പ്രണയാസുരം 7
പാറു പേടിയോടെ ആദത്തിനെ നോക്കിക്കൊണ്ട് അവനോട് ചോദിച്ചു: “ആദം സാർ ഞാൻ പൊയ്ക്കോട്ടെ?” പാറുവിന് അപ്പോഴും ശരീരം വിറക്കുന്നുണ്ടായിരുന്നു. അവൾ ചോദിക്കുന്നതിന് മറുപടി നൽകാതെ പാറുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ആദം. മദ്യത്തിന്റെ ലഹരി സിരകളിൽ കയറിയത് കൊണ്ടാകാം അവന്റെ ശരീരം വല്ലാതെ ഉലയുന്നുണ്ടായിരുന്നു. കണ്ണുകൾ അറിയാതെ തന്നെ അടഞ്ഞു പോകുന്നു. എങ്കിലും ആ കണ്ണുകളെ അടയ്ക്കാൻ സമ്മതിക്കാതെ അതു തുറന്നു കൊണ്ട് അവൻ പാറുനെ നോക്കിക്കൊണ്ടേയിരുന്നു. സത്യത്തിൽ പാറുവിന് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു കാരണം വാതിലിന്റെ അടുത്തു തന്നെയാണ് ആദം നില്കുന്നത് അതുകൊണ്ടുതന്നെ അവനെ പിടിച്ചു മാറ്റാതെ അവൾക്ക് പുറത്തേക്കിറങ്ങി പോകുവാൻ സാധിക്കില്ല. അവൾ ആകെ പ്പെട്ട അവസ്ഥയിലായി. പേടികൊണ്ട് അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞു.
അത്രയും നേരം അവളെ തന്നെ നോക്കി നിന്നിരുന്ന ആദത്തിന്റെ മുഖഭാവം പെട്ടെന്ന് ആണ് മാറിയത്. “അയ്യോ എന്തിനാ കൊച്ചു കരയുന്നെ..” സൗമ്യതയോടെയുള്ള അവന്റെ ചോദ്യം കേട്ടതും അവൾ ആകെ ഞെട്ടി പണ്ടാരമടങ്ങിപ്പോയി. ആദ്യമായിട്ടാണ് പാറുവിനോട് ഇത്രയും സൗമ്യതയോടെ ആദമൊന്നു സംസാരിക്കുന്നത് തന്നെ. അവൻ ഒരു കൈയിൽ തന്റെ മദ്യ കുപ്പി നെഞ്ചോട് ചേർത്ത് പിടിച്ച് പതിയെയാടി പാറുവിന്റെ അടുത്തേക്ക് ചെന്നുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു അവന്റെ ബെഡിൽ കൊണ്ടിരുത്തി. ഒരു നിമിഷം പാറുവിന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. ബോധം വന്ന പാറു വേഗം എഴുന്നേൽക്കാൻ നോക്കിയതും അവൻ വീണ്ടും അവളെ പിടിച്ച് അവിടെ തന്നെ ഇരുത്തി. പേടികൊണ്ട് പാറുവിന് തന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അവനെ നോക്കിയതും അവൾ കാണുന്നത് അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന ആദത്തിനെയാണ്. അവൻ അവളെ നോക്കിക്കൊണ്ട് തന്നെ നിലത്ത് ചമ്മറം മടിഞ്ഞിരുന്നു. അത് കണ്ടതും അവൾ ചാടി എഴുന്നേൽക്കാൻ നോക്കി. ഉടൻതന്നെ ആദം അവളുടെ കൈപിടിച്ച് അവിടെ തന്നെ ഇരുത്തി. “പാറു!” ആദ്യമായിട്ടാണ് ആദത്തിന്റെ നാവിൽ നിന്നും പാർവതിയുടെ പേര് കേൾക്കുന്നത് എന്തോ ആ വിളിയിൽ വല്ലാത്തൊരു അനുഭൂതി ഉണ്ടെന്ന് പാറുവിന് തോന്നി. “എന്താ പാറു നീ ഒന്നും മിണ്ടാതെ ഇരിക്കുന്നത്..” “ഒ.. ഒന്നുമില്ല..” “പറ്റില്ല പറ്റില്ല നീ എന്നോട് സംസാരിക്കണം” കൊച്ചു കുട്ടികളെ പോലെ ചിണുങ്ങിക്കൊണ്ട് പറയുന്ന ആദത്തെ അവൾ ആദ്യമായി കാണുന്നതുപോലെ നോക്കിയിരുന്നു. “സംസാരിക്ക് പാറു നിനക്കറിയോ ഞാൻ ആരോടും ഇതുവരെ സംസാരിച്ചിട്ടില്ല ഉള്ളു തുറന്ന്.. എനിക്കും കുറെ പറയാനുണ്ട്…. നീ കേൾക്കുമൊ ഞാൻ പറയുന്നത്..” നിറഞ്ഞ കണ്ണുകൾ കണ്ടതും അവൾക്ക് അവനോട് എതിർത്ത് പറയാൻ തോന്നിയില്ല അവൾ പതിയെ തലയാട്ടി.
