*രുദ്രാക്ഷം 21*
അ… അത് പി.. പിന്നെ സാർ ഞങ്ങൾ അന്വേഷിക്കുകയാണ് ഇതുവരെ അവൾ എവിടെയാണെന്ന്….
മുഴുവനും പറയാൻ സാധിക്കാതെ രാകേഷ് നിന്ന് വിയർത്തുപോയി കാരണം തേജയുടെ കണ്ണുകളിലെ അപ്പോഴത്തെ ഭാവം ആരെയും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു…
അല്ല അത്…അത് പിന്നെ സാർ… ഞാൻ..
എന്താ രാകേഷ് എനിക്ക് ആ കിരീടം കിട്ടിയേ തീരൂ… അറിയാലോ ആ നിലവിറയ്ക്കുള്ളിൽ കടക്കുവാൻ ഇപ്പോൾ മിത്രയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ.. അവളുടെ അച്ഛനെയും അമ്മയെയും ഞാൻ ഈ കൈകൾ കൊണ്ട കൊന്നത്. എനിക്ക് ആ അമൂല്യ രത്നങ്ങൾ പതിപ്പിച്ച ദേവകിരീടം കിട്ടുവാൻ വേണ്ടി മാത്രമാണ്..
പക്ഷേ ആ മഹാദേവന് അഹങ്കാരമായിരുന്നു.. പിന്നെ എന്തുണ്ടായി ചത്തുമലച്ചു ഭാര്യയും ഭർത്താവും… മര്യാദയ്ക്ക് അന്ന് എന്റെ കൂടെ നിന്നിരുന്നെങ്കിൽ കോടികൾ ഞാൻ അവർക്ക് പാരിതോഷികമായി കൊടുക്കുമായിരുന്നു പക്ഷേ അവർക്കത് പറ്റില്ല സത്യസന്ധത വിട്ടു കളിക്കില്ല പോലും ഒപ്പം അവരുടെ മോളെ എനിക്ക് കെട്ടിച്ച് തരില്ല എന്ന്…..
ഇനിയിപ്പോൾ യാതൊരു തടസ്സവുമില്ല എനിക്കുമുന്നിൽ. മിത്ര അവൾ വഴി മാത്രമേ എനിക്ക് ആ നിലവറയിലേക്ക് കടക്കുവാൻ സാധിക്കുകയുള്ളൂ… തേജയുടെ മുഖം ആ സമയം വല്ലാതെ ദേഷ്യം കൊണ്ട് മുറുകീയിരുന്നു.
അല്ല സർ ഞാനൊരു കാര്യം ചോദിച്ചോട്ടെ എന്തിനാണ് മിത്ര?
ആ നിലവറ കുത്തി തുറന്ന് നമുക്കത് എടുക്കാവുന്നതല്ലേയുള്ളൂ.. രാകേഷ് സന്തോഷത്തോടെ തേജയോടായി പറഞ്ഞു..
ശരിക്കും ആ കോവിലകത്തിൽ ഉള്ളത് തന്നെയാണോ രാകേഷേ നീ?..
എടുത്തടിച്ചത് പോലെയുള്ള തേജയുടെ സംസാരം രാഗേഷിനെ ആകെ ദേഷ്യം പിടിപ്പിച്ചെങ്കിലും അത് പുറത്തു കാണിക്കാതെ മുഖത്തു ഒരു പുഞ്ചിരി വരുത്തി രാകേഷ് തേജയോടായി ചോദിച്ചു..
അതെന്താ സർ അങ്ങനെ ചോദിച്ചത്..
പിന്നെ ചോദിക്കാതെ ആ തറവാട്ടിലെ വിവാഹിതരായ ദമ്പതികൾക്ക് മാത്രമേ ആ നിലവറയിലേക്ക് പ്രവേശിക്കാൻ പറ്റുകയുള്ളൂ … അല്ലാതെ തനിച്ച് നിലവറയിലേക്ക് കയറുന്ന ആൾക്ക് മരണം സുനിശ്ചിതമാണ്…
തേജ എന്തോ ഒരു ഓർമ്മയിൽ മുറുകിയ മുഖത്തോടെ രാകേഷിനോടായി പറഞ്ഞു.
