താണ്ഡവം ഭാഗം 6

മഹേന്ദ്രൻ സാറിന്റെ സ്വഭാവം പോലെയല്ല മഹേന്ദ്രന്റെ അമ്മ സൗഭാഗ്യക്ക് എന്നവരുമായി അടുത്തിടപഴകിയപ്പോൾ ദേവക്ക് തോന്നി….

അർജുന്റെയും വരുണിന്റെയും അമ്മ മഹേശ്വരി അമ്മയെ പോലെ തന്നെയാണ് സൗഭാഗ്യയും വളരെ പതിഞ്ഞ പ്രകൃതം തന്നെ ഒരു മകളെ പോലെയാണ് അവർ കാണുന്നത് എന്ന് പലപ്പോഴും ദേവക്ക് തോന്നിയിരുന്നു..

സത്യത്തിൽ സ്വന്തം അമ്മയിൽ നിന്നും  ലഭിക്കാത്ത സ്നേഹം ആ കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്നെ സൗഭാഗ്യയിൽ നിന്നും മഹേശ്വരിയിൽ നിന്നും ദേവിക്ക് ലഭിച്ചു തുടങ്ങിയിരുന്നു…

ആദ്യം ഉണ്ടായിരുന്ന ദേവയിൽ നിന്നും തിർത്തും മാറി അവളിപ്പോൾ ആ വീട്ടിലെ എല്ലാവരും ആയി ചിരിച്ചു സംസാരിക്കാറുണ്ട്… പക്ഷേ മഹേന്ദ്രനെ പേടിയാണ് അതുകൊണ്ട് തന്നെ അവന്റെ മുറിയിലേക്ക് പോകാറില്ല…

രാത്രിയിൽ കിടക്കാൻ വേണ്ടി ദേവ മുകളിലേ മുറിയിലേക്ക് പോകുവാൻ ഒരുങ്ങുമ്പോഴാണ് സൗഭാഗ്യ ഒരു ജഗിൽ വെള്ളവുമായി അവളുടെ അരികിലേക്ക് വന്നത്..

മോളെ മോൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഈ ജഗ് ഒന്ന് ഇന്ദ്രന്റെ മുറിയിലേക്ക് വെക്കാമോ എനിക്കാണെങ്കിൽ കലശലായ മുട്ടുവേദന സ്റ്റെപ്പ് കയറിയാൽ അത് ചിലപ്പോൾ അധികമാകും അതുകൊണ്ടാണ്…

അതിനെന്താ അമ്മേ ഇങ്ങ് തന്നേക്കു ഞാൻ വെച്ചു കൊള്ളാം സാറിന്റെ മുറിയിൽ..

അതും പറഞ്ഞ് ദേവ സൗഭാഗ്യയുടെ കയ്യിൽ നിന്ന് ജഗ് വാങ്ങി നേരെ മുകളിലേക്ക് കയറിപ്പോയി…

ഒരു നിമിഷം സൗഭാഗ്യ ദേവ പോകുന്നത് നോക്കി നിന്നു പിന്നീട് അവർ തിരിഞ്ഞ്  അവരുടെ  മുറിയിലേക്ക് പോകുമ്പോൾ അവരുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു  ..

മഹേന്ദ്രന്റെ മുറിയുടെ മുൻപിൽ എത്തിയതും ദേവയ്ക്കാകെ വല്ലാത്തൊരു പരവേശം തോന്നി… അത്രയും നേരമില്ലാത്ത ഒരു പരിഭ്രമം അവളുടെ മനസ്സിൽ ഉടലെടുത്തു..

ഇപ്പോൾ ഏകദേശം രണ്ട് ദിവസത്തോളമായി മഹേന്ദ്രൻ സാർ പുറത്തേക്ക് ഇറങ്ങിയിട്ട് എന്ന് അവൾ ഓർത്തു.. ഇതുവരെയായിട്ടും താനൊന്ന് ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലല്ലോ എന്നോർത്തതും അവൾക്ക് സങ്കടമായി പക്ഷേ അതിന്റെ കാരണം മറ്റൊന്നും കൊണ്ടല്ല അവനെ ഫേസ് ചെയ്യുവാനുള്ള ബുദ്ധിമുട്ട് തന്നെയായിരുന്നു…

ഒരു നിമിഷം കൂടെ അവിടെനിന്ന് ദീർഘശ്വാസം വലിച്ചുവിട്ട ദേവ പതിയെ മുറിയുടെ വാതിൽ തുറന്ന് അകത്തു കയറി..

