രുദ്രാക്ഷം 46*

*രുദ്രാക്ഷം 46*
ഏട്ടാ ഏട്ടാ എന്നെ വിട്ടു പോകല്ലേ എനിക്ക് പേടിയാകുന്നു അയാൾ ഇനിയും വരുമോ..

ഭയംകൊണ്ട് മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

ഇല്ലടാ വാവേ, ഇനി അവൻ നിന്റെ ജീവിതത്തിലേക്ക് ഒരിക്കലും വരില്ല.. മോൾക്ക് ഓർമ്മയില്ലേ അവിടെ എന്താണ് നടന്നതെന്ന്.. രുദ്രൻ അവനെ ഇല്ലാതാക്കിയതോടുകൂടി ഇനി നിന്റെ ജീവിതത്തിലേക്ക് അവനെന്ന കരിനിഴൽ ഒരിക്കലും തിരിച്ചു വരില്ല ആ ഉറപ്പ് പോരെ ഏട്ടന്റെ കുട്ടിക്ക്..

അത്രയും നേരം കരഞ്ഞു കൊണ്ടിരുന്ന മിത്ര രുദ്രൻ തേജയുടെ ശരീരത്തിലേക്ക് ആ വടിവാൾ കുത്തിക്കയറ്റുന്നത് ഓർമയിലേക്ക് വന്നതും അവളുടെ ശരീരം ഒന്ന് വിറച്ചു പോയി..

എങ്കിലും എന്തുകൊണ്ടൊ  രുദ്രനോട് അവൾക്കൊരു ഭയം തോന്നിയില്ല അതിൽ സത്യത്തിൽ മിത്ര അത്ഭുതപ്പെട്ടുപോയിരുന്നു. ഇങ്ങനെയുള്ള ഒരു കാഴ്ച കണ്ടാൽ ആരായാലും അവനെ ഒന്ന്  ഭയാക്കും പക്ഷേ തനിക്ക് എന്താണ് ഭയം തോന്നാത്തത് അവൾ അവളോട് തന്നെ ചോദിച്ചു അതിനുത്തരം എന്നോണം അവളുടെ കൈ അറിയാതെ തന്നെ കഴുത്തിലെ ആലിലതാലിയിലേക്ക് നീണ്ടു…

മിത്രയുടെ മുഖഭാവവും അവളുടെ താലിയിലുള്ള പിടുത്തവും കണ്ടതും സൂരജ് അൽപ്പസമയം മുൻപേ നടന്ന കാര്യങ്ങൾ ഒന്നോർത്തെടുത്തു..

രുദ്രൻ പറഞ്ഞത് പ്രകാരം സൂരജ് സിറ്റി ഹോസ്പിറ്റലിലേക്ക് ഓടി വരികയായിരുന്നു..

അബ്സർവേഷൻ റൂമിന്റെ മുന്നിൽ ഇരിക്കുന്ന  രുദ്രനെ നോക്കി കൊണ്ട് സൂരജ്   ഓടി വന്നു കൊണ്ട് അവനോടായി ചോദിച്ചു

“എന്താടാ എന്താ സംഭവിച്ചത്.. മിത്ര മിത്ര മോൾ എവിടെ?

പരിഭ്രമത്തോടെ സൂരജ് രുദ്രന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി നിന്നു അവന്റെ മറുപടിക്ക് എന്നോണം ..

അവൾ ഒബ്സർവേഷൻ മുറിയിൽ ഉണ്ട്..

രുദ്രൻ അത്രയും പറഞ്ഞതും സൂരജ് മിത്രയുള്ള മുറിയിലേക്ക് കയറുവാൻ ഒരുങ്ങിയതും പെട്ടെന്നാണ്  രുദ്രൻ സൂരജിന്റെ കയ്യിൽ കയറി പിടിച്ചത്..

ഒരു നിമിഷം ഞെട്ടിക്കൊണ്ട് സൂരജ് പിന്തിരിഞ്ഞു രുദ്രൻ പിടിച്ച കയ്യിലേക്കും അവന്റെ മുഖത്തേക്ക് മാറി മാറി നോക്കി..

