ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ മിത്രയുടെ കണ്ണുകൾ വീണ്ടും അടഞ്ഞു പോകുന്നുണ്ടായിരുന്നു. എത്രയോ നാളുകൾക്ക് ശേഷമാണ് മിത്ര ആദ്യമായി നല്ലൊരു ഉറക്കം ഉറങ്ങിയതെന്ന് അവൾക്ക് തോന്നി. ഇപ്പോൾ മിത്ര ചെരിഞ്ഞാണ് കിടക്കുന്നത്. അങ്ങനെ കിടന്നുകൊണ്ട് ഓരോന്ന് ഓർത്ത് കിടക്കുകയായിരുന്നു അവൾ. പെട്ടെന്നാണ് അവളുടെ അണിവയറിലേക്ക് ഒരു ദൃഢമായ കൈവന്നു ചേർന്നത്. അത്രയും നേരം ഏതോ ലോകത്തെന്നപോലെ കിടന്ന മിത്ര പെട്ടെന്ന് ഒരു നിമിഷം തരിച്ചു പോയി. അവൾക്ക് സ്ഥലകാലബോധം വരുവാൻ അല്പം സമയം വേണ്ടിവന്നു. വിറച്ചുകൊണ്ട് തൻ്റെ അണിവയറിൻ്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ അവൾ കാണുന്നത്, രുദ്രൻ അവൻ്റെ കൈകൾ കൊണ്ട് അവളുടെ അണിവയറിലായി ചേർത്ത് പിടിച്ചിട്ടുണ്ട്. ഒരു നിമിഷം മിത്രയുടെ കണ്ണുകൾ അറിയാതെ രുദ്രൻ്റെ ദൃഢമായ കൈകളിലേക്ക് മാത്രമായി പതിഞ്ഞു നിന്നു. വെളുത്ത കൈകളാണ് രുദ്രൻ്റേത്. അതിനോടൊപ്പം തന്നെ കറുത്ത രോമങ്ങൾ അവിടെ അവിടെങ്ങളായി കാണുന്നുണ്ട്. കൂടാതെ ആ കൈകൾക്ക് മനോഹാരിത കൂട്ടുവാൻ എന്നോണം ഒരു നാഗത്തെപ്പോലെ ചുറ്റി പിണഞ്ഞു കിടക്കുന്ന സ്വർണത്തിൽ കെട്ടിയിരിക്കുന്ന രുദ്രാക്ഷത്തിൻ്റെ ബ്രേസ്‌ലെറ്റ് അവൻ്റെ കൈകളെ ഒന്നുകൂടി മനോഹരമാക്കി. സ്വയം മറന്നുകൊണ്ട് മിത്ര പിന്നെയും രുദ്രൻ്റെ കൈകളിലെ രുദ്രാക്ഷത്തിലേയ്ക്ക് നോക്കി കിടന്നു പോയി.
പക്ഷേ പെട്ടെന്ന് അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ടത്. സത്യത്തിൽ അപ്പോഴാണ് മിത്ര ശരിക്കും ഞെട്ടി എഴുന്നേറ്റത് പോലും. അതുവരെ ഏതൊരു മായാലോകത്തായിരുന്നു അവൾ. അത്രയും നേരം ഇല്ലാതിരുന്ന ഭയമെന്ന വികാരം ഉടലെടുക്കാൻ അധികം നേരം വേണ്ടി വന്നില്ല മിത്രയ്ക്ക്. അവനെങ്ങാനും ഉണർന്നാൽ തന്നെ ഈ മുറിയിൽ കണ്ടാൽ അതോർത്തതും അവളുടെ കുഞ്ഞ് ശരീരം പേടികൊണ്ട് വിറച്ചു പോയി. മിത്ര സകല ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് പതിയെ രുദ്രൻ്റെ കൈകൾ തൻ്റെ അണിവയറിൽ നിന്നുമായി എടുത്തുമാറ്റി. ഇത്രയും നേരം ഉണ്ടായിരുന്ന ആ ഒരു ഇളം ചൂട് തൻ്റെ ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടപ്പോൾ എന്തുകൊണ്ടോ രുദ്രൻ കൊച്ചുകുട്ടികളെപ്പോലെ മുഖത്ത് ചെറുതായി പരിഭവം വരുത്തി ഉറക്കത്തിൽ മറുസൈഡിലേക്ക് തിരിഞ്ഞു