മിത്രയ്ക്ക് വല്ലാതെ ഭയം തോന്നി ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത് ..
അതുകൊണ്ട് തന്നെ തന്റെ മുഖം രുദ്രന്റെ ഇടനെഞ്ചിലേക്കായി ചേർത്തുവച്ച് അവനെ ഇറുകെ കെട്ടിപ്പുണർന്നു നിന്നു മിത്ര..
ഭയംകൊണ്ട് അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു..
തന്റെ ഇടതുവശത്തേക്ക് നോക്കിയപ്പോൾ കണ്ടു ഒരു കാട്ടാന മദം ഇളകിയത് പോലെ തങ്ങളുടെ അടുത്തേക്ക് ഓടിയടുക്കുന്നത്..
കാട്ടാനയെ കണ്ടതും കൂട്ടത്തിൽ വന്ന നാല് ആദിവാസി യുവാക്കളും ചിതറി ഓടി…
സത്യത്തിൽ അവർ തങ്ങളുടെ കൂടെയുള്ള രുദ്രനെയും മിത്രയേയും മറന്നു പോയിരുന്നു..
താൻ നിൽക്കുന്ന ഭാഗത്തേക്കാണ് കാട്ടാന വരുന്നത് എന്ന് മനസ്സിലായതും രുദ്രൻ മിത്രയെ മുറുകെ പിടിച്ചു കൊണ്ട് തൊട്ടടുത്തായി കാണുന്ന വലിയൊരു മരത്തിന്റെ പൊത്തുള്ള ഭാഗത്തേക്ക് കയറി നിന്നു..
സത്യത്തിൽ മിത്ര ആദ്യം ഒന്ന് ഭയന്ന് പോയിരുന്നു പക്ഷേ ഒരു പൂ നുള്ളുന്ന ലാഘവത്തോടെയാണ് രുദ്രൻ മിത്രയെ തന്റെ കൈക്കൂളിലാക്കി ചേർത്ത് പിടിച്ച് അവളെയും വലിച്ചുകൊണ്ട് തൊട്ടടുത്ത മരത്തിന്റെ പൊത്തിന്റെ ഭാഗത്തേക്ക് കയറി നിന്നത്..
കാട്ടാനയെ തങ്ങളുടെ തൊട്ടുമുൻപിലായി കണ്ടതും മിത്രയ്ക്ക് ശ്വാസം വിലങ്ങിയത് പോലെയായി.
ആാാാാ!!!!
പെട്ടെന്നാണ് ആരുടെയോ അലർച്ച കേട്ടത്… തങ്ങളുടെ കൂടെ വന്നതിൽ ആരോ ഒരാൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് രുദ്രന് മനസ്സിലായി…
ഈ സമയം കാട്ടാന അവർ നിൽക്കുന്ന മരത്തിന്റെ നേരെ മുൻപിൽ ആയിട്ടാണ് നിൽക്കുന്നത് മൂർച്ചയേറിയ ആനയുടെ കൊമ്പിന്മേൽ കാണുന്ന രക്തക്കറ കണ്ടതും മിത്ര പേടിച്ച് അലറുവാൻ തുടങ്ങിയ അതേസമയം തന്നെയാണ് രുദ്രൻ തന്റെ കൈകൊണ്ട് അവളുടെ വായ പൊത്തിപ്പിടിച്ചത് …
ശബ്ദം ഉണ്ടാക്കരുത് മിത്ര.. ശബ്ദം ഉണ്ടാക്കിയാൽ അതിന്റെ ശ്രദ്ധ നമ്മുടെ ഭാഗത്തേക്ക് ആകും..
രുദ്രൻ മിത്രയുടെ ചെവിയിലായി പതിയെ പറഞ്ഞു അപ്പോഴും മിത്രയുടെ കണ്ണുകൾ ആ രക്തം പുരണ്ട കാട്ടാനയുടെ കൊമ്പുകളിൽ തന്നെയായിരുന്നു… ഇനിയും അത് നോക്കി നിൽക്കുവാൻ ത്രാണി ഇല്ലാത്തത് പോലെ മിത്ര വീണ്ടും തന്റെ മുഖം രുദ്രന്റെ ഇടനെഞ്ചിലേക്ക് ചേർത്ത് വച്ചുനിന്നു.