പതിവിലേറെയുള്ള അവന്റെ മുഖത്തെ ഗൗരവം കണ്ടതും കാര്യം  അത്ര പന്തി അല്ലാ എന്നും എന്തോ നടന്നിട്ടുണ്ടെന്നും സൂരജിന് തോന്നി..

എന്താ എന്താ രുദ്ര… കണ്ണുകൾ കുറുക്കിക്കൊണ്ട് സൂരജ്  രുദ്രനോട് ചോദിച്ചതും.. അവിടെ നടന്ന കാര്യങ്ങളെല്ലാം വള്ളി പുള്ളി തെറ്റാതെ സൂരജിനോട് പറഞ്ഞു രുദ്രൻ ..

തേജയെ രുദ്രൻ കൊന്നു എന്നറിഞ്ഞതും സൂരജിന് സന്തോഷമായി പക്ഷേ മിത്രയുടെ കഴുത്തിൽ അവൻ താലികെട്ടി എന്ന് അറിഞ്ഞതും സത്യത്തിൽ അവനോട് എന്താണ് പറയേണ്ടതെന്ന് അറിയാതെയായിപ്പോയി സൂരജിന്…

സൂരജിന്റെ മുഖത്തെ പരിഭ്രമം കണ്ടതും രുദ്രൻ സൂരജിനോടായി പറഞ്ഞു..

ടാ അപ്പോഴത്തെ സാഹചര്യത്തിൽ അവനെ ജയിക്കുവാൻ വേണ്ടി ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തിയതാണ്…

ഞാൻ വേണമെങ്കിൽ ആ താലി…

No…നീ എന്തൊക്കെയാടാ ഈ പറയുന്നത്.. ചിലപ്പോൾ ഇതെല്ലാം വിധിയായിരിക്കും.. ഇങ്ങനെ നടക്കണം എന്നായിരിക്കും ദൈവഹിതം… അല്ലെങ്കിലും മിത്രയ്ക്ക് ശത്രുക്കൾ കൂടുതലാണ്  അതുമാത്രമല്ല തേജയുടെ  അച്ഛൻ ഭൈരവൻ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. ഒരുപാട് ദുരൂഹതകൾ ഉള്ള ആളാണ് അയാൾ.. അതുമാത്രമോ സ്വന്തം മകനാണ് കൊല്ലപ്പെട്ടത് ഇനി അയാൾ വെറുതെ ഇരിക്കില്ല മിത്രയായിരിക്കും അയാളുടെ ലക്ഷ്യം..

താൽക്കാലത്തേക്ക് നീ കെട്ടിയ താലി അവളുടെ കഴുത്തിൽ തന്നെ കിടക്കട്ടെ… പിന്നെ എന്നെങ്കിലും നിനക്കൊ അവൾക്കോ പരസ്പരം ഒന്നിച്ച് ജീവിക്കണമെന്ന് തോന്നിയാൽ ഒന്നിച്ചു ജീവിക്കണം അതല്ല മറിച്ചാണെങ്കിൽ അങ്ങനെ പക്ഷേ എന്തായാലും ഇപ്പോൾ ആ താലി അവൾക്കൊരു സുരക്ഷിതത്വമാണ്  എല്ലാത്തിൽ നിന്നും..

അത്രയും പറഞ്ഞ് സൂരജ് രുദ്രന്റെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് ഒബ്സർവേഷൻ റൂമിലേക്ക് കയറുവാൻ പോയി പിന്നീട് എന്തോ ഓർത്ത് എന്നപോലെ പിന്തിരിഞ്ഞു നിന്ന് സൂരജ് രുദ്രനോടായി  പറഞ്ഞു..

