രുദ്രാക്ഷം 36

*രുദ്രാക്ഷം 36*
 
രുദ്രന്റെ മുഖഭാവത്തിൽ നിന്ന് തന്നെ എന്തോ മനസ്സിലായത് പോലെ മിത്ര അവനോടായി പറഞ്ഞു..

രുദ്രേട്ടൻ വിഷമിക്കേണ്ട ഞാൻ..  ഞാൻ.. തറവാട്ടിൽ എത്തിച്ചേർന്നാൽ തിരിച്ചു കൊട്ടാരത്തിലേക്ക് തന്നെ പോയിക്കോളാം.. ഇനി നിങ്ങൾക്ക് ആർക്കും ഒരു ശല്യമായി ഞാൻ അവിടെ നിൽക്കില്ല..

അത്രയും പറഞ്ഞ് രുദ്രന്റെ മറുപടിക്ക് കാത്തുനിൽക്കാതെ കണ്ണുകൾ തുടച്ചുകൊണ്ട് മിത്ര നടന്നകന്നു…

അങ്ങുന്നെ…

ഭയന്നുകൊണ്ട് ഒരു ഭൃത്യൻ  ഭൈരവന്റെ മുറിയുടെ മുൻപിലായി നിന്ന് അയാളെ നോക്കി ഓച്ഛാനിച്ചു തലയും താഴ്ത്തി നിന്നുകൊണ്ട് പറഞ്ഞു..

അങ്ങുന്നെ അങ്ങുന്നിനെ കാണുവാൻ നാഗമഠത്തിൽ നിന്നും ദേവരാജൻ അങ്ങുന്ന് വന്നിട്ടുണ്ട്..

ദേവരാജന്റെ പേര് കേട്ടതും അത്രയും നേരം കണ്ണുകൾ അടച്ച് ധ്യാനത്തിൽ ഇരുന്ന ഭൈരവൻ കണ്ണുകൾ തുറന്നുകൊണ്ട് ഭൃത്യനോടായി പറഞ്ഞു.

ഞാനിതാ വരുന്നു ദേവരാജനോട് അവിടെ ആസനസ്ഥൻ ആകുവാൻ  പറയൂ…

ശരി അങ്ങുന്നേ….

ഭൈരവൻ താഴേക്ക് വരുമ്പോൾ കണ്ടു തന്നെ നോക്കിയിരിക്കുന്ന ദേവരാജനെ..

എന്താ ഭൈരവാ ഞാനീ കേൾക്കുന്നത് എന്ത് പറ്റി തേജക്ക്…

എന്റെ മകൻ നീ അറിഞ്ഞില്ലേ രാജാ… ആദ്യമായിട്ടാ എന്റെ മകൻ  ഇങ്ങനെ തളർന്നു കിടക്കുന്നത് ഞാൻ കാണുന്നത്.. വിടില്ല രാജ എന്റെ മകനെ ഈ അവസ്ഥയിൽ എത്തിച്ച ആ രുദ്രനെ  ഞാൻ വെറുതെ വിടില്ല…

ആരാണത് ഭൈരവ നമ്മുടെ കുട്ടിയെ തൊട്ടു കളിക്കുവാൻ മാത്രം ധൈര്യമുള്ളവൻ..

മുറുകിയ മുഖത്തോടെ ദേവരാജൻ ഭൈരവ ഭൈരവനോടായി ചോദിച്ചു..

തൃക്കോട്ട്  കോവിലകത്തെ രുദ്രദേവ് …

തൃക്കോട്ടു കോവിലകമൊ…..

ഒരു നിമിഷം ദേവരാജന്റെ മനസ്സിലൂടെ വലിയൊരു വാഹനാപകടം  കണ്ണിൽ തെളിഞ്ഞു വന്നു…

അതെ രാജാ നീ ചിന്തിച്ചത് തന്നെയാണ് ഞാനും ചിന്തിക്കുന്നത്…

ഒരു നിമിഷം രണ്ടുപേരുടെയും മനസ്സിലേക്കു മൂന്ന് യുവാക്കളുടെ മുഖവും ഒപ്പം  അതീവ സുന്ദരിയായ ഒരു പെൺകുട്ടിയുടെ മുഖവും തെളിഞ്ഞു വന്നു..

ദാവണിയുടുത്ത് മുട്ടോളം ഉള്ള മുടി പിന്നിയിട്ടു തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആ അപ്സരസിനെ ഓർമ്മ വന്നതും  ഭൈരവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു..

എടാ കറുമ്പാ!!!!!

