രുദ്രക്ഷം 22

രുദ്രൻ തന്റെ കൈകൾ കൊണ്ട് അവളുടെ നഗ്നമായ അണിവയറിലായി കൈകൾ ചേർത്തുവച്ചുകൊണ്ട് അലറിക്കൊണ്ട് മിത്രയോട് ചോദിച്ചു, “നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടി ഉടുക്കാൻ അറിയുമെങ്കിൽ മാത്രം ഇതുപോലുള്ള കഥകളി വേഷം കെട്ടിയാൽ മതി എന്ന്. എന്താടി ഇതെല്ലാം?” ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് മിത്ര രുദ്രന്റെ മുഖത്തേക്ക് നോക്കി നിന്നുപോയി. സ്വബോധത്തിലേക്ക് വന്ന മിത്ര തന്റെ ദേഹത്തേക്ക് ഒന്ന് നോക്കി. അതെ, അണിവയറിന്റെ ഭാഗവും മാറിലെ ഒരു ഭാഗവും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. മുണ്ടം നേര്യതും ഉടുക്കണ്ടായിരുന്നു എന്ന് വരെ മിത്രയ്ക്ക് തോന്നിപ്പോയി.

 

ഈ സമയം രുദ്രന്റെ ഉള്ളം കൈയുടെ ഇളം ചൂട് തന്റെ അണിവയറിൽ പതിയുന്നത് മിത്ര അറിഞ്ഞതും അവൾ ശ്വാസം എടുക്കാൻ പോലും മറന്നു രുദ്രനെ തന്നെ നോക്കി നിന്നു. പക്ഷേ രുദ്രൻ ഇതൊന്നും ചിന്തിക്കുന്ന കൂടെ ഉണ്ടായിരുന്നില്ല. അവന്റെ മനസ്സിൽ നേരത്തെ വൈഭവവും കൂട്ടുകാരും ആൽമരത്തിന്റെ ചുവട്ടിൽ ഇരുന്ന് മിത്രയെ തന്നെ കാമ കണ്ണുകളോടെ നോക്കുന്ന കാഴ്ചയായിരുന്നു ഓർമ്മ വന്നത്. അതോർക്കുമ്പോൾ മിത്രയുടെ അണിവയറിലുള്ള അവന്റെ കൈകളുടെ പിടി ഒന്ന് മുറുകി. “ആാാാ… നിൽക്കൂ, വേദനിക്കുന്നു…” മിത്ര തന്റെ ഇരുകൈകളും രുദ്രന്റെ തോളിൽ ചേർത്തു വെച്ചുകൊണ്ട് ഒന്ന് പുളഞ്ഞുകൊണ്ട് പറഞ്ഞു.

 

അപ്പോഴാണ് രുദ്രന് ബോധം വന്നത്. അവൻ അവളുടെ അണിവയറിൽ നിന്നും കയ്യെടുത്ത് കൊണ്ട് അവളുടെ മുഖത്ത് നോക്കി പറഞ്ഞു, “ഡീ!!! മര്യാദയ്ക്ക് ഇവിടെനിന്ന് എല്ലാം ശരിയാക്കി വേണം പുറത്തേക്ക് ഇറങ്ങാൻ, ഇല്ലെങ്കിൽ വലിച്ചു കീറി നിന്നെ ഞാൻ ചുമരിൽ ഒട്ടിക്കും കേട്ടോടി.” അവന്റെ അലർച്ചയിൽ മിത്ര അറിയാതെ തന്നെ പറഞ്ഞുപോയി, “ഹാ… ഞാനിപ്പോൾ തന്നെ ശരിയാക്കാം.” “ഹ്മ്മ്മ്…” അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് വേഗം വെളിച്ചമുള്ള ഭാഗത്തേക്ക് പോയി നിന്നു രുദ്രൻ. ഈ സമയം മിത്ര തനിക്ക് പറ്റുന്ന വിധത്തിൽ നേരിയതെല്ലാം ശരിയാക്കി ഉടുക്കുകയായിരുന്നു.

