രുദ്രാക്ഷം : 15
ജീപ്പിലിരുന്ന് തങ്ങളെത്തന്നെ നോക്കിനിൽക്കുന്ന വ്യക്തികളെ മിത്ര അല്പം പകപ്പോടെ നോക്കിനിന്നു. സത്യത്തിൽ അവൾ വല്ലാതെ ഭയന്നു. കാരണം, മഴയാണ്, കൂടാതെ നേരം രാത്രിയായിട്ടില്ലെങ്കിലും ഇരുട്ട് വ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചുറ്റും ഒന്നു നിരീക്ഷിച്ച മിത്രയുടെ ശരീരം പേടികൊണ്ട് ചെറുതായി വിറച്ചു. ആ ചുറ്റുവട്ടത്ത് ഒരു ഈച്ചക്കുഞ്ഞ് പോലുമില്ലായിരുന്നു. എന്തുകൊണ്ടോ ഭയം ഉടലെടുത്തപ്പോൾ മിത്ര പതിയെ രുദ്രന്റെ അടുത്തേക്ക് ചേർന്നുനിന്നു. അറിയാതെതന്നെ മിത്രയുടെ വലതുകൈ രുദ്രന്റെ കൈകളിലേക്ക് ചേർത്തു പിടിച്ചിരുന്നു. പെട്ടെന്ന് രുദ്രൻ ഒന്നു ഞെട്ടി. ഒരു നിമിഷം അവൻ തന്റെ കൈകളിലേക്കും മിത്രയുടെ മുഖത്തേക്കും മാറിമാറി നോക്കി. പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ മിത്ര തങ്ങളുടെ മുന്നിൽ ജീപ്പിലിരിക്കുന്ന വ്യക്തികളിൽ മാത്രമായിരുന്നു ദൃഷ്ടി പതിപ്പിച്ചത്.
ജീപ്പിലിരിക്കുന്നവരും മുന്നിൽ നിൽക്കുന്ന രുദ്രനെയും മിത്രയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. അതിൽ ഒരുവൻ ഇരുവരെയും നോക്കി ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് വായിൽ അത്രയും നേരം ചവച്ചുകൊണ്ടിരുന്ന വെറ്റിലപ്പാക്ക് പുറത്തേക്ക് ആഞ്ഞൊരു തുപ്പും തുപ്പി, മഴയിലേക്ക് ഇറങ്ങി നിന്നു. “അല്ല, ആരിത് കൊച്ചുതമ്പുരാനോ? തമ്പുരാൻ എന്താ ഈ സമയത്ത് ഇവിടെ? അതും ഒരു പെൺകൊച്ചിന്റെ കൂടെ?” ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ വെറ്റിലപ്പാക്കിന്റെ ഉമിനീർ കൈകൾകൊണ്ട് തുടച്ചുനീക്കി ഇരുവരെയും നോക്കിക്കൊണ്ട് അയാൾ ചോദിച്ചു. “ഹും..വഴിയേ പോകുന്ന അലവലാതികളോടൊന്നും സംസാരിക്കേണ്ട ഗതികേടൊന്നും ഈ കോലോത്തെ തമ്പുരാനില്ല, നരേന്ദ്രാ. അതുകൊണ്ട് നീയെന്നെ സദാചാര പോലീസായിനിന്ന് വിസ്താരം ചെയ്യാതെ റോഡിന് കുറുകെയിട്ട വണ്ടിയെടുത്ത് മാറ്റാൻ നോക്ക്.” രുദ്രൻ പറഞ്ഞു. അത്രയും പറഞ്ഞ് രുദ്രൻ വണ്ടി സ്റ്റാർട്ട് ചെയ്തു. ഭാഗ്യത്തിന് അവന്റെ ബൈക്ക് സ്റ്റാർട്ടായി. മിത്രയെ കണ്ണുകൊണ്ട് കയറുവാൻ പറഞ്ഞതും മിത്ര വേഗം പിറകിലായി ബൈക്കിൽ കയറിയിരുന്നതും പെട്ടെന്നാണ് നരേന്ദ്രൻ രുദ്രന്റെ വണ്ടിക്ക് കുറുകെയായി വന്നുനിന്നതും, പിന്നീട് രുദ്രനെ നോക്കിക്കൊണ്ട് തന്നെ അവന്റെ ബൈക്ക് ഓഫ് ചെയ്ത് കീ ഊരിയെടുത്ത് പോക്കറ്റിലിട്ടതും. “ഹാ! അങ്ങനെയങ്ങ് പോയാലെങ്ങനെയാ രുദ്രൻ സാറേ? ഒന്നുമില്ലെങ്കിലും ഞാനീ മഴയത്ത് നിന്നോട് ഇങ്ങനെ നിന്നു സംസാരിക്കാൻ വരുമ്പോൾ അതിന്റേതായ ഒരു മാന്യത നീയും കാണിക്കേണ്ടതല്ലേടാ രുദ്രദേവാ?” അവസാനം പറയുമ്പോൾ നരേന്ദ്രന്റെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. “അല്ലെടാ, ഏതാ നിന്റെ പിറകിലുള്ള പെണ്ണ്?” മിത്രയെ നോക്കിക്കൊണ്ട് നരേന്ദ്രൻ ചോദിച്ചു.
പെട്ടെന്നാണ് നരേന്ദ്രന്റെ ശിങ്കിടിയിൽ ഒരുവൻ അവന്റെ അടുത്തേക്ക് വന്നതും അവന്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞതും. “ആണോ? അപ്പോൾ നാട്ടുകാർ പറയുന്നത് സത്യമാണ് അല്ലേ? നിന്റെ സഹോദരൻ എന്ന് പറയുന്നവൻ, അല്ല സോറി സോറി, നിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ സൂരജ്, അവൻ ഒരു പെണ്ണിനെ ചത്തുപോയ അവന്റെ സഹോദരിക്ക് തുല്യമായി ദത്തെടുത്തതായി അറിഞ്ഞിരുന്നു. അപ്പോൾ നാട്ടുകാർ പറയുന്നത് സത്യം തന്നെയാണല്ലേ? ഇവളാണല്ലേ ആ മുതല്? അല്ല കൊച്ചേ, സത്യമായിട്ടും നീ അവന്റെ സഹോദരിതന്നെയാണോ അതോ…” അത്രയും നേരം തല കുമ്പിട്ടുനിന്ന മിത്ര എന്തോ ശബ്ദം കേട്ട് തല ഉയർത്തി നോക്കി. നേരത്തെ തങ്ങളോട് വഷളൻ ചുവയോടെ സംസാരിച്ചു നിന്നവൻ പാടത്തെ ചേറിൽക്കിടന്ന് വേദനകൊണ്ട് പിടയുന്നതാണ് അവളപ്പോൾ കണ്ടത്. അറിയാതെ തന്നെ മിത്ര രുദ്രന്റെ ബൈക്കിൽനിന്നും ആ കാഴ്ച കണ്ടുകൊണ്ട് ഇറങ്ങിനിന്നുപോയി. മിത്ര ഇറങ്ങി എന്ന് മനസ്സിലായതും പതിയെ ബൈക്ക് സ്റ്റാൻഡിലിട്ടുകൊണ്ട് രുദ്രൻ ഇറങ്ങി. തന്റെ നനഞ്ഞ മുണ്ട് ഒന്നുകൂടി മുറുകെ ഉടുത്തുകൊണ്ട് മീശയും താടിയും ഒതുക്കിവെച്ച് പതിയെ ആ പാടവരമ്പിലേക്ക് നടന്നുനീങ്ങി. പോകുന്നതിനിടയിൽ ജീപ്പിലിരിക്കുന്ന മറ്റു മൂന്നു നരേന്ദ്രന്റെ ശിങ്കിടികളെ നോക്കി പേടിപ്പിക്കുവാനും അവൻ മറന്നില്ല. സ്വബോധം വന്നപോലെ നരേന്ദ്രൻ ചേറിൽനിന്നും എഴുന്നേറ്റുനിന്നതും തന്റെ മുന്നിലായി കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന രുദ്രനെ കണ്ടു നരേന്ദ്രൻ അറിയാതെ രണ്ടടി പിറകോട്ടേക്ക് മാറിനിന്നു. എങ്കിലും സ്വബോധത്തിലേക്ക് വന്ന നരേന്ദ്രൻ തന്റെ മുഖത്തെ ചേറെല്ലാം കൈകൾകൊണ്ട് വടിച്ചുകൊണ്ട് ഒരു ചീറ്റപ്പുലിയെപ്പോലെ രുദ്രന്റെ അടുത്തേക്ക് പാഞ്ഞുചെന്നു. “ഡാ!!!!” പെട്ടെന്നാണ് നരേന്ദ്രന്റെ കണ്ണുകൾ മിഴിഞ്ഞുവന്നത്. അവൻ ഒരിറ്റു ശ്വാസത്തിനുവേണ്ടി രുദ്രന്റെ കൈകളിൽ കിടന്നു പിടഞ്ഞു.
