മുകളിലേക്ക് നോക്കി ഭഗവാനോട് അത്രയും പറഞ്ഞു മുടിയെല്ലാം അമ്മക്കെട്ട് കെട്ടിവെച്ചു. ദേവ നേരേ ബാത്റൂമിലേക്ക് കയറി വാതിൽ ചേർത്ത് അടച്ച് മുന്നിലേക്ക് നോക്കിയതും, പിറകിൽ ഡോർ അടയുന്ന ശബ്ദം കേട്ട് മഹേന്ദ്രൻ തിരിഞ്ഞ് ദേവയെ നോക്കിയതും ഒരേ സമയമായിരുന്നു.
ഞെട്ടിക്കൊണ്ട് പിന്തിരിഞ്ഞു നോക്കിയ മഹേന്ദ്രൻ തന്റെ മുന്നിൽ നിൽക്കുന്ന ദേവയെ കണ്ട് പകച്ചു പോയി. വെളുത്ത തുടുത്ത ശരീരവും ബ്ലൗസിനുള്ളിൽ ഒതുങ്ങിനിൽക്കുന്ന ****യും സ്വർണ്ണരോമരാജികൾ ഒരു നിര പോലെ പടർന്നു നിൽക്കുന്ന ആ ഒതുങ്ങിയ അണിവയറും അതിൽ ഒരു നാഗത്തെ പോലെ പിണഞ്ഞു കിടക്കുന്ന സ്വർണ്ണ അരഞ്ഞാണവും എല്ലാം കൂടി കണ്ടതും മഹേന്ദ്രൻ ശ്വാസം എടുക്കാൻ പോലും മറന്നുകൊണ്ട് അവളെ തന്നെ നോക്കിനിന്നു.
ദേവയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. കാരണം അവൾ ഒരിക്കലും മഹേന്ദ്രനെ അവിടെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ആ സമയം. പെട്ടെന്നാണ് മഹേന്ദ്രന്റെ പോക്കറ്റിൽ നിന്നും അവന്റെ മൊബൈൽ റിംഗ് ചെയ്തത്.
അപ്രതീക്ഷിതമായിട്ടുള്ള മൊബൈലിന്റെ ശബ്ദം കേട്ട് ഞെട്ടിക്കൊണ്ട് ഇന്ദ്രൻ പിറകോട്ടേക്ക് തെന്നി മാറിയതും അവന്റെ പിറകുവശം തട്ടി ഷവർ പാനൽസിൽ നിന്നും വെള്ളം ഇരുവരെയും നനച്ചു കളഞ്ഞു. സത്യത്തിൽ അപ്പോഴാണ് മഹേന്ദ്രൻ മെയിൻ വാൾവ് അടക്കാതെയാണ് ദേവയുടെ ബാത്റൂമിലേക്ക് വന്ന കാര്യം പോലും ഓർത്തത്.
നനഞ്ഞു കുളിച്ച് വസ്ത്രങ്ങളെല്ലാം തന്റെ ശരീരത്തോട് ഒട്ടിനിൽക്കുന്നത് കണ്ടതും ദേവക്ക് മഹേന്ദ്രന്റെ മുന്നിൽ നിൽക്കുവാൻ മടി തോന്നി. അവനോട് എന്തെങ്കിലും ചോദിക്കുവാനോ പറയുവാനോ നോക്കുവാനോ കൂടി സാധിക്കാതെ ദേവയാകെ വല്ലാത്തൊരു അവസ്ഥയിലായി.
സ്വബോധത്തിലേക്ക് വന്നതുപോലെ അവൾ വേഗം പുറത്തേക്ക് ഇറങ്ങുവാൻ വേണ്ടി വാതിൽ തുറക്കുവാൻ ഒരുങ്ങിയെങ്കിലും ധൃതിയിലുള്ള അവളുടെ പെരുമാറ്റത്തെ തുടർന്ന് കാൽ തെന്നി ദേവ മലർന്നടിച്ച് നിലത്ത് വീഴാൻ ഒരുങ്ങി. ആ നിമിഷം മഹേന്ദ്രൻ അവളുടെ **** ആയ അണിവയറിലൂടെ കൈകൾ ചേർത്ത് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു.
ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അപ്പോഴും ഷവറിൽ നിന്നും വെള്ളം നിർത്താതെ മഹേന്ദ്രന്റെ ശരീരത്തിൽ വീഴുന്നുണ്ടായിരുന്നു. ദേവ ഈ സമയം മഹേന്ദ്രനെ തന്നെ നോക്കി നിന്നു പോയി. ഷവറിൽ നിന്നും തെറിക്കുന്ന വെള്ളം കാരണം മഹേന്ദ്രന്റെ മുഖം കാണുവാൻ ദേവക്ക് സാധിക്കുന്നില്ലായിരുന്നു. എന്തോ ഒരു ഉൾപ്രേരണയിൽ അത് മനസ്സിലായതെന്നപോലെ മഹേന്ദ്രൻ പൂർണ്ണമായി ഷവറിലെ വെള്ളം തന്റെ ദേഹത്ത് തട്ടുന്ന രീതിയിൽ നിന്ന് ദേവയെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.
ദേവയുടെ കണ്ണുകളും ഇളം റോസ് ചുണ്ടുകളും നീണ്ട നാസികയും ആദ്യമായി കാണുന്ന പോലെ മഹേന്ദ്രൻ നോക്കി നിന്നു. അവന്റെ മനസ്സിൽ ദേവയുടെ രൂപത്തിന് മാറ്റം വരുന്നത് പോലെ തോന്നി. താൻ സീമന്തരേഖയിൽ ചാർത്തിയ സിന്ദൂരം ഷവറിൽ നിന്നും ഒഴുകിവന്ന വെള്ളത്തിൽ ചെറുതായി പടർന്ന് കിടക്കുന്നത് അവളെ ഒന്നുകൂടെ മനോഹരിയാക്കിയത് പോലെ തോന്നി മഹേന്ദ്രന്.
കഴുത്തിൽ നിന്നും ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ **** പോയി ഒളിക്കുന്നത് മഹേന്ദ്രൻ ഒരു അത്ഭുതത്തോടെ നോക്കി നിന്നു. അപ്പോഴാണ് അവന്റെ ശ്രദ്ധയിൽ അവൻ ചാർത്തിയ താലി കണ്ണിൽപെട്ടത്.
താൻ കെട്ടിയ മഞ്ഞ ചരടിൽ കോർത്ത താലി ദേവയുടെ കഴുത്തിൽ കണ്ടതും അത്രയും നേരം ദേവയെ നോക്കി നിന്നവന്റെ മനസ്സിലേക്ക് മറ്റൊരു പെൺകുട്ടിയുടെ രൂപം കടന്നു വന്നു. ഞെട്ടിക്കൊണ്ട് മഹേന്ദ്രൻ ദേവയെ പിടിച്ച് മാറ്റി നിർത്തി ആ മുറിയിൽ നിന്നും നനഞ്ഞ വസ്ത്രത്തോടെ തന്നെ ഇറങ്ങി അവന്റെ മുറിയിലേക്ക് ധൃതിയിൽ നടന്നു കയറി വാതിൽ അടച്ചു.
അപ്പോഴും ദേവ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഇപ്പോഴും തന്റെ അണിവയറിൽ മഹേന്ദ്രന്റെ ഉള്ളംകൈയുടെ ചൂട് തങ്ങി നിൽക്കുന്നത് പോലെ ദേവക്ക് തോന്നുന്നുണ്ടായിരുന്നു.
മുറിയിൽ എത്തിയതും മഹേന്ദ്രന് തന്റെ ദേഷ്യം നിയന്ത്രിക്കുവാൻ സാധിച്ചില്ല. അവന്റെ മനസ്സിലേക്ക് പുഞ്ചിരിച്ചുകൊണ്ട് തന്റെ അടുക്കലേക്ക് ഓടിവരുന്ന അവന്റെ “മീരയുടെ” മുഖം ഓർമ്മ വന്നതും അവന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി.
”മഹി… മീര…”
അലറി കരഞ്ഞുകൊണ്ട് നനഞ്ഞ വസ്ത്രത്തോടെ തന്നെ ഇന്ദ്രൻ ചുമരിലൂടെ നിലത്ത് ഇരുന്ന് പൊട്ടിക്കരഞ്ഞു.