“ദോ ആ കാണുന്ന വടയക്ഷിയാണ് എന്റെ ആദ്യത്തെ ഭാര്യ രാധിക.. സൗന്ദര്യം കൊണ്ട് എന്നെ മോഹിപ്പിച്ചവൾ പക്ഷേ എന്ത് ചെയ്യാം ആ സൗന്ദര്യത്തിന് പിറകിൽ അവൾ ഒരു യക്ഷിയാണെന്നുള്ള സത്യം ഞാൻ അറിഞ്ഞില്ല.. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തിൽ ആയിരുന്നു അവളുടെ കണ്ണ്.. അതുകൂടാതെ ഞങ്ങളുടെ തന്നെ ആജന്മ ശത്രുക്കളായ ചെമ്പശകശ്ശേരി മനയിലെ ഇളമുറ തമ്പുരാട്ടിയാണ് അവളെന്നുള്ള കാര്യം ഞങ്ങൾ ആരും അറിഞ്ഞില്ല.. അവൾ ഒരു അനാഥയാണെന്നാണ് ഞങ്ങള്ളോട് എല്ലാം പറഞ്ഞത്.. സത്യത്തിൽ അവളെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഞാൻ മുതിർന്നില്ല കാരണം അവളെന്ന സ്നേഹവലയത്തിൽ ഞാൻ അകപ്പെട്ടു പോയിരുന്നു.. അത്യാർഭാടപൂർവം തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ വലിയ പ്രശ്നമൊന്നും ഇല്ലായിരുന്നു പിന്നെ.. പിന്നെ..” “പിന്നീട് എന്ത് സംഭവിച്ചു സാർ?” ആകാംക്ഷിയറിയത് കൊണ്ടായിരിക്കാം പാറു അവനോടായി ചോദിച്ചു. പക്ഷേ ആദത്തിന്റെ കണ്ണ് അപ്പോഴത്തേക്കും മദ്യലഹരിയാൽ മൂടപ്പെട്ടിരുന്നു. അവന്റെ തല പതിയെ അവളുടെ മടിയിലേക്ക് ചായിച്ചു വച്ച് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
ഒരു നിമിഷം പാറുവിന്റെ ശരീരത്തിലൂടെ എന്തോ തരിപ്പ് കയറുന്നത് പോലെ അവൾക്ക് തോന്നി. കൊച്ചുകുട്ടികളെ പോലെ മുഖം അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ഉരസി അവൻ അവളുടെ മടിയിലേക്ക് തന്റെ തല ചേർത്ത് വെച്ച് ശേഷം ഇരുകൈ കൊണ്ടു അവളുടെ അരയിലൂടെ കൈകൾ ചേർത്ത് പിടിച്ച് ഉറക്കത്തിലേക്ക് വഴുതി വീണു. ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു കൊണ്ട് പാർവതി അവിടെ തന്നെ ഇരുന്നു പോയി. സ്വബോധത്തിലേക്ക് വന്നവൾ അവന്റെ കൈകളെ വിടുവിക്കുവാൻ ഒരുപാട് ശ്രമിച്ചു. കാരണം രാവിലെ അവന് എന്തായാലും ബോധം തെളിയുമെന്നും അത് തെളിഞ്ഞാൽ അവൾ ഈ വീടിനു പുറത്താക്കുമെന്ന് അവൾക്ക് നല്ലോണം അറിയാം. ഏറിയ പരിശ്രമത്തിനോടുവിൽ അവൾക്ക് അവന്റെ കൈകളെ തന്റെ അരയിൽ നിന്ന് വിടുവിക്കാൻ പറ്റി. കുടിച്ചു ബോധം പോയതിനാലും നല്ല ഉറക്കം ആയതിനാലും തന്നെ അവന്റെ ശരീരത്തിന് വല്ലാത്ത ഭാരം ഉണ്ടായിരുന്നു. പാറു എങ്ങനെയൊക്കെയോ തന്റെ മടിയിൽ നിന്നും അവന്റെ തലയുടെ ഭാഗം പതിയെയെടുത്തു മാറ്റി ബെഡിലേക്ക് കിടത്തി എങ്ങനെയൊക്കെയോ അവിടെ നിന്ന് എഴുന്നേറ്റു. ഉറക്കത്തിനിടയിലും അവനങ്ങോട്ടുമിങ്ങോട്ടും തല ഇട്ട് ഉരസ്സുന്നുണ്ടായിരുന്നു.
പിന്നീട് എസി അഡ്ജസ്റ്റ് ചെയ്ത് പാറു ഒരു ബ്ലാങ്കറ്റ് അവനെ പുതപ്പിച്ചു. പതിയെ ഡോറിന്റെ അടുത്ത് എത്തിയപ്പോൾ അവനെ ഒന്ന് ചെരിഞ്ഞുനോക്കിയവൾ. നിലത്തിരുന്ന് തലഭാഗം ബെഡിലേക്ക് വെച്ചിട്ടാണ് അവൻ കിടക്കുന്നത്. നേരം വെളുക്കുമ്പോൾ ഒരുപക്ഷേ കഴുത്തും ശരീരവും വേദനിക്കാം. പാർവതിക്ക് എന്തോ അവനോട് പാവം തോന്നി അവൾ പിന്നീട് തിരിച്ചു വന്നു അവനെ നിലത്തു മലർത്തി കടത്താൻ ഒരു ശ്രമം നടത്തി നോക്കി. അതിനുമുമ്പായി നിലത്ത് ഒരു ബെഡ്ഷീറ്റ് വിരിക്കാനും അവൾ മറന്നില്ല. “എന്തൊരു ശരീരമാണ് ഈശ്വരാ.. തിന്നുന്നതെല്ലാം ഉരുട്ടി കയറ്റി വയ്ക്കുകയാണെന്ന് തോന്നുന്നു.. എന്തൊരു ഭാരമാണ്… ഹൊ നാറിയിട്ട് വയ്യ..” പാറു അറിയാതെ തന്നെ മൂക്കുപൊത്തി കാരണം മദ്യത്തിന്റെ മണം അവർക്ക് തീരെ പിടിക്കുന്നില്ലയിരുന്നു. ഒറ്റമറിച്ചിൽ അവൾ എങ്ങനെയൊക്കെയൊ അവനെ നിലത്തേക്ക് കിടത്തി. നിലത്തു ചുരുണ്ടുകൂടി കിടക്കുന്നവനെ കണ്ടതും പാറുവിന് പാവം തോന്നി. അവൾ കബോർഡ് തുറന്നു ഒരു ബ്ലാങ്കറ്റ് എടുത്തുകൊണ്ടുവന്ന് അവനെ നല്ലവണ്ണം പുതപ്പിച്ച് പതിയെ പുറത്തേക്കിറങ്ങി നടന്നു.
തുടരും.