ദൂരെനിന്ന് മിത്ര നോക്കുമ്പോൾ കാണുന്നത് നരേന്ദ്രൻ രുദ്രനെ അടിക്കുവാൻ വേണ്ടി ഓടി വരുന്നതാണ്. പക്ഷേ രുദ്രൻ അപ്പോൾത്തന്നെ നരേന്ദ്രന്റെ കഴുത്തിൽ പിടിമുറുക്കിയിരുന്നു. ഒരിറ്റു ശ്വാസത്തിനുവേണ്ടി പിടയുന്ന നരേന്ദ്രനെ കണ്ടതും മിത്രയുടെ ശരീരം പോലും വിറച്ചുപോയി. ആ സമയം രുദ്രന്റെ മുഖത്ത് വല്ലാത്ത ഒരു പൈശാചികത നിറഞ്ഞാടുന്നുണ്ടായിരുന്നു. “നരേന്ദ്രാ, നിന്നോട് ഞാൻ നൂറുവട്ടം പറഞ്ഞിട്ടുണ്ട് എൻ്റെ വഴിയിൽ തടസ്സമായി ഒരിക്കലും വന്നു പോകരുതെന്ന്. പക്ഷേ നീ കേൾക്കില്ല, അല്ലേ? എൻ്റെ തറവാട്ടിലുള്ള പെൺകുട്ടികളെക്കുറിച്ച് മോശമായി പറഞ്ഞാൽ ഇപ്പോൾ ഞാൻ പിടിച്ചിരിക്കുന്ന നിൻ്റെ കഴുത്ത് ഒന്നുകൂടി ബലമായി ഞാൻ മുറുകെപ്പിടിച്ചാൽ പിന്നെ നാളത്തെ സൂര്യോദയം നീ കാണില്ല. മേലിൽ ഇപ്പോൾ പറഞ്ഞതുപോലെയുള്ള സംസാരമോ വഷളത്തരം നിറഞ്ഞ നോട്ടമോ മിത്രയുടെ നേർക്ക് ഉണ്ടായാൽ, കഴുത്ത് ഞെരിച്ചു കൊന്നു കളയും നിന്നെ ഞാൻ! പറയുന്നത് ഈ രുദ്രദേവാണ്. ഓർത്തുവെച്ചോ നീ!” നരേന്ദ്രനെ പിടിച്ച് ചേറിലേക്ക് തന്നെ തള്ളിയിട്ടുകൊണ്ട് രുദ്രൻ മിത്രയുടെ അടുത്തേക്ക് ചെന്നു. അതിനിടയിൽ നരേന്ദ്രന്റെ പോക്കറ്റിൽനിന്ന് ബൈക്കിന്റെ കീ എടുക്കുവാനും രുദ്രൻ മറന്നില്ല. രുദ്രൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മിത്രയെ നോക്കുമ്പോൾ അവൾ അപ്പോഴും നരേന്ദ്രനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. “എന്തുനോക്കി നിൽക്കുവാടീ? കേറീട്ട് വാ വേഗം!” സത്യത്തിൽ അപ്പോഴാണ് മിത്രക്ക് സ്വബോധം വന്നത്. അവൾ ചാടി ബൈക്കിൽ കയറിയതും, ദൂരെ ബോധമില്ലാതെ കിടക്കുന്ന നരേന്ദ്രനെയും, ജീപ്പിൽ തങ്ങളെത്തന്നെ നോക്കി പേടിച്ചിരിക്കുന്നവരെയും ഒന്നുനോക്കി പുച്ഛിച്ചുകൊണ്ട് രുദ്രൻ ബൈക്ക് പറത്തിവിട്ടു.
