പ്രണയസുരം 6

പ്രണയസുരം 6

 

“ഡീീീ!” അവന്റെ ഒരൊറ്റ വിളിയിൽ പാറു ആകെ കിടുങ്ങിപ്പോയി. ഒരിക്കലും ആദത്തെ അവൾ അവിടെ പ്രതീക്ഷിച്ചിരുന്നില്ല ആ സമയം. പേടി ഉണ്ടെങ്കിലും പാറു സ്റ്റൂളിൽ നിന്നുകൊണ്ടുതന്നെ അവന്റെ നേർക്ക് തിരിഞ്ഞുനിന്നു. “ഡീീ! ആരോട് ചോദിച്ചിട്ടാടീ നീ ഈ മുറിയിൽ കയറിയത്? നിന്നോട് ഞാൻ നൂറു വട്ടം പറഞ്ഞതല്ലേ എന്റെ മുറിയിലേക്കോ എന്റെ അടുത്തേക്കോ വന്നു പോകരുതെന്ന്. എന്നിട്ട് നിനക്ക് എവിടുന്നാണ് ഇത്രയും ധൈര്യം വന്നത്?” ആദം അവൾക്ക് നേരെ ഉറഞ്ഞുതുള്ളി കൊണ്ട് ചോദിച്ചു. സത്യത്തിൽ പാറുവിന് തന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു. അവൾക്ക് അവനോട് മറുപടി പറയാനുള്ള കെൽപ്പില്ല. “അത്….അത് പി…പിന്നെ മമ്മ….മമ്മ പറഞ്ഞു ഇ….ഇതിനു മു… മുകളിൽ ഉള്ള ഗിഫ്റ്റ് എടുത്തുകൊണ്ടു വ….വരുവാൻ.. ഇവിടെ വേറെ ആ…ആരും ഇല്ലാത്തതുകൊണ്ടാണ് എന്നെ ഇങ്ങോട്ട് പ…പറഞ്ഞു വിട്ടത്… ക്ഷമിക്കണം…” പാറു എങ്ങനെയൊക്കെയോ അവനോട് പറഞ്ഞു.

 

“ഹ്മ്മ്മ്മ്… എന്താണ് വെച്ചാൽ വേഗം എടുത്തിട്ട് എന്റെ മുറിയിൽ നിന്ന് ഇറങ്ങി പോടീ!” അതൊരു അലറൽ തന്നെയായിരുന്നു. പാറു ഒന്ന് ഞെട്ടിക്കൊണ്ട് തിരിഞ്ഞുനിന്നു. ‘ഹൊ രാക്ഷസൻ, എന്തൊരു അലറലാണ് അലാറുന്നത്… ഇയാളുടെ ശബ്ദത്തിന്റെ അവിടെ വല്ല സ്പീക്കർ ആയിരിക്കും ഘടിപ്പിച്ചിട്ടുണ്ടാവുക’. തിരിഞ്ഞു നിൽക്കുന്നതിനാൽ പാറുവിന്റെ മുഖത്തെ ഭാവം ആദത്തിന് കാണാൻ സാധിക്കുന്നില്ലായിരുന്നു. “അവിടെനിന്ന് നൃത്തം ചവിട്ടാതെ വേഗം എടുക്കെടി. എനിക്കൊന്നു ഡ്രസ്സ് ചേഞ്ച് ചെയ്യണം.” അതിന് അവൾ അവനെ നോക്കാതെ തന്നെ തലയാട്ടിക്കൊണ്ട് ഏന്തിവലിഞ്ഞ് ഗിഫ്റ്റ് ബോക്സ് എടുത്തു. ഗിഫ്റ്റ് ബോക്സ് എടുത്തതും പക്ഷേ സ്റ്റൂൾ തെന്നി താഴേക്ക് മറിഞ്ഞുപോയി. അതോടുകൂടി പാറു ആ സ്ലാബിൽ തൂങ്ങിനിന്ന് കാലിട്ടടിക്കുവാനും തുടങ്ങി. “അയ്യോ! രക്ഷിക്കണേ, ഞാനിപ്പോൾ നിലത്തുവീണു പോകുമേ!” അവൾ അവിടെക്കിടന്ന് കരയുവാൻ തുടങ്ങി.

 

“ശോ! ഏതുനേരത്താണ് ആവോ…” ആദം തന്റെ നെറ്റിയിൽ സ്വയം കൈകൾ കൊണ്ട് അടിച്ചു പാറുവിന്റെ അടുത്തേക്ക് ആയി നടന്നു. പക്ഷേ ആദം തന്റെ അടുത്തേക്ക് വരുന്നതൊന്നും പാറു അറിയുന്നില്ലായിരുന്നു. അവൾ അവിടെക്കിടന്നു കരയുവാൻ തുടങ്ങി. ആദം മറ്റൊന്നും ചിന്തിക്കാതെ പാറുവിന്റെ അരയിലൂടെ കയ്യിട്ട് പിടിച്ചു. ഇപ്പോൾ അവളുടെ നിതംബം അവന്റെ നെഞ്ചിൽ തട്ടി നിൽക്കുന്നുണ്ടായിരുന്നു. ആദം പാറുവിനെ എടുത്തപ്പോഴും പാറു കിടന്നു കുതറുന്നുണ്ടായിരുന്നു. “ഡീ, അടങ്ങി നിന്നോളണം. അല്ലെങ്കിൽ ഞാൻ നിന്നെ എടുത്ത് വലിച്ചെറിയും. നിനക്കറിയാമല്ലോ ശരിക്കും എന്നെ.” അത് കേട്ടതും പാറു പതിയെ പേടിച്ചുകൊണ്ട് തലയാട്ടി. അവനൊരു പൂവെടുക്കുന്ന ലാഘവത്തോടെ പാറുവിനെ എടുത്ത് നിലത്തേക്ക് നിർത്തി. അപ്പോഴും ഗിഫ്റ്റ് ബോക്സ് അവൾ കയ്യിൽ ഭദ്രമായിത്തന്നെ പിടിച്ചിട്ടുണ്ടായിരുന്നു. ആദം അവളെ നിലത്തു നിർത്തലും അവൾ ജീവനുംകൊണ്ട് പുറത്തേക്ക് ഓടലും ഒരുമിച്ചായിരുന്നു. പെട്ടെന്ന് അവിടെ എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു അവന്. പിന്നീട് അവൻ തന്റെ തലയിൽ സ്വയം അടിച്ചുകൊണ്ട് ഡ്രസ്സ് ചേഞ്ച് ചെയ്യുവാൻ തുടങ്ങി.

 

പാറു ആ റൂമിൽനിന്നും ഓടിയ ഓട്ടം പിന്നീട് അടുക്കളയിലാണ് അവസാനിച്ചത്. “എന്നതാ മോളെ? എന്തിനാ എന്റെ കൊച്ച് ഇങ്ങനെ കിടന്നു ഓടുന്നത്?” “മമ്മ, ഈ ചതി എന്നോട് വേണ്ടായിരുന്നു. ആദം സാർ റൂമിലുള്ള കാര്യം എന്താ എന്നോട് പറയാഞ്ഞേ?” “അയ്യോ, അവൻ വന്നോ? അപ്പോൾ ഞങ്ങൾ ആരും കണ്ടില്ലല്ലോ.” “ആരും കണ്ടില്ല. എന്റെ ജീവൻ ഇപ്പോൾ സാറെടുത്തേനെ. എന്തോ ഭാഗ്യത്തിനാ ഞാൻ രക്ഷപ്പെട്ടത്.” “അവൻ നിന്നെ വല്ല വഴക്കും പറഞ്ഞോ?” ആലിസ് ഗൗരവത്തോടെ പാറുവിനോടായി ചോദിച്ചു. “ഇല്ല… ഇല്ല ഒന്നും പറഞ്ഞില്ല.” പാറു ആലീസിനോട് കളവ് പറഞ്ഞു. കാരണം, ആദം പാറുവിനെ വഴക്ക് പറഞ്ഞു എന്ന് അറിഞ്ഞാൽ ആലീസ് അത് പോയി ചോദിക്കുമെന്ന് അത് പിന്നീട് വലിയൊരു പ്രശ്നമാകുമെന്ന് അവൾക്കറിയാമായിരുന്നു. “ഇതാ അമ്മ, ഗിഫ്റ്റ് ബോക്സ്… ഞാൻ എന്നാൽ വല്യമ്മച്ചിയുടെ അടുത്തേക്ക് പൊയ്ക്കോട്ടെ.” “ഹാ മോളെ, നീ പൊയ്ക്കോ. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നിന്നെ വിളിപ്പിക്കാം.” “ഹ്മ്മ്മ്മ്, ശരി…”