രുദ്ര ഇപ്പോൾ ആരും ഒന്നും അറിയേണ്ട നാലാമതൊരു വ്യക്തി ഇത് ഒരിക്കലും അറിയാൻ പാടില്ല.. അവൾ പഴയ മിത്രയായിട്ട് തന്നെ തറവാട്ടിലേക്ക് തിരിച്ചു വരണം.. എന്തിന് നീ മിത്രയുടെ കഴുത്തിൽ താലി ചാർത്തി എന്ന് ചോദിച്ചാൽ മിത്ര ആരാണെന്നും എന്താണെന്നും ഉള്ള രഹസ്യം മുഴുവൻ നമ്മൾ പറയേണ്ടിവരും.. വെറുതെ തറവാട്ടിൽ ഉള്ളവരെ കൂടി ഭയപ്പെടുത്തേണ്ട.. മാത്രമല്ല ശ്രീദേവി അപ്പച്ചിയും താര അപ്പച്ചിയും അടങ്ങിയിരിക്കില്ല എന്തെങ്കിലും ഒന്ന് കിട്ടുവാൻ വേണ്ടി കാത്തിരിക്കുന്നവരാണ് അവർ..

സൂരജ് പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നിയ  രുദ്രൻ അതിനൊന്നു മൂളുക മാത്രമാണ് ചെയ്തത്..

ഓർമ്മയിൽ നിന്നും തിരിച്ചെത്തിയ സൂരജ് വാത്സല്യപൂർവം മിത്രയേ ഒന്നു നോക്കി..

കുഞ്ഞി… സൂരജ് മിത്രയെ അതിയായ വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി വിളിച്ചതും മിത്ര കരഞ്ഞുകൊണ്ട് കണ്ണുകൾ ഉയർത്തി അവനെ ഒന്നു നോക്കി..

ഏട്ടന്റെ കുട്ടി ഏട്ടനോട് ഒരു സത്യം പറയുമോ..

എന്താ ഏട്ടാ..

ഒരു പ്രത്യേക സാഹചര്യത്തിൽ രുദ്രൻ നിന്റെ കഴുത്തിൽ താലി ചാർത്തിയതാണ്.. അതിന് അവന് നല്ല വിഷമം ഉണ്ട്…
മോൾക്ക് ഈ താലി കെട്ടിയതിൽ എന്തെങ്കിലും  വിഷമമുണ്ടെങ്കിൽ അത് ഊരികളഞ്ഞേക്കൂ…

ഒരു നിമിഷം സൂരജ് അങ്ങനെ പറഞ്ഞതും ഞെട്ടി കൊണ്ട് മിത്ര അവനെ നോക്കി..

സത്യത്തിൽ മിത്രയുടെ മുഖത്തെ ഭാവം എന്താണെന്ന് സൂരജിന് മനസ്സിലാക്കുവാൻ സാധിച്ചില്ല..

അല്ല മോളെ ഏട്ടൻ പറഞ്ഞു വന്നത് എന്തെന്ന് വെച്ചാൽ..

അരുതേട്ടാ അങ്ങനെയൊന്നും പറയരുത്…  താലി എന്ന് പറയുന്നത് അത്രയും പവിത്രമായ ഒന്നാണ്.. സാഹചര്യം ഏതുമാവട്ടെ രുദ്രേട്ടൻ  എന്റെ കഴുത്തിൽ കെട്ടിയ താലി ഞാൻ ഒരിക്കലും അഴിച്ചുമാറ്റില്ല..  ക…കാരണം..

കാരണം സൂരജ് തന്റെ നെറ്റി ഒന്ന് ചുളിച്ചുകൊണ്ട് അവളോട് ചോദിച്ചു..

ക.. കാരണം ഞാൻ രുദ്രേട്ടനെ പ്രണയിക്കുന്നു ഏട്ടാ..

ഒരു നിമിഷം തലകുനിച്ചു തന്റെ മുന്നിൽ ഭയത്തോടെ ഇരിക്കുന്ന മിത്രയെ കണ്ടതും ആദ്യം സൂരജ് ഒന്ന് ഞെട്ടി.. പിന്നീട് അവിടെ ഒരു പുഞ്ചിരി വിടർന്നു..

അവൻ തന്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ താടിയിൽ പിടിച്ച് മിത്രയുടെ മുഖമുയർത്തിക്കൊണ്ട് കള്ളച്ചിരി ചിരിച്ചുകൊണ്ട് അവളോടായി ചോദിച്ചു..

സത്യം..