അവൾ വാതിൽ തുറന്ന് മുന്നോട്ട് നോക്കിയതും മഹേന്ദ്രൻ വാതിലിന്റെ ഭാഗത്തേക്ക് നോക്കിയതും ഒരേ സമയമായിരുന്നു… രണ്ടുപേരുടെയും കണ്ണുകൾ ഒന്നിടഞ്ഞു…

അവൾ നോക്കുമ്പോൾ അവൻ എന്തോ പുസ്തകം വായിച്ചു ഇരിക്കുകയാണ്..

അത് അത് പിന്നെ ഞാൻ വെള്ളം തരാൻ വേണ്ടി ഭാഗ്യമ്മ പറഞ്ഞതാണ്….

ആദ്യം അവന്റെ മുഖത്തേക്കും പിന്നെ താഴേക്ക് നോക്കിക്കൊണ്ട് അത്രയും പറഞ്ഞ് ദേവ മഹേന്ദ്രന്റെ തൊട്ടരികയിലായി കാണുന്ന ടേബിളിന് മുകളിൽ വെള്ളം വെച്ച് വേഗം പുറത്തേക്ക് ഇറങ്ങുവാൻ ഒരുങ്ങി…

ഡീീീ!!!!!

അവന്റെ അലർച്ചയിൽ പെണ്ണ് ഞെട്ടി കൊണ്ടു തിരിഞ്ഞ് അവനെ തന്നെ നോക്കി നിന്നു…

എന്നെ ഈ അവസ്ഥയിൽ ആക്കിയ നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട അന്ന് രാത്രി നിന്നോട് ഞാൻ അല്പം ഹാർഷായി സംസാരിച്ചത് കൊണ്ട് നീ എനിക്കിട്ട് മറുപണി തന്നതല്ലേ കുട്ടിതേവാങ്കെ…

അയ്യോ ഞാൻ ഒന്നും അറിഞ്ഞില്ല….നിലത്ത് വെള്ളം…

നിർത്തെടി നിന്റെ ഒരു വെള്ളം ആ വെള്ളം തുലഞ്ഞ വെള്ളം കാരണം എന്റെ നടുവല്ലേടി വെട്ടിയത് അന്നേരം ഞാൻ പിന്നെ നിന്റെ പേര് പറയാതെ ഇരുന്നത് മനപ്പൂർവം തന്നെയാണ്  ഞാനൊന്നു ഇവിടെ നിന്ന് എഴുന്നേൽക്കട്ടെ ഈ മഹേന്ദ്രൻ ആരാണെന്ന് നീ കാണാൻ പോകുന്നതേയുള്ളൂ…

അത്രയും നേരം ദേവയുടെ മനസ്സിൽ ഉണ്ടായിരുന്ന മഹേന്ദ്രന്റെ  വിഗ്രഹം അതോടുകൂടി ഉടഞ്ഞു പോയി…

എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത് ഇറങ്ങിപ്പോടി എന്റെ മുറിയിൽ നിന്ന്!!!!

അവന്റെ അലർച്ച കൂടി ആയതും ദേവ ഞെട്ടി കൊണ്ട് കണ്ണുകൾ നിറച്ച് അവനെ നോക്കി ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയി….

ഇതുവരെ മഹേന്ദ്രന്റെ നേർക്കുനേർ നിൽക്കുവാൻ പോലും ആരും ഒന്നും വിറക്കും ആ എന്നെയാണ് ഒരു നരുന്ത് പെണ്ണ് വീഴ്ത്തിയത് … കാണിച്ചു തരാടി നിന്നെ ഞാൻ നീ എന്റെ കോളേജിലേക്ക് തന്നെയല്ലേ വരുന്നത്…

വലിഞ്ഞു മുറുകിയ  മുഖത്തോടെ മഹേന്ദ്രൻ അത്രയും പറഞ്ഞു തന്റെ ഇടതു കൈ ദേഷ്യത്താൽ  ചുരട്ടിപ്പിടിച്ചു ബെഡിൽ ഊക്കോടെ ഇടിച്ചു…..

