താണ്ഡവം ഭാഗം 18

തന്റെ മറുപടിക്ക് കാത്തുനിൽക്കുന്ന ജിത്തുവിനെ വാസുദേവൻ അല്പസമയം നോക്കി നിന്നു. പിന്നീട് കായലിലേക്ക് നോക്കിക്കൊണ്ട് വാസുദേവൻ ജിത്തു കേൾക്കുവാനായി പറഞ്ഞു.
​”മോനേ ജിത്തു, നിന്റെ അപ്പച്ചി അതായത് എന്റെ സഹോദരി ശ്രീകല, അവളെ ഇപ്പോഴും എനിക്ക് തികച്ചും മനസ്സിലായിട്ടില്ല. ദേവ അവളുടെ മകളല്ല എന്നുള്ള സത്യം മാത്രമേ എനിക്ക് അറിയുകയുള്ളൂ. എന്തിനു പറയുന്നു, ശ്രീകലയുടെ ഭർത്താവ് വസിഷ്ഠയിലെ അംഗമാണെന്നുള്ള കാര്യം കൂടി ഞാൻ അറിയുന്നത് ശ്രീകല തിരിച്ച് ഭർത്താവ് മരിച്ചതിനുശേഷം നമ്മുടെ തറവാട്ടിൽ വന്നതിനുശേഷം ആണ്. അപ്പോഴും അവൾ എന്തൊക്കെയോ എന്നിൽ നിന്ന് മറക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു.”
​”ഒരു ദിവസം നിൽക്കക്കള്ളിയില്ലാതെ അവൾ എന്നോട് ഒരു കാര്യം മാത്രം പറഞ്ഞു, ദേവ അവളുടെ മകളല്ല എന്ന്. സത്യത്തിൽ ആ ഒരു സത്യം അവൾ എന്നോട് പറയാനുള്ള കാരണം അവൾ തന്നെയാണ്. കാരണം ലോകത്ത് ഒരു അമ്മയും തന്റെ കുഞ്ഞിനെ മുലയൂട്ടാതിരിക്കില്ല. ഞാൻ പലപ്പോഴായി കണ്ടിട്ടുണ്ട് ശ്രീകല നേരാവണ്ണം ദേവയേ ശ്രദ്ധിക്കുകയോ പാൽ ഊട്ടുകയോ ചെയ്തിട്ടില്ല. എന്തിന് പറയുന്നു കുഞ്ഞ് നിലത്തിരുന്നു കരഞ്ഞാൽ പോലും അവൾ അതിന് ശ്രദ്ധ കൊടുക്കാതെ കട്ടിലിൽ കയറി കിടന്നുകൊണ്ട് മാഗസിൻ വായിക്കുന്നത് പലപ്പോഴും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.”
​”സത്യത്തിൽ കുഞ്ഞു ദേവയെ കാണാൻ എന്ത് നല്ല ഭംഗിയുണ്ടായിരുന്നു അല്ലേ മോനേ? അതുപോലെ വെളുത്ത തുടുത്ത കുഞ്ഞിനെ കാണുമ്പോൾ ആരായാലും ഒന്ന് നോക്കി പോകും. വാത്സല്യത്തിൽ അന്ന് എനിക്കും ആ കുഞ്ഞിനോട് വല്ലാത്ത സഹാനുഭൂതി തോന്നി. അതുകൊണ്ട് തന്നെയാണ് അല്പം ദേഷ്യത്തോടെ തന്നെ ഞാൻ അവളോട് കുഞ്ഞിനെ നോക്കാത്തതിൽ ശകാരിച്ചത്.”
