ഇന്ന് നമുക്ക് അപ്പത്തിനൊപ്പവും ചപ്പാത്തിക്ക് ഒപ്പവും കഴിക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി പരിചയപ്പെട്ടാലോ. ചിക്കൻ മപ്പാസാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടര ടേബിൾ സ്പൂൺ അളവിൽ മല്ലിപ്പൊടി ചേർക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ശേഷം അഞ്ചു പീസ് ചെറിയ ഉള്ളി, അഞ്ചു പീസ് വെളുത്തുള്ളി, അര ടേബിൾ സ്പൂൺ കുരുമുളക്, ഒന്നേകാൽ ടീസ്പൂൺ മുളക്പൊടി, കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക.
ഇനി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം എണ്ണയിൽ മൂന്ന് ഗ്രാമ്പുവും, ഒരു കഷ്ണം പട്ടയും, ഏലക്കായും ചേർത്ത് മൂപ്പിക്കുക. എന്നിട്ട് നാല് സവാള സ്ലൈസാക്കിയത് ചേർത്ത് ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, മൂന്ന് പച്ചമുളകും ചേർത്ത് മൂപ്പിക്കുക. ശേഷം മൂത്തു വന്ന ഉള്ളിയിലേക്ക് അരച്ച് വെച്ചിട്ടുള്ള മസാല ചേർത്തിളക്കുക. ശേഷം കുറച്ചു വെള്ളം കൂടി വീഴ്ത്തി കൊടുക്കുക. ഇനി ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് അതും ഈ സമയം ഉള്ളിയിലേക്കും മസാലയിലേക്കും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനി ഒന്നര കപ്പ് അളവിൽ തേങ്ങയുടെ രണ്ടാം പാൽ ചിക്കനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെച്ച് ചിക്കൻ വേവിക്കുക. ശേഷം പകുതി വെന്തു വന്ന ചിക്കനിലേക്ക് ഒരു ഉരുളകിഴങ്ങ് തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ച ശേഷം ചിക്കനൊപ്പം ചേർത്ത് ഇളക്കുക. ഇനി മുക്കാൽ ഭാഗത്തോളം വെന്തു വന്ന ചിക്കനിലേക്ക് കുറച്ചു കറിവേപ്പില ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ വെന്തു കറിയൊക്കെ കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് തേങ്ങയുടെ ഒന്നാം പാൽ അര കപ്പ് ചേർത്ത് ഇളക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ മപ്പാസ് ഇവിടെ റെഡിയായി കിട്ടിയിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ കറി ട്രൈ ചെയ്തു നോക്കണേ.