പിറ്റേന്ന് എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ദേവ എല്ലാവരെയും നോക്കിക്കൊണ്ട് ചോദിച്ചു..

എനിക്കൊരു കൂട്ടം പറയുവാൻ ഉണ്ടായിരുന്നു..

തലതാഴ്ത്തിക്കൊണ്ട് അവൾ പറയുന്നത് കേട്ടതും എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു

എന്താ മോളെ..

എല്ലാ അത് പിന്നെ എന്റെ മുറിവെല്ലാം ഉണങ്ങി. ഞാൻ എന്നാൽ നാളെ ഹോസ്റ്റലിലേക്ക് മാറിക്കോട്ടെ…

അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന എല്ലാവരുടെയും മുഖം ഒന്നും മങ്ങി…

അല്പസമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല പിന്നീട് ഒരു സംസാരത്തിന് തുടക്കം ഇട്ടത് മഹേന്ദ്രന്റെ  അച്ഛനാണ്..

മോളെ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് മോൾ ഇപ്പോൾ ഹോസ്റ്റലിലേക്ക് പോകുന്നത് അത്ര പന്തിയല്ല കാരണം ആരൊക്കെയോ അതായത് ഗുണ്ടകൾ എന്ന് തോന്നിക്കുന്ന കുറച്ചുപേർ വന്ന് ഹോസ്റ്റലിൽ നീ അവിടെയാണോ താമസം എന്ന് ചോദിച്ചിരുന്നു എന്ന് സെക്യൂരിറ്റി വഴി വാർടൻ പറഞ്ഞു ഞാനറിഞ്ഞു…

മോൾക്ക് അവർ ആരാണെന്ന് വല്ല അറിവും ഉണ്ടോ

ഒരു നിമിഷം മഹേന്ദ്രന്റെ അച്ഛൻ അങ്ങനെ ചോദിച്ചതും ദേവാ ഞെട്ടിക്കൊണ്ട് ഭയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി…

ദേവയുടെ മുഖത്തെ ഭയം കണ്ടതും കാര്യം അല്പം പന്തിയല്ല എന്ന് എല്ലാവർക്കും തോന്നി…

ജിത്തുവിന്റെ മുഖം ഓർമ്മയിലേക്ക് വരുംതോറും ദേവയുടെ ശരീരമെല്ലാം വെട്ടിവിയർത്തുപോയി…

ഇത് കണ്ട സൗഭാഗ്യ ഓടിവന്നവളുടെ മുഖം തഴുകികൊണ്ട് ചോദിച്ചു…

അയ്യോ എന്തുപറ്റി മോളെ നീ എന്തിനാ ഇങ്ങനെ വിയർക്കുന്നത്… മോൾക്ക് മോൾക്കാരെയെങ്കിലും പേടിയുണ്ടോ… എന്തുണ്ടെങ്കിലും ഞങ്ങളോട് പറയൂ ഞങ്ങൾക്ക് സഹായിക്കാൻ പറ്റുന്നതാണെങ്കിൽ ഞങ്ങൾ തീർച്ചയായും നിന്നെ സഹായിക്കും…

സൗഭാഗ്യ ഉറപ്പോടെ പറഞ്ഞതും വരുണും അർജ്ജുനും അവളെ നോക്കിക്കൊണ്ട് തലയാട്ടി…

ഈ കുറഞ്ഞ ദിവസം കൊണ്ട് ദേവയെ ഇരുവർക്കും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു ഒരുപക്ഷേ ഒരു അനിയത്തി ഇല്ലാത്തതു കൊണ്ടായിരിക്കാം അവളെ കാണുമ്പോൾ അവർക്ക് വല്ലാത്ത ഒരു സ്നേഹം തോന്നുന്നുണ്ടായിരുന്നു…

ദേവ പറയുന്നത് കേൾക്കാൻ വേണ്ടി എല്ലാവരും ഹാളിലായി വന്നിരുന്നു..

സത്യത്തിൽ അവൾക്കും എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്ന് അറിയുന്നില്ലായിരുന്നു…

പിന്നീട് ദേവ എന്തോ പറയുവാൻ വേണ്ടി ഒരുങ്ങുമ്പോഴാണ് കോണിങ് ബെല്ലിന്റെ ശബ്ദം കേട്ടത്..

