*രുദ്രാക്ഷം 65*
രുദ്രന്റെ ഓർമ്മകൾ ഭൈരവൻ മരിച്ച ആ ദിവസത്തിലേക്ക് ഓടിമറഞ്ഞു…
രാത്രിയിൽ എന്തോ ഉറക്കമില്ലാത്തത് കൊണ്ട് തന്നെ അല്പസമയം ഓപ്പൺ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു രുദ്രൻ..
മനസ്സാകെ അസ്വസ്ഥത കാരണം എന്താണെന്ന് ചോദിച്ചാൽ മനസ്സിലാകുന്നില്ല.. സമയം നോക്കിയപ്പോൾ രാത്രി 2:00 മണി….
പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പുകച്ചുരുളുകൾ വായുവിലേക്ക് പറത്തിവിടുമ്പോഴാണ് ഒരു സ്ത്രീ രൂപം കുളക്കടവ് ലക്ഷ്യമാക്കി നടന്നു പോകുന്നത് രുദ്രന്റെ ശ്രദ്ധയിൽപ്പെട്ടത്..
സത്യത്തിൽ അല്പം ദൂരെ ആയതുകൊണ്ട് തന്നെ ആരാണ് ആ നടന്നുപോകുന്നതെന്ന് രുദ്രന് മനസ്സിലായില്ല.. അതുകൊണ്ടുതന്നെ കയ്യിലുണ്ടായിരുന്ന സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞ് ആ സ്ത്രീ രൂപം പോയ വഴിയെ തന്നെ രുദ്രനും അവരെ ഫോളോ ചെയ്തുകൊണ്ട് അവർ അറിയാതെ പിറകിലായി നടന്നു…
പെട്ടെന്നാണ് കാലാവസ്ഥ മാറിയത് കാറ്റും ഇടിയും മിന്നലും..
കാറ്റിൽ അവർ തലയിലൂടെ മറച്ചിരുന്ന നേരിയത് ഉതിർന്നു വീണതും മുന്നിൽ പോകുന്ന വ്യക്തിയെ കണ്ട് രുദ്രൻ ഒന്ന് ഞെട്ടി
ചെറിയമ്മ?
രുദ്രന്റെ കണ്ണുകൾ ഒന്നു കുറുകി എന്തിനായിരിക്കും ഈ അസമയത്ത് ചെറിയമ്മ കുളക്കടവിലേക്ക് പോകുന്നത്.. എന്തായാലും കണ്ടുപിടിച്ചിരിക്കണമെന്ന ദൃഡ നിശ്ചയത്തോടെ രുദ്രനും അവർക്ക് പിന്നാലെ തന്നെ വെച്ചു പിടിച്ചു…
കുളക്കടവിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയ ലളിത കാണുന്നത് പിന്തിരിഞ്ഞു കുളത്തിലേക്ക് നോക്കിനിൽക്കുന്ന ഭൈരവനെയാണ്..
അയാളെ കണ്ടതും ലളിത വേഗം ഭൈരവന്റെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു..
ഭൈരവ പറ ആരാണ് എന്റെ മിത്ര മോളുടെ ശത്രു..
ലളിതയുടെ ശബ്ദം കേട്ടതും ഭൈരവന്റെ കണ്ണുകൾ ഒന്നു വിടർന്നു അയാൾ പിന്തിരിഞ്ഞു ലളിതയെ നോക്കി.
ഇപ്പോഴും ലളിതയിൽ ആ പഴയ സൗന്ദര്യം ജ്വലിച്ചു നിൽക്കുന്നതുപോലെ അയാൾക്ക് തോന്നി..
ഭൈരവന്റെ നോട്ടം ഇഷ്ടപ്പെടാതെ ലളിത വീണ്ടും ചോദിച്ചു..
ഭൈരവ നീ എന്താണ് ഒന്നും മിണ്ടാതെ ഇങ്ങനെ നിൽക്കുന്നത് പറ…പറയാൻ..
