറിവേപ്പിലയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടീസ്പൂൺ കുരുമുളക് ചതച്ചതും ചേർത്ത് ചൂടായി വരുമ്പോൾ നാലു മുട്ട രണ്ടായി മുറിച്ചെടുക്കുക. എന്നിട്ട് അതിനെ മസാലയിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം മുട്ട തിരിച്ചും മറിച്ചുമിട്ടു ഒന്നു മൂപ്പിച്ചെടുക്കുക. എന്നിട്ട് ബാക്കിയുള്ള എണ്ണയിലേക്ക് കാൽ ടീസ്പൂൺ പെരുംജീരകവും, രണ്ട് ഏലക്കയും, മൂന്നു ഗ്രാമ്പുവും, ഒരു കഷണം പട്ടയും ചേർത്തിളക്കുക. ശേഷം നാല് സവാള ചെറുതായി അരിഞ്ഞത് ചേർത്ത്കൊടുക്കുക, എന്നിട്ട് പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.
ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്തിളക്കുക. എന്നിട്ട് അതിനൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് അര ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് ഇളക്കുക.

മസാലകളെല്ലാം നല്ലപോലെ മൂത്തു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിനുശേഷം തക്കാളി നല്ലപോലെ വാടി വരുമ്പോൾ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കുക. എന്നിട്ട് നല്ലപോലെ തിളയ്ക്കാൻ അനുവദിക്കുക. നല്ലപോലെ തിളച്ചു വന്ന മസാലയിലേക്ക് കാൽ ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം നേരത്തെ മൂപ്പിച്ചെടുത്ത മുട്ട കൂടി കറിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് മിനിറ്റോളം അടച്ചുവെച്ച് കറി വേവിക്കുക.

കറി പാകത്തിന് വെന്തു ഗ്രേവി ഒന്ന് കുറുകിവരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഹോട്ടൽ സ്റ്റൈലിലുള്ള മുട്ട റോസ്റ്റ് തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. എല്ലാവരും ഈ രീതിയിലൊരു മുട്ട റോസ്റ്റ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page