നീ ഇപ്പൊ എവിടെയും പോകുന്നില്ലല്ലോ പിന്നെ എന്തിനാ ഒരുങ്ങുന്നത്? ദേ എന്റെ ഷർട്ടും പാന്റ്സും അയൺ ചെയ്തു വെയ്ക്കു…..

Story written by Ammu Santhosh

“അമ്മ ഇപ്പൊ ഇത്രയും ഒരുങ്ങുന്നതെന്തിനാ?ദേ ഇങ്ങോട്ട് വാ എന്റെ നോട്സ് എഴുതി താ ” ആദ്യം അത് ചോദിച്ചത് മകൾ ആയിരുന്നു.

“നീ ഇപ്പൊ എവിടെയും പോകുന്നില്ലല്ലോ പിന്നെ എന്തിനാ ഒരുങ്ങുന്നത്? ദേ എന്റെ ഷർട്ടും പാന്റ്സും അയൺ ചെയ്തു വെയ്ക്കു “

അത് ഭർത്താവ് ആയിരുന്നു

ചൂണ്ടു വിരലിൽ പറ്റിയ സിന്ദൂരം അയാളുടെ കവിളിൽ ഒന്നമർത്തി വരച്ചു അവൾ മുറ്റത്തു വിരിച്ചിരിക്കുന്ന തുണികൾ എടുത്തു തുടങ്ങി.

“അമ്മേ എന്റെ റെഡ് ഷർട്ട്‌ കഴുകിയോ? ” മകൻ

“ഇല്ല കുറച്ചു തുണികൾ നാളെ കഴുകാൻ വെച്ചിട്ടുണ്ട്. അക്കൂടെ കാണും “

“അമ്മ ഈ ഒരുങ്ങാൻ എടുക്കുന്ന സമയത്തിന്റെ പകുതി മതി ആ ഷർട് കഴുകാൻ.. കഴുകിയാൽ എന്താ? “

“എനിക്ക് മനസ്സില്ല. “അവളുടെ മുഖം ചുവന്നു. ശബ്ദം ഉയർന്നു മകളും ഭർത്താവും അത് കേട്ട് വന്നു

“എല്ലാവരോടും കൂടിയാ. ഞാനെ നിങ്ങളുടെ വേലക്കാരി അല്ല

നീ എന്താ പറഞ്ഞെ.. നിന്റെ നോട്സ് എഴുതി തരാൻ അല്ലെ? അതിന് ഞാൻ പൊട്ടു കുത്തുന്ന സമയം വേണം. നിങ്ങൾക് ഡ്രസ്സ്‌ അയൺ ചെയ്യാൻ അൽപനേരം ഞാൻ കണ്ണെഴുതുന്ന എന്റെ സമയം വേണം.. നിന്റെ ഷർട് കഴുകാൻ ഞാൻ എന്റെ മുടി ചീകി പിന്നിയിടുന്ന സമയം വേണം. എന്റെ സമയം എന്നൊന്ന് ഈ വീട്ടിൽ ഇല്ലേ? “

“ഓ പിന്നെ അമ്മയ്ക്ക് സമയം ! അമ്മ ജോലിക്ക് പോകുന്നൊന്നുമില്ലല്ലോ ഇവിടെ വെറുതെ ഇരിക്കുവല്ലേ? .. ആരെ കാണിക്കാൻ ആണ് ഒരുങ്ങുന്നത്? “

“അച്ചോടാ അത് സത്യം ആണല്ലോ.. ഒരു ജോലിയുമില്ല. തനിയെ ഇഡലിയും ദോശയും ചോറും കറിയും ഒക്കെ ആവും. തനിയെ മുറികൾ വൃത്തിയാകും. നിങ്ങളുടെ തുണികൾ തനിയെ കഴുകി വൃത്തിയാകും.. അങ്ങനെ എല്ലാം “പിന്നെ ഒരുങ്ങുന്നത്.. എന്റെ കണ്ണ്, എന്റെ മുടി, എന്റെ മുഖം. നിങ്ങൾക്കെന്താ? എന്റെ ഇഷ്ടം ആണ് എന്റെ ഇഷ്ടം. എന്നെ തന്നെ കാണിക്കാൻ ആണ് ഞാൻ ഭംഗി ആയി നടക്കുന്നത്. ഈ വീട്ടിൽ എല്ലാ ജോലിയും കൃത്യം ആയി നടക്കുന്നില്ലേ? “

“ഓ പിന്നെ മല മറിക്കുവല്ലേ? അരയ്ക്കുന്നത് മിക്സി, കഴുകുന്നത് വാഷിംഗ്‌ മെഷിൻ.. പിന്നെ പാചകം. ഇതൊക്കെ വലിയ ജോലി ആണോ? എന്റെ അമ്മ ഒക്കെ കല്ലിൽ അരച്ച ഉണ്ടാക്കിയത്.. തുണി കല്ലിൽ അടിച്ചാ നനച്ചത്.. വലിയ ജോലി ആണത്രേ “ഭർത്താവ് പുച്ഛിച്ചു

“അല്ല സിമ്പിൾ ആണ്.. വെറുതെ ഒന്ന് ചെയ്തു നോക്ക് ഞാൻ എന്റെ വീട്ടിൽ പോവാ “

അവർ അമ്പരന്നു നിൽക്കെ ദേ അവൾ ഒരു ബാഗിൽ കുറച്ചു തുണി നിറച്ചു വാതിൽ കടന്ന് ഇറങ്ങി അങ്ങനെ അങ്ങ് പോയി

ഒന്നാം ദിവസം. വാശി കൊണ്ട് പോയി.