അവന്റെ മുഖം കാണുമ്പോൾ രാകേഷിന്റെ മനസ്സിൽ വന്ന ചോദ്യം ചോദിക്കുവാൻ ഭയം ഉണ്ടെങ്കിലും എന്നിരുന്നാലും എന്തും വരട്ടെ എന്ന് കരുതി രാകേഷ് തേജയോട് ചോദിച്ചു..
ചോദിക്കുന്നത് കൊണ്ട് ഒന്നും കരുതരുത് ഇപ്പോഴും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങളിൽ ഈ പുതുതലമുറയിൽപെട്ട സാറും വിശ്വസിക്കുന്നുണ്ടോ? പിന്നെ ഇതെല്ലാം സത്യമാണെങ്കിൽ തറവാട്ടിലുള്ള ദമ്പതികൾ എടുത്താൽ മതി എങ്കിൽ എന്റെ അച്ഛനും അമ്മയും എടുത്തു തരുമല്ലോ ആ കിരീടം…
രാകേഷിന്റെ ചോദ്യം കേട്ടതും തേജ ഒരു പുച്ഛ ചിരി ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു..
തനിക്ക് അറിയുമൊ രാകേഷ് എന്റെ തറവാടിന്റെ പേര് താൻ ചിലപ്പോൾ കേട്ടിട്ടുണ്ടാകും “കാളിയാർ മഠം.”. കാളിയാർ മഠത്തിന്റെ ബന്ധ ശത്രുക്കൾ ആയിരുന്നു കൃഷ്ണപുരം കൊട്ടാരത്തിൽ ഉള്ളവർ..
അന്നും കാളിയാർ മഠത്തിന്റെ കണ്ണുകൾ പോയത് കൃഷ്ണപുരo കൊട്ടാരത്തിലെ അമൂല്യ നിധിയായി അവർക്ക് സൂക്ഷിക്കുന്ന ആ വിഷ്ണു ഭഗവാന്റെ സ്വർണം കിരീടത്തിൽ തന്നെ ആയിരുന്നു…
താൻ പറയുന്നത് പോലെ തന്റെ അച്ഛനും അമ്മയ്ക്കും ഒന്നും അത്ര പെട്ടെന്ന് നിലവറക്കുള്ളിൽ കയറി ആ കിരീടം എടുക്കാൻ സാധിക്കില്ല.. അതിനായി ജനിച്ച പ്രത്യേകം നക്ഷത്രത്തിൽ..
പെട്ടവർക്ക് മാത്രമേ അവിടേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ..
എന്നുവച്ചാൽ? രാകേഷിന് തേജ പറഞ്ഞത് മനസ്സിലായിട്ടില്ലായിരുന്നു..
എന്നുവച്ചാൽ കാർത്തിക നക്ഷത്രത്തിൽ പിറന്ന പുരുഷനും മകം നക്ഷത്രത്തിൽ പിറന്ന സ്ത്രീയും ആയിരിക്കണം ദമ്പതികൾ അവർക്ക് മാത്രമേ നിലവറയിലേക്ക് കയറുവാൻ പറ്റുകയുള്ളൂ…
ഹോ അങ്ങനെ… അപ്പോൾ സാറിന്റെ നക്ഷത്രം കാർത്തികയാണോ?എന്തോ പിടുത്തം കിട്ടിയത് പോലെ രാകേഷ് തേജയോട് ചോദിച്ചു..
എന്റെ നക്ഷത്രം കാർത്തികയാണ്.. എന്റെ പാതിയായി എനിക്ക് മിത്രയെ കെട്ടണം കാരണം അവൾ മകം നക്ഷത്രക്കാരിയാണ്.. അതുകൊണ്ടാണ് തന്നെ ഞാൻ മിത്രയെ കണ്ടു പിടിക്കാനുള്ള ജോലി ഏൽപ്പിച്ചത്…
ഇതിനു മുന്നേയും പല ചതിപ്രയോഗങ്ങൾ നടത്തി ആ കിരീടം സ്വന്തമാക്കുവാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും ഒന്നും വിജയം കാണുവാൻ സാധിച്ചില്ല…
ആയിടയ്ക്ക് എന്റെ അച്ഛൻ അവിടുത്തെ ഇളയ പെൺകുട്ടിയെ പ്രേമിച്ചു വശത്താക്കുവാൻ ഒരു ശ്രമം നടത്തിയിരുന്നു…
ആരെ എന്റെ അമ്മയുടെ ഇളയ സഹോദരിയെയൊ… അവർ…അവരെക്കുറിച്ച് എനിക്കൊന്നും അറിയില്ല… ഞാൻ കുഞ്ഞായിരിക്കുമ്പോൾ അവർ ആരുടെയൊ കൂടെ ഒളിച്ചോടിപ്പോയി എന്ന് മാത്രം അറിയാം.. സത്യത്തിൽ അവരുടെ പേര് പോലും എനിക്കറിയില്ല തറവാട്ടിൽ ആരും അവരെക്കുറിച്ച് പറയാറില്ല..