 

“അമ്മച്ചി, ഞങ്ങൾ വന്നു….” അകത്തോട്ട് കയറിവരുന്ന ഹന്നയേയും ലൂസിയെയും കണ്ടപ്പോൾ ആലീസിന്റെ മുഖത്ത് വലിയ തെളിച്ചം ഒന്നുമില്ലായിരുന്നു. കാരണം അവർക്ക് അറിയാം അവർ ഇരുവരും വന്നുകഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാതെ ഇവിടെ നിന്നും പോകില്ല എന്ന്. “അ ഹന്നാ, നീ ഇരിക്ക്. ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം. അമ്മച്ചി കിടക്കുവാണ്. നീ വന്നത് അറിഞ്ഞിട്ടുണ്ടാകില്ല.” അതും പറഞ്ഞ് അധികം സംസാരിക്കാൻ നിൽക്കാതെ ആലിസ് അകത്തേക്ക് കയറിപ്പോയി. “ഹോ, ഞാൻ വന്നത് ഇവർക്കാർക്കും ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. മോളെ ലൂസി, നീ എങ്ങനെയെങ്കിലും ആദത്തിനെ കയ്യിലെടുക്കണം. എന്നിട്ട് വേണം ആദ്യം ഇവളെ ഇവിടുന്ന് ചവിട്ടി പുറത്താക്കാൻ. ഇവൾ വന്നതുകൂടിയാണ് എന്റെ ഇച്ചായന് എന്നോടുള്ള ഇഷ്ടം ഒക്കെ പോയത്.” “മമ്മ പേടിക്കേണ്ട. മമ്മ, എല്ലാം ഈ ലൂസി മോളു ശരിയാക്കി തരും. മമ്മയുടെ എല്ലാ ആഗ്രഹങ്ങളും ഞാൻ നിറവേറ്റിയിരിക്കും. ഇത് എന്റെ വാക്കാണ്.” ഈ സമയമാണ് പാറു വല്യമ്മച്ചിയുടെ മുറിയിൽനിന്നും പുറത്തേക്ക് വന്നത്. “ഡീ അവിടെ ഒന്നു നിന്നെ. ഇങ്ങോട്ട് വാ. നീ ആരാടീ ഇവിടുത്തെ പുതിയ വേലക്കാരിയാണോ?” ഹന്ന ഒരു അഹങ്കാരത്തോടെ പാറുവിനോട് ചോദിച്ചു. “അത് ഞാൻ… അല്ല മ..അതെ അതെ.” “എന്താടി നിനക്ക് വിക്ക് ഉണ്ടോ? ഒരുമാതിരി വിക്കന്മാരെ പോലെ സംസാരിക്കുന്നു.” ഈ സമയം ലൂസി പാറുവിനെത്തന്നെ നോക്കുകയായിരുന്നു. ‘അത്യാവശ്യം കാണാൻ കുഴപ്പമൊന്നുമില്ലല്ലോ.. ഇവളെപ്പോലത്തെയൊക്കെ പെണ്ണിനെ എന്തിനാ ഇവിടെ കൊണ്ടു നിർത്തുന്നത്?’ ലൂസിക്ക് എന്തുകൊണ്ടോ പാറുവിനെ അത്രയ്ക്ക് അങ്ങോട്ട് പിടിച്ചിട്ടില്ലായിരുന്നു. “ഡീ! പോയിട്ട് എനിക്കും മമ്മയ്ക്കും ഓരോ ജ്യൂസ് എടുത്തിട്ട് വാ. നല്ല തണുപ്പുണ്ടായിരിക്കണം.” “ഹ്മ്മ്മ് ശരി…”

 