ഹ്മ്മ്മ്… നാണം കൊണ്ട് മിത്രയ്ക്ക് സൂരജിന്റെ മുഖത്തേക്ക് നോക്കുവാൻ സാധിക്കുന്നില്ലായിരുന്നു..

ഇതൊക്കെ എപ്പോൾ? മിഴിഞ്ഞ കണ്ണോടെ സൂരജ് അവളോട് ചോദിച്ചു..

അത്….അത് പി…പിന്നെ അങ്ങനെ ചോദിച്ചാൽ എപ്പോഴോ എനിക്കറിയില്ല..

രുദ്രനെക്കുറിച്ച് ഓർത്തപ്പോഴത്തേക്കും മിത്രയുടെ മുഖം എല്ലാം ചുവന്നു തുടുത്തു പോയിരുന്നു..

കള്ളി… എന്നാലേ ഇപ്പോൾ ഇതൊന്നും അവനോട് പറയണ്ട.. ആ കാലൻ നിന്നെ ഇട്ട് അലക്കും… അതുപോലെ തറവാട്ടിൽ ഒന്നും അവൻ നിന്നെ താലി ചാർത്തിയ  കാര്യം ഒന്നും ആരും അറിയണ്ട എപ്പോഴും താലി ആരും കാണാതെ സൂക്ഷിക്കുവാൻ നീ ശ്രദ്ധിക്കണം.. നന്ദനയോടു പോലും ഒന്നും പറയരുത് മനസ്സിലായല്ലോ.. മറ്റൊന്നും കൊണ്ടല്ല മോളെ  സാഹചര്യം ഒത്തു വരുമ്പോൾ നമുക്ക് എല്ലാവരോടും എല്ലാ സത്യങ്ങളും തുറന്നു പറയാട്ടോ…

ഹ്മ്മ്മ്.. പുഞ്ചിരിച്ചുകൊണ്ട് മിത്ര സൂരജിനോട് ഒന്നുകൂടി..

ഏതായാലും അവനെ പോലത്തെ ഒരു അളിയൻ എനിക്കുള്ളത് നല്ലതാണ്.. അല്പം  ഗമയോടെ സൂരജ് മിത്രയേ തന്റെ അടുക്കലേക്ക് ചേർത്തുനിർത്തിക്കൊണ്ട് അവളോട് പറഞ്ഞു..

പിന്നെ ഇക്കാര്യം ഒന്നും ഇപ്പോൾ അവനോട് ചെന്ന് പറയേണ്ട സമയമാകട്ടെ സമയവും സന്ദർഭവും അനുസരിച്ച് ഏട്ടൻ തന്നെ വലിയ ആഘോഷമായി നിന്റെയും അവന്റെയും വിവാഹം നടത്തി തരുന്നതായിരിക്കും.

അതിനു മുന്നേ നീയാ കാലനെ എങ്ങനെയെങ്കിലും പ്രണയിച്ചു വളയ്ക്കാൻ നോക്ക് സത്യം പറയാലോ അത് നിനക്ക് വലിയൊരു ടാസ്ക് തന്നെയായിരിക്കും മോളെ..

സൂരജ് താടിക്ക് കൈയും കൊടുത്തുകൊണ്ട്  മിത്രയോട് പറഞ്ഞു..

അതുതന്നെയാ നന്ദനയും പറഞ്ഞത്.. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ എങ്ങനെ നീ തളക്കും എന്ന അവളും ചോദിച്ചത്..

മിത്ര വലിയ കാര്യം പോലെ സൂരജിനോട് പറഞ്ഞു..

ഒഹോ അവൾ അങ്ങനെയൊക്കെ പറഞ്ഞോ ഞാൻ കരുതി തീരെ ബുദ്ധിയില്ലാത്തവളാണെന്ന് സംഭവം അവൾ പറഞ്ഞതിൽ കാര്യമുണ്ട്.. നീ എന്തായാലും ഒന്ന് ആഞ്ഞു ശ്രമിക്കു വിശ്വാമിത്രൻ വരെ ഊർവ്വശിയുടെ തപസ്സിൽ ഇളകി പോയതല്ലേ പിന്നെയാണോ ഇവൻ  സൂരജ് രുദ്രനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു..