 

ഇതെല്ലാം നോക്കി മൂന്നാമതൊരാളുടെ കണ്ണുകളിൽ പാകത തെളിഞ്ഞു. ഉത്സവം കഴിയുന്നതിനു മുന്നേ തന്നെ രുദ്രന്റെ പതനം അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. വെടിക്കെട്ട് എല്ലാം കണ്ട് നന്നേ വൈകിയാണ് മിത്രയും നന്ദനയും സൂരജിന്റെ കൂടെ കൊട്ടാരത്തിലേക്ക് തിരിച്ചെത്തിയത്. ഈ സമയമെല്ലാം നേരത്തെ രുദ്രൻ തന്നോട് അലറി സംസാരിച്ചതും തന്റെ അണിവയറിൽ കൈകൾ ചേർത്ത് വെച്ച് നിന്നതെല്ലാം മിത്രയുടെ മനസ്സിലൂടെ ഓടി മാഞ്ഞു. ഓരോന്നോർത്തുകൊണ്ട് തന്നെ നന്ദന പറയുന്ന കാര്യങ്ങളും കേട്ട് മിത്ര സൂരജിനൊപ്പം കൊട്ടാരത്തിലേക്ക് കയറിപ്പോയി.

 

തന്റെ മുറിയിൽ കയറി വാതിൽ ചേർത്തടച്ചുകൊണ്ട് കണ്ണാടിയുടെ മുന്നിലായി പോയി നിന്ന് തന്റെ മാറിൽ നിന്നും നേരിയത് എടുത്തുമാറ്റി മിത്ര. തനിക്ക് ഏറെ ഇഷ്ടപ്പെട്ട സ്വർണമുത്തുകൾ പതിപ്പിച്ച അരഞ്ഞാണം അവൾ തന്റെ അരയിൽ നിന്നും അണിവയറിലേക്ക് ചേർത്തിട്ടു. ഈ സമയമാണ് അവളുടെ അണിവയറിന്റെ ഇടതുവശത്തായി കാണുന്ന ആ കൈവിരൽ പാടുകൾ മിത്ര ശ്രദ്ധിച്ചത്. സ്വതവേ വെളുത്ത വയറായതിനാൽ രുദ്രന്റെ കൈവിരലുകളുടെ പാട് എടുത്തു കാണിക്കുന്നുണ്ടായിരുന്നു മിത്രയുടെ അണിവയറിൽ. ചുവന്നുപോയ ഭാഗത്ത് അവൾ പതിയെ ഒന്ന് വിരലോടിച്ചു. “സസ്സ്…” സത്യത്തിൽ മിത്രയ്ക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. ആദ്യമായി മിത്രയ്ക്ക് രുദ്രനോട് അല്പം പരിഭവം തോന്നി. അപ്പോൾ മിത്രയിൽ ഇതുവരെ കാണാത്ത ഒരു ഭാവമായിരുന്നു.

 

