”ആാാാ!!!!! പത്തുക്കേ!!!!!”
എണ്ണത്തോണിയിൽ കമിഴ്ന്നു കിടന്നുകൊണ്ട് വൈദ്യരെ പേടിപ്പിച്ചു നോക്കി ജിതേന്ദ്രൻ അലറി…
അവന്റെ മട്ടും ഭാവവും കണ്ടു വൈദ്യർ ഒന്നു പതറിയെങ്കിലും, പിന്നീട് അത് അത്ര കാര്യമാക്കാതെ തന്റെ ജോലി തുടർന്നുകൊണ്ടേയിരുന്നു…
”ഹ്മ്മ്മ്മ്..”
തന്റെ നട്ടെല്ലിലൂടെ വൈദ്യർ ചൂടുള്ള കിഴികൊണ്ട് അമർത്തി തിരുമ്മിയതും വേദനയാൽ ജിത്തു അലറി വിളിച്ച് കരഞ്ഞുപോയി.
”ആാാാാ!!!!!”
ജിതേന്ദ്രന്റെ അലർച്ച കേട്ട് സഹിക്കാനാവാതെ ഓമനയും വാസുദേവനും പുറത്തുനിന്ന് അകത്തളത്തിലേക്ക് കയറിച്ചെന്നു.
”മോനെ ജിത്തു…”
തന്റെ മകന്റെ കിടപ്പ് കാണാൻ കഴിയാതെ വാസുദേവൻ വിഷമത്തോടെ അവനെ വിളിച്ചു. ഈ സമയം ഓമനയും കണ്ണീർ വാ വാർത്തുകൊണ്ട് വാസുദേവന്റെ തൊട്ടടുത്തായി നിൽപ്പുണ്ടായിരുന്നു.
”എന്തിനാ അമ്മേ ഇങ്ങനെ കിടന്നു കരയുന്നത്? നിങ്ങളുടെ മോൻ ചത്തതൊന്നുമില്ല! ഞാൻ ഇവിടെനിന്നും എഴുന്നേൽക്കട്ടെ, അന്ന് ആ മഹേന്ദ്രന്റെ നാശം തുടങ്ങിയിരിക്കും…”
”ഹ്മ്മ്മ്മ്മ്…”
വീണ്ടും വൈദ്യർ കിഴികൊണ്ട് അവന്റെ പുറത്ത് തിരുമ്മിയതും വേദന കടിച്ചമർത്തി മൂളുക മാത്രമാണ് ജിതേന്ദ്രൻ ചെയ്തത്.
”അല്ല അച്ഛാ, അപ്പച്ചിക്ക് എങ്ങനെയുണ്ട്?” ജിത്തു തല ഉയർത്തി വാസുദേവനോട് കിടന്നുകൊണ്ടുതന്നെ ചോദിച്ചു.
”അവൾക്ക് വല്ല ഇളനീരോ ജ്യൂസോ മാത്രമേ ഇപ്പോൾ കുടിക്കാൻ പറ്റുകയുള്ളൂ എന്നാണ് വൈദ്യർ പറഞ്ഞത്. കവിളുകൾ രണ്ടും നന്നായി വീങ്ങിയിട്ടുണ്ട്. പറയുന്നതൊന്നും വ്യക്തമല്ല. ഇതിന്റെ തൊട്ടപ്പുറത്തുള്ള മുറിയിൽ അവളുമുണ്ട്.”
”എന്തായാലും അവൾക്കും കിട്ടിയത് നന്നായി! എന്റെ മോനെ മാത്രം അങ്ങനെ എണ്ണത്തോണിയിൽ കിടത്തിയിട്ട്, അവളുടെ മോൾ ആ ദേവ എന്ന് പറയുന്ന ഭദ്രകാളി അമ്മക്കിട്ടും ഒരു പണി കൊടുത്തല്ലേ പോയത്? എനിക്ക് എന്തായാലും സന്തോഷമായി. അല്ലെങ്കിലും ശ്രീകലയ്ക്ക് അല്പം അഹങ്കാരം കൂടുതലായിരുന്നു. ഇതോടുകൂടി അവളുടെ തണ്ടൊടിഞ്ഞല്ലോ…” കണ്ണീരു തുടച്ചുകൊണ്ട് ഓമന പുഞ്ചിരിയോടെ വാസുദേവനെയും ജിത്തുവിനെയും നോക്കി പറഞ്ഞു.