​”അന്ന് തറവാട്ടിൽ വച്ച് അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഒരു ദിവസം ഞങ്ങൾ രണ്ടുപേരും ഒന്ന് പുറത്തു പോയപ്പോൾ അവൾ എന്നോട് സത്യം പറഞ്ഞു, ദേവ അവളുടെ മകളല്ല എന്ന്. സത്യത്തിൽ ഞാൻ കരുതി ദേവ അവളുടെ മകളല്ലെങ്കിൽ അവൾ എവിടെ നിന്നെങ്കിലും ദത്തെടുത്തതായിരിക്കാം ആ പെണ്ണിനെ എന്നാണ്. പക്ഷേ അങ്ങനെയല്ല, ദേവ വസിഷ്ഠമാൻഷ്യനിലെ സുദേവന്റെ മകളാണെന്ന് അവൾ തീർത്തു പറഞ്ഞതും പിന്നീട് ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ അപ്പോഴും എനിക്ക് മനസ്സിലാകാത്തത് സുദേവന്റെ മകളാണെങ്കിൽ അപ്പോൾ ശ്രീകലയായിരിക്കില്ലേ അവളുടെ അമ്മ? അങ്ങനെയല്ലേ വേണ്ടത്? ഞാൻ എന്റെ മനസ്സിലെ ചോദ്യം അവളോട് ചോദിക്കാതിരുന്നില്ല, പക്ഷേ…”
​ഒരു നിമിഷം വാസുദേവൻ മൗനം പാലിച്ചുകൊണ്ട് ജിത്തുവിനെ തന്നെ നോക്കി നിന്നു. ഇത് കണ്ടതും ജിത്തുവിന് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അവൻ ഓടിച്ചെന്ന് വാസുദേവന്റെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു.
​”പക്ഷേ, പറ അച്ഛാ…”
​”പക്ഷേ മോനേ, അവൾ എന്നോട് പറഞ്ഞത് അതിനെക്കുറിച്ച് ഒന്നും ഏട്ടൻ അറിയേണ്ട ആവശ്യമില്ല, അറിയേണ്ട സമയത്ത് ഞാൻ ഏട്ടനോട് എല്ലാം പറയുന്നതായിരിക്കും എന്നാണ്. സത്യത്തിൽ അപ്പോഴത്തെ അവളുടെ മുഖഭാവം കണ്ടതും പിന്നീട് എനിക്കൊന്നും ചോദിക്കാൻ കഴിഞ്ഞില്ല. നീ കരുതുന്ന പോലെ ശ്രീകല ഒരു സാധാരണ സ്ത്രീയല്ല. എന്റെ അച്ഛൻ എന്ന് പറയുന്ന മനുഷ്യൻ അവളെ പല ആയോധനകലകളും പഠിപ്പിച്ചിട്ടുണ്ട്. ആയുർവേദത്തിൽ അവൾക്ക് നല്ല ജ്ഞാനമാണ്. ബുദ്ധികൊണ്ടും ശക്തികൊണ്ടും അവളെ തോൽപ്പിക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. നീ ഇപ്പോൾ കാണുന്ന ശ്രീകലയല്ല യഥാർത്ഥ ശ്രീകല. അവൾക്ക് മറ്റൊരു മുഖമുണ്ട്. ഇന്നലെ തന്നെ നീ അവളുടെ മുന്നിൽ ഒന്ന് പതറിയത് ഞാൻ കണ്ടതാണ്.”
​വാസുദേവൻ ജിത്തുവിനെ ഒന്ന് പുച്ഛിച്ചുകൊണ്ട് തുടർന്നു.
​”ഏതായാലും എന്റെ മോൻ ഭാഗ്യവാനാണ്. ആ ദേവഭദ്രയെ നിനക്ക് തരാം എന്ന് അവൾ വാക്ക് നൽകിയിട്ടുണ്ടെങ്കിൽ ഏതുവിധേനയും നിനക്ക് ദേവയെ കിട്ടുക തന്നെ ചെയ്യും. കാരണം വാക്കു പറഞ്ഞിരിക്കുന്നത് ശ്രീകലയാണ്, അതുകൊണ്ട് മാത്രം. ഇനിയിപ്പോൾ ദേവഭദ്ര ശ്രീകലയുടെ മകളായാലും അല്ലെങ്കിലും നമുക്ക് അതൊന്നും അറിയേണ്ട ആവശ്യമേയില്ല. കാരണം കോടിക്കണക്കിന് ആസ്തിയാണ് വസിഷ്ഠയിൽ തന്നെ അവൾക്കുള്ളത്. അത് മാത്രമല്ല എന്റെ അച്ഛനും അവളുടെ പേരിൽ ഒരുപാട് സ്വത്തുക്കൾ എഴുതി വച്ചിട്ടുണ്ട്. അവളെ വിവാഹം കഴിച്ചാൽ അവളിലൂടെ നിനക്കാ സ്വത്തുകൾ എല്ലാം നേടാം. അത് മാത്രമല്ല ഇനി നിനക്ക് അവളെ മടുത്തെങ്കിൽ അങ്ങ് കൊക്ക്, എന്നാൽ പോലും ചോദിക്കാൻ ഒരു പകളും വരില്ല. ആകെ ഭയപ്പെടേണ്ടത് ശ്രീകലയെയാണ്. അവൾ തന്നെ നിന്നോട് പറഞ്ഞല്ലോ ദേവ അവളുടെ മകളല്ല എന്ന്, അപ്പോൾ പിന്നെ ആ ഭയവും വേണ്ട.”