ഓരോന്ന് ചിന്തിച്ചുകൊണ്ട് ഡ്രസ്സുകൾ ചേഞ്ച് ചെയ്തു ബാത്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി അവൾ നേരെ ബെഡ്ഡിലേക്ക് വീണു. നിദ്രയെ പുൽകുംമ്പോഴും മിത്രയുടെ കണ്ണുകളിൽ രുദ്രൻ മാത്രം നിറഞ്ഞുനിന്നു. ഉറക്കം വരാതെ കണ്ണുകൾ അടച്ച് കിടക്കുമ്പോൾ അവന്റെ മുഖം തെളിഞ്ഞുവരുന്നത് ഒരു ഉൾക്കിടിലത്തിലൂടെ തിരിച്ചറിഞ്ഞ മിത്ര ഞെട്ടിക്കൊണ്ട് തല ഒന്ന് കുടഞ്ഞ് എഴുന്നേറ്റിരുന്നു. “ച്ചേ!!!! എന്താണ് മിത്രാ നിനക്ക് സംഭവിക്കുന്നത്? നീ എന്തിനാണ് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ രുദ്രേട്ടനെ ഇങ്ങനെ ആലോചിക്കുന്നത്? അതിനുമാത്രം എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്? കാണുമ്പോൾ… കാണുമ്പോൾ തന്നെ കടിച്ചു കീറാൻ വരുന്ന ഒരാളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം നിനക്കില്ല..” അവളുടെ മനസ്സ് അവളോട് തന്നെ പറഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും മിത്രയുടെ മനസ്സിൽ രുദ്രന്റെ മുഖം തെളിമയോടെ ഉദിച്ചുവരുന്നുണ്ടായിരുന്നു. പക്ഷേ ഇതിന്റെയെല്ലാം അർത്ഥം എന്താണെന്ന് മാത്രം മിത്രയ്ക്ക് മനസ്സിലായില്ല.

 

പിന്നീടുള്ള ദിവസങ്ങളിൽ മിത്ര രുദ്രനെ ശ്രദ്ധിക്കുവാനെ പോയില്ല. രുദ്രനും മിത്രയെ അങ്ങനെ ശ്രദ്ധിച്ചില്ല എന്നൊക്കെ പറയാമെങ്കിലും അവന്റെ കണ്ണുകൾ അവൻ പോലും അറിയാതെ ഇടയ്ക്കിടയ്ക്ക് അവളെ തേടി പോകുന്നുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. ഇന്ന് ഉത്സവത്തിന്റെ രണ്ടാം നാൾ. എല്ലാവരും ക്ഷേത്രത്തിലേക്ക് പുറപ്പെടുവാൻ വേണ്ടി ഒരുങ്ങുമ്പോഴാണ് കാര്യസ്ഥൻ വന്ന് എല്ലാവരോടും ഹാളിലേക്ക് വരുവാൻ വേണ്ടി തിരുമനസ്സ് പറഞ്ഞു എന്ന് വന്നു പറഞ്ഞത്. തിരുമനസ്സ് അതായത് ഇവരുടെയെല്ലാം മുത്തശ്ശൻ വിളിച്ചത് പ്രകാരം തറവാട്ടിലെ അംഗങ്ങൾ എല്ലാവരും ഹാളിലായി വന്നിരിക്കുകയാണ്. എന്തിനാണ് മുത്തശ്ശൻ ഞങ്ങളെ വിളിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. എന്തെങ്കിലും കാര്യകാരണമുണ്ടെങ്കിൽ മാത്രമേ അദ്ദേഹം ഇങ്ങനെ കുടുംബക്കാരെ എല്ലാവരെയും വിളിക്കാറുള്ളൂ എന്ന സത്യം ആ സമയം ശ്രീദേവിയും താരയും മനസ്സിൽ ഓർത്തു.

 

എല്ലാവരും വന്നുവല്ലേ എന്നാൽ അങ്ങോട്ട് ഇരിക്കാം. എനിക്ക് അല്പം സംസാരിക്കാനുണ്ട് നിങ്ങളോട് ഏവരോടും… മുത്തശ്ശൻ എല്ലാവരുമായി പറഞ്ഞപ്പോൾ തൊട്ടടുത്തായി കാണുന്ന സെറ്റിലായി എല്ലാവരും ഇരുന്നു. “എന്താ അച്ഛാ ഞങ്ങളെ വിളിപ്പിച്ചത്?” താര പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശനോടായി ചോദിച്ചു. “അത് പിന്നെ കുട്ടീ, എന്താണെന്നറിയില്ല, മനസ്സിന് വല്ലാത്തൊരു വല്ലായ്മ. അതുകൊണ്ട് തന്നെ ഞാൻ നമ്മുടെ കുടുംബ ജ്യോത്സനെ ഒന്ന് പോയി കണ്ടിരുന്നു. അദ്ദേഹം പറയുന്നത് നമ്മുടെ പരദേവതയെ കണ്ട് സാഷ്ടാങ്കം പ്രണമിച്ച് വേണ്ട വിധം പൂജ കർമ്മങ്ങളെല്ലാം ചെയ്ത് ദേവിയെ പ്രീതിപ്പെടുത്തുക എന്നാണ്.”