”എന്റെ ഓമനേ, ഇതിപ്പോൾ ഇവിടെ പറയേണ്ട സന്ദർഭമാണോ? ഒന്നുമില്ലെങ്കിലും നമ്മുടെ മോൻ ഈ കിടപ്പ് കിടക്കുന്നത് കണ്ടിട്ടും നിനക്ക് ഇതാണോ പറയാനുള്ളത്?” വാസുദേവൻ അല്പം ദേഷ്യത്തോടെ ഓമനയെ നോക്കി പറഞ്ഞു.
”ഞാൻ പറഞ്ഞതിൽ എന്താ തെറ്റുള്ളത്? ഇനിയിപ്പോൾ ആ പെണ്ണിനെ നമുക്ക് കിട്ടുമോ ഇല്ലയോ എന്ന് തന്നെ ആർക്കറിയാം! കൊണ്ടുപോയവൻ… മോനെ ജിത്തു, അവൻ ചില്ലറക്കാരനല്ല. എന്തായാലും നേർക്കുനേർ നിന്ന് അവനുമായി പോരാടുക എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ നിനക്ക് എപ്പോഴും വശമുള്ള ഒന്നുണ്ടല്ലോ—ചതി! ആ പ്രയോഗം ഉപയോഗിക്ക്. ഏത് കൊലകൊമ്പനും നിലതെറ്റി നിലത്തുവീഴുന്നത് നിനക്ക് അപ്പോൾ കാണാൻ സാധിക്കും.” വലിഞ്ഞുമുറുകിയ മുഖത്തോടെ ഓമന ജിതേന്ദ്രനെ നോക്കി പറഞ്ഞു.
”നീ ഇവിടെനിന്ന് എത്രയും പെട്ടെന്ന് എഴുന്നേൽക്കണം. ആ പെണ്ണ് അങ്ങനെ അവന്റെ കൂടെ പോയി സുഖിക്കാൻ പാടില്ല. ഒന്നുമല്ല, കോടികളുടെ സ്വത്താണ് ആ പെണ്ണിന്റെ പേരിലുള്ളത്! അതെല്ലാം നിന്റെ കയ്യിൽ എത്തിച്ചേരുമെന്ന് ഞാൻ ഒരുപാട് മനക്കോട്ട കെട്ടിയതാണ് മോനെ. അത് അങ്ങനെ എവിടെനിന്നോ വന്ന ഒരുത്തന് കിട്ടാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല. നീ ഒരു രാജകുമാരനെപ്പോലെ ജീവിക്കുന്നത് ഈ അമ്മയ്ക്ക് കാണണം. അതിനിപ്പോൾ ദേവയെ സ്വന്തമാക്കുകയല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിലില്ല. ഇനിയിപ്പോൾ നീ ഇവിടെനിന്ന് എഴുന്നേറ്റാലും നേർക്കുനേർ ഏറ്റുമുട്ടാതെ മറ്റെന്തെങ്കിലും വഴിയിലൂടെ ദേവയെ സ്വന്തമാക്കാൻ പറ്റുമോ എന്ന് നോക്ക്…”
ഒരു നിമിഷം ഓമന പറഞ്ഞതിലും കാര്യമുണ്ടെന്ന് ജിതേന്ദ്രന് തോന്നി.
”ഹ്മ്മ്, അച്ഛാ… അമ്മ പറഞ്ഞതിലും കാര്യമുണ്ട്. ഞാൻ ആദ്യം ഇവിടെനിന്ന് ഒന്ന് എഴുന്നേൽക്കട്ടെ. ഈ ജിതേന്ദ്രൻ അത്രയ്ക്ക് മോഹിച്ചതാണ് ദേവഭദ്രയെ. എനിക്ക് കിട്ടിയില്ലെങ്കിൽ അവളെ മറ്റാരും സ്വന്തമാക്കുകയും ഇല്ല! അതിന് ഞാൻ അനുവദിക്കില്ല…” മുറുകിയ മുഖത്തോടെ ജിതേന്ദ്രൻ മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചുകൊണ്ട് ഇരുവരെയും നോക്കി പറഞ്ഞു.
തിരികെ മഹേന്ദ്രന്റെ കാർ വസിഷ്ഠയിൽ എത്തുമ്പോൾ നേരം നന്നേ വൈകിയിരുന്നു.