പിന്നീട് ഒരു മണിക്കൂറോളം അവിടെത്തന്നെ ഇരുന്നതിനുശേഷമാണ് ഇരുവരും പുറത്തേക്കിറങ്ങുവാൻ ഒരുങ്ങിയത്
രുദ്രൻ പുറത്തേക്കിറങ്ങുന്നു എന്ന് മനസ്സിലാക്കിയ മിത്ര അവന്റെ കൈകളിലായി പിടിച്ചു കൊണ്ട് പറഞ്ഞു..
രുദ്രേട്ടാ ഇപ്പോൾ പുറത്തേക്കു പോകണോ എനിക്ക് പേടിയാകുന്നു…
ഭയംകൊണ്ട് അവൾ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണെന്ന് രുദ്രനു മനസ്സിലായി അതുകൊണ്ട് തന്നെ അവൻ മിത്രയോടായി പറഞ്ഞു..
എത്രനേരം എന്ന് കരുതിയാണ് ഇവിടെ ഇരിക്കുക നിന്നോട് ഞാൻ ചോദിച്ചതല്ലേ വനത്തിലേക്ക് കയറുവാൻ നിനക്ക് പേടിയുണ്ടോ എന്ന്…
ഇപ്പോൾ എന്ത് പറ്റി…
രുദ്രൻ അങ്ങനെ പറഞ്ഞതും മിത്ര മുഖം വീർപ്പിച്ചു കൊണ്ടു രുദ്രനെ നോക്കി ആ സമയം അവന്റെ കണ്ണുകളിൽ ഇതുവരെ കാണാത്ത ഒരു ഭാവമാണോ എന്ന് പോലും മിത്രക്ക് സംശയം തോന്നി..
പക്ഷേ അധികനേരം ആ കണ്ണുകളിലേക്ക് നോക്കിനിൽക്കുവാൻ മിത്രയ്ക്ക് സാധിച്ചില്ല എന്തോ ഒരു തീക്ഷ്ണതയുണ്ടായിരുന്നു രുദ്രന്റെ കണ്ണുകളിൽ..
അ… അത്… അത്.. പി… പിന്നെ ഞാൻ അപ്പോൾ.. അല്ലെങ്കിൽ വേണ്ട നടന്നോ ഞാനും കൂ…കൂടെ വരാം..
എന്തുകൊണ്ടൊ മിത്രക്ക് രുദ്രന്റെ മുന്നിൽ തോറ്റു കൊടുക്കുവാൻ ആദ്യമായിട്ട് തോന്നിയില്ല..
ഈ സമയം മിത്രയുടെ സംസാരം കേട്ട് രുദ്രന്റെ ചൊടിയിൽ നേരിയൊരു പുഞ്ചിരി വിടർന്നു.. അത് രണ്ടാമതൊരാൾക്ക് കാണുവാൻ കൂടി സാധിക്കില്ല അത്രയും ചെറുത്.
മിത്രയുടെ കൈപ്പിടിച്ച് രുദ്രൻ പുറത്തേക്കിറങ്ങിയതും കണ്ടു തങ്ങളെയും നോക്കി നിൽക്കുന്ന ആ ആദിവാസി യുവാക്കളെ..
അയ്യോ… മിത്ര നോക്കുമ്പോൾ ഒരാളുടെ തുടയിൽ ആനയുടെ ആക്രമണത്തിൽ നല്ലൊരു പരിക്ക് പറ്റിയിട്ടുണ്ട്..
മിത്രവേഗം തന്റെ ദാവണിയുടെ തുമ്പ് വലിച്ചുകീറി ആ യുവാവിന്റെ മുറിവിലായി വരിഞ്ഞു കെട്ടി..
മുന്നിൽ നിൽക്കുന്ന നാലുപേരുടെയും മുഖം കണ്ടാൽ തന്നെ മനസ്സിലാകും അവർ വല്ലാത്ത ഒരു അവസ്ഥയിൽ ആണെന്ന്..