 

“അത് പിന്നെ അച്ഛാ, ചോദിക്കുന്നത് കൊണ്ട് ഒന്നും കരുതരുത്,” രുദ്രന്റെ അച്ഛൻ മഹാദേവ് മുത്തശ്ശനോടായി ചോദിച്ചു. “എന്താ ദേവാ നിനക്ക് ചോദിക്കാനുള്ളത്?” “അത് അച്ഛാ, ഈ പരദേവത എന്ന് പറയുമ്പോൾ…” അയാൾ മുഴുവൻ പറയാതെ മുത്തച്ഛന്റെ മുഖത്തേക്ക് നോക്കി. “അതേ ദേവാ, നീ സംശയിക്കുന്നത് പോലെ തന്നെ. അതായത് വയനാടിന്റെ ഉൾക്കാട്ടിൽ ഉള്ള ആ ദേവീക്ഷേത്രം…” മുത്തശ്ശൻ അങ്ങനെ പറഞ്ഞതും തറവാട്ടിലുള്ള എല്ലാവരും ഇടിവെട്ടേറ്റത് പോലെ നിന്നുപോയി. അത്രയും നേരം ഇരിപ്പിടത്തിൽ ഇരുന്നിരുന്ന ശ്രീദേവി അറിയാതെ തന്നെ എഴുന്നേറ്റ് നിന്നുകൊണ്ട് മുത്തശ്ശനോട് ചോദിച്ചു, “അച്ഛാ… അച്ഛൻ ഇത് എന്തൊക്കെയാണ് ഈ പറയുന്നത്? പണ്ട് കുട്ടിക്കാലത്ത് ഞാൻ അച്ഛന്റെ കൂടെ അവിടെ വന്നപ്പോൾ ഉണ്ടായ അനുഭവം ഞാൻ അത് ഇപ്പോഴും മറന്നിട്ടില്ല. അല്ലെങ്കിലും അങ്ങോട്ട് ഒക്കെ ആരെങ്കിലും പോകുമോ? കൊടും വനമല്ലേ അത്? വന്യമൃഗങ്ങൾ ആറാടുന്ന സ്ഥലം. എന്തോ മഹാഭാഗ്യം കൊണ്ടാണ് അന്ന് തലനാരിഴക്ക് നമ്മൾ രക്ഷപ്പെട്ടത്. അതിന്റെ ഭയം ദാ ഇത്രയും വയസ്സായിട്ടും എന്റെ മനസ്സിൽ നിന്നും പോയിട്ടില്ല.”

 