തറവാട്ടിലെത്തുമ്പോൾ തങ്ങളെ കാത്ത് സൂരജ് മുന്നിൽത്തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ടോ രുദ്രന് നേരത്തെ നരേന്ദ്രനുമായി നടന്ന വഴക്കിനെക്കുറിച്ച് പറയുവാൻ തോന്നിയില്ല. തന്നെപ്പോലെ അല്ല സൂരജ്. അവന് പെട്ടെന്നൊന്നും ദേഷ്യം വരില്ല. പക്ഷേ മിത്രയെക്കുറിച്ച് മോശമായി നരേന്ദ്രൻ സംസാരിച്ചു എന്ന് അറിഞ്ഞാൽ ചിലപ്പോൾ നരേന്ദ്രനെ കൊല്ലുവാൻ പോലും സൂരജ് മടിക്കുകയില്ല എന്ന് രുദ്രന് അറിയാം. അതുകൊണ്ടുതന്നെ ഈക്കാര്യം തന്റെ മനസ്സിൽത്തന്നെ നിൽക്കട്ടെ എന്ന് രുദ്രൻ മനസ്സിൽ കരുതി. “എന്താ മോളേ ഇത്രയും നേരം വൈകിയത്? ഇവനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്. ഏട്ടൻ ആകെ ഭയന്നുപോയി.” കയ്യിലുണ്ടായിരുന്ന ടർക്കികൊണ്ട് മിത്രയുടെ തല തുവർത്തിക്കൊണ്ട് സൂരജ് ഒരു ഏട്ടന്റെ ആവലാതിയോടെ മിത്രയോടായി ചോദിച്ചു. സത്യത്തിൽ സൂരജിന്റെ ഈ സ്നേഹവും വാത്സല്യവുംകൊണ്ട് അത്രയും നേരം കലങ്ങിമറിഞ്ഞിരുന്ന മിത്രയുടെ മനസ്സിൽ മഞ്ഞുകണം വീഴാൻ അധികനേരം വേണ്ടി വന്നില്ല. മിത്ര കണ്ണെടുക്കാതെ സൂരജിനെത്തന്നെ നോക്കിനിന്നു. അവളുടെ അച്ഛനും അമ്മയും മരിച്ചതിനുശേഷം മുത്തശ്ശൻ അല്ലാതെ ആരും ഇത്രയും സ്നേഹത്തോടെ, വാത്സല്യത്തോടെ തന്നെ അടുത്തേക്ക് വിളിച്ചു ഓരോന്ന് ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ സ്നേഹത്തോടെ രണ്ടക്ഷരം പറയുകയോ ചെയ്തിട്ടില്ല എന്ന് അവൾ നിറഞ്ഞ കണ്ണുകളോടെ ഓർത്തെടുത്തു.