മഹേന്ദ്രൻ നോക്കുമ്പോൾ തന്റെ ഷോൾഡറിലേക്ക് തലചായ്ച്ചുവെച്ച് നല്ല ഉറക്കത്തിലാണ് ദേവ. ആദ്യം അവളെ വിളിക്കാമെന്നാണ് അവൻ കരുതിയത്, പിന്നെ എന്തോ ഓർത്തതുപോലെ അവളുടെ ക്ഷീണം വിളിച്ചോതുന്ന മുഖം കണ്ടതും അവന് അവളെ എഴുന്നേൽപ്പിക്കാൻ തോന്നിയില്ല.
ഈ സമയം മാൻഷനിലുള്ള എല്ലാവരും മഹേന്ദ്രനെയും കാത്ത് അവിടെ ഇരിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽനിന്നും ഇറങ്ങിയ മഹേന്ദ്രനെക്കുറിച്ച് പിന്നെ അർജുനോ വരുണിനോ യാതൊരു അറിവും ഇല്ലായിരുന്നു. ഫോൺ വിളിച്ചിട്ടാണെങ്കിൽ അവർക്കാർക്കും മഹേന്ദ്രനെയോ അവന്റെ ഗാർഡ്സിനെയോ കിട്ടിയതുമില്ല. അതുകൊണ്ടുതന്നെ എല്ലാവരും വല്ലാതെ ഭയന്നിരിക്കുന്ന സമയത്താണ് മഹേന്ദ്രൻ ദേവയെ ഇരുകൈകളിലുമായി എടുത്തുകൊണ്ട് അകത്തേക്ക് കയറിവന്നത്.
ദേവയെയും കൊണ്ട് അകത്തേക്ക് കയറിവരുന്ന മഹേന്ദ്രനെ കണ്ടതും ആദ്യം അവരൊന്ന് ഞെട്ടി. പിന്നീട് എല്ലാവരുടെയും മുഖത്ത് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും തെളിച്ചം കാണാമായിരുന്നു. എന്നാൽ മഹേന്ദ്രൻ ആരെയും നോക്കാതെ നേരെ അവളെയും കൊണ്ട് മുകളിലേക്ക് കയറിപ്പോയി. ഹാളിലുള്ള എല്ലാവരും ഈ കാഴ്ച കണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്.
ദേവയുടെ മുറിയിലെത്തിയതും മഹേന്ദ്രൻ അവളെ നേരെ ബെഡ്ഡിലേക്ക് കിടത്തി എഴുന്നേൽക്കാൻ ഒരുങ്ങി. പക്ഷേ അതിന് സാധിക്കാതെ അവളുടെ കഴുത്തിലുള്ള ലോക്കറ്റ് അടങ്ങിയ ചെയിൻ മഹേന്ദ്രന്റെ കഴുത്തിലെ ചെയിനുമായി ഉടക്കി. എത്ര ശ്രമിച്ചിട്ടും അവന് അവളുടെ ചെയിനിൽനിന്നും തന്റെ ചെയിൻ അഴിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവസാനം മുട്ടുകുത്തി നിലത്തുനിന്നുകൊണ്ട് മഹേന്ദ്രൻ പതിയെ തന്റെ കഴുത്തിലെ ചെയിൻ ഊരിയെടുത്ത് അവളുടെ ചെയിനിൽനിന്നും അടർത്തി മാറ്റി.
മഹേന്ദ്രന്റെ കണ്ണുകൾ അവൻ പോലുമറിയാതെ ദേവയുടെ മുഖത്തേക്ക് പാഴ വീഴുന്നുണ്ടായിരുന്നു. തന്റെ ചെയിൻ കയ്യിൽ കിട്ടിയതും മഹേന്ദ്രൻ വേഗം ദേവയുടെ മുറിയിൽനിന്നും വാതിൽ ചാരി പുറത്തേക്കിറങ്ങിപ്പോയി.
ഈ സമയം അവന്റെ ഗാർഡ്സിന്റെ ഹെഡായ വിനോദ് വഴി ഇന്ന് ദേവയുടെ തറവാട്ടിൽ മഹേന്ദ്രൻ പോയതും അവിടെ സംഭവിച്ച കാര്യങ്ങളും അർജുനും വരുണും അറിഞ്ഞു. സത്യത്തിൽ ദേവയ്ക്കുവേണ്ടി മഹേന്ദ്രൻ ഇത്രയൊക്കെ ചെയ്തു എന്നറിഞ്ഞതും അവർക്കാർക്കും വിശ്വസിക്കാൻ പോലുമാകുന്നുണ്ടായിരുന്നില്ല.
