സാമ്പാർ പൊടി ഇനി കടയിൽ നിന്നും വാങ്ങുകയേ വേണ്ട.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു വെജ് കറിയാണ് സാമ്പാർ. എന്നും സാമ്പാർ പൊടി പുറത്തു നിന്നും വാങ്ങാറല്ലേ പതിവ്, എന്നാൽ ഇന്ന് നമുക്ക് സാമ്പാർ മസാല വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. ഈ പൊടി വെച്ചിട്ട് സാമ്പാർ ഉണ്ടാക്കിയാൽ അതീവ രുചി ആയിരിക്കും സാമ്പാറിന്. അപ്പോൾ നമുക്ക് എങ്ങനെയാണ്‌ ഈ സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് നൂറു ഗ്രാമോളം മല്ലി ചേർക്കുക.

ശേഷം മല്ലി നന്നായി വറുക്കുക. ലോഫ്‌ളൈമിലിട്ടു വേണം മല്ലി എല്ലാം വറുക്കാൻ. ശേഷം വറുത്തെടുത്ത മല്ലി വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി നൂറു ഗ്രാം വറ്റൽമുളക് കൂടി പാനിലിട്ട് വറുക്കുക. വറ്റൽമുളക് ഒടിയുന്ന പരുവമായാൽ അതും പാനിൽ നിന്നും മാറ്റുക. ശേഷം പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ കടലപ്പരിപ്പ് ചേർത്ത് വറുക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ തോരൻപരിപ്പും ചേർത്ത് വറുത്തിട്ട് എടുക്കുക. ശേഷം നാം ചോറ് വെയ്ക്കാൻ ഉപയോഗിക്കുന്ന വെള്ള അരി കൂടി മൂന്ന് ടേബിൾ സ്പൂണോളം വറുത്തെടുക്കുക.

ഇനി മൂന്ന് ടേബിൾ സ്പൂൺ ഉഴുന്നും, രണ്ട് ടേബിൾ സ്പൂൺ ഉലുവയും, ഒരു ടീസ്പൂൺ ജീരകവും,ഒരു ടേബിൾ സ്പൂൺ കടുകും, മൂന്നു ടീസ്പൂൺ കായപ്പൊടിയും, ഒന്നേകാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ചു കറിവേപ്പില എല്ലാം സെപ്പറേറ്റായി വറുത്തെടുത്ത ശേഷം ഓരോന്നായി നല്ല ഫൈൻ പൗഡറായി പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി ഒരുമിച്ചു ചേർത്ത് മിക്‌സാക്കുക. എന്നിട്ട് നല്ല പോലെ ഇറുക്കമുള്ള അടപ്പുള്ള ഒരു കുപ്പിയിൽ ഈ മസാല ഇട്ട് സൂക്ഷിക്കുക. ഈ മസാല കൊണ്ട് സാമ്പാർ ഉണ്ടാക്കിയാൽ വളരെ ടേസ്റ്റിയും നല്ല കുറുകിയ ചാറോട് കൂടിയും സാമ്പാർ കിട്ടുന്നതായിരിക്കും. എല്ലാവരും ഇങ്ങനെ ഒന്ന് സാമ്പാർ പൊടി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page