കിടന്നതും മിത്ര ശബ്ദമുണ്ടാക്കാതെ പതിയെ എഴുന്നേറ്റ് നടന്നു വാതിലിൻ്റെ അടുക്കലേക്ക് ചെന്നു. ഭാഗ്യത്തിന് എന്തുകൊണ്ടോ ഇന്നലെ കയറി വരുമ്പോൾ വാതിൽ മലർക്കെ തുറന്നിട്ടതാണെന്ന സത്യം മിത്ര അപ്പോൾ ഓർത്തെടുത്തു. ശ്വാസം എടുക്കുവാൻ പോലും ഭയം മൂലം സത്യത്തിൽ അവൾ മറന്നു പോയിരുന്നു. പതിയെ പിന്തിരിഞ്ഞു അവൾ നോക്കുമ്പോൾ രുദ്രൻ അപ്പോഴും നല്ല ഉറക്കമാണ്. പിന്നെ ഒന്നും നോക്കിയില്ലവൾ വേഗം മുറിയിൽ നിന്ന് ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങിയതും ഒരൊറ്റ ഓട്ടം ആയിരുന്നു അവളുടെ മുറിയിലേക്ക്. മുറിയിൽ എത്തി തൻ്റെ മുറിയുടെ കതക് ചേർത്ത് അടച്ചുകൊണ്ട് മിത്ര ശ്വാസം ആഞ്ഞുവലിച്ചു. സത്യത്തിൽ അപ്പോഴാണ് മിത്രയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതെന്ന് വേണമെങ്കിൽ പറയാം. പിന്നീട് തലയൊന്നു കുടഞ്ഞുകൊണ്ട് മിത്ര വേഗം ബാത്റൂമിലേക്ക് ഫ്രഷ് ആകുവാൻ വേണ്ടി കയറിപ്പോയി. തൻ്റെ ശരീരത്തിലൂടെ തണുത്ത വെള്ളം ഒഴുകിയിറങ്ങുമ്പോഴും തൻ്റെ അണിവായറിലായി ഇപ്പോഴും രുദ്രൻ്റെ കൈകളുടെ ഇളം ചൂട് തങ്ങി നിൽക്കുന്നതുപോലെ മിത്രക്ക് തോന്നി. ‘ഛെ! എന്തൊക്കെയാണ് മിത്ര നീ ആലോചിച്ചു കൂട്ടുന്നത്? എന്തിനായിരിക്കും ഇപ്പോൾ രുദ്രേട്ടൻ്റെ മുഖം തൻ്റെ മനസ്സിലേക്ക് ഇങ്ങനെ ഓടിയോടി വരുന്നത്?’ പക്ഷേ അതിൻ്റെ ഉത്തരം മാത്രം മിത്രയ്ക്ക് അപ്പോൾ അറിയുന്നില്ലായിരുന്നു.
പിന്നീട് ഏകദേശം രണ്ടു മണിക്കൂർ കൂടി കഴിഞ്ഞിട്ടാണ് രുദ്രൻ കണ്ണുകൾ തുറന്നത്. സമയം നോക്കിയപ്പോൾ സത്യത്തിൽ അവൻ ഞെട്ടിപ്പോയി, രാവിലെ 9 മണി. ഇത്രയും സമയം താൻ ഉറങ്ങിപ്പോയോ? രുദ്രന് അത്ഭുതം തോന്നി. കാരണം എത്രയോ കാലങ്ങളായി നിദ്രാദേവി അവനെ ഒന്നു അനുഗ്രഹിച്ചിട്ട്. രാത്രിയിൽ പലപ്പോഴും മദ്യമായിരുന്നു അവൻ്റെ ഉറക്കത്തിൻ്റെ ഏക സഹായി. പക്ഷേ ഇന്നലെ… ഇന്നലെ എന്താ സംഭവിച്ചത്? ഒന്നു മയങ്ങിയത് മാത്രം ഓർമ്മയുണ്ട്. ഗാഢമായി ഇത്രയും നല്ലൊരു ഉറക്കം താൻ ഈ അടുത്തെങ്ങും ഉറങ്ങിയിട്ടില്ല എന്നുള്ള സത്യം രുദ്രൻ അപ്പോൾ ഓർക്കുകയായിരുന്നു. പതിവില്ലാത്ത എന്തോ ഒരു ഉന്മേഷം ഉണ്ടായിരുന്നു അവന്. പതിയെ എഴുന്നേറ്റ് കൊണ്ട് രുദ്രൻ തൻ്റെ മുറിയിലെ കണ്ണാടിയുടെ മുന്നിലായി വന്നു നിന്നു. പതിവില്ലാതെ ഒരു ചെമ്പകപ്പൂവിൻ്റെ സുഗന്ധം ആ മുറിയാകെ പരന്നതുപോലെ രുദ്രന് തോന്നി. അവൻ അവൻ്റെ ടീഷർട്ട് ഒന്നു സ്മെൽ ചെയ്തു നോക്കിയപ്പോൾ അപ്പോഴും ആ സുഗന്ധം അവൻ്റെ നാസികയിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു. ‘ഈ സുഗന്ധം ഞാൻ മറ്റെവിടെ നിന്നോ അറിഞ്ഞതുപോലെ ഉണ്ടല്ലോ? പക്ഷേ എവിടെ നിന്നാണ്?’ കണ്ണുകൾ അടച്ചുകൊണ്ട് രുദ്രൻ അല്പസമയം ആലോചിച്ചു നിന്നു. പക്ഷേ ആ സുഗന്ധം എവിടെ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് അവനപ്പോൾ ഓർമ്മിച്ചെടുക്കാൻ സാധിച്ചില്ല. ‘ചിലപ്പോൾ എല്ലാം തൻ്റെ തോന്നൽ ആയിരിക്കാം’ എന്ന് കരുതി അല്പം നേരം കൂടി പുറത്തേക്ക് നോക്കി നിന്നുകൊണ്ട് അവൻ ബാത്റൂമിലേക്ക് ഫ്രഷ് ആകുവാൻ വേണ്ടി കയറിപ്പോയി.
തറവാട്ടിലെ ജോലിക്കാരികൾ വന്നതുകൊണ്ട് തന്നെ മിത്രയ്ക്ക് പിന്നീട് ജോലിയൊന്നും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ പിന്നീടുള്ള കാത്തിരിപ്പ് സൂരജിന് വേണ്ടിയായിരുന്നു. എന്തുകൊണ്ടോ ഉമ്മറത്ത് പോയിരിക്കുവാൻ മിത്രയ്ക്ക് തോന്നിയില്ല. താൻ ചിലപ്പോൾ ഉമ്മറത്തിരിക്കുന്ന സമയത്തായിരിക്കാം തറവാട്ടിലുള്ളവർ തിരികെ എത്തുക. അപ്പോൾ തന്നെ അവിടെ കണ്ടാൽ അത് അവർക്ക് ഇഷ്ടപ്പെടില്ല എന്നുള്ള കാര്യം മിത്രയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ മിത്ര ബാൽക്കണിയിൽ നിന്നുകൊണ്ടാണ് സൂരജ് വരുന്നുണ്ടോ എന്ന് നോക്കി നിന്നത്. ഈ സമയമാണ് കാറുകൾ നിരനിരയായി തറവാടിൻ്റെ മുന്നിലേക്ക് ഇരച്ചു കയറി വന്നു നിന്നത്. അതിൽ നിന്നും തറവാട്ടിലുള്ളവരെല്ലാം പുറത്തേക്കിറങ്ങുന്നത് മിത്ര മുകളിലെ ബാൽക്കണിയിൽ നിന്നും കാണുന്നുണ്ടായിരുന്നു. ആദ്യം കാറിൽ നിന്നിറങ്ങിയത് വൈഭവായിരുന്നു. അവൻ്റെ കണ്ണുകൾ നാലുപാടും മിത്രക്ക് വേണ്ടി തിരഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ മുകളിലേക്ക് വെറുതെ നോക്കിയ അവൻ കണ്ടു തങ്ങളെത്തന്നെ നോക്കി നിൽക്കുന്ന മിത്രയെ. തന്നെ നോക്കിനിൽക്കുന്ന വൈഭവിനെ കണ്ടപ്പോൾ എന്തുകൊണ്ടോ അവൻ്റെ മുഖത്തേക്ക് നോക്കുവാൻ മിത്രയ്ക്ക് തീരെ താല്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ മിത്ര വേഗം പിറകിലേക്കായി നീങ്ങി നിന്നു. മിത്ര തന്നെ കണ്ടപ്പോൾ പരുങ്ങി പിറകോട്ടേക്ക് മാറുന്നത് വൈഭവ് കണ്ടിരുന്നു. അവൻ്റെ ചുണ്ടിൽ ആ സമയം നിർവചിക്കുവാൻ പറ്റാത്ത ഒരു പുഞ്ചിരി വിടർന്നിരുന്നു.