അവരുടെ അവസ്ഥ മനസ്സിലാക്കിയത്പോൽ രുദ്രൻ അവരോടായി പറഞ്ഞു “നിങ്ങൾ പൊയ്ക്കോളൂ ഞങ്ങൾ തനിച്ച് ക്ഷേത്രത്തിലേക്ക് പൊയ്ക്കോളാം…”
അയ്യോ തമ്പ്രാ അത് പിന്നെ അത് വേണോ… ഞങ്ങൾ വഴി കാണിക്കുവാൻ വേണ്ടി വന്നവരല്ലേ.. കൂട്ടത്തിൽ ഒരുവൻ രുദ്രനോട് ആയി പറഞ്ഞു ..
അത് സാരമില്ല നിങ്ങൾ ഇയാളെ എത്രയും പെട്ടെന്ന് കുടിയിൽ എത്തിക്കുവാൻ നോക്കൂ.. ഇപ്പോൾ തന്നെ രക്തം ഒരുപാട് പോയിരിക്കുന്നു…
രുദ്രന്റെ ഗാംഭീര്യം ആർന്ന മുഖത്തേക്ക് നോക്കി ഇനിയും പറ്റില്ല എന്ന് പറയാൻ ആ യുവാക്കൾക്ക് അല്പം ഭയം തോന്നി. അതുകൊണ്ട് തന്നെ അവന്റെ താൽപര്യപ്രകാരം ആ നാല് യുവാക്കളും കാട് ഇറങ്ങി തുടങ്ങി …
വാ…
മിത്ര നോക്കുമ്പോൾ തന്റെ മുഖത്തേക്ക് നോക്കി ഇടതു കൈ മിത്രയ്ക്ക് നേരെ നീട്ടിയിരിക്കുകയാണ് രുദ്രൻ ..
അവനെ iനോക്കിക്കൊണ്ട് തന്നെ മിത്ര തന്റെ വലതു കൈ അവന്റെ ഇടതു കൈയിലേക്ക് ചേർത്തുവച്ചതും രണ്ടുപേരുടെയും കണ്ണുകൾ ഒരു നിമിഷം പരസ്പരം കോർത്തു..
പിന്നീട് വേഗം നോട്ടം മാറ്റിക്കൊണ്ട് ഇരുവരും കാട് കയറുവാൻ തുടങ്ങി…
രാകേഷ് പറഞ്ഞതനുസരിച്ച് സെബാസ്റ്റിനും അവനും തേജക്ക് വേണ്ടി കാത്തു നിൽക്കുകയാണ്..
അവൻ ഏത് നിമിഷവും വയനാട്ടിൽ എത്തിച്ചേരുമെന്നാണ് അറിഞ്ഞത്..
ഏകദേശം ഒരു മണിക്കൂർ കാത്തുനിൽപ്പിനൊടുവിൽ തേജയുടെ കാർ ഇവരുടെയും മുൻപിലായി ചീറിപ്പാഞ്ഞു കൊണ്ട് നിർത്തി..
അതിൽ നിന്നും ഇറങ്ങുന്ന തേജയെ കണ്ടതും രാകേഷും സെബാസ്റ്റ്യനും ഭയഭക്തി ബഹുമാനത്തോടെ ഒരു ഒരാത്തെക്കായി മാറിനിന്നു…
കാറിൽ നിന്നും ഇറങ്ങിയ തേജ തന്റെ മുൻപിലായി കാണുന്ന വയനാടിന്റെ മനോഹാരിത നോക്കിക്കൊണ്ടുതന്നെ തന്റെ കണ്ണിൽ നിന്നും സൺഗ്ലാസ് എടുത്തുമാറ്റിക്കൊണ്ട് രാകെഷിന്റെ മുഖത്ത് നോക്കി ചോദിച്ചു..
രാകേഷ് എന്തായി മിത്രയെ കിട്ടിയോ?
അത് പിന്നെ സർ.. അവൻ സെബാസ്റ്റ്യൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ രാകേഷിനോട് പറഞ്ഞു..
ഹ്മ്മ്മ് അപ്പോൾ മിത്ര തനിച്ചല്ല അവൾക്കൊരു രക്ഷകൻ ഉണ്ടല്ലേ
ഉണ്ടെന്നു വേണമെങ്കിൽ പറയാം സാർ പക്ഷേ അവൻ ആരാണെന്ന് യാതൊരു എത്തും പിടിയും ഇല്ല..