മ്മ്മ്മ് അവർ തന്നെ.. അവർ മകം നക്ഷത്രകാരി ആയിരുന്നു പക്ഷേ അവർ അതിനെ മുന്നേ തന്നെ മറ്റൊരു പയ്യനുമായി പ്രണയത്തിൽ ആവുകയും നാടുവിട്ടു പോവുകയും ചെയ്തു.. അതിനുശേഷം അച്ഛന് ആ കിരീടത്തിലേക്കുള്ള ദൂരം വളരെ കൂടുതലായി മാറി… ഇതെല്ലാം എന്റെ അച്ഛൻ എന്നോട് പറഞ്ഞ കാര്യങ്ങളായിരുന്നു..
ഒരു സംശയം കൂടി ചോദിച്ചോട്ടെ.. അതായത് ആ നിലവറയ്ക്കുള്ളിൽ ദമ്പതികൾ അല്ലാത്തവർ കയറിയാൽ എങ്ങനെയാണ് മരണപ്പെടുന്നത്…
അത് സത്യത്തിൽ എങ്ങനെയാണെന്ന് ആർക്കും ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.. അവസാനം അങ്ങനെ ഒരു ശ്രമം നടത്തിയത് കാളിയാർ മഠത്തിലെ നാഗേശ്വർ അതായത് എന്റെ മുത്തശ്ശനാണ്.
അന്ന് നിലവിളക്കുമായി നിലവറക്കുള്ളിലേക്ക് കയറിപ്പോയ മുത്തശ്ശനെ പിന്നീട് ഞങ്ങൾ ആരും കണ്ടിട്ടില്ല… മരണപ്പെട്ടിട്ടുണ്ടാകും എന്ന് തന്നെയാണ് ഞങ്ങളുടെ എല്ലാം വിശ്വാസം..
പിന്നെ ഉള്ള ഏക വഴി മിത്രയാണ് അവളെ വിവാഹം ചെയ്താൽ മാത്രമേ എനിക്ക് ആ നിലവറയിൽ കടക്കുവാൻ സാധിക്കുകയുള്ളൂ…
അപ്പോൾ പേരിനൊരു വിവാഹം ആ കിരീടം എടുക്കുവാൻ അങ്ങനെയല്ലേ.. രാകേഷ് മിത്രയുടെ ശരീരം മനസ്സിൽ ഓർത്തുകൊണ്ട് തേജയോടായി അറിയാതെ ചോദിച്ചു പോയി..
ഇല്ല അങ്ങനെയല്ല ഭാര്യ ഭർത്താക്കന്മാരായി ദാമ്പത്യ ജീവിതം തുടങ്ങിയതിനുശേഷം മാത്രമേ നിലവറക്ക് അകത്തു കയറുവാൻ പാടുള്ളൂ..
കിരീടം കിട്ടിക്കഴിഞ്ഞാൽ എന്റെ മോഹങ്ങൾ തീർത്തു ഞാൻ മിത്രയേയും അവളുടെ അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് പറഞ്ഞയച്ചിരിക്കും.. എന്റെ മുത്തശ്ശനെ ഇല്ലാതെയാക്കിയ കൃഷ്ണപുരം കൊട്ടാരം ഞാൻ നാമാവശേഷമാക്കിയില്ലെങ്കിൽ എന്റെ പേര് തേജ് യാദവ് എന്നല്ല…
മിത്ര നീ എവിടെയാ!!!!ആാാാാ!!!!