“ഇല്ല, ഞാൻ ഒരിക്കലും സമ്മതിക്കില്ല. ഞാനോ എന്റെ കുടുംബമോ എന്തായാലും അവിടേക്ക് വരില്ല. അച്ഛന് അത്രയും നിർബന്ധമാണെങ്കിൽ അച്ഛന്റെ മറ്റു മക്കളും കൊച്ചുമക്കളും എല്ലാം പോകട്ടെ,” താര ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു. “അതെ അതെ, എനിക്കും ചേച്ചിയുടെ അഭിപ്രായം തന്നെയാണ് ഉള്ളത്. ഞാൻ പറയുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നും തോന്നരുത് അച്ഛന്, എനിക്കും എന്റെ കുടുംബത്തിനും വരാൻ താല്പര്യമില്ല. അവിടെ ചെന്നാൽ തിരിച്ച് ഇവിടേക്ക് എത്തുമോ എന്ന് പോലും അറിയില്ല. ഇനി അത്രയ്ക്ക് നിർബന്ധമാണെങ്കിൽ നമുക്ക്‌ ഇവിടെയും ഉണ്ടല്ലോ സാങ്കല്പികമായി കുടിയിരുത്തിയ ദേവി ഇവിടെ ഈ ക്ഷേത്രത്തിൽ. അവിടെ ചെന്ന് പ്രാർത്ഥിക്കാം. എന്തു പറയുന്നു എല്ലാവരും?” ശ്രീദേവി എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു. മഹാദേവൻ ഉൾപ്പെടെ എല്ലാവർക്കും ശ്രീദേവി പറഞ്ഞതിനോട് ആയിരുന്നു യോജിപ്പ്. കാരണം കൊടുംവനത്തിലുള്ള ആ ക്ഷേത്രത്തിലേക്ക് പോവുക എന്ന് പറഞ്ഞാൽ മരണത്തെ പുൽകുന്നതിനു തുല്യമാണ്.

 

“ശരി, ആർക്കും താൽപര്യമില്ലെങ്കിൽ പോകേണ്ട. അല്ലെങ്കിലും നിയോഗം ഉള്ളവർ മാത്രമേ ആ ക്ഷേത്രത്തിൽ എത്തിപ്പെടുകയുള്ളൂ. എന്തായാലും ഞാൻ പോകും. നിങ്ങൾക്ക് ആർക്കും പോകുവാൻ താല്പര്യമില്ലെങ്കിൽ പോകേണ്ട,” മുത്തശ്ശൻ എല്ലാവരെയും നോക്കി അല്പം കടുപ്പിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴത്തേക്കും മഹാദേവൻ മുന്നോട്ട് വന്ന് കൊണ്ട് ചോദിച്ചു, “അച്ഛൻ ഇത് എന്തൊക്കെയാണ് പറയുന്നത്? അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ അച്ഛന് ശരിക്കും അറിയുന്നതല്ലേ? 10 അടി നടക്കുമ്പോൾ അച്ഛന് ശ്വാസംമുട്ടൽ കൂടി വരും. അങ്ങനെയുള്ള അച്ഛനാണോ കാടുകയറുവാൻ പോകുന്നത്?” “പിന്നെ ഞാൻ എന്തു ചെയ്യണം മഹാദേവാ? നീ പോകുമോ? ഇല്ലല്ലോ… പിന്നെ എന്നെ തടയാൻ നിൽക്കേണ്ട. എനിക്കറിയാം എന്താണ് ചെയ്യേണ്ടത് എന്ന്.” അത്രയും പറഞ്ഞ് മുത്തശ്ശൻ അകത്തേക്ക് കയറുവാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്നും ഒരു ഘനഗംഭീര്യമാർന്ന ശബ്ദം അവിടെ കേട്ടത്. “മുത്തശ്ശ, ഞാൻ പൊയ്ക്കോളാം.”

 

ഒരു നിമിഷം പിറകിലേക്ക് തിരിഞ്ഞു നോക്കിയ എല്ലാവരും അവിടെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ടതും ആദ്യം എല്ലാവരുടെയും മുഖത്ത് അത്ഭുതമാണെങ്കിൽ ചിലരുടെ മുഖത്ത് ഭയവും മറ്റു ചിലരുടെ മുഖത്ത് സന്തോഷവുമായിരുന്നു. “എന്റെ ദേവി, ഇതോടുകൂടി ഈ കാലൻ പിന്നീട് ഇങ്ങോട്ട് തിരിച്ചുവരരുതേ… വല്ല സിംഹമോ പുലിയോ ഇവനെ ഭക്ഷിച്ച് ഇവന്റെ മരണവാർത്തയായിരിക്കണമേ ഇവിടേക്ക് ലഭിക്കേണ്ടത്…” ശ്രീദേവി മനം ഒരുകി ദേവിയോട് പ്രാർത്ഥിച്ചു. താരയുടെയും അശ്വതിയുടെയും വൈഭവിന്റെയും എല്ലാം മനസ്സിൽ ഇതുതന്നെയായിരുന്നു പ്രാർത്ഥന. “പോടാ പോ, പോയി മരണത്തിന് തലവെച്ചു കൊടുക്ക്,” വൈഭവ് മനസ്സിൽ അവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

