താണ്ഡവം ഭാഗം 14

​അകത്തേക്ക് കയറി വരുന്ന ശ്രീകലയെയും വാസുദേവനെയും ജിത്തുവിനെയും കണ്ടതും മനസ്സിലാവാത്തത് പോലെ ഹരിശങ്കറും കുടുംബവും അവരെ തന്നെ നോക്കി നിന്നു.
​എന്നാൽ അർജുന്റെയും വരുണിന്റെയും മുഖമെല്ലാം ദേഷ്യത്താൽ മുറുകിയിരുന്നു.
​അർജുൻ അവരെയെല്ലാം ഒന്ന് നോക്കിക്കൊണ്ട് തന്നെ ഹരിശങ്കറിന്റെ അടുക്കലേക്ക് നടന്നു ചെന്ന് മുന്നിൽ നിൽക്കുന്നവർ ആരാണെന്ന് അയാളോട് പറഞ്ഞു കൊടുത്തു.
​ദേവയുടെ വീട്ടിൽ നിന്ന് വന്നവരാണെന്ന് അറിഞ്ഞതും ഹരിശങ്കറിന്റെ മുഖത്ത് അവരെ കണ്ട് അപരിചിതത്വം പോയി പകരം ദേഷ്യം ഇരച്ചു കയറുവാൻ അധികം നേരം വേണ്ടിവന്നില്ല.
​”ഹ്മ്മ്മ്… എന്തുവേണം നിങ്ങൾക്ക്?” ഹരി അല്പം ഗൗരവത്തോടെ ശ്രീകലയെ നോക്കിക്കൊണ്ട് ചോദിച്ചു.
​ശ്രീകല ഹരിയെ നോക്കിക്കൊണ്ട് മുന്നിലായി കാണുന്ന സോഫാ സെറ്റിലേക്ക് ചാരിയിരുന്ന് കാലിൻമേൽ കാൽ കയറ്റിവെച്ച് ഹരിശങ്കറിനെ ഒന്ന് നോക്കി. എന്നിട്ട് അയാളോട് പറഞ്ഞു, “ഞാൻ ശ്രീകല… നിങ്ങളുടെ മരിച്ചുപോയ അനുജന്റെ ഭാര്യയാണ്. ഞാനിപ്പോൾ ഇവിടേക്ക് വന്നത് എന്റെ മകളെ കൂട്ടിക്കൊണ്ടുപോകുവാൻ ആണ്. നിങ്ങളുടെ മരുമകൻ ഒരു മഹേന്ദ്ര ദേവവസിഷ്ഠ അവൻ വന്നു കാടിളക്കി എന്റെ മകളെ കൊണ്ടുപോയാൽ ഞാൻ ചോദിച്ചു വരില്ല എന്ന് കരുതിയോ?”
​”എന്റെ മകളാണ് ദേവഭദ്ര എങ്കിൽ ഞാൻ അവളെ ഇവിടെ നിന്ന് കൊണ്ടുപോവുക തന്നെ ചെയ്യും. അത് തടയാൻ നിങ്ങൾക്ക് എന്നല്ല സാക്ഷാൽ ദൈവത്തിന് പോലും സാധിക്കില്ല. എന്റെ മരുമകൻ ജിത്തു മോനുമായിട്ടുള്ള വിവാഹം ഞാൻ ഉറപ്പിച്ചു കഴിഞ്ഞു. ഈ ശ്രീകലയുടെ കൊക്കിൽ ജീവനുണ്ടെങ്കിൽ ഈ കല്യാണം ഞാൻ നടത്തുക തന്നെ ചെയ്യും,” അഹങ്കാരത്തോടെ അവർ ഹരിശങ്കർ അടക്കം മുന്നിൽ നിൽക്കുന്ന എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു.
​”എന്റെ അപ്പച്ചി, ഇവരോട് ഇങ്ങനെ ഫിലോസഫി അടിക്കാതെ വേഗം എന്റെ പെണ്ണിനെ ഇങ്ങോട്ട് ഇറക്കാൻ പറ…” ജിത്തുവിന് സത്യത്തിൽ വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.
​”എന്താണ് മിസ്റ്റർ ഹരിശങ്കർ, നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ… അവളെ വിളിക്ക്,” സോഫാ സെറ്റിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ട് ശ്രീകല ഹരിശങ്കറിന്റെ മുഖത്ത് നോക്കി പറഞ്ഞു.
​അപ്പോഴും ഹരിശങ്കർ ഒന്നും പറയാനാകാതെ ആകെ വിയർത്തു നിൽക്കുകയായിരുന്നു.