  ചെ!!!!ഈ സമയത്ത് ഇതിപ്പോൾ ആരാണ്?

ദേവ പറയുന്നത് കേൾക്കുവാൻ പറ്റാത്തതിന്റെ മുശിച്ചിലോടെ തന്നെ അർജുൻ എഴുന്നേറ്റ് ചെന്ന് മെയിൻ ഡോർ തുറന്നു. എന്നാൽ മുന്നിൽ നിൽക്കുന്ന മധ്യവയസ്കനായ ആളെ അർജുന് മനസ്സിലായില്ല എന്നാൽ പിറകിൽ നിന്നും അവന്റെ അച്ഛൻ ആ വ്യക്തിയുടെ പേര് വിളിച്ചതും ഞെട്ടിക്കൊണ്ട് ദേവാ വാതിലിന്റെ ഭാഗത്തേക്ക് നോക്കി പോയി..

മാധവ!!!!

മാധവനും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു  ആരെ തേടിയാണോ വന്നത് ആ വ്യക്തിയെ തന്റെ മുന്നിലായി കണ്ടതും അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി..

അത്രയും നേരം ഉണ്ടായിരുന്ന മനസ്സിലെ സംഘർഷങ്ങളെല്ലാം എവിടെക്കോ പോയി മറഞ്ഞത് പോലെ മാധവന്  തോന്നി..

മോളെ ദേവേ..

മാമേ!!!

ദേവ ഓടിവന്ന് മാധവനെ ഇറുകെ കെട്ടിപ്പുണർന്നു..

എന്റെ കുട്ടി പേടിപ്പിച്ചു കളഞ്ഞല്ലോ മോളെ നീ…

അയാൾ അവളുടെ തലമുടിയിൽ തലോടിക്കൊണ്ട്  പറഞ്ഞ് അവളെ ചേർത്തുപിടിച്ചു….

സത്യത്തിൽ ഇതെല്ലാം കണ്ട് വെങ്കിടേശ്വര മാൻഷനിലുള്ളവർ എല്ലാവരും തരിച്ചു നിൽക്കുകയായിരുന്നു…

മാധാവാ നിനക്കറിയുമോ ദേവ മോളെ…

അർജുന്റെ അച്ഛൻ ഹരിശങ്കറിന്റെ ചോദ്യത്തിലാണ് മാധവൻ ദേവയെ തന്നിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് അവരിലേക്ക് ശ്രദ്ധ ഊന്നിയത്..

കരഞ്ഞുകൊണ്ട് തന്നെ മാധവൻ  ഹരിശങ്കറിനെ നോക്കിക്കൊണ്ടു പറഞ്ഞു.. എടോ ഹരി ഇത് തന്റെ അനുജൻ സുദേവന്റെ മകളാണെടോ ദേവഭദ്ര

ഒരു നിമിഷത്തെ മാധവന്റെ തുറന്നുപറച്ചിൽ അവിടെയുള്ള എല്ലാവരും തരിച്ചു നിന്നുപോയി..

ഹരിശങ്കർ ഓർക്കുകയായിരുന്നു തന്റെ പൊന്നനുജൻ സുദേവനെ കുറിച്ച്..

ഏറ്റവും ഇളയവൻ ആയതുകൊണ്ട് അല്പം പുന്നാരിച്ചിട്ടാണ് അവനെ തന്റെ അച്ഛൻ വളർത്തിയത്.. യൗവനത്തിലേക്ക് കടന്നതും അവന് ഒരു പ്രണയമുണ്ടെന്നും ആ പെൺകുട്ടിയെ  മാത്രമേ അവൻ വിവാഹം കഴിക്കുകയുള്ളൂ എന്ന് അവൻ വാശിപിടിച്ചതും  അച്ഛൻ അവനെ ഈ വീട്ടിൽ നിന്നും പുറത്താക്കി..