ഭൈരവ ഭൈരവ… ഏതോ ഓർമ്മയിൽ ഇരുന്ന ഭൈരവനെ  ദേവരാജൻ തട്ടി വിളിച്ചപ്പോൾ ആണ് അയാൾ ഉണർന്നത്..

ഹേ… ഹാ എന്താ രാജ..

ഒന്നുമില്ല നീ അവളെ ഓർക്കുകയായിരുന്നു അല്ലേ..

അതേടാ അവളെ എങ്ങനെയാടാ മറക്കാൻ സാധിക്കുക..  പക്ഷേ അത്രയും നേരം ശാന്തനായി നിന്നിരുന്ന ഭൈരവന്റെ മുഖത്ത് പകയെരിഞ്ഞു…

ഇല്ല രാജ എനിക്ക് ഇപ്പോൾ വേണമെങ്കിൽ തൃക്കോട്ട് കോവിലകം നാമാവശേഷമാക്കാം പിന്നെ ഞാൻ ഇപ്പോൾ അത് വേണ്ട എന്ന് കരുതിയിട്ടാണ്.. പക്ഷേ അവിടെയുള്ളവൻ തൊട്ട് കളിച്ചത് എന്റെ മകനെയാണ് അതോർക്കുമ്പോൾ….

പണ്ട് നമ്മളായി കളിച്ച കളികളെല്ലാം വീണ്ടും കളിക്കേണ്ടി വരും എന്നാണ് തോന്നുന്നത് രാജാ.
പഴയ ഒരു ഓർമ്മയിൽ  മുറുകിയ മുഖത്തോടെ ഭൈരവൻ രാജനോട് പറഞ്ഞതും

രാജൻ ഭൈരവനോടായി  പറഞ്ഞു” ഇപ്പോൾ ഒന്നും വേണ്ട നീയല്ലേ പറയാറുള്ളത് നമുക്കായി ഒരു സമയമുണ്ട്  എന്ന്.. കാത്തിരിക്കാo ഭൈരവാ  ആദ്യം നമ്മുടെ തേജമോൻ ഒന്ന് എഴുന്നേൽക്കട്ടെ..

ഹ്മ്മ്മ്മ്.. ദേവരാജൻ പറഞ്ഞതിലും ശരിയുണ്ട് എന്ന് തോന്നിയ ഭൈരവൻ അതിനൊന്നു മൂളുക മാത്രമാണ് ചെയ്തത്…

കുടിയിലിരുന്നു കൊണ്ട് മിത്ര ദൂരേക്ക് നോക്കുമ്പോൾ കാണുന്നുണ്ടായിരുന്നു തന്റെ എതിർവശത്തായിട്ടുള്ള കുടിയിൽ  കുറെ നേരമായി രുദ്രൻ ഒരേ ഇരുപ്പ് തന്നെ ഇരിക്കുകയാണ്..

പിന്നീട് മൂപ്പൻ വന്ന് അവനോട് സംസാരിക്കുന്നതും അതിനുശേഷം രണ്ട് ആളുകൾ ചേർന്ന് അവനെ പതിയെ എഴുന്നേൽപ്പിച്ച് നിർത്തി പുറത്തേക്ക് പതിയെ നടത്തി  കൊണ്ടുവരുന്നതും മിത്ര കാണുന്നുണ്ടായിരുന്നു..

രുദ്രേട്ടന്റെയും തന്റെയും ശരീരം കാടിറങ്ങുവാൻ മാത്രം പാകത്തിലുള്ളതായിട്ടില്ല.. ചിലപ്പോൾ ഇനിയും രണ്ടു മൂന്നു ദിവസം ഇവിടെ തങ്ങേണ്ടി വരുമെന്ന് മിത്രയ്ക്ക് തോന്നി..

ഈ സമയമാണ് ഒരു പെൺകുട്ടി കഞ്ഞിയും കൊണ്ട് മിത്രയുടെ അടുക്കലേക്ക് ചെന്നത്..

ചേച്ചി ഇത് കുടിച്ചോളൂ..

മിത്ര ആ പെൺകുട്ടിയെ നോക്കി കൂടി വന്നാൽ ഒരു 12,13 വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി..

മിത്ര ആ കുട്ടിയെ നോക്കി നിൽക്കുന്നത് കണ്ടു ആ പെൺകുട്ടി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു എന്റെ പേര് ചിരുത..

മൂപ്പൻ എന്നെയാണ് ചേച്ചിയെ നോക്കുവാൻ വേണ്ടി ഏൽപ്പിച്ചത്..
അമ്മയും അപ്പയും എല്ലാം രാവിലെ ജോലിക്ക് പോകും..

