നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് കുബ്ബൂസ്. എന്നാൽ ഇന്ന് നമുക്ക് മൈദ കൊണ്ടുള്ള കുബ്ബൂസിനെക്കാൾ രുചിയിലുള്ള റവ കുബ്ബൂസ് തയ്യാറാക്കിയാലോ. അപ്പോൾ വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 കപ്പ് റവ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് റവയെ നല്ല സോഫ്റ്റായി പൊടിച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് അര കപ്പ് നല്ല ചൂടുള്ള വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് കാൽ കപ്പ് പാൽപ്പൊടി ചേർത്ത് നല്ല പോലെ ഇളക്കുക.
ശേഷം പാൽപ്പൊടി കലക്കിയ ഈ വെള്ളത്തിലേക്ക് 2 ടീസ്പൂൺ ഇൻസ്റ്റന്റ്റ് ഈസ്റ്റും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ല പോലെ മിക്സാക്കുക, ശേഷം ഇതിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള റവ ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി റവയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത റവയെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറായപ്പോൾ റവ നല്ല പോലെ പൊങ്ങി പാകമായി വന്നിട്ടുണ്ട്.
ശേഷം ഒന്നും കൂടി സോഫ്റ്റായി കുഴച്ചെടുത്ത റവയെ ചപ്പാത്തി ബോളിനേക്കാൾ വലിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം കൗണ്ടർ ടോപ്പിലേക്ക് കുറച്ചു മൈദ വിതറിയ ശേഷം നല്ല പോലെ പരത്തുക. കുറച്ചു കട്ടിയിൽ പരത്തുന്നതാണ് നല്ലത്. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു കുബ്ബൂസ് ഇട്ടു കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് കുബ്ബൂസ് ചുട്ടെടുക്കുക.
ഒരു സൈഡ് കുമിളകൾ പോലെ വരാൻ തുടങ്ങുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ശേഷം ഒരു സ്പാചുല കൊണ്ട് ഒന്ന് പ്രെസ്സാക്കുക. അപ്പോൾ പൊങ്ങി വരാനായി തുടങ്ങുന്നതാണ്. ശേഷം രണ്ട് സൈഡും പൊങ്ങിവരുമ്പോൾ പാനിൽ നിന്നും എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ കുബ്ബൂസ് തയ്യാറായിട്ടുണ്ട്. മൈദ കൊണ്ട് കുബ്ബൂസ് തയ്യാറാക്കുന്നതിനേക്കാൾ രുചിയാണ് ഇങ്ങനെ കുബ്ബൂസ് തയ്യാറാക്കുമ്പോൾ. എല്ലാവരും റവ കൊണ്ടുള്ള കുബ്ബൂസ് ട്രൈ ചെയ്തു നോക്കണേ.