പിന്നീട് സുദേവനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു…

അച്ഛന്റെയും അമ്മയുടെയും മരണശേഷം ഞാനും അവനെ തേടാത്ത സ്ഥലമില്ല അവസാനം അവൻ ഉള്ളടത്തിലേക്ക് ചെന്നതും ഞങ്ങൾക്കറിയാൻ സാധിച്ചത് അവൻ ഹൃദ്യഘാതം മൂലം മരിച്ചുപോയി എന്നാണ്..  ഒപ്പം അവന്റെ ഭാര്യ അവർക്ക് ജനിച്ച പെൺകുട്ടിയെയും കൊണ്ട് അവരുടെ നാട്ടിലേക്ക് പോയി എന്നും..

ഓർമ്മകളിൽ നിന്ന് തിരിച്ചെത്തിയത് പോലെ ഹരിശങ്കർ ഞെട്ടിക്കൊണ്ടു മാധാവനെ നോക്കിക്കൊണ്ട് ചോദിച്ചു..

മാധവാ നീ എന്റെ ആത്മസുഹൃത്ത് അല്ലേ എന്നിട്ടും നീ എന്തേ എന്നോട് ഈ കാര്യം ഒന്നും പറയാഞ്ഞത്..

ഹരി സത്യമായിട്ടും സുദേവൻ അളിയൻ ഈ തറവാട്ടിൽ ഉള്ളതാണെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു ഞങ്ങളും ശ്രീകലയെ അന്നത്തെ ബുദ്ധിമോഷത്തിന് തറവാട്ടിൽ നിന്നും ഇറക്കി വിട്ടതാണ് പക്ഷേ അവൾ പിന്നീട് വിധവയായി എന്ന് അറിഞ്ഞതും ഞങ്ങളുടെ അച്ഛൻ തന്നെയാണ് അവളെയും മോളെയും തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്…

പക്ഷേ അന്നൊന്നും അവൾ പറഞ്ഞിട്ടില്ലായിരുന്നു ദേവ മോളുടെ അച്ഛൻ വസിഷ്ഠാ മാൻഷ്യനിൽ ഉള്ള ആളാണെന്ന്…  എന്തിനു പറയുന്നു നിനക്ക് ഇങ്ങനെ ഒരു അനുജനുള്ള കാര്യം നീ എന്നോട് പറഞ്ഞിരുന്നൊ….

ഒരു നിമിഷം ശങ്കർ ആലോചിച്ചു ശരിയാണ് അച്ഛൻ അവനെ പുറത്താക്കിയതിനു ശേഷം ഞാൻ പോലും അവനെ മറന്നു പോയില്ലേ..

ഇന്നലെ എന്റെ മക്കൾ വഴിയാണ് ദേവ ഹോസ്റ്റലിൽ എത്തിയിട്ടില്ല എന്നുള്ള വിവരം ഞാൻ  അറിയുന്നത് അത് അറിഞ്ഞതും പിന്നെ ഒന്നും നോക്കിയില്ല ഒരു ആവശ്യത്തിന് വേണ്ടി തമിഴ്നാട്ടിലേക്ക് പോയാ ഞാൻ  അവിടെ നിന്നും ഇവിടേക്ക് തിരിച്ചാതാണ്…

ഇടയിൽ തന്നെ ദേവയെ അവിടെ നിർത്താൻ പറ്റാത്ത സാഹചര്യമായതുകൊണ്ട് അവളുടെ അച്ഛൻ വീട്ടുകാരെക്കുറിച്ച് ഞാൻ ഒരു ചെറിയ അന്വേഷണം നടത്തിയിരുന്നു…

ഞാൻ ഏൽപ്പിച്ച ആളുകൾ വഴി എനിക്ക്  ഇന്ന് ഏതാനും മണിക്കൂറുകൾക്കു മുന്നേയാണ് സുദേവൻ വസിഷ്ഠ ഫാമിലിയിലെ അംഗമാണ് എന്നുള്ള കാര്യം ഞാൻ അറിയുന്നതും… പിന്നെ ഒന്നും നോക്കിയില്ല നിന്നോട് സഹായം ചോദിക്കാൻ വേണ്ടി ഞാൻ ഓടി വന്നതാണ് ഇപ്പോൾ…..

ഏതായാലും എന്റെ കുഞ്ഞ് അവളുടെ സ്വന്തം അച്ഛൻ വീട്ടുകാരുടെ അടുത്ത് തന്നെ എത്തിച്ചേർന്നല്ലോ മഹാഭാഗ്യം ദൈവത്തിന് നന്ദി പറയുന്നു ഞാൻ..