ഇത് കുടിച്ചോളൂ  ഔഷധ കഞ്ഞിയാണ്..

നല്ല വിശപ്പുള്ളതുകൊണ്ടുതന്നെ മിത്രവേഗം ചിരിതയുടെ കയ്യിൽ നിന്നും പുഞ്ചിരിച്ചുകൊണ്ട് കഞ്ഞി വാങ്ങി ഒരു  കുടിക്കുവാൻ ഒരുങ്ങുമ്പോഴാണ് ദൂരെയായി തന്റെ എതിർവശത്തായി കാണുന്ന കുടിയിലിരിക്കുന്ന രുദ്രനെ അവൾ കാണുന്നത്..

സഹായത്തിനായി വന്ന പയ്യനെ പറഞ്ഞുവിട്ടുകൊണ്ട് രുദ്രൻ തന്റെ കൈകൊണ്ട് കഞ്ഞി കുടിക്കുവാൻ പരിശ്രമിക്കുന്നുണ്ട് പക്ഷേ കൈവിരലുകൾ എല്ലാം  അന്നത്തെ സംഘടനത്തിൽ എവിടെയൊക്കെയോ പരിക്കുകൾ പറ്റിയത് കൊണ്ട് വീങ്ങിയിട്ടുണ്ട് ഒപ്പം മുറിവ് പറ്റിയത് കൊണ്ട് കഞ്ഞി കുടിക്കുവാൻ രുദ്രന്  കഴിയുന്നില്ലായിരുന്നു..

സത്യത്തിൽ ആ കാഴ്ച കണ്ട മിത്രയുടെ നെഞ്ച് ഒന്ന് വിങ്ങി അവൾ വേഗം തന്നെ കഞ്ഞി ചിരുതയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു “ഞാൻ അല്പസമയം കഴിഞ്ഞ് കുളിച്ചോളാട്ടോ..”

“അത് പിന്നെ ചേച്ചി “ചിരുത എന്തോ മിത്രയോട് പറയുവാൻ ഒരുങ്ങിയെങ്കിലും അതിന് മുന്നേ തന്നെ അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ മിത്രാ രുദ്രന്റെ കുടിയിലേക്ക് വേച്ചു വേച്ചു നടന്നു ചെന്നു ..

മിത്ര വന്നതൊന്നും അറിയാതെ പ്ലാവില കൊണ്ട് ഉണ്ടാക്കിയ കുമ്പിൾ കൊണ്ട് കഞ്ഞി കുടിക്കുവാൻ പ്രയാസപ്പെടുകയായിരുന്നു രുദ്രൻ അപ്പോഴും..

പെട്ടെന്നാണ് അവന്റെ  കഞ്ഞിയുടെ പാത്രം ആരോ എടുക്കുന്നത് പോലെ അവന് തോന്നിയത് ദേഷ്യത്തോടെ മുന്നോട്ടു നോക്കിയാ രുദ്രൻ കാണുന്നത് തന്റെ നേർക്ക് കഞ്ഞിയുടെ പാത്രവുമായി നിൽക്കുന്ന മിത്രയെയാണ്.

ഹ്മ്മ്മ് എന്താ..

അ…അത് പി..പിന്നെ രുദ്രേട്ടൻ ഭക്ഷണം കഴിക്കുവാൻ വിഷമിക്കുന്നത് കണ്ടപ്പോൾ.. മുഴുവൻ പറയാതെ മിത്ര രുദ്രനെ തന്നെ നോക്കി നിന്നു..

എന്തും വരട്ടെ എന്ന് കരുതി അല്പം കഞ്ഞി കുമ്പിളിൽ ആയി എടുത്തുകൊണ്ട് അവന്  നേർക്ക് നീട്ടി..

അവൾ നീട്ടിയ കഞ്ഞിയിലേക്കും അവളുടെ മുഖത്തേക്കും മാറിമാറി നോക്കി രുദ്രൻ  പിന്നീട് കണ്ണുകൾ അടച്ച് ഒന്നു ശ്വാസം എടുത്തുകൊണ്ട് വാ തുറന്നു കൊടുത്തുഅവൻ ..

സത്യത്തിൽ രുദ്രന്റെ അങ്ങനെ ഒരു പ്രവർത്തി മിത്ര  പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ കണ്ണുകൾ ഒന്നു വിടർന്നു തന്റെ വിശപ്പു പോലും മറന്നു കൊണ്ട് മിത്ര രുദ്രനെ സ്നേഹത്തോടെ ഊട്ടി..