എന്തിനാ ലളിതേ നീ ഇങ്ങനെ വല്ലാതെ പരിഭ്രമിക്കുന്നത്..നിന്റെ ഭൈരവൻ നിന്റെ തൊട്ടടുത്തുള്ളപ്പോൾ നിനക്കുള്ള എല്ലാ ചോദ്യത്തിനുള്ള ഉത്തരവും ലഭിക്കുന്നതാണ്..
ലളിതയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ഭൈരവൻ ഓർക്കുകയായിരുന്നു..
ലളിതാ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതും അവളെ കാണണമെന്ന ആഗ്രഹം അവൾ തന്റെ മനസ്സിൽ വല്ലാതെ ഉയർന്നുവരുന്നുണ്ടായിരുന്നു ഒരു നോക്കെങ്കിലും അവളെ കാണുവാൻ വേണ്ടിയാണ് ത്രിക്കോട്ട് കോവിലകത്തിന്റെ മണ്ണിലേക്ക് താൻ കാലുകുത്തിയത് ഇന്നലെ വൈകുന്നേരം ക്ഷേത്രദർശനത്തിന് തനിച്ചുവരുന്ന ലളിതയെ കണ്ടതും ആദ്യമായി എത്രയോ വർഷങ്ങൾ ശേഷം അവളെ കാണുന്നതുപോലെ അവിടേക്ക് ചെന്ന് അവളെ പരിചയപ്പെട്ടു…..
എത്രയോ വർഷങ്ങൾക്ക് ശേഷം ഒരു ആത്മസുഹൃത്തിനെ കണ്ട സന്തോഷം ലളിതയുടെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു എന്ന് ഭൈരവൻ ഓർത്തെടുത്തു..
പിന്നീട് കൃഷ്ണപുരം കൊട്ടാരത്തിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അവിടുത്തെ മിത്ര തമ്പുരാട്ടിക്ക് ആരോ ശത്രു ഉണ്ടെന്നു കൂടി പറഞ്ഞതും ലളിതയുടെ മുഖത്തെ പേടി താൻ ശരിക്കും കണ്ടതാണ്..
കൂടുതൽ അറിയാൻ വേണ്ടി അവൾ ജ്ഞാസ കാട്ടിയെങ്കിലുംരാത്രി കുളക്കടവിലേക്ക് വരാൻ തന്റെ നിർദ്ദേശം ലഭിച്ചത് കൊണ്ടാണ് അവൾ ഇവിടെ വന്നതെന്ന് അല്പം കുടിലതയോടെ ഓർത്തെടുത്തു അയാൾ ..
ഭൈരവ….ഭൈരവ നീ എന്താണ് ഒന്നും പറയാതെ നിൽക്കുന്നത്.. ലളിതയ്ക്ക് സത്യത്തിൽ ദേഷ്യം വരുന്നുണ്ടായിരുന്നു..
ഹാ…. ഹാ…. ഹാ….
ഒരു രാക്ഷസന്റെ പോലെയുള്ള അവന്റെ അട്ടഹാസം കേട്ട് ലളിതയ്ക്ക് അല്പം ഭയം തോന്നി. കാരണം രാത്രിയാണ് ആരും ചുറ്റുപാടും ഇല്ല ശേഖരേട്ടനോട് പോലും പറയാതെയാണ് താൻ ഇപ്പോൾ വന്നത് എന്ന് ഓർത്തതും ലളിതയിൽ ഭയത്തിന്റെ മുളകൾ പൊട്ടിത്തുടങ്ങിയിരുന്നു അവളുടെ ശരീരമാകെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു
എന്തിനാ ഭൈരവാ നീ ഇങ്ങനെ ചിരിക്കുന്നത്..
മുഖത്ത് ഭയത്തിന്റെ പതർച്ച അറിയുവാതിരിക്കാന്‍ നന്നെ പാടുപെട്ടുകൊണ്ട് ലളിത ഭൈരവനോട് ചോദിച്ചു..