​അയാൾ ദേവയെ വിളിക്കുന്നില്ല എന്ന് കണ്ടതും ശ്രീകല അല്പം ഉച്ചത്തിൽ തന്നെ ദേവയുടെ പേര് വിളിച്ചു, “ദേവാ…!”
​”മര്യാദയ്ക്ക് നീ താഴേക്ക് ഇറങ്ങി വാടി! നിന്നെ ഇവിടെ നിന്ന് ഞാൻ കൊണ്ടുപോകും എന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ കൊണ്ടുപോവുക തന്നെ ചെയ്യും. അതിന് ഇവിടെയുള്ളവർ തടഞ്ഞിട്ട് കാര്യമില്ല… വക്കീലിനെയും കൊണ്ടാണ് ഞാൻ വന്നത്. നിനക്ക് ശരിക്കും ഈ അമ്മയെ അറിയുന്നതല്ലേ ദേവാ, ഒളിച്ചിരിക്കാതെ താഴേക്ക് ഇറങ്ങി വാടി!” ദേഷ്യം കൊണ്ട് കലിതുള്ളിക്കൊണ്ട് ശ്രീകല മുകളിലത്തെ നിലയിലേക്ക് നോക്കി അലറിക്കൊണ്ട് പറഞ്ഞു.
​പെട്ടെന്നാണ് മുകളിൽ നിന്നും ഒരു കൊലുസിന്റെ ശബ്ദം എല്ലാവരും കേട്ടത്. എല്ലാവരുടെയും ശ്രദ്ധ മുകളിലേക്ക് പതിഞ്ഞു.
​തലകുനിച്ചുകൊണ്ട് താഴേക്ക് ഇറങ്ങിവരുന്ന ദേവയെ കണ്ടതും ജിത്തുവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ഈ സമയം ശ്രീകല അല്പം അഹങ്കാരത്തോടെ തന്നെ ഹരിശങ്കറിനെയും കൃഷ്ണദാസിനെയും നോക്കി പുച്ഛിക്കുവാനും മറന്നില്ല.
​ശ്രീകലയുടെ മുൻപിലായി ദേവ വിറച്ചു വിറച്ചുകൊണ്ട് വന്നുനിന്നു. അവളെ കാണും തോറും ശ്രീകലയ്ക്ക് മഹേന്ദ്രൻ തന്റെ മുഖത്തടിച്ചതായിരുന്നു ഓർമ്മ വരുന്നത്.
​അവർ അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവരുടെ അടുക്കലേക്ക് ചേർത്തു നിർത്തിക്കൊണ്ട് ചോദിച്ചു, “എവിടെപ്പോയി നിന്റെ രക്ഷകൻ? നിന്റെ സ്വന്തം അമ്മയെ തല്ലുന്നത് കണ്ടിട്ട് നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞില്ലല്ലോ നശിച്ചവളെ. നീ എന്ത് കരുതി, നിന്നെ ഞാൻ അങ്ങ് വിട്ടു കളയുമെന്നോ? അണിമംഗലത്തെ ശ്രീകല ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അത് വാക്കാണ്. ജിത്തുവുമായുള്ള നിന്റെ വിവാഹം ഞാൻ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയെടുക്കുക തന്നെ ചെയ്യും, എന്തു വില കൊടുത്തും!”
​”എന്നാൽ എനിക്കതൊന്ന് കാണണമല്ലോ മിസിസ് ശ്രീകല!”
​പിറകിൽ നിന്നും കേൾക്കുന്ന ആ ഗനഗാംഭീര ശബ്ദം കേട്ടതും എല്ലാവരും ഞെട്ടിത്തരിച്ചുകൊണ്ട് പിറകോട്ട് നോക്കിയപ്പോൾ കണ്ടു കോണിപ്പടികൾ അതിവേഗത്തിൽ താഴേക്ക് ചാടി ഇറങ്ങിവരുന്ന സാക്ഷാൽ മഹേന്ദ്ര ദേവവസിഷ്ഠയെ…
​അവൻ ശ്രീകലയെ നോക്കിക്കൊണ്ടുതന്നെ ദേവയുടെ അരികിലേക്ക് ചേർന്നു നിന്നുകൊണ്ട് അവളുടെ തോളിലൂടെ കൈകൾ ചേർത്തുവെച്ച് ശ്രീകലയെ ഒന്ന് നോക്കി.