വന്നവർ ആരാണെന്ന് പാറുവിന് മനസ്സിലായില്ലെങ്കിലും ഈ വീട്ടിലെ ആരോ ആണെന്ന് അവൾക്ക് തോന്നി. പാറു വേഗം ഇരുവർക്കും വേണ്ടി ഓറഞ്ച് ജ്യൂസ് അടിച്ചു കൊണ്ടുവന്ന് അവർക്ക് കൊടുത്തു. ജ്യൂസ് ഒരു ഇറക്ക് കുടിച്ചതും യാതൊരു കുഴപ്പമില്ലെങ്കിലും ലൂസി വെറുതെ മുഖം പതിയെ ഒന്നു ചുളിച്ചു. “എന്തോന്നാടീ ഉണ്ടാക്കിക്കൊണ്ടുവന്നിരിക്കുന്നത്? ഇതൊക്കെ ആരെങ്കിലും കുടിക്കുമോ?” അതും പറഞ്ഞ് ആ ജ്യൂസ് അവൾ പാറുവിന്റെ മുഖത്തേക്ക് ഒഴിച്ചു. പാറുവിന് തന്റെ കണ്ണുകളിലെ കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവളുടെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എങ്കിലും അവൾ ഒന്നും പ്രതികരിക്കാതെ മുഖത്തുണ്ടായിരുന്ന ജ്യൂസ് തുടച്ചു മാറ്റിക്കൊണ്ട് അവരെ നോക്കി പുഞ്ചിരിച്ചു. പിന്നീട് രണ്ടുപേരുടെയും ഗ്ലാസെടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അത് ആരും കാണാതിരിക്കാൻ വേണ്ടി അടുക്കളയിലെ പൈപ്പ് തുറന്നുവിട്ട് അതിലെ വെള്ളം മുഖത്തേക്ക് എടുത്തടിച്ചു കൊണ്ടേയിരുന്നു. വെള്ളത്തിനൊപ്പം തന്നെ അവളുടെ കണ്ണുനീരും അതിൽ ഒഴുകിപ്പോയി. വീട്ടിലെ മറ്റു സ്ത്രീജനങ്ങളോ അല്ലെങ്കിൽ അമ്മച്ചിയോ ഇവർ ചെയ്തതൊന്നും അറിഞ്ഞിരുന്നില്ല. അത് അവർക്ക് അവളെയിട്ട് തട്ടുവാനുള്ള ഒരു വഴിയായി മാറിയിരുന്നു.

 

രാത്രിയിൽ എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് ആദം താഴോട്ട് ഇറങ്ങിവന്നത്. ആദത്തെ കണ്ടതും ലൂസിയുടെ മുഖം പൂനിലാവ് പോലെ തെളിഞ്ഞു. ലൂസിയുടെ അടുത്തുള്ള ചെയർ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ആദം തന്റെ അടുത്തുള്ള ചെയറിൽ വന്നിരിക്കുമെന്ന് ലൂസി പ്രത്യാശിച്ചു. പക്ഷേ അവളുടെ ചിന്തകളെ എല്ലാം മാറ്റിമറിച്ചു കൊണ്ട് ആദം വല്യമ്മച്ചിയുടെ അടുത്തായുള്ള ചെയറിൽ പോയി ഇരുന്നു. സത്യത്തിൽ ലൂസിയുടെ കളികൾ എല്ലാം കണ്ടിരുന്ന ഡെവിയും മറ്റ് അനിയന്മാർക്കും ചിരി അടക്കുവാൻ സാധിച്ചിരുന്നില്ല. എങ്കിലും അവർ അത് പുറത്ത് കാട്ടിയില്ല. കാരണം ഹന്നയുടെ സ്വഭാവം അവർക്ക് എല്ലാവർക്കും അറിയാമായിരുന്നു. വല്യമ്മച്ചി ഈ സമയം ഭക്ഷണം കഴിക്കാതെ ആരെയോ തിരയുകയായിരുന്നു. ഇത് കണ്ട വല്യപ്പച്ചൻ, “എന്ന കൊച്ചേ നീ ഭക്ഷണം കഴിക്കാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കളിക്കുന്നത്?” “അത് പിന്നെ ഇച്ചായാ പാറു മോളെ കാണുന്നില്ലല്ലോ…” “പറഞ്ഞതുപോലെ അവളെ കാണുന്നില്ലല്ലോ ആലിസേ, പാറു എവിടെ, അവളെ ഇങ്ങോട്ട് വിളിച്ചേ…” “ഞാനിപ്പോൾ വിളിക്കാം അപ്പച്ചാ, അവൾ ചിലപ്പോൾ അടുക്കളയിൽ കാണും.” ആലിസ് പാറുവിനെ വിളിക്കാൻ വേണ്ടി അടുക്കളയിൽ ചെല്ലുമ്പോൾ അവൾ പുറത്തേക്കുള്ള വാതിലിന്റെ അടുത്തുനിന്ന് ആകാശത്തേക്ക് നോക്കി നിൽക്കുന്നതാണ് കാണുന്നത്. “കൊച്ചേ, നീ എന്നതാ നോക്കി നിൽക്കുന്നത് അവിടെ? ഹോളിലേക്ക് വായോ, അവിടെ എല്ലാവരും നിന്നെ തിരക്കുന്നുണ്ട്.” “ഞാൻ പിന്നീട് കഴിച്ചോളാം മമ്മ, എനിക്ക് ഇപ്പോൾ വിശക്കുന്നില്ല.” “അതൊന്നും പറഞ്ഞാൽ ശരിയാകത്തില്ല, നീ ഇങ്ങു വന്നേ.” ആലീസ് പാറുവിന്റെ കൈ ബലമായി പിടിച്ചുകൊണ്ട് ഹാളിലേക്ക് വന്നു.

