ഇന്ന് നമുക്ക് ഒരു അടിപൊളി വട്ടയപ്പം ഉണ്ടാക്കിയാലോ. വളരെ സോഫ്റ്റായ ഈ വട്ടയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി നല്ല പോലെ കഴുകി നാല് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം കുതിർന്നു കിട്ടിയ പച്ചരിയെ നല്ല പോലെ കഴുകിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി മുക്കാൽ കപ്പ് തേങ്ങാപ്പാൽ പച്ചരിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ പച്ചരി തേങ്ങാപ്പാലിൽ അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മാവിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക.
ശേഷം അതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ മിക്‌സാക്കി ഫ്ളയിം ഓണാക്കുക. ശേഷം കൈ വിടാതെ ഇളക്കി മാവിനെ കുറുക്കി എടുക്കുക. ലോ ഫ്ളൈമിൽ ഇട്ട് വേണം മാവ് കുറുക്കി എടുക്കുവാൻ. ഇനി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. ഇനി ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ ഡ്രൈ ഈസ്റ്റ് ചേർക്കുക. ശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ചെറിയ ചൂടുവെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് അര ടീസ്പൂൺ ഷുഗറും കൂടി ചേർത്ത് മിക്‌സാക്കുക. ഇനി നേരത്തെ കുറുക്കി എടുത്ത മാവിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം മാവിലേക്ക് അലിയിച്ചെടുത്ത ഈസ്റ്റ് മിക്‌സും,അര ടീസ്പൂൺ ഏലക്ക പൊടിയും, കാൽ ടീസ്പൂൺ ചെറിയ ജീരകവും, നാല് ടേബിൾ സ്പൂൺ ഷുഗർ, അര ടീസ്പൂൺ ഉപ്പും, തേങ്ങാപ്പാലും ചേർത്ത് അരച്ചെടുക്കുക.
ഇനി അരച്ചെടുത്ത മാവിനെ ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. ഒരുപാട് ലൂസുമല്ല ഒരുപാട് കട്ടിയുമല്ല അതാണ് ബാറ്ററിന്റെ പരുവം. ശേഷം മാവിനെ അഞ്ചു മണിക്കൂറാളം പൊങ്ങാനായി വെക്കാം. അഞ്ചു മണിക്കൂറായപ്പോൾ മാവ് പൊങ്ങി വന്നിട്ടുണ്ട്, ശേഷം മാവിനെ ഒന്നും കൂടി മിക്‌സാക്കി ഇരുപത് മിനിറ്റോളം അടച്ചു വെക്കുക. ശേഷം ഒരു സ്റ്റീൽ പ്ലേറ്റിലേക്കോ അല്ലെങ്കിൽ ഒരു കേക്ക് ടിന്നിലേക്കോ കുറച്ചു എണ്ണ തടവുക. എന്നിട്ട് മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ഇഡ്ഡലി സ്റ്റീമറിൽ വെള്ളം വെച്ച് അതിന്റെ മുകളിൽ തട്ട് വെച്ച് കൊടുക്കുക. ശേഷം മാവ് ഒഴിച്ച പാത്രം ഇറക്കി വെച്ച് ആവിയിൽ വട്ടയപ്പം വേവിച്ചെടുക്കുക.
ഏകദേശം ഇരുപത് മിനിറ്റോളം വട്ടയപ്പം വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സോഫ്റ്റായ വട്ടയപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വട്ടയപ്പം തയ്യാറാക്കി നോക്കണേ. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലൊരു പലഹാരമാണ് ഇത്.