പിന്നെ ഒരു 10 മിനിറ്റ് മുന്നേ ഒരു വിവരം ലഭിച്ചിട്ടുണ്ട്..
എന്ത് വിവരം?തേജ തന്റെ കണ്ണുകൾ ചുരുക്കി കൊണ്ട് രാകേഷിനോട് ചോദിച്ചു….
അത് പിന്നെ സാർ ഇവിടെ നിന്നും രണ്ടുമണിക്കൂർ യാത്ര ചെയ്താൽ ഒരു ആദിവാസി ഊരിൽ ആണ് എത്തുക..
അവിടത്തെ ഒരു പയ്യനെ കാട്ടാന ആക്രമിച്ചു എന്ന് അറിഞ്ഞ് ദോ ഇയാൾക്ക് അറിയാവുന്ന പയ്യനാണ് ഡോക്ടറുടെ കൂടെ അയാളെ സഹായിക്കാൻ വേണ്ടി അവിടേക്ക് പോയത്…
അവിടെയെത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് ഒരു യുവാവിനും പെൺകുട്ടിക്കും വനത്തിലെ ഒരു ക്ഷേത്രത്തിലേക്ക് വഴി കാണിക്കുവാൻ വേണ്ടി പോയപ്പോൾ കാട്ടാന ആക്രമിച്ചതാണെന്നാണ്..
ഒരുപക്ഷേ ആ യുവാവും പെൺകുട്ടിയും മിത്രയും മറ്റവനും ആണെങ്കിൽ കാര്യങ്ങൾ എളുപ്പമായില്ലേ തേജസാർ..
രാകേഷ് എല്ലാം വെട്ടിപ്പിടിച്ചവനെ പോലെ പുഞ്ചിരിച്ചുകൊണ്ട് തേജയോടായി ചോദിച്ചു ….
ഹ്മ്മ്മ്.. Good ശരിയാണ് എങ്കിലും താനൊരു കാര്യം ചെയ്യ് മിത്രയുടെ ഫോട്ടോ ആ പയ്യന് അയച്ചുകൊടുക്ക് .. ആദിവാസി ഊരിലുള്ള ആരെങ്കിലും ആ ഫോട്ടോ തിരിച്ചറിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി..
ഹാ അത് ശരിയാ സാറ് പറഞ്ഞത് ഞാൻ എന്നാൽ അങ്ങനെ ചെയ്യട്ടെ..
രാകേഷ് തന്റെ കൈയിലുണ്ടായിരുന്ന മിത്രയുടെ ഫോട്ടോ ആ male നഴ്സിനു അയച്ചുകൊടുത്തു..
ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോൾ തിരിച്ചു റിപ്ലൈ വന്നു…
മൊബൈലിൽ കാണുന്ന റിപ്ലൈ കണ്ടതും രാകേഷിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..
തേജ സാർ അത് മിത്ര തന്നെയാണ്…
രാകേഷ് അങ്ങനെ പറഞ്ഞതും തേജയുടെ കണ്ണുകൾ ഒന്നു വിടർന്നു മിത്രയിലേക്കുള്ള ദൂരം ഇനി അധികമില്ല എന്ന് അവന്റെ മനസ്സ് അവനോട് തന്നെ പറഞ്ഞുകൊണ്ടേയിരുന്നു…
രുദ്രന്റെ കൂടെ എത്തുവാൻ മിത്ര നന്നേ പാടുപെട്ടിരുന്നു അവസാനം ഗതികെട്ട മിത്ര രുദ്രനോടായി വിളിച്ചുപറഞ്ഞു…
അതെ ഒന്ന് പതിയെ നടക്കാമോ..
മുട്ടുകാലിൽ കൈകൾ ഊന്നി കുനിഞ്ഞു നിന്ന് ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് മിത്രാ രുദ്രനോടായി പറഞ്ഞു..
രുദ്രൻ തിരിഞ്ഞുനോക്കുമ്പോൾ തന്റെ പിറകിലായി നിന്ന് ശ്വാസം ആഞ്ഞുവലിക്കുന്ന മിത്രയെയാണ് കാണുന്നത്..