മിത്രയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും സൂരജും ആകെ വല്ലാതെയായി. “എന്താ പറ്റിയത്? എന്തിനാണ് ഏട്ടൻ്റെ കുട്ടി കരയുന്നത്?” സൂരജിന്റെ പരിഭ്രമത്തോടെയുള്ള മുഖം കണ്ടപ്പോഴാണ് മിത്ര താൻ ഇപ്പോൾ കരയുകയാണ് എന്നുള്ള സത്യം ഓർത്തെടുത്തത്. തന്റെ നിറഞ്ഞ കണ്ണുകൾ വേഗം തുടച്ചുകൊണ്ട് അവൾ സൂരജിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “അത് ഒന്നുമില്ലാട്ടോ. ഞാൻ… ഞാൻ എന്തോ ആലോചിച്ചു കരഞ്ഞുപോയതാണ്. ഏട്ടൻ ഉറങ്ങാൻ നോക്ക്. ഞാൻ എന്തെങ്കിലും കഴിച്ചിട്ട് കിടക്കട്ടെ.” “ഹ്മ്മ്മ് ശരി. Goodnight.” “Goodnight.” നന്നായി മിത്രയ്ക്ക് വിശക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് എന്തെങ്കിലും കഴിക്കാം എന്ന് കരുതി അവൾ പതിയെ ഹാളിലേക്ക് ചെന്നു. ഹാളിലേക്ക് ചെന്ന മിത്ര കാണുന്നത് ഭക്ഷണം കഴിക്കുന്ന രുദ്രനെയാണ്. അവനെ കണ്ടതും അത്രയും നേരം വയറിൽനിന്നും വന്ന വിശപ്പിന്റെ വിളി എവിടെയോ പോയി മറഞ്ഞതുപോലെ മിത്രയ്ക്ക് തോന്നി. രുദ്രൻ കഴിക്കുന്നത് കൊണ്ട് തന്നെ അവൻ്റെ തൊട്ടരികിലായി വന്നിരുന്ന് കഴിക്കാൻ മിത്രയ്ക്ക് മടി തോന്നിയതുകൊണ്ട് അവൾ വേഗം തിരിഞ്ഞുനടക്കാൻ ഒരുങ്ങി. പെട്ടെന്നാണ് പിറകിൽനിന്നും മിത്രയെ രുദ്രന്റെ അമ്മ വിളിച്ചത്. “മോളെന്താ അവിടെത്തന്നെ നിൽക്കുന്നത്? ഇവിടേക്ക് വാ. ഭക്ഷണം കഴിച്ചിട്ട് പോകാമല്ലോ. നന്ദനയെയാണ് കാത്തുനിൽക്കുന്നതെങ്കിൽ അവൾക്ക് വേണ്ട എന്ന് പറഞ്ഞ് നേരത്തെ കിടന്നു. വാ… വന്നിരിക്കുകുട്ടി.” സ്നേഹത്തോടെയുള്ള ഒരു അമ്മയുടെ വിളിയെ തിരസ്കരിക്കുവാൻ മിത്രക്ക് തോന്നിയില്ല. അതുകൊണ്ടുതന്നെ അല്പം മടിച്ചിട്ടാണെങ്കിലും മിത്ര രുദ്രന്റെ എതിർവശത്തായിട്ടുള്ള ചെയറിലായി വന്നിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് മിത്രയുടെ കണ്ണുകൾ രുദ്രനെ തേടി പോകുന്നുണ്ടായിരുന്നു. പക്ഷേ രുദ്രനാണെങ്കിൽ തന്റെ തൊട്ടരികിൽ അങ്ങനെ ഒരാൾ ഇരിക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെയാണ് ഭക്ഷണം കഴിക്കുന്നത്. മിത്രയാണെങ്കിൽ ഒരു ചപ്പാത്തി എങ്ങനെയൊക്കെയോ കഴിച്ച് വേഗം അവിടെനിന്ന് എഴുന്നേറ്റ് കൈ കഴുകുവാൻ വേണ്ടി ഓടി. “മിത്ര മോളെ, നീ വളരെ കുറച്ചാണല്ലോ കഴിച്ചത്? നിന്റെ പ്രായത്തിലുള്ള കുട്ടികളെല്ലാം നല്ലവണ്ണം ഭക്ഷണം കഴിക്കണം,” അമ്മ സ്നേഹത്തോടെ ശാസിച്ചുകൊണ്ട് അവളോട് പറഞ്ഞു. “അത്… അത് പിന്നെ അമ്മേ, എനിക്ക് മതിയായതുകൊണ്ടാണ്.” അവരുടെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞ് അവൾ വേഗം പടികയറി മുകളിലേക്ക് പോയി.