​”എന്തായാലും കാത്തിരിക്കാം ജിത്തു, അല്ലാതെ വേറെ വഴിയില്ല. ശ്രീകല മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ കൂട്ടുന്നുണ്ട്. നമ്മൾ അവളുടെ കൂടെ ഒന്ന് നിന്നു കൊടുത്താൽ മതി, ബാക്കി കാര്യങ്ങളെല്ലാം അവൾ ചെയ്തോളും.”
​വാസുദേവൻ ജിതേന്ദ്രനോട് അത്രയും പറഞ്ഞതും അവനും തോന്നി അച്ഛൻ പറഞ്ഞതിലും കാര്യമുണ്ടെന്ന്. പക്ഷേ അപ്പോഴും മഹേന്ദ്രന്റെ മുറുകിയ മുഖം ജിത്തുവിന്റെ മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു പോയിരുന്നു. അവനെ കൊ***നുള്ള ദേഷ്യം അപ്പോഴും ജിതേന്ദ്രന്റെ കണ്ണുകളിൽ വാസുദേവന് കാണുവാൻ സാധിച്ചു.
​”മോനേ ഇന്ദ്രാ…”
​”എന്താ അമ്മേ?”
​തന്റെ മുറിയിലേക്ക് വന്ന സൗഭാഗ്യയെ നോക്കി മഹേന്ദ്രൻ ചോദിച്ചു.
​”അത് പിന്നെ മോനേ, ദേവ മോളുടെ ബാത്റൂമിലെ ഷവർ വർക്ക് ചെയ്യുന്നില്ല എന്ന് അവൾ പറഞ്ഞിരുന്നു. നീ ഓഫീസിലേക്ക് പോകുമ്പോൾ അവിടുത്തെ പ്യൂൺ രാഘവനോട് ഒന്ന് പറയുമോ ഒന്ന് ഇവിടേക്ക് വരാൻ? അയാൾക്ക് ആദ്യം പ്ലംബിംഗ് അല്ലായിരുന്നോ ജോലി? ഇതിന് മുന്നേയും ഇവിടെ പല വർക്കുകൾ ചെയ്യുവാനും അയാൾ വന്നിരുന്നു.”
​”അതിനെന്തിനാ അമ്മേ രാഘവേട്ടനെ ബുദ്ധിമുട്ടിക്കുന്നത്? ചിലപ്പോൾ ചെറിയ എന്തെങ്കിലും പ്രശ്നം ആയിരിക്കും. ഞാൻ നോക്കിക്കോളാം.”
​”ആരെങ്കിലും നോക്കിയാൽ മതി. മോൾ ഇന്ന് പറയുന്നത് കേട്ടു ഷവർ വർക്ക് ചെയ്യുന്നില്ല എന്ന്. നീ എന്നാൽ ഫ്രീ ആകുമ്പോൾ ഒന്ന് കയറി നോക്ക് എന്താ പ്രശ്നം എന്ന്.” അത്രയും പറഞ്ഞ് സൗഭാഗ്യ പുറത്തേക്കിറങ്ങി പോയി.
​അല്പസമയം കൂടി ലാപ്ടോപ്പിൽ ഇരുന്ന് തന്റെ വർക്കുകൾ എല്ലാം ചെയ്തു തീർത്ത മഹേന്ദ്രൻ പുറത്തേക്കിറങ്ങി. ദേവയുടെ മുറിയുടെ മുന്നിലൂടെ പോകുമ്പോഴായിരുന്നു നേരത്തെ സൗഭാഗ്യ പറഞ്ഞ കാര്യം അവന് ഓർമ്മ വന്നത്. മഹേന്ദ്രൻ നേരെ ദേവയുടെ മുറിയുടെ മുൻപിൽ ചെന്ന് ഡോറിനൊന്നു കൊട്ടി.