”എന്തിനാടി പെണ്ണേ നീ എന്നെ വിട്ടു പോയത്… ആാാാ…”
അതേസമയം തന്നെ ദേവയും ആകെ വല്ലാത്തൊരു അവസ്ഥയിലായി. ഒരു നിമിഷം അവൾ ആ നനഞ്ഞ വസ്ത്രത്തോടുകൂടി തന്നെ നിലക്കണ്ണാടിയുടെ മുന്നിലായി വന്നു നിന്നു. മുന്നിലെ തന്റെ പ്രതിബിംബം കാണുംതോറും ആ പ്രതിബിംബത്തിൽ കാണുന്ന പെൺകുട്ടി മറ്റാരോ ആണെന്ന് പോലും ദേവക്ക് തോന്നി.
അവളുടെ വെളുത്ത കഴുത്തിൽ കാണുന്ന ആ മഞ്ഞ ചരടിൽ കോർത്ത സ്വർണ്ണത്താലി അവൾ പതിയെ തന്റെ കൈകളാൽ ഒന്ന് എടുത്തുയർത്തി. ആ താലി കാണുംതോറും മഹേന്ദ്രന്റെ മുഖം അവളുടെ മനസ്സിൽ മിഴിവോടെ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
അവൾ പോലും അറിയാതെ ദേവയുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി. മഹേന്ദ്രനെ ഓർക്കുംതോറും ആ കണ്ണുനീർ അവൾക്ക് പിടിച്ചുനിർത്തുവാൻ സാധിച്ചില്ല. എന്തിനാണ് ഇപ്പോൾ താൻ കരയുന്നത് എന്നു പോലും അവൾക്ക് അറിയുന്നില്ലായിരുന്നു. പേരറിയാത്ത ഒരു നോവ് അപ്പോഴേക്കും ദേവയെ വല്ലാതെ കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു.
കഴുത്തിൽ കിടക്കുന്ന തന്റെ താലിക്ക് വല്ലാത്തൊരു ശക്തിയുള്ളതുപോലെ ദേവക്ക് തോന്നി. കഴുത്തിൽ കിടക്കുന്ന താലിയെ എടുത്തുയർത്തിക്കൊണ്ട് ദേവ കണ്ണാടി നോക്കിക്കൊണ്ട് സ്വയം ചോദിച്ചു.
”ഇത് വെറും ഒരു മാലയല്ലേ? പക്ഷേ ഇത് അഴിച്ചു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്തോറും തന്റെ ചങ്ക് പിടയുന്നത് എന്തുകൊണ്ടാണ്? തനിക്ക് ഹൃദയം മുറിഞ്ഞു ചോര കിനിയുന്നത് പോലെ വേദന വരുന്നത് എന്തുകൊണ്ടാണ്? അതിനുമാത്രം ഈ താലി എന്നെ സ്വാധീനിച്ചുവോ? ഇപ്പോൾ തന്റെ മനസ്സിൽ ജിത്തു ഇല്ല, അവനോട് ഭയം ഒന്നും തോന്നുന്നില്ല. കാരണം എന്തുകൊണ്ടാണ്?”
കണ്ണുനീർ പൊഴിച്ചു കൊണ്ട് തന്നെ കണ്ണടച്ചു നിന്നതും ദേവയുടെ മനസ്സിലേക്ക് പുഞ്ചിരിച്ചുകൊണ്ടുള്ള മഹേന്ദ്രന്റെ മുഖം മിഴിവോടെ തെളിഞ്ഞു വന്നു. ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്ന ദേവ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിപ്പോയി.
”ഇല്ല ഒരിക്കലുമില്ല. തനിക്കൊരു രക്ഷാകവചമായി ജിതേന്ദ്രൻ എന്ന രാക്ഷസനിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടാൻ വേണ്ടിയിട്ടുള്ള വെറും ഒരു വഴി മാത്രമാണ് ഈ വിവാഹം. അങ്ങനെ പാടുള്ളൂ ദേവാ, മറ്റൊരു തരത്തിൽ നീ ഒന്നും ചിന്തിച്ചു കൂട്ടുവാൻ നിൽക്കണ്ട.”
ഇതെല്ലാം പറയുമ്പോഴും തന്റെ സീമന്തരേഖയിൽ ചാർത്തിയ സിന്ദൂരത്തിലേക്കും കഴുത്തിലെ മഞ്ഞ ചരടിൽ ചാർത്തിയ താലിയിലേക്കും നോക്കി ദേവ കണ്ണുനീർ പൊഴിച്ചു കൊണ്ടേയിരുന്നു.
