നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ബീഫ് ഫ്രൈ. എന്നാൽ ഇന്ന് നമുക്ക് ബീഫ് വളരെ വ്യത്യസ്തമായ രീതിയിൽ ഫ്രൈ ചെയ്താലോ. ഒരിക്കൽ ഈ രീതിയിൽ ബീഫ് ഫ്രൈ തയ്യാറാക്കിയാൽ പിന്നെ തുടർന്നും ഇങ്ങനെ കഴിക്കാനേ നിങ്ങൾ ഇഷ്ടപെടൂ. അപ്പോൾ നമുക്ക് ഈ ബീഫ് മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ബീഫ് നല്ല പാകത്തിന് മുറിച്ച ശേഷം കഴുകി വൃത്തിയാക്കി ഒരു സ്ട്രെയ്നറിൽ ഇട്ട് വെക്കുക.
ശേഷം ബീഫിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ, അര ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് കുക്കറിൽ ബീഫ് 3 ഫിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഇനി ഒരു മസാല തയ്യാറാക്കി എടുക്കാനായി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക്പൊടി, അര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡർ, ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും, രണ്ട് ടേബിൾ സ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയതും, അര ടേബിൾ സ്പൂൺ പെരിഞ്ജീരകം ചതച്ചതും, അര ടീസ്പൂൺ ഗരം മസാല പൊടി, കാൽ കപ്പ് വെളിച്ചെണ്ണ, ഒന്നര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക.
എന്നിട്ട് വേവിച്ചു വെച്ചിട്ടുള്ള ബീഫ് മസാലയിലെ വെള്ളം മാത്രം തെളിച്ചെടുക്കുക. ശേഷം നേരത്തെ മിക്സാക്കി വെച്ച മസാലയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു നാരങ്ങയുടെ നീരും കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം വേവിച്ചു വെച്ചിട്ടുള്ള ബീഫും കൂടി ഈ മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ബീഫിനെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ബീഫിനെ ഒന്നും കൂടി നല്ല പോലെ ഇളക്കിയ ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക.
ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് ഈ ബീഫ് മസാല ചേർത്ത് ഫ്രൈ ആക്കി എടുക്കുക. മസാല ഏകദേശം മൂത്തു വരുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് ഡ്രൈ ഫ്രൈ മസാല തയ്യാറായിട്ടുണ്ട്. ശേഷം ബാക്കിയുള്ള എണ്ണയിൽ കുറച്ചു കറിവേപ്പിലയും, കുറച്ചു വെളുത്തുള്ളി അല്ലിയും, രണ്ട് പച്ചമുളക് കീറിയതും എണ്ണയിൽ മൂപ്പിച്ചു ബീഫിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് ഡ്രൈ ഫ്രൈ മസാല എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