ലളിതേ ഭൈരവൻ തന്റെ വലതു കൈ ഉയർത്തി ലളിതയുടെ ശരീരത്തിലേക്ക് കൈവെക്കുവാൻ ഒരുങ്ങിയതും ഞെട്ടിക്കൊണ്ട് ലളിത രണ്ടടി പിറകോട്ടേക്ക് മാറിനിന്നു..
നീ നീ ഇതെന്താണ് പ്രവർത്തിക്കുന്നത് ഭൈരവ.. നി… നിന്നെ ഞാൻ ഒരു സഹോദരൻ ആയിട്ടാണ് കണ്ടത് ആ ഒരു വിശ്വാസത്തിലാണ് അർദ്ധരാത്രി എന്നെ വിളിച്ചപ്പോൾ സത്യങ്ങൾ അറിയുവാനുള്ള ആകാംക്ഷയിൽ ഞാൻ ഇവിടേക്ക് വന്നത് അതും എന്റെ മകളുടെ കാര്യം ആയതുകൊണ്ട് മാത്രം..
എന്നിട്ട് ഇപ്പോൾ ഛേ!!! നിന്നിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…നീയാ എന്റെ ആ പഴയ ഭൈരവൻ എന്ന ആത്മ സുഹൃത്തല്ല…
ഞാൻ പോകുന്നു ഇനിയും ഇവിടെ നിന്നാൽ നമ്മുടെ നല്ല സുഹൃത്ത് ബന്ധം എന്നെന്നേക്കുമായി നഷ്ടപ്പെടും അത്രയും പറഞ്ഞു ലളിത നടക്കുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് ഭൈരവൻ അവരുടെ കയ്യിൽ കയറി പിടിച്ചത്..
ഇതെല്ലാം രുദ്രൻ കാണുന്നുണ്ടായിരുന്നു..അവൻ ചെറിയമ്മയുടെ അടുത്തേക്ക് പോകുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് ഭൈരവൻ ലളിതയുടെ മുഖത്ത് നോക്കി പറഞ്ഞത്..
ഹാ അങ്ങനെയങ്ങ് പോയാലോ ലളിതേ, നീ എന്താ പറഞ്ഞത് ആത്മസുഹൃത്ത് എന്നോ നിനക്ക് ഞാൻ ആത്മ സുഹൃത്ത് ആയിരുന്നെങ്കിൽ എനിക്ക് നീ ആരായിരുന്നു എന്ന് അറിയുമോ നിനക്ക്.. അറിയുമോ എന്ന്!!!!!
സത്യത്തിൽ ക്രോധം കൊണ്ട് ചുവന്ന കണ്ണുകളോടെ മുഖം എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്ന ഭൈരവനെ കണ്ടതും ലളിത ഒന്ന് ഭയന്നു..
ഇനി എന്താണ് ഭൈരവൻ പറയാൻ പോകുന്നത് എന്ന് കേൾക്കുവാൻ വേണ്ടി ലളിത അയാളെ തന്നെ നോക്കി നിന്നു..
കാത് തുറന്നു കേട്ടോ ലളിതേ നീ എന്റെ പ്രണയിനിയായിരുന്നു നിന്നെ ഒരിക്കലും ഞാൻ എന്റെ ആത്മസുഹൃത്തായിട്ട് കണ്ടിട്ടില്ല..നി ഒരിക്കലും എന്റെ പ്രണയം തിരിച്ചറിഞ്ഞില്ല നിനക്ക് അപ്പോഴും ശേഖരനെ ആയിരുന്നല്ലോ കണ്ണിൽ പിടിച്ചത്..പിന്നെ പിന്നെ നീ എന്തിനാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നത്.. ആരോരും കളിക്കൂട്ടുകാർ ഇല്ലാതെ ഞാനും ദേവരാജനും ഒതുങ്ങി ജീവിക്കുക അല്ലായിരുന്നൊ അവിടെക്ക് ഇടിച്ചു കയറി വന്ന് ഒരു സുഹൃത്ത് ബന്ധം സൃഷ്ടിച്ചത് നീയല്ലേ..