നാഗരൂർ കോവിലകം
”തമ്പുരാനേ…”
”ആ എന്തായി വൈദ്യരെ? എത്ര വർഷങ്ങളായി എന്റെ കുട്ടി ഈ കിടപ്പ് കിടക്കുവാൻ തുടങ്ങിയിട്ട്! ഇനിയെങ്കിലും എന്തെങ്കിലും മാറ്റം ഉണ്ടാകുവാൻ സാധ്യതയുണ്ടോ?”
നാഗരൂർ കോവിലകത്തെ തമ്പുരാൻ മഹാദേവ വർമ്മ തന്റെ വിശ്വസ്തനും കൊട്ടാരവൈദ്യനുമായ ഗോപാലൻ വൈദ്യരോടായി ചോദിച്ചു.
”അത് പിന്നെ തമ്പുരാനേ, പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നമ്മൾ അവസാനത്തെ ശ്രമം എന്ന വണ്ണം തുടങ്ങിയതാണ് ഈ ആയുർവേദ ചികിത്സ. ഇതിനു മുന്നേ അലോപ്പതിയും നോക്കിയതല്ലേ? ഒരു മാറ്റവും ഇല്ലാത്തതുകൊണ്ടാണ് എന്റെ ഗുരുവും ആയുർവേദത്തിൽ അഗ്രഗണ്യനുമായ സ്വാമിജി ദേവാനന്ദ സ്വാമികളുടെ കീഴിൽ ഈ ചികിത്സ ഇപ്പോൾ നടത്തുന്നത് തന്നെ. മൂന്നുമാസം ആവുന്നതേയുള്ളൂ തമ്പുരാനേ കൊച്ചു തമ്പുരാട്ടിക്ക് ചികിത്സ തുടങ്ങിയിട്ട്. പെട്ടെന്നൊന്നും ഒരു മാറ്റം കാണുക എന്നത് അസംഭവ്യം ആണെന്ന് സ്വാമിജി തന്നെ അങ്ങയോട് പറഞ്ഞിട്ടുള്ളതല്ലേ?”
ഒന്നോ രണ്ടോ വർഷമല്ല, 20 വർഷമായി കൊച്ചുതമ്പുരാട്ടി കോമയിലാണ്. ഒരു നിമിഷം വൈദ്യർ സ്വാമിജി പറഞ്ഞത് ഓർത്തെടുത്തു.
”എടോ ഗോപാലാ, ആ കൊച്ചു തമ്പുരാട്ടിയുടെ ശരീരത്തിൽ എന്തോ ഒരുതരം വിഷം കലർന്നിട്ടുണ്ട്. അതുകൊണ്ടാണ് അവർ ഇത്രയും കാലം കോമയിൽ നിന്നും ഉണരാത്തത്.”
”വൈദ്യരെ, താനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്?” തമ്പുരാൻ വൈദ്യരോട് ചോദിച്ചു.
”അത് പിന്നെ തമ്പുരാനേ, അവിടുന്ന് ഒന്നുകൊണ്ടും വിഷമിക്കേണ്ട. എല്ലാം ശരിയാകും. ഒന്നുമില്ലെങ്കിലും നമ്മുടെ മഹേശ്വരി തമ്പുരാട്ടി ആരോടും ഒരു ഉപദ്രവം മനസ്സുകൊണ്ട് ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ തമ്പുരാട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ ഞാൻ അങ്ങോട്ട്…”
”ആ പൊയ്ക്കോളൂ!”
തമ്പുരാൻ ഒരല്പം പണം എടുത്ത് വൈദ്യർക്ക് നൽകിക്കൊണ്ട് അയാളോട് പറഞ്ഞു.
”എന്നാലും എന്റെ ദേവീ, ഈ വീട്ടിലെ ആകെയുള്ള ഒരു പെൺതരിയാണ്. അവൾക്ക് ഈ ഒരു അവസ്ഥ വന്നല്ലോ…”
കണ്ണുകൾ നിറച്ചുകൊണ്ട് മഹേശ്വരിയെ നോക്കി തമ്പുരാൻ വർമ്മ ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി.
തുടരും…
