പച്ചക്കറിയിൽ മിക്കവാറും പേർക്കും ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പല രുചികരമായ വിഭവങ്ങൾ തയ്യാറാക്കുമെങ്കിലും ഈ ഒരു രീതിയിൽ ആരും കഴിച്ചുകാണില്ല. അപ്പോൾ വെണ്ടയ്ക്ക കൊണ്ട് വളരെ രുചികരമായ ഒരു വെണ്ടയ്ക്ക മസാല എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 250 ഗ്രാം വെണ്ടയ്ക്ക നല്ലപോലെ കഴുകിയ ശേഷം ഒന്നര ഇഞ്ച് നീളത്തിൽ വട്ടത്തിൽ മുറിച്ചെടുക്കുക. എന്നിട്ട് ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക.
ശേഷം ചൂടായി വന്ന കടായിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. എന്നിട്ട് എണ്ണയിലേക്ക് അരിഞ്ഞുവെച്ചിട്ടുള്ള വെണ്ടയ്ക്ക ചേർത്ത് നന്നായി ഇളക്കുക. ശേഷം വെണ്ടക്കയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്ത് വെണ്ടക്കയെ നല്ലപോലെ വഴറ്റിയെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് നല്ലപോലെ വഴറ്റിയെടുത്ത വെണ്ടക്കയെ വേറൊരു പാത്രത്തിലേക്ക് കോരി മാറ്റുക. ശേഷം ആ പാനിലേക്ക് ഒരു ടീസ്പൂൺ ഓയിലും കൂടി ചേർത്ത ശേഷം ഒരു ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക.
ഇനി ജീരകം ഒരു ബ്രൗൺ കളറായി വന്നാൽ ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിനൊപ്പം ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം സവാളയും നല്ലപോലെ വഴറ്റിയെടുത്തു കഴിഞ്ഞാൽ ഒരു തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം തക്കാളിയും നല്ലപോലെ വാടിവന്നാൽ ഒന്നര ടേബിൾ സ്പൂൺ മുളക്പൊടി, ഒരുടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, എന്നിവ ചേർത്ത് ഈ പൊടികളെല്ലാം നല്ലപോലെ മൂപ്പിച്ചെടുക്കുക.
ഇനി മസാലയിലേക്ക് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിക്കുക. നല്ലപോലെ തിളച്ചുവന്ന മസാലയിലേക്ക് ഒരു കപ്പ് കട്ട തൈര് ചേർത്തിളക്കുക. തൈരെടുക്കുമ്പോൾ ഒട്ടും തന്നെ പുളിയില്ലാത്ത തൈര് വേണം ചേർത്ത് കൊടുക്കാൻ. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഈ മസാല തിളപ്പിക്കുക. ശേഷം തിളച്ചുവന്ന ഗ്രെവിയിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. എന്നിട്ട് നേരത്തെ വഴറ്റിയെടുത്ത വെണ്ടയ്ക്ക കൂടി ഈ സമയം ചേർത്തിളക്കുക.
എന്നിട്ട് അഞ്ച് മിനിറ്റും കൂടി അടച്ചുവെച്ചു വെണ്ടയ്ക്ക ഈ മസാലയിൽ വേവിച്ചെടുക്കുക. അഞ്ച് മിനിറ്റായപ്പോൾ വെണ്ടയ്ക്ക നല്ലപോലെ വെന്തു മസാലയൊക്കെ പിടിച്ചു വന്നിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു വെണ്ടയ്ക്ക മസാലയാണിത്. വേറെ കറിയൊന്നുമില്ലെങ്കിലും ഈ ഒരൊറ്റ കറി മാത്രം മതി വയറുനിറച്ചു ചോറ് കഴിക്കാൻ. ഇനി ഈ രീതിയിൽ വെണ്ടയ്ക്ക മസാല തയ്യാറാക്കി നോക്കണേ.
