വെള്ളരിക്ക പച്ചടി ഈ രീതിയിൽ തയ്യാറാക്കിയിട്ടുണ്ടോ.

വെള്ളരിക്ക പച്ചടി ഇഷ്ടപെടുന്നവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നമുക്ക് വെള്ളരിക്ക കൊണ്ട് ഒരു കിടിലൻ പച്ചടി ഉണ്ടാക്കിയാലോ. പണ്ട് കാലം മുതൽക്കേ സദ്യയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു കറിയാണ് ഇത്, എന്നാൽ എല്ലാ സ്ഥലത്തും ഒരുപോലെയല്ല ഈ റെസിപ്പി തയ്യാറാക്കുന്നത്. അപ്പോൾ ഇന്ന് നമുക്ക് ഒരു അടിപൊളി വെള്ളരിക്ക പച്ചടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മീഡിയം സൈസിലുള്ള വെള്ളരിക്കയുടെ പകുതി എടുക്കുക. ശേഷം വെള്ളരിക്കയെ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക.

ഇനി അരിഞ്ഞെടുത്ത വെള്ളരിക്കയും രണ്ട് പച്ചമുളകും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ഒരു ചട്ടിയിലിട്ട് അടുപ്പിൽ വെക്കുക. ഇനി അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് വേണം വെള്ളരിക്ക അടുപ്പിലേക്ക് വെക്കുവാൻ. ശേഷം ഈ പച്ചടിക്ക് വേണ്ട തേങ്ങാ മിക്സ് തയ്യാറാക്കാം. അതിനായി അര കപ്പ് തേങ്ങാ ചിരകിയത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് തേങ്ങയിലേക്ക് രണ്ട് പച്ചമുളകും, കാൽ ടീസ്പൂൺ ജീരകവും, രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് തേങ്ങാ നല്ല സ്മൂത്തായി അരച്ചെടുക്കുക.

ഇനി ഒരു കപ്പ് തൈര് കട്ടയില്ലാതെ ഉടച്ചെടുക്കുക. ശേഷം വെന്തു വറ്റി വന്ന വെള്ളരിക്കയിലേക്ക് അരച്ച് വെച്ചിട്ടുള്ള തേങ്ങാ മിക്സ് ചേർത്ത് ഇളക്കുക. ഇനി മിക്സിയുടെ ജാറിൽ കാൽ കപ്പ് വെള്ളം ചേർത്ത് കഴുകി വെള്ളരിക്കയിലേക്ക് ചേർക്കുക. ശേഷം അര ടീസ്പൂൺ കടുക് ഒന്നു ചതച്ച ശേഷം വെള്ളരിക്കയിലേക്ക് ചേർത്ത് ഇളക്കുക. ഇനി പച്ചടിയിലെ വെള്ളമൊക്കെ വറ്റി വരുന്നത് വരെ വെയ്റ്റ് ചെയ്യുക. അപ്പോൾ വെള്ളരിക്കയുടെ വെള്ളമൊക്ക വറ്റി പച്ചടി വെന്ത് വന്നിട്ടുണ്ട്. ശേഷം ഫ്ളയിം ഓഫ് ചെയ്യുക.

ഇനി പച്ചടി ഒന്ന് തണുത്തു വരുമ്പോൾ എടുത്തു വെച്ചിട്ടുള്ള തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഇനി ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും, രണ്ട് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് എണ്ണയിൽ താളിച് പച്ചടിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വെള്ളരിക്ക പച്ചടി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പച്ചടി ഉണ്ടാക്കി നോക്കണേ.

Leave a Reply