 

ഇത് കണ്ട ഹന്നക്കും ലൂസിക്കും ആലിസ് പാറുവിന്റെ കൈയും പിടിച്ചു വരുന്നത് അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. വല്യമ്മച്ചിക്ക് പാറുവിനെ കണ്ടതും സന്തോഷമായി. അവർ ആദത്തിന്റെ അടുത്തായിട്ടുള്ള ചെയർ ചൂണ്ടി കാണിച്ചുകൊണ്ട് പാറുവിനോട് പറഞ്ഞു, “ആ മോളെ പാറു, നീ അവിടെ ഇരുന്നേ. എന്നിട്ട് വേഗം ഭക്ഷണം കഴിച്ചേ…” വല്യമ്മച്ചി അങ്ങനെ പറഞ്ഞതും പാറു ആ ചെയറിലേക്കും ആദത്തിനെയും മാറിമാറി നോക്കി. ലൂസിക്ക് വല്യമ്മച്ചി പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ലായിരുന്നു. അവളുടെ മുഖം ആകെ ഇരുണ്ടു. അത് മനസ്സിലാക്കിയത് പോലെ ഹന്ന പറഞ്ഞു, “അമ്മച്ചിക്ക് ഇത് എന്തിന്റെ കേടാ? വീട്ടിലെ വേലക്കാരിയെ ഒക്കെയാണോ ഹാളിൽ പിടിച്ചിരുത്തുന്നത്? അല്ലേ, ഞാൻ ഇതൊന്നും എവിടെയും കണ്ടിട്ടും ഒന്നുമില്ല. ഇതൊക്കെ ഈ വീട്ടിലേ നടക്കുകയുള്ളൂ. അതെങ്ങനെയാ, കണ്ട അനാഥാലയത്തിലുള്ള തിങ്ങളെ അല്ലേ മരുമക്കളായി കൊണ്ടുവന്നത്? അപ്പോൾ പിന്നെ ഇതിലും അപ്പുറം പ്രതീക്ഷിക്കാം.” ഹന്ന ആലീസിനെ നോക്കിയൊന്നു പുച്ഛിച്ചുകൊണ്ട് പറഞ്ഞു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഒരു നിമിഷം ആ ഹാൾ ആകെ നിശബ്ദമായി. ആദത്തിന്റെ മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു. ഈ ലോകത്ത് അവൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അവന്റെ മമ്മ. അവരെക്കുറിച്ചാണ് ഹന്ന ഇപ്പോൾ പറഞ്ഞത്. അവൻ എന്തോ പറയാൻ ഒരുങ്ങിയതും ആലീസ് വന്ന് അവന്റെ ഷോൾഡറിൽ പതിയെ പിടിച്ചു കണ്ണുകൊണ്ട് ഒന്നും പറയല്ലേ എന്ന് കേണപേക്ഷിച്ചു. എന്തുകൊണ്ടോ അവന്റെ മമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവന് എതിർത്ത് പറയുവാൻ തോന്നിയില്ല. അവൻ ഭക്ഷണം പാതിയിൽ വച്ച് നിർത്തി മുകളിലേക്ക് കാറ്റുപോലെ കയറിപ്പോയി. പിന്നീട് ആരും അധികം നേരം അവിടെ ഇരുന്നില്ല. എല്ലാവരും വേഗം എഴുന്നേറ്റ് പോയിരുന്നു.