​മഹേന്ദ്രന്റെ കൈ ദേവയുടെ തോളിലായി കാണും തോറും ജിത്തുവിന് തന്റെ ദേഷ്യം അനിയന്ത്രിതമായി വർധിച്ചുവരുന്നുണ്ടായിരുന്നു. മുറുകിയ മുഖത്തോടെ അവൻ മഹേന്ദ്രന് നേർക്ക് അടുക്കുവാൻ ഒരുങ്ങിയതും വാസുദേവൻ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു, “വേണ്ട മോനെ വേണ്ട, ഇപ്പോൾ ഒന്നും വേണ്ട. നോക്ക്, ശ്രീയെ കണ്ടില്ലേ അവൾ രണ്ടും കൽപ്പിച്ചാണ്. ഇന്നവൾ എന്തൊക്കെ സംഭവിച്ചാലും ദേവയെ ഇവിടെ നിന്ന് കൂട്ടിക്കൊണ്ടു പോവുക തന്നെ ചെയ്യും. ഇതിനിടയിൽ നീ വീണ്ടും അവനുമായി കൊമ്പുകോർത്താൽ ഈ വരുന്ന ഞായറാഴ്ചയുള്ള നിന്റെ വിവാഹം വീണ്ടും മാറ്റിവെക്കേണ്ടി വരും…”
​”അറിയാമല്ലോ നിനക്ക് അവന്റെ ബലം. നിന്നെ ചെറുതാക്കാൻ വേണ്ടി അച്ഛൻ പറയുകയല്ല, ക്ഷമയോടെ കാത്തിരിക്കുക. നമുക്കും അവസരം വരും, ഇപ്പോൾ എടുത്തുചാടുകയല്ല വേണ്ടത്, സംയമനം പാലിച്ചു നിൽക്കുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ നിനക്ക് ദേവയെ കിട്ടുകയുള്ളൂ,” കുശാഗ്രബുദ്ധിയോടെ മുഖം ഒന്ന് വക്രിച്ചുകൊണ്ട് വാസുദേവൻ ജിത്തുവിന്റെ ചെവിയിലേക്ക് സ്വകാര്യമെന്നോണം പറഞ്ഞു.
​അച്ഛൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയ ജിത്തു ഒന്നും മിണ്ടാതെ പകയെരിയുന്ന കണ്ണുകളോട് കൂടി മഹേന്ദ്രനെയും ദേവയെയും നോക്കിക്കൊണ്ട് നിന്നു.
​ദേവയുടെ തോളിൽ കൈയിട്ടു നിൽക്കുന്ന മഹേന്ദ്രനെ കത്തുന്ന കണ്ണുകളോടെ ശ്രീകല നോക്കിനിന്നു. “എന്റെ മകളുടെ ദേഹത്തുനിന്ന് കൈയെടുക്കടാ!”
​അലറിക്കൊണ്ട് ശ്രീകല അത്രയും പറഞ്ഞ് ദേവയെ മഹേന്ദ്രനിൽ നിന്നും അടർത്തി മാറ്റി അവളുടെ മുഖത്തടിക്കുവാൻ വേണ്ടി കൈയുയർത്തി അവളോട് ആക്രോശിച്ചു, “സ്വന്തം അമ്മയുടെ മുൻപിൽ കണ്ടവന്റെ തോളിൽ ചാരി നിൽക്കുവാൻ നിനക്ക് യാതൊരു കുഴപ്പവുമില്ല അല്ലേടി!”
​അവർ കൈകൾ ഉയർത്തി ദേവയെ അടിക്കാൻ ഒരുങ്ങിയതും മഹേന്ദ്രന്റെ അലർച്ചയും ഒരേ സമയത്തായിരുന്നു.
​”തൊട്ടുപോകരുത് എന്റെ ഭാര്യയെ!”
​അത്രയും നേരം മുൻപിൽ കാഴ്ച കണ്ടുകൊണ്ടു നിന്നവർ പെട്ടെന്നുള്ള മഹേന്ദ്രന്റെ അലർച്ചയിലും തുറന്നുപറച്ചിലിലും ഇടിവെട്ടേറ്റതുപോലെ ഞെട്ടിക്കൊണ്ട് അവനെത്തന്നെ നോക്കിനിന്നു.
​ഈ സമയം ജിത്തു ആകെ വല്ലാത്തൊരു അവസ്ഥയിലായി. താൻ കേട്ടത് തെറ്റിപ്പോയോ എന്ന് അറിയാൻ പറ്റാത്ത ഒരു മാനസികാവസ്ഥയിൽ പെട്ട അവൻ ശ്രീകലയുടെയും വാസുദേവന്റെയും മുഖത്തേക്ക് മാറിമാറി നോക്കി. അവരുടെ മുഖഭാവത്തിൽ താൻ കേട്ടത് സത്യമാണെന്ന് മനസ്സിലായതും അത്രയും നേരം ക്ഷമിച്ചു കടിച്ചുപിടിച്ചു നിന്നിരുന്ന ജിത്തു ദേഷ്യം കൊണ്ടു വിറച്ച് മഹേന്ദ്രന്റെ അടുക്കലേക്ക് ഓടിച്ചെന്നു.