​വാതിൽ തുറക്കുന്നില്ല എന്ന് കണ്ടതും അവൻ പതിയെ ഡോർ തുറന്ന് അകത്ത് കയറി. അകത്ത് ദേവ ഇല്ല എന്ന് മനസ്സിലായ മഹേന്ദ്രൻ, പിന്നെ മറ്റൊന്നും നോക്കാതെ ദേവയുടെ മുറിയുടെ ബാത്റൂം ഡോർ തുറന്ന് അകത്ത് കയറി ഷവർ പരിശോധിക്കുവാൻ തുടങ്ങി.
​ഞായറാഴ്ച ആയതുകൊണ്ട് തന്നെ ദേവ വരുണിന്റെ കൂടെ അമ്പലത്തിൽ പോയതായിരുന്നു. തിരികെ എത്തുമ്പോൾ രണ്ടുപേർക്കും നല്ല വിശപ്പുണ്ട്. അതുകൊണ്ടുതന്നെ വരുൺ നേരെ ടേബിളിലേക്കിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.
​”അയ്യേ, ഏട്ടൻ കൈ കഴുകുകയോ ഡ്രസ്സ് ചേഞ്ച് ചെയ്യുകയോ ചെയ്യുന്നില്ലേ?” അവനെ നോക്കിക്കൊണ്ട് ദേവ ചോദിച്ചു.
​അത് കേട്ടതും വരുൺ അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു, “ഹോ പിന്നെ! ഇവിടെ മനുഷ്യൻ വിശന്നു കുടല് കരിഞ്ഞിരിക്കുകയാണ്. അപ്പോഴാണ് അവളുടെ കൈകഴുകലും ഡ്രസ്സ് ചേഞ്ച് ചെയ്യലും. വേണമെങ്കിൽ വന്നിരുന്നു കഴിക്കെടി കുട്ടി തേവാങ്കേ…”
​വരുൺ ദേവയെ നന്നായി ഒന്ന് പുച്ഛിച്ചുകൊണ്ട് ഇഡ്ഡലി സാമ്പാറിൽ മുക്കി വായിലേക്ക് കുത്തി കയറ്റി. ഇതെല്ലാം കണ്ട് തൊട്ടടുത്തിരിക്കുന്ന അർജുൻ അറിയാതെ ചിരിച്ചു പോയി. രണ്ടുപേരെയും നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് ദേവ നേരെ മുകളിലേക്ക് ഓടിക്കയറി.
​സത്യത്തിൽ അവൾക്ക് നല്ല വിശപ്പുള്ളതുകൊണ്ടുതന്നെ ദേവ അല്പം വേഗത്തിലാണ് തന്റെ മുറിയിലേക്ക് കയറിയത്. മുറിയിലേക്ക് കയറിയതും വാതിലടച്ച് കുറ്റിയിട്ട്, മാറിൽ നിന്ന് നേരിയത് ഊരിയെടുത്ത് അവൾ ബെഡിലേക്ക് എറിഞ്ഞു.
​”ഹോ! എന്തൊരു ആശ്വാസം. ഇതൊക്കെ ചുറ്റിക്കെട്ടി പോവുക എന്ന് പറഞ്ഞാൽ തന്നെ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്റെ കണ്ണാ…”
​മുകളിലേക്ക് നോക്കി ഭഗവാനോട് അത്രയും പറഞ്ഞു മുടിയെല്ലാം അമ്മക്കെട്ട് കെട്ടിവെച്ചു. ദേവ നേരെ ബാത്റൂമിലേക്ക് കയറി വാതിൽ ചേർത്തടച്ച് മുന്നിലേക്ക് നോക്കിയതും, പിറകിൽ ഡോർ അടയുന്ന ശബ്ദം കേട്ട് മഹേന്ദ്രൻ തിരിഞ്ഞു ദേവയെ നോക്കിയതും ഒരേ സമയമായിരുന്നു.
​തുടരും…

Leave a Reply

You cannot copy content of this page