മാധവൻ സന്തോഷത്തോടെ ഇതെല്ലാം പറയുമ്പോൾ ദേവയാകെ തരിച്ചു നിൽക്കുകയായിരുന്നു.

അവൾക്ക് സത്യത്തിൽ ഇതൊന്നും വിശ്വസിക്കാൻ കൂടെ സാധിക്കുന്നില്ലായിരുന്നു..

ദേവാ തരിച്ചു നിന്നുകൊണ്ട് എല്ലാവരെയും കണ്ണുകൾ നിറച്ചുകൊണ്ട് നോക്കി നിന്നു…

മോളെ നീ ഞങ്ങളുടെ സുദേവന്റെ പൊന്നുമോളാണോ..

അതും പറഞ്ഞ് ഹരിശങ്കറും അയാളോടൊപ്പം തന്നെ മറ്റു കുടുംബാംഗങ്ങളും അവളെ വന്നു സ്നേഹത്താൽ പൊതിഞ്ഞു..

ദേവക്ക് അപ്പോഴും ഒന്നും വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു അവൾ നിറഞ്ഞ കണ്ണുകളോടെ മാധവനെ നോക്കി..

ആ സമയം മാധവൻ അവളെ നോക്കി കണ്ണുകൾ ചിമ്മി പുഞ്ചിരിച്ചു…

അർജുനും വരുണുമെല്ലാം വല്ലാത്തൊരു സന്തോഷത്തിലായിരുന്നു തങ്ങൾക്കായി ഒരു കുഞ്ഞു പെങ്ങൾ..  അവരുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞു..

മാധവ തന്നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്തായാലും ഞങ്ങളുടെ കുട്ടിയെ ഒരു നോക്ക് കാണുവാനെങ്കിലും സാധിച്ചല്ലോ..

ഇപ്പോൾ താൻ ഭയപ്പെടേണ്ട അവൾ ഇവിടെ തന്നെ നിന്ന് പഠിക്കട്ടെ ശ്രീകലയോട് ഈ കാര്യമൊന്നു പറയണം..

എന്തിന്?

അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന മാധവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകുവാൻ അധികം നേരം വേണ്ടി വന്നില്ല..

എന്റെ സഹോദരി ആയതുകൊണ്ട് പറയുകയല്ല പിന്നീട് മാധവൻ പറഞ്ഞു തുടങ്ങി ശ്രീകലയുടെയും വാസുദേവന്റെയും അവരുടെ മകൻ ജിതേന്ദ്രൻ എന്ന ജിത്തുവിന്റെയും   സ്വഭാവവും ശ്രീകല ജിത്തുവുമായി     ദേവയുടെ വിവാഹം ഉറപ്പിച്ചതും എല്ലാം..

നീ എന്തൊക്കെയാണ് മാധവ പറയുന്നത് ശ്രീകല ദേവയുടെ സ്വന്തം അമ്മയല്ലേ അവൾക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ പെരുമാറാൻ സാധിക്കുന്നത്

കൃഷ്ണദാസ് അല്പം ദേഷ്യത്തോടെ തന്നെ മാധവനോട് ചോദിച്ചു..

എന്റെ സഹോദരി ആയതുകൊണ്ട് പറയില്ല  അസുരഗണങ്ങളാണ് തറവാട്ടിൽ ഉള്ളവർ എല്ലാവരും എനിക്കും ഭാര്യക്കും കുടുംബത്തിനും എങ്ങനെയെങ്കിലും അവിടെനിന്ന് ഇറങ്ങണമെന്ന് ഉള്ളൂ..

പ്രായമായ എന്റെ അമ്മയെ കരുതിയാണ് ഞാനിപ്പോൾ അവിടെ നിൽക്കുന്നത് പോലും..

ഏതായാലും ഞാൻ ഇറങ്ങട്ടെ കാറുമായിട്ടാണ് വന്നത് ആ ജിത്തു എന്റെ ഏട്ടന്റെ മകനാണ്  എന്നൊക്കെ ശരിയാണ് പക്ഷേ പറഞ്ഞിട്ട് കാര്യമില്ല അസുര ജന്മമാണ് അവൻ ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഏത് വിധേയനെയും അവൻ നേടിയെടുക്കുക തന്നെ ചെയ്യും ദേവ അവൻ ആഗ്രഹിച്ച പെൺകുട്ടിയാണ് അതുകൊണ്ട് അവളുടെ ജീവിതം നശിപ്പിക്കുക തന്നെ ചെയ്യും ആ രാക്ഷസൻ.