അയ്യോ ഉർവശിയല്ല മേനകയാണ് ഏട്ടാ.. മിത്ര വായിൽ കൈ വെച്ച് പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു..

ഇത്രയും നേരം ഉണ്ടായിരുന്ന ഒരു അരക്ഷിതാവസ്ഥ പെട്ടെന്ന് മാറിയത് പോലെ സൂരജിന് തോന്നി..

രുദ്രന്റെ സംഹാരതാണ്ഡവം കണ്ടു പേടിച്ചുവിറച്ചിരുന്ന മിത്രയിൽ നിന്നും അവളിപ്പോൾ രുദ്രന്റെ പ്രണയനിയായി മാറിയത് പോലെ സൂരജിന് ആ സമയം തോന്നി ..

എന്തുകൊണ്ടും തന്റെ സഹോദരിക്ക് ഏറ്റവും അനുയോജിച്ചവൻ ആണ് രുദ്രൻ എന്ന് സൂരജ് മനസ്സിൽ ഉറപ്പിക്കുകയായിരുന്നു…

ഇല്ല!!!!!!!

ഭൈരവന്റെ അലർച്ച കാളിയാർ മഠത്തിനെ പോലും വിറപ്പിച്ചു കളഞ്ഞു..

അയാൾക്ക് ഒരേ സമയം തന്റെ ദേഹം തളരുന്നത് പോലെ തോന്നി കണ്ണുകളെല്ലാം ചുവന്നു നിറഞ്ഞ് അയാൾക്ക് ഭൂമി കറങ്ങുന്നതുപോലെ എല്ലാം തോന്നുന്നുണ്ടായിരുന്നു..

ഇല്ല ഞാനിത് വിശ്വസിക്കില്ല എന്റെ തേജ് മോൻ അവൻ മരണപ്പെട്ടു എന്നോ..  എന്റെ മൂർത്തികളെ നിങ്ങളിൽ വിശ്വാസം അർപ്പിച്ച എന്നെ നിങ്ങൾ ചതിച്ചുവൊ..

മുന്നിൽ ഉണ്ടായിരുന്ന പലവിധ നിറത്തിലുള്ള കുങ്കുമങ്ങൾ എല്ലാം നിറച്ചു വെച്ച തട്ടുകൾ അയാൾ ദേഷ്യം കൊണ്ട് ചവിട്ടിത്തെറിപ്പിച്ചു..

കുങ്കുമവും ബസ്മവും മറ്റുപല ഹോമത്തിന് ആവശ്യമായിട്ടുള്ള പൊടികളും എല്ലാം ആ മുറിയിൽ ആയി ചിതറി കുറെ അയാളുടെ ദേഹത്തും പടർന്നിരുന്നു..

ഒരു നിമിഷം അയാളുടെ സഹായികൾക്ക് അയാളുടെ അടുത്തേക്ക് പോകുവാൻ തന്നെ ഭയം തോന്നി അത്രയും ഭീകരമായ ഒരു രൂപം…

  തൊട്ടരികിലായി കാണുന്ന മേശയിൻ മേൽ കൈകൾ വച്ച് അയാൾ ആഞ്ഞുശ്വാസം വലിച്ചു.

നീണ്ട നേരത്തെ നിശബ്ദത ആ കളിയാർ മഠത്തിനെ ഒന്നുകൂടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു..

കണ്ണുകൾ വലിച്ചു തുറന്ന ഭൈരവന്റെ കണ്ണുകളിൽ ക്രോധാഗ്നിയാളി..

രുദ്രദേവ!!!!!!.. നീ കൊന്നു കളഞ്ഞത് എന്റെ മകനെയാണ് ഈ കാളിയാർ മഠത്തിലെ ഭൈരവന്റെ മകനെ നിന്നെ കൊല്ലുവാൻ വേണ്ടി അവൻ വരും എന്റെ മൂത്തമകൻ…

മകനെ !!!വികർണ!!!!

വികർണയുടെ നാമം അവിടെ ഉച്ചരിച്ചതും കഴുകന്മാർ പേടിച്ചരണ്ട് ആകാശത്ത് വട്ടമിട്ടു പറന്നു..

