ചപ്പാത്തിക്കും അപ്പത്തിനും പത്തിരിക്കുമെല്ലാം ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ദാൽ കറി. എന്നാൽ ഇന്ന് നമുക്ക് ഒരു വേറെയറ്റി ദാൽ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് അര കപ്പ് തോരൻ പരിപ്പ് എടുക്കുക. ഇനി കാൽ കപ്പ് ഓറഞ്ച് നിറത്തിലുള്ള മസൂർ ദാൽ കൂടി ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ കഴുകി പത്തു മിനിറ്റോളം നല്ല വെള്ളത്തിൽ കുതിരാനായി ഇട്ട് വെക്കുക. പത്തു മിനിറ്റായപ്പോൾ കുതിർന്ന് കിട്ടിയ പരിപ്പിനെ ഒരു കുക്കറിലേക്ക് മാറ്റുക. ഇനി പരിപ്പ് മുങ്ങി കിടക്കാൻ പാകത്തിന് വെള്ളവും, പാകത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് അടച്ചു വെച്ച് ഹൈ ഫ്ളൈമിൽ നാല് ഫിസിൽ വരുന്നത് വരെ പരിപ്പ് വേവിക്കുക.
ഇനി വെന്തു വന്ന പരിപ്പിനെ ഒന്നും കൂടി ഉടച്ചെടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിനൊപ്പം ഒന്നര ടീസ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന ഓയിലിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിക്കുക. ഇനി കാൽ ടീസ്പൂൺ കായപ്പൊടി, നാല് അല്ലി വെളുത്തുള്ളി ചെറുതായി മുറിച്ചതും, ഒരു ടീസ്പൂൺ ചെറിയ കഷ്ണം ഇഞ്ചി ചെറുതായി മുറിച്ചതും, മൂന്ന് പച്ചമുളക് ചെറുതായി മുറിച്ചതും, കുറച്ചു കറിവേപ്പിലയും, കുറച്ചു ഉണക്കമുളകും, ചേർത്ത് മൂപ്പിക്കുക. ഇനി മൂത്തു വന്ന മിക്സിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞ ശേഷം അതും എണ്ണയിലേക്ക് ചേർത്ത് മൂപ്പിക്കുക.
ഇനി പകുതി തക്കാളി പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റിയ ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കസൂരി മൈഥി, ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം മൂപ്പിച്ചെടുത്ത മസാലയിലേക്ക് വേവിച്ചു വെച്ചിട്ടുള്ള പരിപ്പ് ചേർത്ത് ഇളക്കുക. ഇനി പാകത്തിന് ഉപ്പും, രണ്ട് ടീസ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി കറി ഒരു മിനിറ്റോളം തിളപ്പിച്ച ശേഷം ഒരു ടീസ്പൂൺ ബട്ടറും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പരിപ്പ് കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പരിപ്പ് കറി വെച്ച് നോക്കണേ.
