മലയാളികളുടെ ഇഷ്ട വിഭവമാണ് മീൻകറി. എന്നാൽ പലയിടങ്ങളിലും പല രീതിയിലാണ് മീൻകറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് ഇരിക്കുംതോറും രുചി കൂടുന്ന നല്ല ടേസ്റ്റി മീൻകറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ മീൻ ആവശ്യമായ അളവിൽ മുറിച്ചു കഴുകി വൃത്തിയാക്കി എടുക്കുക. നെയ്മീനാണ് ഈ മീൻകറിക്കായി എടുത്തിട്ടുള്ളത്. ഏത് മീനും ഈ രീതിയിൽ കറി വെക്കാവുന്നതാണ്. ഇനി ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും, എടുക്കുക.
ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് മൂന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും സാധാ മുളക്പൊടിയും മിക്‌സാക്കി ചേർക്കുക. ഇനി കാൽ ടീസ്പൂൺ ഉലുവപ്പൊടി, രണ്ട് നുള്ളു മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഈ പൊടികളെല്ലാം നല്ല സ്മൂത്തായി അരച്ചെടുക്കുക. ഇനി മൂന്നു പീസ് കുടംപുളി നല്ല പോലെ കഴുകിയ ശേഷം കുറച്ചു വെള്ളത്തിൽ കുതിരാനായി വെക്കുക. ഇനി മൺചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ചതച്ചു വെച്ചിട്ടുള്ള വെളുത്തുള്ളിയും, ഇഞ്ചിയും ചേർത്ത് മൂപ്പിക്കുക.
ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് മീഡിയം ഫ്ളൈമിൽ ഇതെല്ലാം നന്നായി മൂപ്പിച്ചെടുക്കുക. ഇനി മൂപ്പിച്ചെടുത്ത മിക്സിലേക്ക് നേരത്തെ അരച്ചെടുത്ത മസാല ചേർത്ത് ഇളക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ഇളക്കി ഈ ചട്ടിയിലേക്ക് മസാലക്കൊപ്പം ചേർക്കുക. ശേഷം ലോ ഫ്ളൈമിൽ അഞ്ചു മിനിറ്റോളം കറി എണ്ണ തെളിയുന്നത് വരെ വേവിക്കുക. ഇനി വെള്ളമെല്ലാം വറ്റി മസാല വെന്തു വരുമ്പോൾ രണ്ട് കപ്പ് ചൂടുവെള്ളം കറിയിലേക്ക് ചേർത്ത് മിക്‌സാക്കുക. ഇനി കുതിരാനായി ഇട്ടു വെച്ചിരുന്ന പുളി വെള്ളത്തോടൊപ്പം ചേർത്ത് ഇളക്കുക.
ഇനി കുറച്ചു കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കറി തിളപ്പിക്കുക. ശേഷം തിളച്ചു വരുമ്പോൾ മീൻ ചേർത്ത് കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിൽ കറി അടച്ചു വെച്ച് വേവിക്കുക. ഇനി പത്തു മിനിറ്റോളം ഇടയ്ക്കിടെ ചട്ടി ഒന്ന് ചുറ്റിച്ച ശേഷം ലോ ഫ്ളൈമിൽ കറി ഒന്നും കൂടി നെയ് തെളിയുന്നത് വരെ വേവിക്കുക. കറി നല്ല പോലെ വെന്തു നെയ് തെളിഞ്ഞു വന്നാൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യാം. എന്നിട്ട് പത്തു മിനിറ്റോളം കറി അടച്ചു ആവിയിൽ വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മീൻകറി തയ്യാറായിട്ടുണ്ട്. ഈ രീതിയിലാണ് മീൻകറി ഉണ്ടാക്കുന്നത് എങ്കിൽ മൂന്നു ദിവസം വരെ മീൻകറി കേടുകൂടാതെ പുറത്തു തന്നെ സൂക്ഷിക്കാവുന്നതാണ്.
