നമ്മുടെ എല്ലാവരുടേയും വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് കറിക്കടല. എന്നാൽ ഈ കറിക്കടല കൊണ്ട് ഒരു അടിപൊളി റെസിപ്പി ഉണ്ടാക്കിയാലോ. അതിനായി മുക്കാൽ കപ്പ് വെള്ള കടല ഒരു ബൗളിലേക്ക് എടുക്കുക. ശേഷം വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ കുതിരാനായി വെക്കുക. ശേഷം കുതിർന്ന് കിട്ടിയ കടലയെ കുക്കറിലേക്ക് മാറ്റുക. ശേഷം പാകത്തിനുള്ള ഉപ്പും കടലയുടെ മുകളിൽ നിൽക്കാൻ പാകത്തിനുള്ള വെള്ളവും ചേർത്ത് അടച്ചു വെച്ച് അഞ്ചു ഫിസിൽ വരുന്നത് വരെ വേവിക്കുക. ഇനി വെന്തു കിട്ടിയ കടലയെ ഒരു അരിപ്പയിലിട്ട് വെക്കുക.
ശേഷം ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി മുട്ടയിലേക്ക് ഒരു ടീസ്പൂൺ ടൊമാറ്റോ കെച്ചപ്പും, മുക്കാൽ ടീസ്പൂൺ ചില്ലി സോസും, ഒരു ടീസ്പൂൺ സോയ സോസും, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ മൈദ, ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും, ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം വേവിച്ചു ഊറ്റി വെച്ചിട്ടുള്ള കടലയെ ഈ മസാലയിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പതിനഞ്ചു മിനിറ്റോളം കടലയെ റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ മസാല തേച്ചു വെച്ചിട്ടുള്ള കടല ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക. രണ്ട് സൈഡും മൂത്തു വന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. ഇനി ബാക്കിയുള്ള ഓയിലിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് ഫ്രൈ ചെയ്തു കോരി എടുക്കുക. ഇനി ബാക്കിയുള്ള ഓയിലിൽ രണ്ട് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം ഉള്ളിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു കറിവേപ്പിലയും, മൂന്നു അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ പീസ് ഇഞ്ചിയും കൂടി ചതച്ച ശേഷം വാടി വന്ന ഉള്ളിയിലേക്ക് ചേർത്ത് വഴറ്റുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് ചേർത്ത് വഴറ്റുക.
ഇനി എല്ലാം നന്നായി വെന്തു വഴറ്റി എടുത്ത ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ ഗരം മസാലയും, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം ഈ മൂപ്പിച്ചെടുത്ത മസാലയിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് വേവിക്കുക. ഇനി ഒരു നുള്ളു ഷുഗറും ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കുക. ശേഷം നേരത്തെ മൂപ്പിച്ചു വെച്ചിട്ടുള്ള കടല ചേർത്ത് ഇളക്കുക. ഇനി നേരത്തെ ഫ്രൈ ആക്കിയ ഉള്ളി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കടല മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