അന്ന് ഞങ്ങളോട് നീ സൗഹൃദം കൂടുമ്പോൾ എന്നിൽ സൗഹൃദത്തിന് പകരം പ്രണയത്തിന്റെ വല്ലരികൾ പൂത്തുലഞ്ഞു തുടങ്ങിയിരുന്നു..അവസാനം കോളേജിന്റെ അവസാനദിവസം ഞാൻ നിന്നോട് പ്രണയം പറയാൻ വന്നതും ഞാൻ കാണുന്നത് ശേഖരന്റെ നെഞ്ചിൽ ചേർന്നുനിന്ന് വിങ്ങി പൊട്ടിക്കരയുന്ന നിന്നെയാണ്..
സത്യത്തിൽ അന്നത്തെ എന്റെ അവസ്ഥ..മുറുകിയ മുഖത്തോടെ ഭൈരവൻ ലളിതയെ തന്നെ നോക്കി നിന്നു..
കാത്തിരുന്നു ഞാൻ നിന്നെ എനിക്ക് കിട്ടുവാൻ വേണ്ടിയുള്ള നല്ലൊരു അവസരത്തിനു വേണ്ടി പക്ഷേ ഞാൻ കരുതിയത് പോലെ ആയിരുന്നില്ല പിന്നിലുള്ള എന്റെ ജീവിതം അച്ഛന്റെ മരണം എന്നെ വല്ലാതെ തളർത്തി അതിനിടയിൽ നീ ശേഖരനുമായി ഒളിച്ചോടി..
അതോടുകൂടി എനിക്ക് നിന്നോടും ശേഖരനോടും പകയായിരുന്നു പക..
ആ പകയുടെ ബാക്കിപത്രമാണ് അന്ന് നിനക്ക് ഉണ്ടായ ആക്സിഡന്റ്…
പക്ഷേ എവിടെയോ എന്തോ ഒരു പിഴവ് എനിക്ക് പറ്റി അതുകൊണ്ട് മാത്രമാണ് നീയും നിന്റെ ഭർത്താവ് എന്ന് പറയുന്നവനും അന്ന് രക്ഷപ്പെട്ടത് പക്ഷേ നിന്റെ കുഞ്ഞ് അതിനെയെങ്കിലും എനിക്ക് അന്ന് കൊല്ലുവാൻ കഴിഞ്ഞല്ലോ ആ ഒരു സംതൃപ്തിയിലാണ് ഇപ്പോഴും ഞാൻ നിൽക്കുന്നത്..
നീ എന്ത് കരുതി ലളിതേ ഇപ്പോൾ നിന്നെ ഞാൻ ഇവിടെക്ക് വിളിച്ചുവരുത്തിയത് എന്തിനാണെന്ന് നിനക്ക് ഇപ്പോഴും ശരിക്കും മനസ്സിലായില്ല അല്ലേ എന്നാൽ കേട്ടോ നിന്നെ… നിന്നെ എന്നെന്നേക്കുമായി ഈ ഭൈരവന്റെ മാത്രമാക്കുവാൻ പോവുകയാണ് ഞാൻ പിന്നെ മിത്ര അവളുടെ തലയ്ക്കു മുകളിലുള്ള ശനി അത് മറ്റാരുമല്ല എന്റെ മകൻ തന്നെയാണ് ഇവിടെ വിഘ്നേഷ് എന്ന പേരിൽ കയറി കൂടിയവൻ വികർണ്ണൻ എന്റെ മകൻ ഈ ഭൈരവന്റെ കാളിയാർ മഠത്തിലെ ഭൈരവന്റെ മകൻ.. ഹാ.. ഹാ.. ഹാ
തന്റെ ഇരു കൈകളും വിടർത്തി വച്ച് ആകാശത്തേക്ക് നോക്കി ഒരു ഉന്മാദിയെ പോലെ ഭൈരവൻ വിജയ കൊടുമുടിയിൽ നിന്നുകൊണ്ട് പറഞ്ഞു..
