മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് മോരുകറി. എന്നാൽ എന്നും നമ്മൾ തേങ്ങ അരചിട്ടല്ലേ മോര് കറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് കുറച്ച് വ്യത്യസ്തമായി തേങ്ങ അരക്കാതെ നല്ല കുറുകിയ ചാറോട് കൂടിയ മോര് കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നരക്കപ്പ് നല്ല കട്ടിയുള്ള തൈര് എടുക്കുക. ശേഷം തൈരിലെ കട്ടയെല്ലാം നല്ലപോലെ സ്മൂത്തായി ഉടച്ചെടുക്കുക. ശേഷം തൈരിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് മിക്‌സാക്കുക.
വെള്ളം ചേർക്കുമ്പോൾ തൈര് ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസുമല്ല ആ ഒരു പരുവത്തിൽ കിട്ടത്തക്കവിധം വെള്ളം ചേർത്തു കൊടുക്കുക. ഒന്നര കപ്പ് തൈരിന് ഒരു കപ്പ് വെള്ളമാണ് ചേർത്തിരിക്കുന്നത്. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് തൈര് നല്ല പോലെ മിക്‌സാക്കുക. ശേഷം ഒരു മൺ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണ നല്ലപോലെ ചൂടായി വന്നാൽ ഒരു ടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടി വന്നുകഴിഞ്ഞാൽ കാൽടീസ്പൂൺ ചെറിയ ജീരകവും, ഒരുനുള്ള് ഉലുവയും ചേർത്ത് എണ്ണയിൽ നല്ലപോലെ മൂപ്പിക്കുക.
ശേഷം ഇതെല്ലാം നല്ലപോലെ മൂത്ത് വന്നാൽ രണ്ട് പച്ചമുളക് ഇതിലേക്ക് ചേർത്ത് നല്ലപോലെ മൂപ്പിക്കുക. ശേഷം പച്ചമുളകും നല്ലപോലെ മൂത്ത് വന്നാൽ ഒരു ചെറിയ കഷണം ഇഞ്ചി ചെറിയ പീസുകളായി നീളത്തിൽ കനം കുറച്ച് അരിഞ്ഞതും, അതുപോലെതന്നെ 3 വെളുത്തുള്ളി അല്ലി ചെറുതായി മുറിച്ചതും, ചേർത്ത് നല്ലപോലെ മൂപ്പിക്കുക. ശേഷം കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. ശേഷം മൂന്നു വറ്റൽമുളക് ഒന്ന് മുറിച്ച ശേഷം ഇതിലേക്ക് ചേർത്ത് ഒന്നുകൂടി മൂപ്പിക്കുക. ശേഷം ഒരു പത്ത് പീസ് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റുക.
ഉള്ളി എല്ലാം നല്ലപോലെ വഴറ്റി എടുത്താൽ അതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കുക. ഇനി അരടീസ്പൂൺ മഞ്ഞൾപൊടി, രണ്ടു നുള്ളു മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. ശേഷം വെള്ളം ചേർത്ത് വെച്ചിട്ടുള്ള തൈരിനെ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ലോ ഫ്ളൈമിൽ ഇട്ടിട്ട് വേണം തൈര് ചേർത്ത് കൊടുക്കാൻ. ശേഷം ഒന്നു ചൂടായി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക. തിളച്ചു പോയി കഴിഞ്ഞാൽ തൈര് പിരിഞ്ഞു പോകുന്നതാണ്. അപ്പോൾ നമ്മുടെ നല്ല നാടൻ മോര് കറി തയ്യാറായിട്ടുണ്ട്. തേങ്ങ ചേർക്കാതെ നല്ല കട്ടിയുള്ള ചാറോടു കൂടിയ മോരുകറിയാണ് ഇത്. എല്ലാവരും ഉറപ്പായും ഈ മോരുകറി ട്രൈ ചെയ്തു നോക്കണേ.