പിറ്റേന്ന് രാവിലെ അവരുടെ തറവാട്ട് ക്ഷേത്രത്തിൽ പ്രത്യേക പൂജ ഉള്ളതുകൊണ്ട് രുദ്രന്റെ അമ്മ മിത്രയ്ക്ക് ഒരു സെറ്റ് ദാവണിയായിരുന്നു കൊടുത്തത്. എന്തുകൊണ്ടോ രുദ്രന്റെ അമ്മയുടെ സ്വഭാവം മിത്രയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഇടയ്ക്കിടയ്ക്ക് അവൾക്ക് തന്റെ മരിച്ചുപോയ അമ്മയെ ഓർമ്മ വരുമായിരുന്നു, അവരെ കാണുമ്പോൾ. അതുകൊണ്ടുതന്നെ അവർ നൽകിയ ദാവണി സെറ്റ് അവൾ സന്തോഷപൂർവ്വം തന്നെയാണ് വാങ്ങിയത്. മിത്ര താഴേക്കു ചെല്ലുമ്പോൾ തറവാട്ടിലെ ഭൂരിപക്ഷം അംഗങ്ങളും ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും അമ്പലത്തിലേക്ക് പോകുവാൻ റെഡിയായിട്ടുണ്ട് എന്ന് കണ്ടാൽത്തന്നെ അറിയാം. മൊബൈലിൽ കാര്യമായി എന്തോ നോക്കിക്കൊണ്ടിരിക്കുകയാണ് രുദ്രൻ. പക്ഷേ അവന്റെ ശ്രദ്ധ മുഴുവൻ ചോർത്തിയെടുക്കുംവിധം, എതിർവശത്തെ സോഫയിൽ താര അപ്പച്ചിയുടെ മകൾ അശ്വതി അവനെത്തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ആവശ്യത്തിലധികം മേക്കപ്പും ഇട്ട് ശരീരത്തിന്റെ പല ഭാഗങ്ങളും എടുത്തുകാണിച്ചു കൊണ്ടുള്ള അവളുടെ വസ്ത്രം തന്നെ രുദ്രനെ വശീകരിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ കാര്യമായി എന്തോ പണിയിലാണ് രുദ്രൻ. മുകളിൽനിന്നും ആരോ താഴോട്ടിറങ്ങി വരുന്നത് പോലെ തോന്നിയ രുദ്രൻ ഗോവണിപ്പടിയുടെ ഭാഗത്തേക്ക് നോക്കിയതും അവന്റെ കണ്ണുകൾ ഒരു നിമിഷം വിടർന്നു വന്നു. അത്രയും മനോഹരിയായിരുന്നു മിത്ര. കേരള സെറ്റ് ദാവണിയിൽ അവളുടെ സൗന്ദര്യം ഒന്നുകൂടി കൂടിയത് പോലെ അവന് തോന്നി. കണ്ണെടുക്കാതെ ആരോ നോക്കി രുദ്രൻ ഇരിക്കുന്നതുപോലെ തോന്നിയ അശ്വതി അതാരാണെന്ന് നോക്കുവാൻ വേണ്ടി മുന്നോട്ട് നോക്കിയതും കണ്ടു. ആരെയും ശ്രദ്ധിക്കാതെ താഴോട്ട് മുഖം കുനിച്ചുകൊണ്ട് ഇറങ്ങിവരുന്ന മിത്രയെ. തന്നെ ഒന്നു ശ്രദ്ധിക്കാതെ, തന്തയും തള്ളയും ആരെന്നറിയാതെ എവിടെയോ കിടക്കുന്ന പിച്ചക്കാരിക്ക് തുല്യമായ മിത്രയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന രുദ്രനെ കണ്ടതും അശ്വതിയുടെ കണ്ണിൽ മിത്രയോടുള്ള പകയെരിയുന്നുണ്ടായിരുന്നു. “രുദ്രൻ എൻ്റേതാടീ! എൻ്റേത് മാത്രം,” അശ്വതി മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നരും…
തുടരും