അപ്പോൾ തന്നെ ആകാശത്ത് വലിയൊരു ഇടിവെട്ടി മിന്നൽ പിണർ ഭൂമിയിൽ പതിഞ്ഞു കഴിഞ്ഞിരുന്നു..
ആ ശബ്ദമാണ് ലളിതയെ സ്വബോധത്തിൽ കൊണ്ടുവന്നത് ഭൈരവൻ പറഞ്ഞ ഓരോ കാര്യങ്ങൾ കേട്ടതും അവർക്ക് സമനില തെറ്റുന്നത് പോലെ തോന്നി..
ദുഷ്ടാ എങ്ങനെ തോന്നി ഒരു പിഞ്ചു കുഞ്ഞിനെ കൊല്ലുവാൻ മാത്രം നീ ഇത്രയും നികൃഷ്ട ജന്മം ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ലല്ലോ എന്റെ ദേവി. നി ഒരിക്കലും ഒരു കാലത്തും ഗുണം പിടിക്കില്ല ഭൈരവ നീ ആഗ്രഹിച്ചത് ഒന്നും ഒരിക്കലും നിനക്ക് നേടാൻ കഴിയില്ല ഇതൊരു അമ്മയുടെ ശാപമാണ് ഓർത്തുവെച്ചോ നീ..
ഭൈരവന് നേരെ കത്തുന്ന കണ്ണുകളോടെ ലളിത അത്രയും പറഞ്ഞു പിന്തിരിഞ്ഞു നടക്കുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് ഭൈരവൻ ലളിതയെ പിറകിൽ നിന്നും ഇറുക കെട്ടിപ്പുണർന്നത്..
അങ്ങനെയങ്ങ് പോയാലോ ലളിതേ നിന്നെ നേടുക എന്ന ആഗ്രഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അതിനെ വർഷങ്ങളുടെ പഴക്കമുണ്ട് ഇന്ന് ഞാൻ ആ ആഗ്രഹം നേടിയെടുക്കുക തന്നെ ചെയ്യും..
ഇല്ല ഭൈരവ അരുത് എന്നെ ഒന്നും ചെയ്യരുത് വിട് വിടാൻ അല്ലേ പറഞ്ഞത്..
ഈ സമയം ഭൂമിയെ നനച്ചുകൊണ്ട് ഇടിയും മഴയും മിന്നലും താണ്ഡവമാടി തുടങ്ങിയിരുന്നു..
പെട്ടെന്ന് എവിടെ നിന്നൊ കിട്ടിയ ധൈര്യത്തിൽ ഭൈരവനെ പിടിച്ചു തള്ളി ലളിത പടവുകൾ ഓടി കയറി..
ഒന്നു വേച്ചു പോയെങ്കിലും നേരാവണം നിന്നു കൊണ്ട് ലളിതയെ പിടിക്കുവാനുള്ള ആവേശത്തിൽ ഭൈരവൻ മുൻപോട്ടേക്ക് ആഞ്ഞതും പെട്ടെന്നാണ് അയാളുടെ കണ്ണുകൾ മിഴിഞ്ഞു വന്നത്..
തന്റെ കഴുത്തിൽ കൈകൾ മുറുക്കിപ്പിടിച്ച് സംഹാരരുദ്രനായി നിൽക്കുന്ന രുദ്രദേവനെ കണ്ട് ഭൈരവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു ഒപ്പം പേടിയാൽ അയാളുടെ മുഖത്തെല്ലാം വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു..
ആദ്യം ഒന്ന് പകച്ചെങ്കിലും ഭൈരവന്റെ മുഖത്ത് രുദ്രനെ കണ്ടതും ഒരു പുച്ഛചിരിയാണ് വിരിഞ്ഞത്.. ഭൈരവൻ രുദ്രനെ നോക്കിക്കൊണ്ടുതന്നെ അവന്റെ കൈകളെ തന്റെ കഴുത്തിൽ നിന്നും ഒരു പൂ പറിക്കുന്ന ലാഘവത്തോടെ എടുത്തുമാറ്റി സത്യത്തിൽ ഭൈരവന്റെ ശക്തി കണ്ട് രുദ്രൻ പോലും ഒന്ന് പതറി പോയിരുന്നു..