തൻ്റെ ഒഫീഷ്യൽ വർക്കുകൾ എല്ലാം കഴിഞ്ഞ് സൂരജ് എത്തുമ്പോൾ നന്നെ നേരം വൈകിയിരുന്നു. ഏകദേശം ഉച്ചയോടടുത്താണ് അവൻ തിരികെ തറവാട്ടിൽ എത്തിയത്. അത്രയും നേരം മിത്രയ്ക്ക് നന്ദന മാത്രമായിരുന്നു കൂട്ട്. പലപ്പോഴും അവൾ തറവാട്ടിലെ മറ്റ് അംഗങ്ങളുടെ അടുത്തേക്ക് പോകുവാൻ തന്നെ മടിച്ചു. കാരണം മറ്റൊന്നും കൊണ്ടല്ല, അവർക്കെല്ലാം തന്നെ കാണുന്നത് തന്നെ വെറുപ്പാണെന്ന് ഈ വന്ന രണ്ടു ദിവസങ്ങൾ കൊണ്ട് തന്നെ മിത്രയ്ക്ക് മനസ്സിലായിരുന്നു.
വൈകുന്നേരം ദീപാരാധന തൊഴുവാൻ വേണ്ടി നന്ദനയുടെ കൂടെ തൊട്ടടുത്തായിട്ടുള്ള ഒരു ദേവീക്ഷേത്രത്തിലേക്ക് നടന്നു പോവുകയാണ് നന്ദനയും മിത്രയും. ഈ ദിവസങ്ങൾക്കുള്ളിൽ തന്നെ മിത്രയ്ക്ക് നന്ദനയെ ഒരുപാട് ഇഷ്ടമായി കഴിഞ്ഞിരുന്നു. അതുപോലെതന്നെ നന്ദനക്കും മിത്രയേ ഒരുപാട് ജീവനാണ്. ഏകദേശം പ്രായം ഒരുപോലെ ആയതിനാൽ രണ്ടുപേരും പെട്ടെന്ന് കൂട്ടായി. “അല്ല മിത്ര, ഇനിയെന്താ പരിപാടി? പ്ലസ് ടു കഴിഞ്ഞില്ലേ? എന്നോട് അഭിയേട്ടൻ പറഞ്ഞത് എൻട്രൻസ് കോച്ചിങ്ങിന് തയ്യാറെടുക്കുവാനാണ്. പക്ഷേ എനിക്ക് അത് ഇഷ്ടമല്ല. ഞാൻ ഡിഗ്രിക്ക് ചേരുവാൻ പോവുകയാണ്. മിത്രയോ?” നന്ദന അവളോട് ചോദിച്ചു. “അല്ല അത്… അത് പിന്നെ ഞാൻ ഇപ്പോഴും തീരുമാനിച്ചിട്ടില്ല നന്ദന. സമയം ഇനിയും കിടപ്പുണ്ടല്ലോ, നോക്കാം…” അത്രയും പറഞ്ഞു അവൾ മുന്നേ നടന്നു. സത്യത്തിൽ സൂരജിനെ ബുദ്ധിമുട്ടിക്കുവാൻ മിത്രക്ക് താല്പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ തുടർ പഠനത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഒന്നും പിന്നീട് മിത്ര സത്യത്തിൽ ഓർക്കുക കൂടി ചെയ്തിട്ടില്ല എന്നതായിരുന്നു പരമാർത്ഥം.