 

“എന്താ രുദ്ര നീ ഈ പറയുന്നത്?” സരസ്വതി അല്പം മുന്നോട്ട് വന്ന് നിന്നുകൊണ്ട് രുദ്രനോടായി ചോദിച്ചു. തന്റെ അമ്മയുടെ മുഖത്ത് വല്ലാതെ ഭയം തളം കെട്ടി നിൽക്കുന്നുണ്ടെന്ന് രുദ്രന് അവരുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി. അതിനവൻ പുഞ്ചിരിച്ചുകൊണ്ട് സരസ്വതിയുടെയും മഹാദേവന്റെയും അടുക്കലേക്ക് വന്നു നിന്നുകൊണ്ട് പറഞ്ഞു, “അമ്മയ്ക്കും അച്ഛനും അറിയാലോ ഞാനൊരു കാര്യം ഏറ്റെടുത്താൽ പിന്നെ അത് നടത്താതെ പിന്തിരിഞ്ഞു വരില്ല എന്ന്. എന്തുകൊണ്ടോ മുത്തശ്ശൻ അങ്ങനെയൊക്കെ പറയുമ്പോൾ… അതുമാത്രമോ, മുത്തശ്ശന് ഈ അവസ്ഥയിൽ കാടുകയറുവാൻ ഒന്നും സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടാണ് ഞാൻ പോകാമെന്ന് പറഞ്ഞത്. ദയവുചെയ്ത് എന്നെ നിങ്ങൾ തടയരുത്. ഞാൻ തിരിച്ചു വരും.”

 

അത്രയും പറഞ്ഞു അവൻ നേരെ മുത്തശ്ശന്റെ അടുത്തേക്ക് ചെന്നു. “മുത്തശ്ശന് സമ്മതമാണെങ്കിൽ ഈ രുദ്രദേവ് പോയിരിക്കും നമ്മുടെ പരദേവതയെ കാണുവാനും പൂജിക്കുവാനും.” ഒരു നിമിഷം രുദ്രന്റെ മുഖത്തേക്ക് നോക്കി നിന്നുപോയി മുത്തശ്ശൻ. ഈ സമയം വല്ലാത്തൊരു തേജസ്സുണ്ടായിരുന്നു അവനിൽ എന്ന് മുത്തശ്ശന് തോന്നി. ഒരു നിമിഷം കുടുംബ ജ്യോത്സ്യർ പറഞ്ഞത് അദ്ദേഹത്തിന്റെ കർണപടങ്ങളിൽ മുഴങ്ങി കേട്ടുകൊണ്ടേയിരുന്നു. “തിരുമനസ്സേ, ഇക്കാര്യം താങ്കൾ കുടുംബാംഗങ്ങളോട് പറഞ്ഞാൽ എല്ലാവരിൽ നിന്നും എതിർപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. പക്ഷേ തറവാട്ടിലുള്ള ഏതെങ്കിലും ഒരു വ്യക്തി മുന്നോട്ടേയ്ക്ക് വന്ന് ഞാൻ പോകാം എന്ന് പറഞ്ഞാൽ ആ വ്യക്തിയെ ഒരിക്കലും തടയരുത്. ആ വ്യക്തിയെയാണ് ദേവിയുടെ പൂജയ്ക്കായി ദേവി നിയോഗിക്കപ്പെട്ടത്.”