ഹാ ജീവനിൽ കൊതിയുണ്ടെങ്കിൽ ഇവിടെനിന്നും മാറിപ്പോകാൻ നോക്ക് ചള്ള് ചെക്കാ.. പിന്നെ നിന്നെ ഞാൻ കൊല്ലില്ല കാരണം നിന്നെ കൊല്ലുവാനുള്ള അവകാശം എന്റെ മകൻ വികർണൻ ഉള്ളതാണ്. രുദ്രനെ നോക്കി മുറുകിയ മുഖത്തോടെ ഭൈരവൻ അവനോട് പറഞ്ഞു
ഭൈരവന് മറുപടിയായി രുദ്രൻ ഒരു പുച്ഛചിരിയാണ് അയാൾക്ക് തിരിച്ചു നൽകിയത്..
പിന്നീട് സംയമനം പാലിച്ചുകൊണ്ട് അവൻ ഭൈരവനെ കൈയുയർത്തി അടിക്കുവാൻ തുടങ്ങി തികഞ്ഞ ഒരു കായിക അഭ്യാസിയെ പോലെ രുദ്രൻ ഭൈരവനെ അടിക്കുവാൻ ഒരുങ്ങുന്ന ഓരോ സമയവും ഭൈരവൻ എതിർത്തിക്കൊണ്ട് അവനെ കളിയാക്കി പൊട്ടിച്ചിരിച്ചു..
എത്രയൊക്കെ ശ്രമിച്ചിട്ടും ഭൈരവന്റെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ രുദ്രന് സാധിച്ചില്ല സത്യത്തിൽ അവനു അത്ഭുതം തോന്നി ഭൈരവന്റെ കരുത്ത് ഓർത്തിട്ട്..
പക്ഷേ ഒരു കാര്യം മനസ്സിലായിരുന്നു രുദ്രനു വല്ലാത്തൊരു അമാനുഷിക ശക്തി ഭൈരവന് ഉണ്ടെന്ന്..
ഭൈരവന്റെ മുന്നിൽ തോറ്റു തുടങ്ങിയിരുന്നു രുദ്രൻ ..ആർത്തു പൊട്ടി ചിരിച്ചുകൊണ്ട് ഭൈരവൻ രുദ്രന്റെ കഴുത്തിൽ പിടിച്ച് അവനെ എടുത്തുയർത്തി ഒരു നിമിഷം ഭൈരവന്റെ കൈയിൽ കിടന്ന രുദ്രൻ പിടഞ്ഞു…
ശ്വാസം കിട്ടാതെ പിടയുന്ന അതേ സമയം തന്നെയാണ് രുദ്രൻ ഭൈരവന്റെ കഴുത്തിൽ കിടക്കുന്ന വിവിധതരത്തിലുള്ള ഏലസകളോട് കൂടിയ മാലകൾ കാണുന്നത്.. എന്തോ ഒരു ഉൾപ്രേരണയിൽ അവനതെല്ലാം ക്ഷണം നേരം കൊണ്ട് വലിച്ചു പൊട്ടിച്ചതും ഭൈരവൻ ആർത്തുലച്ചുകൊണ്ട് രണ്ടടി പിറകോട്ടയ്ക്ക് മാറിനിന്നുപോയി..
രുദ്രൻ തന്റെ കയ്യിലുള്ള ഏലസ്സുകളിലേക്കും ഭൈരവന്റെ മുഖത്തേക്കും മാറിമാറി നോക്കി…
ഈ സമയം ഭൈരവന് തന്റെ ശരീരമെല്ലാം ചുട്ടുപൊള്ളുന്നത് പോലെ തോന്നി..
ആാാാ!!!!ആാാാാ!!!!
വേദനയാൽ ഭൈരവൻ ആർത്ത ആർത്തു കരഞ്ഞു..