രണ്ടാം ദിവസം വിശപ്പ് കൊണ്ട് പോയി.

മൂന്നാം ദിവസം തോൽക്കാൻ ഉള്ള മടി കൊണ്ട് പോയി.

“അമ്മേ വാ അമ്മേ വാശി വെണ്ട.. “മകൻ

“നീ എന്നാ വരിക? ” ഭർത്താവ്

“അമ്മേ ഇവിടെ ആകെ താറുമാറായി കിടക്കുവാ ഒന്ന് വായോ “മകൾ

“ഇരുപത് വർഷത്തിനിടയിൽ എടുക്കുന്ന ആദ്യ ലീവ് ആണ്.. കുറച്ചു ദിവസം കഴിഞ്ഞെ വരുവുള്ളു “അവൾ മൂന്ന് പേരോടും പറഞ്ഞു

പിന്നെ കണ്ണ് എഴുതി പൊട്ട് തൊട്ട് ചുവപ്പ് കരയുള്ള നേരിയത് ഭംഗിയിൽ ഉടുത്ത് നീണ്ട മുടി പിന്നി മെടഞ്ഞിട്ടു

“നല്ല ഭംഗി ഉണ്ട് “സ്വയം പറഞ്ഞു..

അവളുടെ അമ്മ ഒരു മുഴം മുല്ലപ്പൂ വെച്ചു കൊടുത്തു

“ശര്യാ എന്റെ കുട്ടിയെ കാണാൻ ഇപ്പൊ എന്ത് ഭംഗിയാ “

അവൾ നുണക്കുഴി വിരിയിച്ചു ചിരിച്ചു.

ശരിക്കും നല്ല ഭംഗി ഉണ്ടായിരുന്നു

അമ്മയുടെ കണ്ണിലൂടെ നോക്കുമ്പോൾ മാത്രം തോന്നുന്ന ഒരു പ്രത്യേക ഭംഗി.

“അച്ഛൻ എവിടെ അമ്മേ?

അച്ഛൻ നിനക്കായ്‌ രാമേട്ടനെ കൊണ്ട് ഊഞ്ഞാൽ കെട്ടിക്കുന്നു.. “

“ഉവ്വോ? “അവൾ ഒരു കുട്ടിയുടെ ഉത്സാഹത്തോടെ തൊടിയിലേക്ക് ഓടി.

“നീ അവൾക്ക് ഇഷ്ടം ഉള്ള മാമ്പഴ പുളിശ്ശേരി ഉണ്ടാക്കണം.പിന്നെ ഇഞ്ചിത്തൈര്.. ചുട്ടരച്ച ചമ്മന്തി . എത്ര നാൾ കൂടിയ എന്റെ കുട്ടി തിരക്കുകൾ ഒന്നുല്ലാതെ ഇങ്ങനെ ഒറ്റയ്ക്ക് വന്നിട്ട്? “.

“ഞാൻ അത് മറക്കുമോ.. അവളുടെ ഇഷ്ടങ്ങൾ മാത്രം അല്ലെ നമ്മൾ ഓർക്കാറുള്ളു.. അവൾ പോലും മറന്നു പോയ അവളുടെ ഇഷ്ടങ്ങൾ “അമ്മ നേർത്ത വിഷാദത്തോടെ പറഞ്ഞു

അവളുടെ ഭർത്താവും മക്കളും അവളില്ലായ്മയിൽ വശം കേട്ട് പോയിരുന്നു. കഷ്ടിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക് അവർ അവളിലേക്ക് തന്നെ വരികയും ചെയ്തു.

“ഞാൻ ഇനി ഇടയ്ക്ക് ഇങ്ങനെ വരും.. എന്ത് രസം ആണെന്നറിയുമോ? ” അവൾ അവരോടു പറഞ്ഞു

“അമ്മ എന്ത് വേണെങ്കിൽ ചെയ്തോ ഇങ്ങനെ ദീർഘ യാത്ര ആകാതിരുന്നാൽ മതി “മക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു

ഭർത്താവ് ഇതിനിടയിൽ അത് ആയിരം തവണ കാതിൽ പറഞ്ഞു കഴിഞ്ഞു

അവളായിരുന്നു അവരുടെ എല്ലാം..

അവരുടെ ലോകത്തിന്റെ ന്യൂക്ലീയസ്. അവളായിരുന്നു എന്ന് അവർ അറിഞ്ഞത് അപ്പൊ ആണെന്ന് മാത്രം.

അല്ലെങ്കിലും ഇല്ലായ്മകളിൽ അല്ലെ നിറവിന്റെ വില അറിയൂ?

Leave a Reply