 

മുത്തശ്ശൻ ഒന്നും പറഞ്ഞില്ലല്ലോ. രുദ്രൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. “ഹേ… ഹാ… രുദ്ര, നിന്റെ പൂർണ്ണ സമ്മതത്തോടുകൂടിയല്ലേ നീ ഇതിന് സമ്മതിച്ചത്? അല്ലാതെ എനിക്ക് വേണ്ടി അല്ലല്ലോ?” “ഒരിക്കലുമല്ല മുത്തശ്ശ. കുറേയായി ഞാനും ആഗ്രഹിക്കുന്നു അവിടെയൊന്നു പോകണമെന്ന്. സ്വപ്നങ്ങളിൽ ആ പ്രദേശം മനസ്സിൽ വരാറുണ്ട്. അന്നുമുതലേ ആഗ്രഹിചിരുന്നു, സമയം കിട്ടിയില്ല എന്ന് മാത്രം. ഇപ്പോൾ മുത്തശ്ശൻ ആയിട്ട് ഇത് പറഞ്ഞതുകൊണ്ടാണ് ഞാൻ പോകാം എന്ന് വിചാരിക്കുന്നത്.” “അങ്ങനെയെങ്കിൽ അങ്ങനെ. എന്തായാലും നീ യാത്രയ്ക്കുള്ള ഒരുക്കങ്ങളും തുടങ്ങിക്കോളൂ. മറ്റന്നാൾ ആണ് പൗർണമി, അന്ന് യാത്രക്കുള്ള ആരംഭം കുറിക്കാം. എന്റെ കുട്ടി ഒന്നുകൊണ്ടും ഭയപ്പെടേണ്ട. സാക്ഷാൽ മഹാമായ നിന്റെ കൂടെ എപ്പോഴും ഉണ്ടാകും.” ഇത്രയും പറഞ്ഞു മുത്തശ്ശൻ രുദ്രന്റെ തലയിൽ തന്റെ വലതു കൈ ചേർത്ത് വെച്ച് അവനെ അനുഗ്രഹിച്ച് നേരെ അകത്തേക്ക് കയറിപ്പോയി.

 

അപ്പോഴും വല്ലാത്തൊരു അവസ്ഥയിലായിരുന്നു മഹാദേവും സരസ്വതിയും. കാരണം ആകെ ഒരു പുത്രനേ ഉള്ളൂ അവർക്ക്. അതിന്റെ എല്ലാ ആധിയും അവരുടെ മുഖത്ത് പ്രകടമായിരുന്നു. മനസ്സിലെ ഭയം അവരുടെ മുഖത്ത് നിന്നും എടുത്തു കാണിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ രുദ്രൻ ചിരിച്ചുകൊണ്ട് ഇരുവരുടെയും തോളിലായി കൈകൾ ചേർത്ത് വെച്ചുകൊണ്ട് പറഞ്ഞു, “ഒന്നുമില്ല, ഞാൻ തിരികെ വരും.” എന്തുറപ്പോടെയായിരുന്നു അവന്റെ വാക്കുകൾ. അവരിൽ അല്പം ആശ്വാസം ഉണർത്തി. പക്ഷേ ഇതെല്ലാം കേട്ട് കുറച്ചു ദൂരെയായി മിത്ര നിൽപ്പുണ്ടായിരുന്നു. സത്യത്തിൽ ശ്രീദേവിയിൽ നിന്നും താരയിൽ നിന്നും എല്ലാം ആ കൊടും വനത്തിനെ കുറിച്ചുള്ള വിവരങ്ങൾ കേട്ടതുകൊണ്ടാണ് എന്ന് തോന്നുന്നു മിത്രയ്ക്ക് വല്ലാത്ത ഭയം തോന്നുന്നുണ്ടായിരുന്നു. പക്ഷേ അത് എന്തിനാണെന്ന് അവൾക്ക് അപ്പോൾ മനസ്സിലായിട്ടില്ലായിരുന്നു.

 

തുടരും

One thought on “രുദ്രക്ഷം 22

Leave a Reply

You cannot copy content of this page