ചാള കഴിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. മലയാളിയുടെ ഇഷ്ട മത്സ്യമാണ് ചാള. എന്നാൽ ഇന്ന് നമുക്ക് നല്ല നാടൻ മത്തി മുളകിട്ടത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ ചാള മീൻ നല്ല പോലെ കഴുകി ഒന്ന് വരഞ്ഞെടുക്കുക. ശേഷം ഒരു മൺ ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ഇനി ഒരു പിടി ചെറിയ ഉള്ളി ചെറുതായി അരിഞ്ഞ ശേഷം അത് എണ്ണയിലേക്ക് ചേർക്കുക.
ഇനി ഉള്ളിയെ ഒരു ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് മൂന്നു പച്ചമുളകും, ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് തക്കാളി വെന്തുടഞ്ഞു വരുന്നത് വരെ തക്കാളി വഴറ്റുക. എന്നിട്ട് മസാലയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നേകാൽ ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ചേർത്ത് നന്നായി വഴറ്റുക. ശേഷം കുറച്ചു കുടം പുളി വെള്ളത്തിൽ കുതിർത്തിയ ശേഷം ആ വെള്ളത്തോട് കൂടി തന്നെ മസാലയിലേക്ക് ഈ പുളിയും കൂടി ചേർത്ത് ഇളക്കുക.
ഇനി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കറി നന്നായി തിളപ്പിച്ചെടുക്കുക. എന്നിട്ട് തിളച്ചു വന്ന കറിയിലേക്ക് വൃത്തിയാക്കി വെച്ചിട്ടുള്ള മീൻ ചേർത്ത് അടച്ചു വെച്ച് കറി വേവിക്കുക. ആദ്യത്തെ അഞ്ചു മിനിറ്റ് ഹൈ ഫ്ളൈമിലും പിന്നീട് ലോ ഫ്ളൈമിൽ പത്തു മിനിറ്റോളം ഇട്ട് കറി നന്നായി വേവിച്ചു വറ്റിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മത്തി മുളകിട്ടത് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചാള മുളകിട്ടത് തയ്യാറാക്കി നോക്കണേ.