ഡീ!! ഇങ്ങനെ ആമയിഴയുന്നതുപോലെ നടന്നാൽ നമ്മൾ ഇപ്പോഴൊന്നും ആ ക്ഷേത്രത്തിൽ എത്തിച്ചേരുകയില്ല.. ഒന്ന് വേഗം ഇങ്ങോട്ട് ഇളകി നടക്കെന്റെ കൊച്ചേ..
മിത്രയേ നോക്കി കണ്ണുരുട്ടി കൊണ്ടു രുദ്രൻ വീണ്ടും മുന്നേ നടക്കുവാൻ തുടങ്ങി..
ഈ സമയം മനസ്സിൽ നന്നായി രുദ്രനെ സ്മരിച്ചുകൊണ്ട് മിത്ര കാലെടുത്തു മുന്നോട്ടു വച്ചതും ..
ആഹ്…
പിറകിൽ നിന്നും എന്തോ ശബ്ദം കേട്ട് രുദ്രൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ഒരു ചെറിയ കുഴിയിൽ ആയി വീണു കിടക്കുന്ന മിത്രയെയാണ്..
ഹോ എന്റെ ദേവി
സ്വയം നെറ്റിയിൽ അടിച്ച് തന്റെ ദേഷ്യം കടിച്ചമർത്തി രുദ്രൻ മിത്രയുടെ അടുക്കലേക്ക് ഓടിവന്നു.
ഡീീ!
എവിടെയാടി നിന്റെ കണ്ണ് നീ എവിടെ നോക്കിയ നടക്കുന്നത്…
അ.. അത് പിന്നെ ഞാൻ അറിയാതെ..രുദ്രന്റെ മുഖത്തേക്ക് നോക്കുവാനുള്ള ഭയംകൊണ്ട് മിത്ര താഴേക്ക് തന്നെ നോക്കി അവിടെ തന്നെ ഇരുന്നുകൊണ്ടു അവനോടായി പറഞ്ഞു..
തമ്പുരാട്ടി ഇന്നു മുഴുവൻ ഇവിടെ ഇരിക്കുവാൻ ആണോ പോകുന്നത്..
സൗമ്യതയോടുകൂടിയാണ് രുദ്രൻ മിത്രയോട് ചോദിക്കുന്നതെങ്കിലും ദേഷ്യം കൊണ്ട് അവന്റെ പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം മിത്രക്ക് ശരിക്കും കേൾക്കാമായിരുന്നു..
അ… അത് പി…പിന്നെ എന്റെ കാല്..
എവിടെ നോക്കട്ടെ… മിത്ര അങ്ങനെ പറഞ്ഞതും രുദ്രൻ ഇരുന്നു കൊണ്ട് മിത്രയുടെ വലതുകാൽ ഒന്ന് നോക്കി..
ആ… രുദ്രൻ ബലമായി അവളുടെ വലതുകാലിൽ പിടിച്ചതും അവൾ അറിയാതെ കാൽ വലിച്ചു കൊണ്ട് ഒന്ന് കരഞ്ഞു പോയി…
അടങ്ങിയിരിക്കെടീ ..
ഹ്മ്മ്മ്മ്..
അവളുടെ കാല് പിടിച്ചു നോക്കിക്കൊണ്ട് മിത്രയോട് മുഖത്ത് നോക്കി ചോദിച്ചു രുദ്രൻ ശരിക്കും എന്താ സംഭവിച്ചത്..
അത് പിന്നെ ഞാൻ… മിത്ര എന്തോ ഓർത്തുകൊണ്ട് താൻ എങ്ങനെയാണ് വീണതെന്ന് പറയാൻ വേണ്ടി ആലോചിച്ചതും പെട്ടെന്നാണ് രുദ്രൻ അവളുടെ കാല് പിടിച്ച് തിരിച്ചത്…
ആാാാാ!!!
ഇനി പതിയെ എഴുന്നേറ്റ് നടക്കുവാൻ നോക്ക്.. മിത്രയോടായി പറഞ്ഞു കൊണ്ട് തന്റെ കൈകൾ അവൾക്ക് നേരെ നീട്ടി അവൻ ..