ദേഷ്യം കൊണ്ടുള്ള തേജിന്റെ അലർച്ചെയിൽ രാകേഷ് പോലും ഒന്ന് വിറച്ചു പോയി…
എന്റെ മിത്രേ ഒന്ന് വേഗം നടന്നെ കൊടിയേറ്റത്തിനുള്ള സമയമായി..
ആദ്യമായിട്ടാണ് മുണ്ടും നേരിയതും ഉടുക്കുന്നത് മിത്ര അതുകൊണ്ടുതന്നെ അതുടുത്തു കൊണ്ട് നടക്കുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അവൾക്കുണ്ടായിരുന്നു…
നന്ദനയുടെ നിർബന്ധപ്രകാരമാണ് അവൾ ഇന്ന് മുണ്ടും നേരിയതും ഉടുത്തത് … നന്ദനയോട് എതിർത്തു പറയുവാൻ മിത്രയ്ക്ക് എന്തുകൊണ്ടോ തോന്നിയില്ല കാരണം ഈ തറവാട്ടിൽ അവൾക്ക് ആകെയുള്ള ഒരു ആശ്വാസം നന്ദനയാണ്..
ഓരോന്നും പറഞ്ഞ് കളിച്ചും ചിരിച്ചുകൊണ്ട് മിത്രയും നന്ദനയും ക്ഷേത്രമുറ്റത്തേക്ക് എത്തി..
ആ ഗ്രാമത്തിലെ എല്ലാ ജനങ്ങളും ആ ക്ഷേത്രത്തിന്റെ പരിസരത്തായിട്ടുണ്ട് എന്ന് മിത്ര മനസ്സിലാക്കി..
ക്ഷേത്രത്തിൽ എത്തിയതും മിത്രയുടെ കണ്ണുകൾ ആദ്യം തേടിയത് രുദ്രനെ തന്നെയാണ്..
ആൾക്കൂട്ടത്തിൽ നിന്നും അകന്നുപോകുവാതെ ഇരിക്കാൻ വേണ്ടി നന്ദന മിത്രയുടെ കൈകളെ മുറുകെ പിടിച്ചു കൊണ്ട് കൊടിമരത്തിന്റെ അടുത്തേക്കായി നടന്നു നീങ്ങി..
എന്താണെന്നറിയില്ല രുദ്രനെ കാണുവാൻ മിത്രയുടെ ഉള്ളം തുടിച്ചുകൊണ്ടിരുന്നു…അതിന് കാരണം ഒന്നും അറിയുന്നില്ലെങ്കിലും അവനെ ഒരു നോക്ക് കാണണമെന്ന് അവൾ അതിയായി ആഗ്രഹിച്ചിരുന്നു..
ഈ സമയം കസവിന്റെ മുണ്ടും അതിന്റെ തന്നെ മേൽമുണ്ടും ധരിച്ചു കൊണ്ട് ഒരു തമ്പുരാന്റെ എല്ലാ പ്രൗഢിയോട് കൂടി തിരുമേനി പറയുന്ന പൂജാകർമ്മങ്ങൾ എല്ലാം ഏറ്റു പറഞ്ഞുകൊണ്ട് രുദ്രൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി..
തൊട്ടടുത്തായി തന്നെ സൂരജും നിൽപ്പുണ്ടായിരുന്നു..
നന്ദനയുടെ കണ്ണുകൾ സൂരജിനെ തേടി പോയപ്പോൾ മിത്ര സൂരജിന് പകരം രുദ്രനെ ആണ് നോക്കി പോകുന്നത്..
കൊടിയേറ്റം കഴിഞ്ഞതും വെടിക്കെട്ട് കാണുവാൻ വേണ്ടി എല്ലാവരും അവിടേക്ക് നടന്നപ്പോൾ മിത്രയും നന്ദനയും ആ തിരക്കിൽ കൈവിട്ടു പോകാതെ ഇരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു..
അല്പം ദൂരെയായി നിൽക്കുന്ന ഇരുവരെയും സൂരജ് കണ്ടതും അവൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു ..
നിങ്ങൾ ഇവിടെ എന്തു ചെയ്യുകയാണ് വാ എന്റെ കൂടെ.. മിത്രയുടെ കയ്യും പിടിച്ചു നന്ദനയെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവൻ ഇരുവരെയും കമ്മിറ്റി ഓഫീസിന്റെ മുൻപിലേക്കായി നിർത്തി…
ഇവിടെ നിന്നാൽ മതി കൊടിയേറ്റം കണ്ടല്ലോ ഇനി വെടികെട്ട് ഇവിടെ നിന്നാലും കാണാം..