​”ഡാ…!”
​”ശൂ…!”
​തന്റെ അടുക്കലേക്ക് ഓടിവന്ന ജിത്തുവിന്റെ നെഞ്ചിൽ വലതുകൈ ഉയർത്തി തടസ്സം നിർത്തിക്കൊണ്ട് മഹേന്ദ്രൻ അവനോട് പറഞ്ഞു, “വെയിറ്റ്…”
​ഈ സമയം സ്വബോധത്തിലേക്ക് വന്നതുപോലെ വല്ലാത്തൊരു പരിഭ്രമത്തോടെ, കേട്ടത് വിശ്വസിക്കാൻ കഴിയാത്ത ഒരു മാനസികാവസ്ഥയിൽ എത്തിപ്പോയ ശ്രീകല വിരൽ ചൂണ്ടിക്കൊണ്ട് ചുവന്ന കണ്ണുകളോടെ മഹേന്ദ്രനെ നോക്കിക്കൊണ്ട് ചോദിച്ചു, “എടാ നീ… നീ എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വെറുതെ പറയുന്നതല്ലേ ഇതെല്ലാം?”
​”ഹാ… ഹാ… ഹാ… നിങ്ങൾക്ക് എന്താ വട്ടായോ? ഞാൻ പറഞ്ഞത് സത്യമാണ്. ഭദ്ര ഇപ്പോൾ എന്റെ ഭാര്യയാണ്, മിസിസ് ദേവഭദ്ര മഹേന്ദ്ര ദേവവസിഷ്ഠ!”
​അത്രയും പറഞ്ഞ് ദേവയുടെ കഴുത്തിലായി അവൻ കെട്ടിയ മഞ്ഞച്ചരടിൽ കോർത്ത താലി പുറത്തേക്ക് എടുത്തിട്ടതും ജിത്തുവും ശ്രീകലയും വാസുദേവനും എല്ലാം ഒരു നിമിഷം ഭൂമി നിശ്ചലമായോ എന്ന് പോലും തോന്നിപ്പോയി.
​കാലടിയിലെ മണ്ണ് ഒലിച്ചുപോകുന്നതുപോലെ തോന്നി മൂന്നുപേർക്കും. ഇത്രയും കാലം കെട്ടിപ്പടുത്ത ഉയർത്തിയ സ്വപ്നങ്ങളെല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ അവരുടെ മുന്നിൽ തകർന്നടിഞ്ഞു.
​ജിത്തുവിന് തന്റെ മാനസികനില തെറ്റുന്നത് പോലെ തോന്നി, “Noooo! ഇല്ല, ഞാൻ ഇത് വിശ്വസിക്കില്ല! നീ കള്ളം പറയുകയാണ് മഹേന്ദ്ര, കള്ളം പറയുകയാണ്…”
​ഒരു ഭ്രാന്തനെപ്പോലെ ദേവയുടെ കഴുത്തിൽ കാണുന്ന മഞ്ഞച്ചരടിൽ കോർത്ത താലി നോക്കിക്കൊണ്ട് മഹേന്ദ്രന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചുകൊണ്ട് ജിത്തു അവനോടായി അലറിക്കൊണ്ട് പറഞ്ഞു.
​”ഹാ… ഹാ… ഹാ…”
​അതിനു മറുപടിയെന്നോണം മഹേന്ദ്രന്റെ ചുണ്ടിൽ ഒരു വിജയചിരിയുണ്ടായിരുന്നു. അവൻ ജിത്തുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് തന്നെ തന്റെ ഇടതുകൈയാൽ ജിത്തു പിടിച്ച തന്റെ ഷർട്ട് അവനിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് അവനോടായി പറഞ്ഞു, “എന്താ ജിത്തു… നിനക്കെന്താ പറഞ്ഞിട്ട് മനസ്സിലാകുന്നില്ലേ? നോക്കിയേ, അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലിയാണ്. ഇനി നിങ്ങൾക്ക് അധികം പ്രൂഫ് വേണമെങ്കിൽ…” അത്രയും പറഞ്ഞ് മഹേന്ദ്രൻ ഏറ്റവും പിറകിലായി നിൽക്കുന്ന വക്കീലിനെ ഒന്ന് നോക്കി.
​”അർജുൻ, ഈ ഫോട്ടോസ് ഒന്ന് വക്കീലിനെ കാണിച്ചുകൊടുക്ക്. ഒപ്പം ഈ ഡോക്യുമെന്റ്സും.”
