വീട്ടിൽ ബ്രെഡ് ഇരിപ്പുണ്ടോ എങ്കിൽ ഈ സ്നാക്കൊന്ന് ട്രൈ ചെയ്തു നോക്കൂ.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ആഹാരമാണ് ബ്രെഡ്. അതുകൊണ്ട് തെന്നെ മിക്കവാറും വീടുകളിലും ബ്രെഡ് വാങ്ങാറുണ്ട്. അപ്പോൾ ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് വളരെ ടേസ്റ്റിയായ സ്‌പൈസിയായ ഒരു പലഹാരം ഉണ്ടാക്കിയാലോ. ചായ തിളയ്ക്കുന്ന നേരം മതിയാകും ഈ സ്നാക്കും തയ്യാറാക്കാൻ. അപ്പോൾ നമുക്ക് ഈ കിടിലൻ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഇരുന്നൂറ് ഗ്രാം ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ പീസുകളായി മുറിക്കുക. ബോൺ ലെസ്സ് ചിക്കനാണ് എടുത്തിട്ടുള്ളത്. ശേഷം ചിക്കനിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ ഇഞ്ചി പേസ്റ്റും ചേർത്ത് കൊടുക്കുക.

ശേഷം അര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റും, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, ആവശ്യമായ ഉപ്പ്, കാൽ കപ്പ് തൈരും ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം ഒരു പാനിലിട്ട്‌ ചിക്കനെ ഷാലോ ഫ്രൈ ചെയ്തു എടുക്കുക. ശേഷം ബാക്കിയുള്ള എണ്ണയിൽ രണ്ട് സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി വാടി വന്ന സവാളയിലേക്ക് ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ ചിക്കൻ മസാലയും, കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി മൂപ്പിക്കുക. ഇനി മൂത്തു വന്ന മസാലയിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞത് ചേർത്ത് ഇളക്കുക.

ഇനി ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് മസാലയുമായി ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി തണുത്തു വന്ന മസാലയിലേക്ക് മൂന്നു ടീസ്പൂൺ മയോന്നൈസ് ചേർത്ത് ഇളക്കുക. ശേഷം എട്ട് സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ അരികിലുള്ള മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് സൈഡ് ഭാഗം മുറിച്ച ബ്രെഡിനെ ഒരു ചപ്പാത്തി കോള് കൊണ്ട് പരത്തുക. എല്ലാം ഇതുപോലെ പരത്തിയ ശേഷം ബ്രെഡിന്റെ സൈഡൊക്കെ ഒന്ന് മുറിച്ചു മാറ്റുക.

ശേഷം ബ്രെഡിനെ ഒരു കോൺ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ഇനി അറ്റത്തു കുറച്ചു വെള്ളം നനച്ചു ഒട്ടിച്ചു കൊടുക്കുക. ശേഷം ഉള്ളിലായി ചിക്കൻ ഫില്ലിംഗ് വെച്ച് മുകൾ ഭാഗം കുറച്ചു വെള്ളം നനച്ചു ഒട്ടിക്കുക. എല്ലാം ഇതുപോലെ ചെയ്തെടുക്കുക. ശേഷം രണ്ട് മുട്ട പൊട്ടിച്ചു ഒരു ബൗളിൽ വീഴ്ത്തുക. ഇനി മുട്ടയിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ഓരോ ബ്രെഡ് സ്നാക്കും മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ.

Leave a Reply