മിത്ര രുദ്രന്റെ കൈകളിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് പതിയെ അവന്റെ വലതു കയ്യിലായി തന്റെ കൈ ചേർത്ത് പിടിച്ച് എഴുന്നേറ്റ് നിന്ന്…
അവൾ പതിയെ ഒന്നു നടന്നുനോക്കി ചെറിയ ഒരു വേദനയുണ്ട് എങ്കിലും സ്വാഭാവികമായ ഒരു നടത്തം പെട്ടെന്ന് സാധിക്കില്ല എന്ന് മിത്രയ്ക്ക് മനസ്സിലായി.. അവൾ ദയനീയമായി രുദ്രനെ നോക്കി..
മിത്രയുടെ നിൽപ്പ് കണ്ടതും രുദ്രനു ദേഷ്യം വന്നെങ്കിലും അതെല്ലാം അടക്കിപ്പിടിച്ച് നീട്ടി ഒരു ശ്വാസം ആഞ്ഞു വലിച്ചു വിട്ടു അവൻ ..
ഈ സമയം അവൻ ഇനിയും തന്നെ വഴക്ക് പറയും എന്ന് കരുതി മിത്ര താഴേക്ക് തന്നെ നോക്കി നിന്നു…
പെട്ടെന്നാണ് അവൾ ഉയർന്നുപൊങ്ങിയത് പോലെ അവൾക്ക് തോന്നിയത്..
നോക്കുമ്പോൾ രുദ്രൻ അവന്റെ ഇരുകൈകളിലായി അവളെ എടുത്തിരിക്കുകയാണ്..
രുദ്രൻ തന്നെ എടുത്തിരിക്കുകയാണെന്ന് മനസ്സിലാക്കിയ മിത്ര അവന്റെ കയ്യിൽ കിടന്നു ഒന്ന് കുതറി..
അടങ്ങിയിരിക്കെടീ അവിടെ ഇല്ലെങ്കിൽ ഞാൻ നിന്നെ ഇവിടെ വിട്ടിട്ട് പോകും കാണണോടി നിനക്ക്..
ഹ്മ്മ്മ് വേണ്ട.. വേണ്ട …..
പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്നവനാണ് രുദ്രൻ എന്ന് മിത്രക്ക് ഏകദേശം ഇപ്പോൾ മനസ്സിലായിട്ടുണ്ട് അതുകൊണ്ട് തന്നെ അവൾ തലവിലങ്ങനെയാട്ടി കൊണ്ട് അവനോട് പറഞ്ഞു..
ഹ്മ്മ്മ്…. അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അവളെയും കൊണ്ട് നടന്നു നീങ്ങിഅവൻ ..
ഈ സമയം ഒരു പൂച്ചക്കുഞ്ഞിനെ പോലെ രുദ്രന്റെ നെഞ്ചിലേക്ക് തന്റെ തല ചേർത്തുവെച്ച് മിത്രയും ആ നിമിഷം ആവോളം ആസ്വദിക്കുകയായിരുന്നു..
തന്റെ മനസ്സിൽ രുദ്രൻ എന്ന വ്യക്തിക്കുള്ള സ്ഥാനം മറ്റെന്തൊക്കെയോ ആയി മാറുന്നത് പോലെ മിത്രക്ക് അപ്പോൾ തോന്നി തുടങ്ങുന്നുണ്ടായിരുന്നു…
ഈ സമയം വനത്തിന്റെ അതിർത്തിയിൽ..
രാകേഷ് നമ്മുടെ പയ്യന്മാരോട് കാടിളക്കി രണ്ടെണ്ണത്തിനെയും തിരയുവാൻ പറ…
പീറ്റർ വന്യമൃഗങ്ങൾ എങ്ങാനും മുന്നിൽ വന്നു പെട്ടാൽ ഒന്നും നോക്കണ്ട വെടി വെച്ചേക്ക് ബാക്കി കാര്യം ഞാൻ നോക്കിക്കോളാം…
Ok ബോസ്സ്..
മുന്നിൽ കാണുന്ന കരിനാഗത്തെപ്പോലെ പത്തിവിടർത്തി നിൽക്കുന്ന ആ വനത്തിലേക്ക് നോക്കി അല്പസമയം ആ വനാതിർത്തിയിൽ നിന്നു തേജ പിന്നീട് തന്റെ കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് ഒന്ന് ആഞ്ഞുവലിച്ചുകൊണ്ട് വലതുകാൽ വച്ച് അവൻ ആ വനത്തിലേക്ക് കയറി…
തുടരും