താൻ..താൻ കഴിച്ചോ

ഇടയിൽ തന്റെ വിശപ്പ് ഒന്ന് ശമിച്ചതും രുദ്രൻ മിത്രയോട് ആയി ചോദിച്ചു..

ആദ്യമായിട്ടാണ് മിത്രയോടു രുദ്രൻ ഇത്രയും സൗമ്യതയോടെ സംസാരിക്കുന്നത്..

അവന്റെ അടുത്ത് നിൽക്കുമ്പോൾ മിത്രയുടെ ഹൃദയം ക്രമാതീതമായി മിടിക്കുന്നത് അവൾ അപ്പോഴും അറിയുന്നുണ്ടായിരുന്നു എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം അവളെ വന്ന് പൊതിയുന്നത് അവൾ ആ സമയം മനസ്സിലാക്കി..

ആയതിനാൽ പുഞ്ചിരിച്ചുകൊണ്ട് തന്നെ മിത്ര അവന് മറുപടി നൽകി..

പിന്നെ ഞാൻ…ഞാൻ കഴിച്ചിട്ടില്ല രുദ്രേട്ടന് നൽകിയിട്ട് കഴിക്കാം എന്ന് കരുതി….

അത്രയും പറഞ്ഞതും രുദ്രൻ അതിനു മറുപടി എന്തോ പറയുവാൻ വന്നതും അതിനു അനുവദിക്കാതെ ബാക്കി കഞ്ഞി കൂടി മുഴുവനായി അവനെക്കൊണ്ട് കുടിപ്പിച്ച് പതിയെ അവനെ ആ മുളകൊണ്ട് ഉണ്ടാക്കിയ കട്ടിലിൽ അവനെ ചേർത്ത് കിടത്തി അവൾ.

ആ സമയം ഇരുവരുടെയും കണ്ണുകൾ ഒന്ന് പരസ്പരം കോർത്തു..

ആ കുടിലിൽ തന്നെ ഇരുന്നതുകൊണ്ട് രുദ്രൻ ആകെ വീർപ്പുമുട്ടുന്നത് പോലെ തോന്നി. പതിയെ ഒന്ന് നടക്കാം എന്ന് കരുതി പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയ അവൻ ഒന്ന് വേച്ചു പോയി..

വീഴാൻ പോയ രുദ്രനെ അവിടേക്ക് നടന്നുവന്ന മിത്രാ താങ്ങി..

എന്താ എന്തിനാ രുദ്രേട്ടാ ഇപ്പോൾ എഴുന്നേറ്റത് അതും ആരോടും ഒന്നും പറയാതെ.. വിളിക്കാമായിരുന്നില്ലേ എന്നെ..

സ്നേഹത്തോടെ ശാസിച്ചു കൊണ്ട് മുഖമെല്ലാം വീർപ്പിച്ചുകൊണ്ട് മിത്ര രുദ്രനോട് ചോദിച്ചതും അറിയാതെ തന്നെ രുദ്രൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു പോയി.

തന്നെ കാണുമ്പോൾ ഭയന്ന് വിറച്ചു നിന്നവളിൽ നിന്നും മിത്ര ഒരുപാട് മാറി വരുന്നു എന്ന് രുദ്രന് ആ സമയത്ത് തോന്നി..

മിത്ര രുദ്രനെ നോക്കിക്കൊണ്ട് തന്നെ അവന്റെ വലതു കൈയെടുത്ത് തന്റെ  തോളിലേക്ക് ചേർത്തുവച്ചുകൊണ്ട്  അവൾ തന്റെ ഇടതു കൈകൊണ്ട് അവന്റെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് മിത്ര പതിയെ മുന്നോട്ടേയ്ക്ക് നടക്കുവാൻ അവനോട് മുഖം കൊണ്ട് ആംഗ്യം കാണിച്ചു..

ഒരു സ്വപ്നലോകത്ത് എന്നപോലെ രുദ്രൻ മിത്രയുടെ ഒപ്പം പതിയെ പുറത്തേക്കിറങ്ങി നടന്നു..

മലയിടുക്കിൽ നിന്നും വരുന്ന തണുത്ത ഇളം കാറ്റ് രണ്ടുപേരെയും തഴുകി കൊണ്ട് കടന്നുപോയി…

ശാന്തമായി ഒഴുകുന്ന നദിയും അതിനോട് ചുറ്റുമായി ഉള്ള പുൽമേടുകളും ആകാശത്ത് അസ്തമിക്കാൻ നിൽക്കുന്ന ഉദയസൂര്യനും ആ പ്രകൃതിയെ ഒന്നുകൂടി മനോഹരിതമാക്കിയത് പോലെ അവർക്ക് ഇരുവർക്കും തോന്നി..