കാക്കകൾ അപശബ്ദം പുറപ്പെടുവിച്ചു മരങ്ങളിൽ നിന്നും പേടിച്ച് മറ്റ് ഇടങ്ങളിലെക്ക് ഓടിയൊളിച്ചു.

കാർമേഘം ഇരുണ്ടു മൂടി ഭൂമി പൊട്ടുമാറ്  വലിയ മിന്നലുകൾ ഭൂമിയിൽ വിറപ്പിച്ചുകൊണ്ട് താണ്ഡവമാടി..

വികർണ്ണന്റെ നാമം ഉച്ചരിച്ചതും അത്രയും നേരം ഭൈരവന്റെ മുറിയിൽ നിന്ന എല്ലാവരുടെയും കാതുകളിൽ ജീവനോടെ കത്തിയെരിച്ച നൂറുകൂട്ടം ആൾക്കാരുടെ  കരച്ചിൽ ചീളുകൾ മുഴങ്ങിക്കെട്ട് കൊണ്ടേയിരുന്നു.. നിമിഷം നേരം കൊണ്ട് ഭയത്താൽ അവരുടെ ശരീരമെല്ലാം വിയർപ്പ് കണങ്ങൾ പൊടിഞ്ഞു…

ആാാാാ!!!!!!!

അബ്സർവേഷൻ മുറിയിൽ നിന്നും പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്ന സൂരജിനെ കണ്ടെതും രുദ്രന്റെ മനസ്സൊന്ന് തണുത്തു..

എടാ രുദ്ര ഞാനീ ബില്ല് അടച്ച് വരാം നീ ഇവിടെ തന്നെ കാണണം..

മി…മിത്ര അവൾക്കിപ്പോൾ എങ്ങനെയുണ്ട്?

രുദ്രന് ചോദിക്കുവാൻ അല്പം മടിയുണ്ടെങ്കിലും അവൻ സൂരജിനോട് ചോദിച്ചു..

അതിനു സൂരജ് തന്റെ മുഖത്ത് വിരിഞ്ഞുവരുന്ന പുഞ്ചിരി മറക്കുവാൻ പാടുപെട്ടുകൊണ്ട് രുദ്രനോടായി പറഞ്ഞു

കുഴപ്പമില്ലടാ..

ഹ്മ്മ്മ്മ്…

നീ അവളുടെ അടുത്ത് ചെന്നിരിക്കു ഞാനിപ്പോൾ വരാം അത്രയും പറഞ്ഞു സൂരജ്  രുദ്രന്റെ മറുപടിക്ക് കാത്തു നിൽക്കാതെ    വേഗത്തിൽ നടന്നകന്നു..

രുദ്രൻ മുറിയിലേക്ക് ചെല്ലുമ്പോൾ മിത്ര എന്തൊക്കെയോ ആലോചിച്ചു താലിയിൽ തിരിപ്പിടിച്ച് കിടക്കുകയായിരുന്നു..

വാതിൽ തുറന്ന് ആരോ അകത്തേക്ക് വരുന്നത് പോലെ തോന്നിയ മിത്ര മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു തന്റെ അടുക്കലേക്ക് നടന്നുവരുന്ന രുദ്രനെ.

അവനെ കണ്ടതും അത്രയും നേരം ഇല്ലാത്ത ഒരു വെപ്രാളം അവളെ പൊതിയുന്നത് പോലെ മിത്രക്ക്‌ തോന്നി..

ഇപ്പോൾ എങ്ങനെയുണ്ട്

കു…കുഴപ്പമില്ല..

ഹ്മ്മ്മ്മ്… അതും പറഞ്ഞ് തിരിഞ്ഞു നടക്കുവാൻ  ഒരുങ്ങിയ രുദ്രൻ  പിന്നീട് എന്തോ ഓർത്ത പോലെ പിന്തിരിഞ്ഞുവന്ന് മിത്രയുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു വെച്ചു കൊണ്ട് പറഞ്ഞു..

തുടരും

Leave a Reply

You cannot copy content of this page