മലയാളിയുടെ ഇഷ്ട വിഭവമാണ് മീൻ. എന്നാൽ മീൻ കറി വെക്കുന്നതിനേക്കാൾ ഫ്രൈ ചെയ്യുന്നതാണ് നമ്മളിൽ കൂടുതൽ പേർക്കും ഇഷ്ടമുള്ളത്. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ഫിഷ് ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ മീൻ നല്ല പോലെ കഴുകി ആവശ്യമുള്ള അളവിൽ മുറിച്ചെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ടീസ്പൂൺ പെരിഞ്ജീരകം, മുക്കാൽ ടീസ്പൂൺ ചെറിയ ജീരകവും കൂടി മിക്സിയുടെ ചെറിയ ജാറിൽ നന്നായി പൊടിച്ചെടുക്കുക. ശേഷം പൊടിയിലേക്ക് ഏഴു അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർക്കുക.
ഇനി ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മസാല നല്ല പേസ്റ്റു പരുവത്തിൽ അരച്ചെടുക്കുക. ശേഷം മീനിലേക്ക് ഈ അരപ്പിനെ നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം മീനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടേബിൾ സ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും,രണ്ട് ടീസ്പൂൺ അരിപ്പൊടി, അര മുറി നാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് ഇളക്കി മീനുമായി യോജിപ്പിക്കുക.
ശേഷം മസാല തേച്ചു വെച്ചിട്ടുള്ള മീനിനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാനിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് മീൻ ഇട്ട് കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് ഫിഷ് ഫ്രൈ ആക്കി എടുക്കുക. മീൻ നല്ല പോലെ മൊരിഞ്ഞു കിട്ടിയാൽ എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഫിഷ് ഫ്രൈ ആക്കി നോക്കണേ. അരിപ്പൊടി ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ മീനിലേക്ക് എണ്ണ വലുതായി പിടിക്കില്ല. അതുപോലെ തന്നെ നല്ല ക്രിസ്പിയുമാണ് ഈ ഫിഷ് ഫ്രൈ.