എനിക്ക് തടയുന്നതിന് ഒരു പരിമിതിയുണ്ട് അവന് ചെറിയച്ഛൻ എന്നോ സ്വന്ത ബന്ധങ്ങളോ ഒന്നുമില്ല..അവന്റെ മുന്നിൽ തടസ്സമായി നിൽക്കുന്നത് ആരാണോ അവൻ വെട്ടിമാറ്റുക തന്നെ ചെയ്യും..

അതുകൊണ്ട് ദേവയെ ഒരിക്കലും തിരിച്ചു തറവാട്ടിലേക്ക് എത്തിക്കാതെ ഇരിക്കുവാൻ നിങ്ങൾ പരമാവധി ശ്രമിക്കണം അതുപോലെ അവന്റെ കൺമുന്നിൽ ഒന്നും അവൾ ചെന്ന് പെടരുത്… ഇപ്പോഴും വെറിപ്പിടിച്ച് നായയെപ്പോലെ അവൻ കിടന്നു തേടുകയാണ് ദേവയെ..

തറവാട്ടിൽ നിന്നും അറിയാൻ സാധിച്ചത്  ദേവയെ കണ്ടുകിട്ടിയാൽ അടുത്ത ആഴ്ച തന്നെ ഇവരും ആയിട്ടുള്ള വിവാഹം ശ്രീകല നടത്തുമെന്നാണ്..

അതുകൊണ്ട് എന്റെ കുഞ്ഞിനെ രക്ഷിക്കണo ഒരു കാരണവശാലും അവളെ അവിടേക്ക് പറഞ്ഞയക്കരുത്..

കൈ കൂപ്പി മാധവൻ ഹരിയോട് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

താനിത് എന്താണ് പറയുന്നത് ദേവ പ്രായപൂർത്തിയായ പെൺകുട്ടിയാണ്.. ഇതുവരെ എന്റെ കുഞ്ഞു എവിടെയെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും എന്ന് കരുതിയിട്ടാണ് ഞങ്ങൾ  പിന്നെ അവളെ തേടി വരാഞ്ഞത് പക്ഷേ ഇപ്പോൾ തോന്നുന്നു  അല്പം നേരത്തെ വരണമായിരുന്നു എന്ന് ..

സാരമില്ല എല്ലാം ദൈവത്തിന്റെ വിധി..

എന്തായാലും ഇത്ര നേരമായില്ലേ താൻ ഇന്നിവിടെ നില്ക്കു നമുക്ക് നാളെ രാവിലെ സ്വസ്ഥമായി സംസാരിക്കാo ..

ഹരിശങ്കർ മാധവനെ നോക്കിക്കൊണ്ട് പറഞ്ഞു..

മാധവനും ആകെ വല്ലാതെ ക്ഷീണിതനായി മാറിയിരുന്നു ഒറ്റദിവസംകൊണ്ട് അയാൾ വല്ലാതെ ക്ഷീണിതനായ പോലെ ദേവയ്ക്കും തോന്നി എല്ലാം താൻ കാരണം അവളുടെ നെഞ്ചുവിങ്ങി അയാളെ കണ്ടപ്പോൾ..

ദേവ തന്റെ ചെറിയച്ഛനെ കെട്ടിപ്പുണർന്നു ആ നെഞ്ചിലേക്ക് ചാരി നിൽക്കുന്നത് തറവാട്ടിലുള്ള എല്ലാവരും അത്യധികം സന്തോഷത്തോടെ നോക്കി നിന്നു..

ഈ സമയം മുകളിലെനിലയിൽ നിന്നും താഴെ പറയുന്നതെല്ലാം കേട്ട് മഹേന്ദ്രനും ഉണ്ടായിരുന്നു അവിടെ..ആ സമയം അവന്റെ മുഖത്തെ ഭാവം എന്താണെന്ന് പക്ഷേ ആർക്കും മനസ്സിലായില്ല എന്ന് മാത്രം..

തുടരും….

Leave a Reply

You cannot copy content of this page