​”ശരിയേട്ടാ…” ഒന്ന് ഞെട്ടിക്കൊണ്ട് അർജുൻ അത്രയും പറഞ്ഞ് മഹേന്ദ്രന്റെ കൈയിൽനിന്ന് ഫോട്ടോസും ഡോക്യുമെന്റ്സും വാങ്ങി വക്കീലിന്റെ കയ്യിലേക്ക് കൊടുത്തു.
​”എടോ വക്കീലേ, ഈ കൂട്ടത്തിൽ വിവരമുള്ള ആളല്ലേ… വായിച്ചു നോക്ക്. ഒപ്പം ആ ഫോട്ടോസും നോക്ക്, ഞങ്ങൾ വിവാഹം കഴിഞ്ഞപ്പോൾ എടുത്തതാണ്. ഇത് മാരേജ് സർട്ടിഫിക്കറ്റ്…”
​ഈ സമയം ജിത്തു ഓടിവന്ന് വക്കീലിനോട് ചോദിച്ചു, “എന്താടോ വക്കീലേ, ഇവൻ പറഞ്ഞതെല്ലാം സത്യമാണോ?”
​”അത്… അത് പിന്നെ സാർ, ഇതിൽ പറയുന്ന പ്രകാരമാണെങ്കിൽ ദേവഭദ്ര മാഡത്തിന്റെ വിവാഹം ലീഗലി രജിസ്റ്റർ ചെയ്തു കഴിഞ്ഞതാണ്. അതായത് അവർ ഇപ്പോൾ നിയമപരമായി ഭാര്യയും ഭർത്താവുമാണ് എന്ന്.”
​”No! ഇല്ല, ഞാൻ ഇത് വിശ്വസിക്കില്ല! എല്ലാവരും കൂടി ചേർന്ന് ചതിക്കാം എന്ന് കരുതിയോ എന്നെ? അപ്പച്ചി… അപ്പച്ചിക്കൊന്നും പറയാനില്ലേ? അപ്പച്ചിയുടെ മകളല്ലേ ഇവൾ, അവൻ കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ് അവളെയും കൊണ്ട് നമുക്ക് ഇവിടെ നിന്ന് ഇപ്പോൾ ഇറങ്ങണം!” അത്രയും ശ്രീകലയോട് പറഞ്ഞ് ജിത്തു ദേവയുടെ അടുത്തേക്ക് തിരിഞ്ഞു.
​”എടി, ആഗ്രഹിച്ചതൊന്നും നേടാതെ ഇരുന്നിട്ടില്ല ഈ ജിത്തു ഇതുവരെ! നിന്നെ ഞാൻ അത്രയ്ക്ക് മോഹിച്ചതാണ്… എന്റേതാണ്, എന്റേത് മാത്രമാണ് നീ! ഈ താലിയാണ് ഇപ്പോൾ എനിക്കും നിനക്കും തടസ്സമെങ്കിൽ…” അത്രയും പറഞ്ഞവൻ താലിയിൽ പിടിക്കാൻ പുറപ്പെട്ടതും മഹേന്ദ്രന്റെ ചവിട്ടുകൊണ്ട് നിലതെറ്റി നിലത്തേക്ക് തെറിച്ചു വീണതും ഒരേസമയത്തായിരുന്നു!
​ഒരു നിമിഷം പേടിച്ചുപോയ ദേവ മുൻപോട്ടേക്ക് നോക്കിയപ്പോൾ കാണുന്നത് ജിത്തുവിനെ കൊല്ലാൻ പാകത്തിൽ മുറുകിയ മുഖത്തോടെ കൈമുഷ്ടി ചുരുട്ടിപ്പിടിച്ച് അവനെത്തന്നെ നോക്കിനിൽക്കുന്ന മഹേന്ദ്ര ദേവവസിഷ്ഠയെ ആയിരുന്നു!
​”ഈ മഹേന്ദ്ര ദേവവസിഷ്ഠയുടെ പെണ്ണിന്റെ കഴുത്തിൽ നിന്നും ഞാൻ കെട്ടിയ താലി പൊട്ടിച്ചെറിയാൻ മാത്രം ധൈര്യമുള്ള ആണൊരുത്തനാണെങ്കിൽ നീ പൊട്ടിക്കടാ, ഞാൻ ഒന്ന് കാണട്ടെ!”
​മഹേന്ദ്രന്റെ അലർച്ചയിൽ ആ മന്ദിരം പോലും കിടുങ്ങി വിറച്ചുപോയി!
​(തുടരും…)

Leave a Reply

You cannot copy content of this page