 

പാറു അടുക്കളയിലേക്ക് ചെല്ലുമ്പോൾ ആലീസ് ഗ്ലാസ്സിൽ പാല് പകരുന്നതാണ് കാണുന്നത്. “മോളെ, ഈ പാൽ നീ ആദത്തിന് കൊണ്ടുപോയി കൊടുക്ക്. എന്റെ മോൻ ശരിക്കും ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല. ഹന്നയുടെ നാക്കിന് എല്ലില്ല. അവൾ തോന്നിയത് എന്തും വിളിച്ചുപറയും. ഇവിടെ ഇച്ചായൻ വിവാഹം കഴിച്ച് എന്നെ കൊണ്ടുവന്നപ്പോൾ ഒക്കെ അവൾ ഇങ്ങനെയായിരുന്നു. ആദ്യമൊക്കെ എനിക്ക് നല്ല വിഷമം ആയിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് വിഷമം ഒന്നും ഇല്ല കേട്ടോ. കാരണം എന്നെ എല്ലാവരും ഇവിടെ മകളായിട്ടാണ് കാണുന്നത്.” അവർ ഒരു വേദനയിൽ ചാലിച്ച ഒരു പുഞ്ചിരി പാറുവിന് നൽകിക്കൊണ്ട് പറഞ്ഞു. “എനിക്ക് സ്റ്റെപ്പ് കയറാൻ വയ്യ മോളെ, കാലിന്റെ മുട്ടിനു ഭയങ്കര വേദനയാ. നീ പാല് കൊണ്ട് കൊടുത്തിട്ട് പോയി കിടന്നോ.” “ഹ്മ്മ്മ്..” പാറു അതിന് തലയാട്ടിക്കൊണ്ട് സമ്മതം അറിയിച്ചു. സത്യത്തിൽ ആദം തന്നെ ചീത്ത പറയുമോ എന്നുള്ള ചിന്തയൊന്നും അപ്പോൾ പാറുവിനില്ലായിരുന്നു. അവൾ തലയാട്ടിക്കൊണ്ട് പാലും വാങ്ങി മുകളിലേക്ക് കയറിപ്പോയി. മുകളിലേക്ക് കയറുമ്പോഴും ഹന്നയുടെയും ലൂസിയുടെയും സ്വഭാവത്തെ കുറിച്ചുള്ള ചിന്തയായിരുന്നു പാറുവിന്. അതുകൊണ്ടുതന്നെ ഡോർ തുറന്നു അകത്തുകയറിയതൊന്നും അവൾ അറിഞ്ഞിട്ടില്ല. അവൾ വേഗം ഗ്ലാസ് എടുത്ത് ടേബിളിൽ വച്ചു. തിരിഞ്ഞതും കണ്ടു കയ്യിൽ വലിയൊരു മദ്യക്കുപ്പിയുടെ പകുതി കുടിച്ച് ആടിയാടി നിൽക്കുന്ന ആദത്തിന്. ഒരു നിമിഷം അവന്റെ കോലം കണ്ടതും നട്ടെല്ലിന്റെ ഉള്ളിലൂടെ എന്തോ ഇരച്ചു കയറുന്നത് പോലെ തോന്നി പാറുവിന്. ഏതു നേരത്താണോ തനിക്ക് ഇങ്ങോട്ട് വരാൻ തോന്നിയത് എന്നുള്ള ചിന്തയിലായിരുന്നു പാറു അപ്പോൾ. എങ്കിലും ഭയം പുറത്ത് കാണിക്കാതെ അവൾ ഡോറിന്റെ അടുത്തേക്ക് എത്തിയതും അവൾക്ക് തടസ്സമായി ആദം അവിടെ കയറി നിന്നു. അപ്പോഴും ആ പെണ്ണ് ഭീതിയോടെ അവനെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

 

തുടരും…

 

Leave a Reply

You cannot copy content of this page