ഈ സമയം ഐശ്വര്യം തുളുമ്പുന്ന മുഖത്തോടു കൂടിയ ഒരു സ്ത്രീ നദിയിൽ നിന്നും അല്പം വെള്ളം എടുത്ത്  കരയിലേക്ക് കയറി വരുന്നത് അവർ കാണുന്നുണ്ടായിരുന്നു..

ഇവിടെയുള്ള ആളുകളിൽ നിന്നും അവർ വളരെ വ്യത്യസ്തയാണെന്ന് മിത്രയ്ക്കും രുദ്രനും തോന്നി…

അവരെ കാണുമ്പോൾ മിത്രയുടെ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു ..

അറിയാതെ തന്നെ മിത്രയുടെ കൈവിരലുകൾ രുദ്രന്റെ കൈകളിൽ മുറുകി തനിക്ക് ചുറ്റും ഉണ്ടാകുന്ന അസ്വസ്ഥതയുടെ കാരണം മനസ്സിലാക്കാതെ മിത്ര ആ സ്ത്രീയെ തന്നെ ഉറ്റു നോക്കി നിന്നു..

പെട്ടെന്നാണ് അവർ കാൽവഴുതി വീഴാൻ ഒരുങ്ങിയത്..

അയ്യോ!!!

പരസ്പരം അവർ തങ്ങളുടെ വേദന പോലും മറന്നുകൊണ്ട് ആ സ്ത്രീയുടെ അടുക്കലേക്ക് ഓടുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് അല്പം പ്രായം ഏറിയ ഒരു പുരുഷൻ ആ സ്ത്രീയെ താങ്ങി നിർത്തിയത്..

ആ സമയം രണ്ടുപേരുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

അപ്പോഴും രുദ്രനും മിത്രയും ആ രണ്ടു പേരെ തന്നെ നോക്കി നിൽക്കുകയായിരുന്നു..

ഓഫീസിൽ ഇരുന്നുകൊണ്ട് കണ്ണുകൾ അടച്ചു ചെയറിലേക്ക് ചാരി ഇരിക്കുകയാണ് സൂരജ്. അവന്റെ മനസ്സ് കലുഷിതമായിരുന്നു..

പോയിട്ട് രുദ്രൻ ഒന്ന് വിളിച്ചിട്ട് കൂടെ ഇല്ല.. ഇനി അവന് വല്ല അപകടവും.. അത് ഓർക്കും തോറും സൂരജിന്റെ തല പെരുക്കുന്നുണ്ടായിരുന്നു..

പെട്ടെന്നാണ് കാർത്തി സൂരജിനോട് അനുവാദം ചോദിച്ച്  അവിടേക്ക് കയറി വന്നത്..

സർ… കാർത്തി സൂരജിനെ നോക്കി സല്യൂട്ട് ചെയ്തു..

ഹ്മ്മ്മ്.. ഇരിക്കു..

Thank u sir..

ഹാ കാർത്തി.. എന്തായി ഞാൻ പറഞ്ഞത് താൻ അന്വേഷിച്ചിരുന്നോ?

Yes സർ.. തന്റെ കയ്യിൽ ഉണ്ടായിരുന്ന ഫയൽ മുറുകെ പിടിച്ചു കൊണ്ട് കാർത്തിക് സൂരജിനോട് പറഞ്ഞു..

ഹ്മ്മ്മ് തരൂ കാർത്തിക്ക് വിറക്കുന്ന കൈകളോടെ സൂരജിന് ആ ഫയൽ കൈമാറി..

ഫയലിലെ ആദ്യത്തെ  പേജ് തുറന്നപ്പോൾ സൂരജിന്റെ കണ്ണുകളിലെ നീർത്തിളക്കം കാർത്തിക്കിന് ശരിക്കും കാണാമായിരുന്നു.

മുന്നിൽ കാണുന്ന അക്ഷരങ്ങളിലൂടെ സൂരജ് ഒന്ന് തലോടി..

Mithra Deva Varma
D/o Mahadevan Varma &Lakshmi Varma
Krishnapuram Palace..

മിത്രയുടെ പുഞ്ചിരിച്ചു നിൽക്കുന്ന ഫോട്ടോയിലൂടെ അവൻ ഒന്ന് തലോടി.. സൂരജിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്ന് ആ ഫോട്ടോയിലേക്ക് വീണു…
  
തുടരും

Leave a Reply

You cannot copy content of this page