ഹ്മ്മ്മ്.. മിത്ര അതിന് പുഞ്ചിരിച്ചുകൊണ്ട് സൂരജിന് മറുപടി നൽകിയപ്പോൾ നന്ദന അവനെ നോക്കി പുച്ഛിക്കുകയാണ് ചെയ്തത്..
ഓ ശരി തമ്പ്രാ..
എടി!!! സൂരജിന് നന്ദന തന്നെ കളിയാക്കിയത് തീരെ പിടിച്ചില്ല അതുകൊണ്ടുതന്നെ സൂരജ് എന്തോ അവളോട് പറയാൻ പുറപ്പെട്ടതും മിത്ര അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു “വേണ്ട ഏട്ട അവൾ വെറുതെ തമാശ പറഞ്ഞതല്ലേ കാര്യമാക്കല്ലേ പ്ലീസ്”..
കുഞ്ഞു കുട്ടികളെപ്പോലെ കണ്ണുകളെല്ലാം ചുരുക്കി കൊണ്ട് മിത്ര സൂരജിനോട് അങ്ങനെ പറഞ്ഞതും.. അതിന് സൂരജ് അവളെ നോക്കി കണ്ണുകൾ ചിമ്മി കൊണ്ട് നന്ദനയെ നോക്കി പേടിപ്പിച്ച് നേരെ അമ്പല കമ്മിറ്റിയുടെ ഓഫീസിലേക്ക് കയറിപ്പോയി…
അമ്പലക്കമ്മിറ്റിയിൽ ഉള്ളവർ തന്നെ വിളിക്കുന്നു എന്ന് ഒരു പയ്യൻ വന്ന് പറഞ്ഞത് പ്രകാരം രുദ്രൻ അവിടേക്ക് നടക്കുന്ന സമയത്താണ് ആ കാഴ്ച കണ്ടത്.
ദേഷ്യം കൊണ്ട് രുദ്രൻ ആകെ വിറക്കുന്നുണ്ടായിരുന്നു..
ഈ സമയം മുന്നിലെ കാഴ്ചകൾ നോക്കിക്കൊണ്ട് പിറകിൽ നിൽക്കുന്ന മിത്രയോട് എന്തൊക്കെ പറയുന്നുണ്ടായിരുന്നു നന്ദന ..
പെട്ടന്നാണ് കാറ്റ് പോലെ വന്ന് രുദ്രൻ മിത്രയുടെ കൈപ്പിടിച്ച് അമ്പല കമ്മിറ്റി ഓഫീസിന്റെ ഇടത് വശത്തായി ആരും അധികം ശ്രദ്ധ കൊടുക്കാത്ത ഭാഗത്തേക്ക് അവളെ വലിച്ചുകൊണ്ടുപോയി..
ഈ സമയവും നന്ദന പുറകിൽ മിത്രയുണ്ടെന്ന് കരുതി അപ്പോഴും എന്തൊക്കെയോ പറയുകയായിരുന്നു..
ആഹ്… രുദ്രൻ പിടിച്ചു മിത്രയേ ചുമരിനോട് ചേർത്തു നിർത്തിയതും അവന്റെ പിടുത്തത്തിൽ മിത്രയുടെ കൈ വല്ലാതെ വേദനിച്ചു..
മിത്ര എന്തോ ചോദിക്കുവാൻ വേണ്ടി രുദ്രന്റെ മുഖത്തേക്ക് നോക്കിയതും അവന്റെ മുഖത്തെ അപ്പോഴത്തെ ഭാവം കണ്ട് അവൾ ചോദിക്കാൻ വന്നത് പാതിയിൽ വിഴുങ്ങി പോയി കാരണം ദേഷ്യം കൊണ്ട് മുഖം എല്ലാം വിറക്കുന്നുണ്ടായിരുന്നു അവന്റെ…
അവന്റെ മുഖത്തെ ദേഷ്യത്തിന്റെ കാര്യം അറിയാത്ത മിത്ര ഭയത്തോടെ അവനെത്തന്നെ നോക്കി നിന്നു….
തുടരും…