കണ്ണുകൾ വലിച്ചു തുറന്നു ഭൈരവൻ മുൻപിലേക്ക് നോക്കിയതും കണ്ടു. സംഹാരരുദ്രയെ പോലെ നിൽക്കുന്ന ലളിതയെ..
കഴിഞ്ഞു ഭൈരവാ നിന്റെ അഹങ്കാരം… ഇനി അന്ത്യത്തിന്റെ സമയം അടുത്തിരിക്കുന്നു നീ ഇത്രയും കാലം കൊണ്ട് നടന്ന രക്ഷാ ദാ നിന്റെ ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടു പോയിരിക്കുന്നു ഭൈരവ നീ വെറും ഒരു മനുഷ്യനാണ് വെറും ഒരു മനുഷ്യൻ.. ഇനി നിനക്കുള്ള ശിക്ഷാവിധിയുടെ സമയമാണ് എന്റെ മകനെ എന്നിൽ നിന്നും പിരിച്ചതിന് എന്റെ മകളെ എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കിയതിന് നീ ജീവിച്ചിരിക്കേണ്ട ഭൈരവ ജീവിച്ചിരിക്കേണ്ട!!!!
എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ ലളിത വലിഞ്ഞു മുറുകിയ മുഖത്തോടെ ഭൈരവനെ പിടിച്ചു ഒരൊറ്റ തള്ളായിരുന്നു..
നില തെറ്റി ഭൈരവൻ കുളത്തിലേക്ക് വീണു..
ആാാാ!!!
രക്ഷിക്കൂ ലളിതേ എനിക്ക് നീന്തൽ അറിയില്ല എന്ന് നിനക്കറിയില്ലേ രക്ഷിക്കൂ…
ഇത് കണ്ടതും ലളിത പുച്ഛിച്ചു ചിരിച്ചുകൊണ്ട് ഭൈരവനെ തന്നെ നോക്കി നിന്നു..
അറിയാം ഭൈരവ നിനക്ക് നീന്തൽ അറിയില്ല എന്നുള്ള കാര്യം എനിക്ക് നന്നായിട്ട് അറിയാം അതുകൊണ്ടുതന്നെയാണല്ലോ നിന്നെ ഞാൻ ഇപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടത് …
ഇങ്ങനെയുള്ള ഒരു മരണമല്ല നിനക്ക് ശരിക്കും വേണ്ടത് പക്ഷേ എന്റെ ഈ കൈകൾ കൊണ്ട് തന്നെ നിന്നെ കൊല്ലണം എന്നുള്ളത് എന്റെ ആഗ്രഹമാണ് എന്റെ കുഞ്ഞിനെ നീ…. മുറുകിയ മുഖത്തോടെ ലളിത ഭൈരവനെ തന്നെ നോക്കിനിന്നു അയാൾ ജീവനുവേണ്ടി തുടിച്ചു തുടിച്ചു ചാകുന്നത് ഒരു ആത്മസംതൃപ്തിയോടെ ലളിത കണ്ടു..
ഈ സമയം രുദ്രൻ അവരുടെ അടുക്കലേക്ക് വന്ന് ഈ കാഴ്ച എന്തോ ഒരു നിർവൃതിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
അവസാനം ഭൈരവന്റെ ശരീരം കുളത്തിന്റെ അടിത്തട്ടിലേക്ക് ഊർന്ന് പോകുന്നത് നോക്കി നിന്ന് ഇരുവരും..
കുളത്തിലെ അലയലുകൾ നിന്നു ഭൈരവൻ എന്ന ദുഷ്ട ജന്മം കുളത്തിന്റെ അടിത്തട്ടിലേക്ക് പോയി എന്ന് ഉറപ്പുവരുത്തിയതും ഒരു പൊട്ടിക്കരച്ചിലായിരുന്നു ലളിത..
ഈ സമയം അവരെ ചേർത്തുപിടിച്ചുകൊണ്ട് രുദ്രൻ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു..
തുടരും..