നേരം വെളുത്ത് സൂര്യരശ്മികൾ തന്റെ മുഖത്തടിച്ചതും ദേവ ഞെട്ടലോടെ കണ്ണുകൾ തുറന്നു. താനിപ്പോൾ ഉള്ളത് വസിഷ്ഠ മാൻഷനിൽ ആണെന്ന് കണ്ടതും ദേവയ്ക്ക് അല്പം ആശ്വാസം തോന്നി. തറവാട്ടിൽ നടന്ന ഓരോ കാര്യങ്ങൾ ഓർക്കുംതോറും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ‘ലോകത്ത് തനിക്ക് മാത്രമായിരിക്കുമോ ഇതുപോലൊരു അമ്മ?’ എന്നവൾ തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.
താഴെ എല്ലാവരും പ്രാതൽ കഴിക്കാൻ ഇരിക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ദേവമോളുടെ അവസ്ഥ എങ്ങനെയായിരിക്കും എന്നോർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. കാരണം അർജുനും വരുണും വഴി തറവാട്ടിൽ ഇന്നലെ നടന്ന പ്രശ്നങ്ങളെല്ലാം അവിടെയുള്ള ബാക്കിയെല്ലാവരും അറിഞ്ഞിരുന്നു.
മുകളിൽനിന്നുമുള്ള കൊലുസിന്റെ ശബ്ദം അടുത്തടുത്തുവരുന്നത് കണ്ടതും എല്ലാവരും മുകളിലേക്ക് നോക്കി. പുഞ്ചിരിച്ചുകൊണ്ട് താഴേക്ക് ഇറങ്ങിവരുന്ന ദേവയെയാണ് അവർ കണ്ടത്. അവളുടെ മുഖത്തെ വിടർന്ന പുഞ്ചിരി കണ്ടതും കുടുംബത്തിലെ ബാക്കിയുള്ളവരുടെ മുഖത്തും സന്തോഷം വിടർന്നു.
”മോളിന്ന് കോളേജിൽ പോകുന്നുണ്ടോ?” അർജുന്റെ അമ്മ അവളോട് ചോദിച്ചു.
”പോകണം വല്യമ്മേ, ഇവിടെ ഇങ്ങനെ ഇരുന്നിട്ട് എന്താ കാര്യം? പഠിക്കണം, അതുമല്ല ക്ലാസ് വെറുതെ മിസ്സ് ചെയ്താൽ പിന്നെ ഒന്നും മനസ്സിലാകില്ല.”
അവൾ പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നിയതുകൊണ്ടാകാം അർജുനും വരുണുമടക്കം ആരും ഒന്നും മിണ്ടിയില്ല. എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങിപ്പോകുന്ന ദേവയെ മുകളിൽനിന്നും മഹേന്ദ്രനും നോക്കിക്കാണുന്നുണ്ടായിരുന്നു.
രണ്ടാഴ്ചയ്ക്കശേഷമുള്ള ഒരു പുലരി…
വസിഷ്ഠ മാൻഷന്റെ മുന്നിൽ ഒരു ഇരമ്പലോടെ ജിതേന്ദ്രന്റെ കാർ വന്നുനിന്നു. ഒരു സിഗരറ്റും ചുണ്ടിൽ കത്തിച്ചുവെച്ചുകൊണ്ട് അവൻ ആ മാൻഷൻ ആകെ ഒന്ന് കണ്ണോടിച്ചു.
അവന്റെ പുറകിലെ കാറിലായി ഇറങ്ങിവരുന്ന വാസുദേവനും ശ്രീകലയും മാൻഷനിലേക്ക് നോക്കി പരസ്പരം ഗൂഢമായി പുഞ്ചിരിച്ചു. ഏറ്റവും പുറകിലായുള്ള കാറിൽനിന്ന് വക്കീലും കൂടി ഇറങ്ങിയതും അവരെല്ലാവരും വസിഷ്ഠ മാൻഷനിലേക്ക് ഉറച്ച കാൽവെപ്പോടെ അകത്തേക്ക് കയറി…
(തുടരും…)