ദീപാരാധന കഴിഞ്ഞ് ഇരുവരും ഇറങ്ങുമ്പോൾ നന്നേ വൈകിയിരുന്നു. ആകാശം കാറുംകോളും കൊണ്ട് നിറഞ്ഞതിനാൽ പെട്ടെന്ന് ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു അന്തരീക്ഷത്തിൽ. “അയ്യോ ഇതെന്തുപറ്റി കാലാവസ്ഥയ്ക്ക്? പെട്ടെന്നൊരു മാറ്റം. മിത്ര, നമുക്ക് അല്പം വേഗത്തിൽ നടക്കാം. ഇപ്പോൾ തന്നെ നന്നെ വൈകി.” അത്രയും പറഞ്ഞ് മിത്രയുടെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് വേഗത്തിൽ തറവാട്ടിലേക്ക് നടന്നു നീങ്ങി നന്ദന. പെട്ടെന്നാണ് അവരുടെ മുന്നിലേക്ക് രണ്ടു ബൈക്കുകൾ വന്ന് നിർത്തിയത്. ബൈക്കുകളിൽ നിന്നും അടിക്കുന്ന വെളിച്ചം കണ്ണിലേക്ക് പതിഞ്ഞതും മിത്രയും നന്ദനയും മുഖം ഒരു വശത്തേക്ക് ചെരിച്ച് കണ്ണുകൾ ഇറുക്കി ചിമ്മി പോയി. ലൈറ്റ് ഓഫ് ചെയ്തു എന്ന് കണ്ടതും അവർ മുന്നോട്ട് നോക്കിയതും കണ്ടു തങ്ങളെത്തന്നെ നോക്കി നിൽക്കുന്ന രുദ്രനെയും സൂരജിനെയും. അവരെ രണ്ടുപേരെയും കണ്ടതും നന്ദന അറിയാതെ ഉമിനീർ ഇറക്കി പോയി. കാരണം രണ്ടുപേരുടെയും മുഖത്ത് നല്ല ദേഷ്യം ഉണ്ടെന്ന് അവരെ കണ്ടാൽ തന്നെ അറിയാം.
രുദ്രൻ ഇരുവരെയും നോക്കി എന്തോ പറയുവാൻ വേണ്ടി വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ട് ആഞ്ഞതും നന്ദന വേഗം അവൻ്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു: “അത്… അത് പിന്നെ വല്യേട്ടാ വഴക്ക് പറയല്ലേ. ദീപാരാധന കഴിഞ്ഞപ്പോൾ അല്പം വൈകിപ്പോയി. സോറി, ഇനി ആവർത്തിക്കില്ല.” തെറ്റ് ചെയ്ത കുട്ടികളെപ്പോലെ നന്ദനയും മിത്രയും മുഖം താഴ്ത്തിക്കൊണ്ട് രുദ്രനോടായി പറഞ്ഞു. പിന്നീട് എന്തുകൊണ്ടോ രുദ്രന് രണ്ടുപേരെയും വഴക്ക് പറയാൻ തോന്നിയില്ല. “ഹ്മ്മ്മ്മ്, കയറ്!” അത്രമാത്രം പറഞ്ഞുകൊണ്ട് അവൻ ബൈക്കിൽ കയറിയിരുന്നതും നന്ദനയുടെ മുഖം പൂനിലാവ് പോലെ ഉദിച്ചു. അവൾ ഓടിപ്പോയി സൂരജിൻ്റെ പിറകിലായി ചാടി കയറിയിരുന്നു. സത്യത്തിൽ സൂരജ് കരുതിയിരുന്നത് നന്ദന രുദ്രൻ്റെ കൂടെ ബൈക്കിൽ കയറും എന്നായിരുന്നു. പക്ഷേ അവൻ്റെ കാൽക്കുലേഷൻ തെറ്റിച്ചു കൊണ്ടാണ് അവൾ ഈ പണി ചെയ്തത്.
“ഇറങ്ങടി എൻ്റെ ബൈക്കിൽ നിന്നും! ആരോട് ചോദിചാടി നീ എൻ്റെ വണ്ടിയിലേക്ക് വലിഞ്ഞു കയറിയത്?” സൂരജ് നന്ദനയെ നോക്കി അലറിക്കൊണ്ട് ചോദിച്ചു. വണ്ടിയിൽ നിന്ന് ഇറങ്ങുവാൻ ഒരുങ്ങിയതും മഴ പെയ്തതും ഒരേ സമയമായിരുന്നു. “അയ്യോ മഴ പെയ്തല്ലോ സൂരജേട്ടാ. വഴക്കൊക്കെ തറവാട്ടിൽ ചെന്നിട്ട് പറയാം. വേഗം വീട്ടിലേക്ക് വിട്. മഴ നനഞ്ഞാൽ എനിക്ക് പനി വരും എന്ന് അറിയില്ലേ?” മഴ നനഞ്ഞാൽ നന്ദനയ്ക്ക് പനി വരും എന്നുള്ള കാര്യം സൂരജ് അപ്പോഴാണ് ഓർത്തത്. ഇഷ്ടമില്ലാഞ്ഞിട്ട് കൂടിയും അവളെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് സൂരജ് ബൈക്ക് സ്റ്റാർട്ട് ചെയ്തു. പിന്നീട് തങ്ങളെ മൂന്നുപേരെയും മാറിമാറി നോക്കുന്ന മിത്രയെ നോക്കിക്കൊണ്ട് സൂരജ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“മോളെ, രുദ്രൻ്റെ കൂടെ വേഗം ബൈക്കിൽ കയറി കോവിലകത്തേക്ക് വാ. മഴ കൊള്ളല്ലേ. രുദ്ര, മോളെ നിൻ്റെ ബൈക്കിൽ കയറ്റണേ. പതിയെ വന്നാൽ മതി.” അത്രയും പറഞ്ഞു രുദ്രൻ്റെ മറുപടിക്ക് കാത്തുനിൽക്കാതെ സൂരജ് വണ്ടിയുമെടുത്തു വേഗം ഓടിച്ചു പോയിരുന്നു. സത്യത്തിൽ അപ്പോഴും മിത്ര മഴ നനഞ്ഞുകൊണ്ട് രുദ്രനെ നോക്കി നിൽക്കുകയായിരുന്നു.
“ഇനി ഞാൻ താലം എടുത്തു കൊണ്ടുവരണമായിരിക്കും തമ്പുരാട്ടിയെ ഇതിലേക്ക് കയറ്റി ഇരുത്തുവാൻ? വരുന്നുണ്ടെങ്കിൽ വാടീ!” അവൻ്റെ അലർച്ചയാണ് മിത്രയെ സ്വബോധത്തിൽ കൊണ്ടുവന്നത്. അവൾ തൻ്റെ ദാവണി അല്പം ഉയർത്തിപ്പിടിച്ചുകൊണ്ട് ഓടി രുദ്രൻ്റെ ബൈക്കിൻ്റെ പിറകിലായി കയറിയിരുന്നു. വേഗത്തിൽ ബൈക്ക് പോകുന്നതിനനുസരിച്ച് മഴയുടെ ശക്തിയും കൂടിക്കൊണ്ടേയിരുന്നു. സത്യത്തിൽ രണ്ടുപേരും നന്നേ നനഞ്ഞു എന്ന് വേണമെങ്കിൽ പറയാം. ബൈക്ക് മുന്നോട്ടു പോകുന്നതിനിടയിൽ പെട്ടെന്നാണ് വണ്ടി നിന്നുപോയത്.
“ഛെ! നാശം… നോക്കി നിൽക്കാതെ ഇറങ്ങടീ!” അവൻ്റെ അലർച്ച കേട്ടതും മിത്ര വേഗം ബൈക്കിൽ നിന്നും ചാടിയിറങ്ങി. കുറെ നേരമായി ബൈക്ക് സ്റ്റാർട്ട് ചെയ്യുവാൻ ശ്രമിച്ചെങ്കിലും അത് ഓഫ് ആയി പോയതിനാൽ ഓൺ ആകുവാൻ നന്നെ പ്രയാസമായിരുന്നു. “നാശം, ഏതു നേരത്താണോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്…” അല്പം മുഷിച്ചിലോടെ സ്വയം പറഞ്ഞുകൊണ്ട് വീണ്ടും രുദ്രൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് അവരുടെ മുന്നിലേക്ക് ഒരു ജീപ്പ് വന്നു നിന്നത്. ജീപ്പിൽ നിന്നും ഇറങ്ങുന്ന വ്യക്തികളെ കണ്ടതും രുദ്രൻ്റെ മുഖഭാവം മാറി. പക്ഷേ ഈ സമയം മിത്ര വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അവൾക്ക് ഇപ്പോൾ വന്നവർ ആരാണെന്ന് അറിയാതെ അവൾ പകച്ചുകൊണ്ട് ഒരേ സമയം രുദ്രനേയും ഇപ്പോൾ വന്നവരെയും മാറിമാറി നോക്കി നിന്നു.
തുടരും
